Photo: Gettyimages
കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തില്‍നിന്ന് ഒരുരൂപപോലും നഷ്ടമാകരുതെന്ന ചിന്തയുള്ളവര്‍ കൂടുതല്‍ ആദായംനേടാനുള്ള വഴികള്‍ തേടുന്നു. എങ്കിലും ഇവര്‍ സുരക്ഷ പരിഗണിച്ച് ബാങ്കില്‍തന്നെ നിക്ഷേപിക്കുന്നു. റിസ്കെടുക്കാന്‍ കഴിവില്ലെങ്കിലും മികച്ച നേട്ടമുണ്ടാക്കണമെന്ന ആഗ്രഹത്താല്‍ അമിത ആത്മവിശ്വാസംകൊണ്ട് ഓഹരി വിപണിയില്‍ മറ്റൊരുവിഭാഗം പണംനഷ്ടപ്പെടുത്തുന്നു.
രണ്ടറ്റങ്ങളിലുള്ള നിക്ഷപക മനസ്ഥിതിയാണിത്. ഇതിന് മധ്യത്തില്‍നിന്ന് ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയും ഓഹരിയില്‍നിന്ന് മികച്ച ആദായവും നേടുന്നവരെ അപൂര്‍വമായെ കാണാറുള്ളൂ. നിക്ഷേപ പദ്ധതികളുടെ സാധ്യതകളും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി നഷ്ടസാധ്യത മറികടക്കാനുള്ള ചുടവടുകള്‍പയറ്റി മുന്നോട്ടുപോകുന്ന ഇക്കൂട്ടര്‍ വിലക്കയറ്റത്തെ മറികടക്കുന്ന ആദായം അനായാസം സ്വന്തമാക്കുന്നു.
കൂടുതല്‍ ആദായംവേണം, അതേസമയം റിസ്ക് എടുക്കാന്‍ താല്പര്യവുമില്ല എന്ന ചിന്തിക്കുന്നവര്‍ ഏറെയുണ്ട്. കുറഞ്ഞ വിലയില്‍ വാങ്ങി പറ്റുമെങ്കില്‍ അന്നുതന്നെ ഉയര്‍ന്ന വിലയില്‍ വിറ്റ് അപ്പപ്പോള്‍ നേട്ടമുണ്ടാക്കണമെന്ന് ചിന്തിച്ച് ഓഹരിയില്‍ ട്രേഡ് ചെയ്യുന്നവരും കൂടിവരുന്നു. ഒരുവിഭാഗം അമിതമായി ആശങ്കപ്പെടുമ്പോള്‍ മറ്റൊരുവിഭാഗം കിട്ടിയാല്‍കിട്ടി പോയാല്‍ പോയി-എന്ന മനോഭാവവുമുള്ളവരുമാണ്.
കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരുസുപ്രഭാതത്തില്‍ നഷ്ടപ്പെടുത്താനുള്ളതല്ല. ഭാവിയിലേയ്ക്ക് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ എപ്രകാരം പണം കൈകാര്യംചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ടാകണം.
ആസുത്രണംവേണം
കുറഞ്ഞ ആദായംനല്‍കുന്ന സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം ഇനി മുന്നോട്ടുപോകാനാവില്ല. നിക്ഷേപ പലിശ കുറയുന്ന സാഹചര്യത്തില്‍ മുന്നോട്ടുള്ള ജീവിതത്തിന് നിക്ഷേപം ഗുണംചെയ്യണമെങ്കില്‍ വിലക്കയറ്റത്തെ അതിജീവിക്കുന്നനേട്ടം ലഭിക്കാതെ തരമില്ല. സമസ്ത മേഖലകളും വിലക്കയറ്റത്തിന്റെ പിടിയിലാകുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ ഉയര്‍ന്നനേട്ടംനല്‍കുന്ന നിക്ഷേപ സാധ്യതകള്‍, റിസ്കുണ്ടെന്നകാരണം പറഞ്ഞ് ഒഴിവാക്കുന്നത് ഉചിതമാകില്ല. ലഭിക്കുമായിരുന്നനേട്ടം വേണ്ടെന്നുവെയ്ക്കുന്നതിന് സമാനമാണത്. അതുകൊണ്ടുതന്നെ നിശ്ചിത അനുപാതത്തില്‍ നിക്ഷേപ പദ്ധതികള്‍ ക്രമീകരിച്ചുകൊണ്ടാകാണം മുന്നോട്ടുപോകേണ്ടത്.
ആസ്തി വകയിരുത്തല്‍
ഇക്വിറ്റി, ഡെറ്റ്, എഫ്ഡി, സ്വര്‍ണം തുടങ്ങിയവയില്‍ നിശ്ചിത അനുപാതത്തില്‍ പണംവകയിരുത്തി പോര്‍ട്ട്ഫോളിയോ ക്രമീകരിക്കാന്‍ തയ്യാറാകണം. പ്രായത്തോടൊപ്പം സമ്പാദ്യം, സാമ്പത്തിക ലക്ഷ്യങ്ങള്‍, സഹിഷ്ണുത എന്നിവയും കണക്കിലെടുത്താകണം ഈ അനുപാതം നിശ്ചിയിക്കാന്‍. വ്യക്തികളുടെ സാഹചര്യവും ഇതിനായി പരിഗണിക്കണം. അതായത് 25 വയസ്സുകാരന് യോജിച്ച അനുപാതമല്ല 55 കാരനുവേണ്ടത്. അതുപോലെ വിവാഹിതനും കുട്ടികളുമുള്ളയാള്‍ക്ക് വേണ്ടതല്ല, അവിവാഹതിന് അനുയോജ്യമാകുക.
നിക്ഷേപ വൈവിധ്യവത്കരണം
പോര്‍ട്ട്ഫോളിയോ ക്രമീകരിക്കുമ്പോള്‍ പ്രത്യേക അനുപാതത്തിലായിരിക്കും വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുക. നഷ്ടസാധ്യത കുറയ്ക്കാനും മികച്ച ആദായം നേടിയെടുക്കാനുമുള്ള സാധ്യതയാണ് ഇതിലൂടെ മുന്നില്‍കാണുന്നത്. ഉദാഹരണത്തിന് 30ശതമാനം ഓഹരിയിലും 30 ശതമാനം സ്ഥിരനിക്ഷേപത്തിലും 20ശതമാനം റിയല്‍ എസ്റ്റേറ്റിലും 10ശതമാനം ഡെറ്റ് പദ്ധതികളിലും 10ശതമാനം സ്വര്‍ണത്തിലും നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി നിക്ഷേപം നഷ്ടത്തിലായാല്‍, മറ്റുപദ്ധതികളിലുള്ള നിക്ഷേപത്തിലെ നേട്ടം നഷ്ടത്തെ മറികടക്കാന്‍ സഹായിക്കും. അതുമാത്രമല്ല, ഓഹരി നിക്ഷേപം നിലനിര്‍ത്തി ഭാവിയില്‍ നേട്ടമുണ്ടാക്കാനും വൈവിധ്യവത്കരണത്തിലൂടെ കഴിയുന്നു. സാമ്പത്തിക ലക്ഷ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുകൂടിയാകണം ഇത്തരത്തില്‍ പോര്‍ട്ട്ഫോളിയോ ക്രമീകരിക്കേണ്ടത്. പരസ്പരബന്ധമില്ലാത്ത പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് മറികടക്കാനും മികച്ച ആദായംനേടാനും കഴിയും.
ഇടവേളകളിലെ വിലയിരുത്തല്‍
നേരത്തെ നിശ്ചയിച്ച വിവിധ ആസ്തികളിലെ നിക്ഷേപ അനുപാതത്തില്‍ കാലാകാലങ്ങളില്‍ മാറ്റംആവശ്യമായിവന്നേക്കാം. നിശ്ചിത ഇടവേളകളില്‍ പദ്ധതികളുടെ പ്രകടനം വിലയിരുത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഉദാഹരണത്തിന്, വിപണി തിരുത്തലിന്റെ പാതയിലാണെങ്കില്‍ ഓഹരിയിലെ നിക്ഷേപത്തില്‍ വര്‍ധനവരുത്താം. ആദായംകുറഞ്ഞ സ്ഥിരനിക്ഷേപ പദ്ധതിയില്‍നിന്ന് നിശ്ചിതശതമാനംതുക ഓഹരിയിലേയ്ക്കുമാറ്റുകയാണ് വേണ്ടത്. അതേസമയം, ഓഹരി മികച്ച ഉയരത്തിലാണെങ്കില്‍ അനുപാതം നിലനിര്‍ത്താനായി ഓഹരിയില്‍നിന്ന് ഭാഗികമായി ലാഭമെടുത്ത് സ്ഥിരനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിച്ചുനിക്ഷേപിക്കാം. ഇത്തരത്തിലുള്ള അനുപാതക്രമീകരണത്തിലൂടെ റിസ്ക് കുറച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാനുംകഴിയും.
സഹിഷ്ണുത വിലയിരുത്താം
പ്രായം, വരുമാനം, ആശ്രിതര്‍ എന്നിവ കണക്കിലെടുത്ത് ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ളശേഷി വിലയിരുത്താം. വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ഇക്കാര്യം പരിഗണിച്ചുവേണം മുന്നോട്ടുപോകാന്‍. അല്ലാതെ കയ്യിലുള്ള പണം ഇരട്ടിപ്പിക്കാമെന്നുകരുതി സോഷ്യല്‍ മീഡിയയിലെ നിര്‍ദേശങ്ങള്‍ക്കുംമറ്റും പിന്നാലെ അന്ധമായി മുന്നോട്ടുപോയാല്‍ അപകടത്തിലാകുംചാടുക. റിസ്കെടുക്കാനുള്ളശേഷി അറിഞ്ഞ്, അതിനനുസരിച്ച് രൂപപ്പെടുത്തിയ പോര്‍ട്ട്ഫോളിയോയിലെ അപകടസാധ്യതകള്‍ മനസിലാക്കി, മുന്നോട്ടുപോയാല്‍ വൈകാരികമായി വിപണിയില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ കഴിയും. പ്രതികൂലസാഹചര്യങ്ങളില്‍ സമ്പത്ത് സംരക്ഷിക്കുന്നതിനും അത് ഉപകരിക്കും.
പണലഭ്യത ഉറപ്പാക്കുക
അത്യാവശ്യംവന്നാല്‍ നഷ്ടത്തിലുള്ള ഓഹരി വിറ്റ് കാര്യംനടത്തേണ്ട സാഹചര്യമുണ്ടാകരുത്. ആറുമാസത്തേയ്ക്കെങ്കിലും ആവശ്യമുള്ള പണം എപ്പോഴും കൈവശമുണ്ടാകണം. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള പണം ചാഞ്ചാട്ടംകുറഞ്ഞ സ്ഥിര നിക്ഷേപ പദ്ധതികളില്‍മാത്രമെ സൂക്ഷിക്കാവൂ. 'ലിക്വിഡ് മണി' എപ്പോഴും കൈവശമുള്ളതിനാല്‍ ഉയര്‍ന്ന ചാഞ്ചാട്ട സ്വാഭാവമുള്ള ഓഹരി അധിഷ്ഠിത പദ്ധതികളില്‍ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിച്ച് ഉദ്ദേശിച്ച ഫലമുണ്ടാക്കാന്‍ കഴിയും.
നിക്ഷേപം ഘട്ടംഘട്ടമായി
വരുമാനത്തില്‍നിന്ന് ഓരോമാസവും നിശ്ചിതതുകവീതം ഘട്ടംഘട്ടമായി ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിക്കുന്നരീതി പിന്തുടരുക. വിപണിയിലെ റിസ്ക് കുറയ്ക്കാനുള്ള ഏറ്റവുംഉചിതമായ മാര്‍ഗമതാണ്. വിപണി താഴുമ്പോള്‍ കൂടുതലും ഉയരുമ്പോള്‍ കുറച്ചും യൂണിറ്റുകള്‍ സമാഹരിച്ച് ശരാശരി നിക്ഷേപചെലവ് കുറയ്ക്കാനാകും. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍(എസ്ഐപി)തന്നെയാണ് മികച്ച നിക്ഷേപരീതിയെന്ന് ആവര്‍ത്തിച്ച് പറയുന്നത് അതുകൊണ്ടാണ്. വിപണിയിലെ അസ്ഥിരതയില്‍നിന്ന് നേട്ടമുണ്ടാക്കാനും മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോയിലെ നേട്ടംവര്‍ധിപ്പിക്കാനും ഈ രീതി ഗുണംചെയ്യും.
മികച്ച വൈവിധ്യവത്കരണത്തിന്, ഡൈനാമിക് അസറ്റ് അലോക്കേഷന് മുന്നോട്ടുവെയ്ക്കുന്ന ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍പോരെയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. വ്യക്തിഗത പോര്‍ട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിനും മികച്ച ആദായം അതിലൂടെ നേടാനും ഈ ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയുകയില്ല. ഫണ്ട് മാനേജരുടെ സ്ട്രാറ്റജിക്കൊപ്പം നീങ്ങാനെ നിക്ഷേപകന് സാധിക്കൂ. അതേക്കുറിച്ച് മറ്റൊരു പാഠത്തിലൂടെ വിശദമാക്കാം.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..