പാഠം 134: എസ്‌.ഐ.പിയിൽനിന്ന് നേട്ടം ഉറപ്പാണോ?|Reveals the Secrets


ഡോ.ആന്റണി

എസ്‌ഐപിയിൽനിന്ന് യഥാർഥത്തിൽ മികച്ച ആദായം ഉറപ്പാക്കാൻ കഴിയുമോ? ഇതേക്കുറിച്ച് വിശദമായി പരിശോധിക്കുന്നു.

Photo: Gettyimages

നാലാളുകൾ കൂടുമ്പോഴുളള നിക്ഷേപചർച്ചകൾക്കിടയിലെ താരമാണ് ഇപ്പോൾ എസ്‌ഐപി. ഫണ്ടുകൾ വിപണനംചെയ്യുന്നവരെല്ലാം പറയുന്നത് ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം ഉറപ്പായും ലഭിക്കുമെന്നാണ്. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ തോമസ് ജോസഫിന്റെ ചോദ്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. എസ്‌ഐപിയായി പത്തോ പതിനഞ്ചോ വർഷം നിക്ഷേപിക്കാൻ തയ്യാറാണ്, 12ശതമാനമെങ്കിലും ആദായം ലഭിക്കുമെന്ന് ഉറപ്പുതരാൻ കഴിയുമോ? കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കിയ പണം വിപണിയിൽ കൊണ്ടുപോയി കളയാൻ താൽപര്യമില്ലെന്നും അതുകൊണ്ടാണ് ഈ സംശയമെന്നും ജോസഫ് വ്യക്തമാക്കി.

വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികൾക്കൊന്നും ഉറപ്പുള്ളനേട്ടം വാഗ്ദാനംചെയ്യാനാകില്ലെന്ന് ആദ്യംമനസിലാക്കുക. അങ്ങനെ ആരെങ്കിലും ഉറപ്പുതരുന്നുണ്ടെങ്കിൽ അത് വ്യാജമാണെന്നകാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്നിരുന്നാലും നേട്ടത്തിന് സാധ്യതയുണ്ടോ? അതേക്കുറിച്ച് വിലയിരുത്താം.

ഓഹരി വിപണിയിലെ നിക്ഷേപത്തിൽനിന്ന് നേട്ടംമാത്രം ലഭിച്ചവർ ആരുമുണ്ടാവില്ല. നഷ്ടംനേരിട്ടിട്ടില്ലാത്ത ഒരു നിക്ഷേപകനുമില്ലന്ന് ചുരുക്കം. ദീർഘകാലയളവിലെ ഇക്വിറ്റി നിക്ഷേപം മികച്ച ആദായം നൽകുമെന്നകാര്യത്തിൽ സംശയമൊന്നുമില്ലെങ്കിലും വിപണിയിൽ കരടികൾ പിടിമുറുക്കുമ്പോൾ പോർട്ട്‌ഫോളിയോ നഷ്ടത്തിലേയ്ക്ക് പോകുന്നത് സ്വാഭാവികമാണ്. സാധാരണ നിക്ഷേപകന്റെ സന്തോഷം കെടുത്താൻ അത് ധാരാളം. നിക്ഷേപത്തിൽനിന്ന് ഭാവിയിൽ മികച്ച ആദായം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് നഷ്ടസാധ്യയുണ്ടായിട്ടും വിപണിയിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്.

എസ്‌ഐപിയുടെകാര്യവും ഇതിൽനിന്ന് വ്യത്യസ്തമല്ല. വിപണി തകരുമ്പോൾ ദീർഘകാലമായി തുടർന്നുവന്ന എസ്‌ഐപി നിക്ഷേപവും നഷ്ടത്തിലാകുമെന്നകാര്യത്തിൽ സംശയംവേണ്ട. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ കഴിഞ്ഞ 25 വർഷത്തെ എസ്‌ഐപി നിക്ഷേപത്തെക്കുറിച്ച് നടത്തിയ പഠനത്തിൽനിന്ന് വെളിപ്പെട്ടകാര്യങ്ങളാണ് തുടർന്നുള്ള ഭാഗത്ത് വിശദീകരിക്കുന്നത്.

1. കുറഞ്ഞ കാലയളവ് നഷ്ടസാധ്യതകൂട്ടും
എസ്‌ഐപിയുടെ കാലയളവ് കുറഞ്ഞാൽ നഷ്ടമുണ്ടാകാനുള്ള വർധിപ്പിക്കും. ഒരുവർഷംമാത്രമാണ് എസ്‌ഐപി തുടരാനായതെങ്കിൽ 25ശതമാനം നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. രണ്ടുവർഷംതുടർന്ന എസ്‌ഐപിയാണെങ്കിൽ 17ശതമാനവും അഞ്ചുവർഷക്കാലയളവിലെ എസ്‌ഐപി നിക്ഷേപമാണെങ്കിൽ മുന്നു ശതമാനംമാത്രം നഷ്ടമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. 10വർഷമാണ് നിക്ഷേപംതുടർന്നതെങ്കിൽ നഷ്ടവുംനേട്ടവുമില്ലാത്ത സാഹചര്യംമുണ്ടാകാം.

കാലയളവ് കൂടുംതോറും നഷ്ടത്തിന്റെതോത് കുറയുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. രാജ്യത്തെ ഓഹരി വിപണിയിലെ തകർച്ചയുടെ കാലയളവ് 12 മാസം മുതൽ 24 മാസംവരെയാണ് നീണ്ടുനിന്നിട്ടുളളതെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. മൂന്നുവർഷം തുടർന്ന എസ്‌ഐപി നിക്ഷേപത്തിലെ നഷ്ടം കുറഞ്ഞ് പ്രാരംഭ സ്ഥിതിയിലെത്താൻ അതുകൊണ്ടുതന്നെ മതിയായ സമയം ലഭിക്കുന്നു. നാലാമത്തെ വർഷം ഉയർച്ചയുടേതാണ്. വിപണ ഘട്ടംഘട്ടമായി ഉയരാൻ തുടങ്ങുന്നതോടെ മൂലധനനേട്ടത്തിന്റെ തോത് മുകളിലേക്കുപോകും.

2. കാലയളവ് കൂടമ്പോൾ ഇരട്ടയക്കനേട്ടം
ഇരട്ടയക്ക ആദായമെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ എസ്‌ഐപിയായി നിക്ഷേപിക്കുന്നത്. 10ശതമാനമെങ്കിലും വാർഷിക ആദായം നേടാനുള്ള സാധ്യത പരിശോധിക്കാം. ഒരു വർഷത്തേയ്ക്ക് എസ്‌ഐപിയായി നിക്ഷേപിച്ചാൽ 10ശതമാനം ആദായം ലഭിക്കാൻ 55ശതമാനം സാധ്യതയാണുള്ളത്. രണ്ടുവർഷത്തെ എസ്‌ഐപിക്കാകട്ടെ ഇത് 60ശതമാനവും അഞ്ചുവർഷക്കാലയളവിലാകട്ടെ 65ശതമാനവുമാണ് സാധ്യതയുള്ളത്. 10 വർഷക്കാലയളവിലെ എസ്‌ഐപിയിൽനിന്നാണെങ്കിൽ 10ശതമാനമെങ്കിലും ആദായംനേടാൻ 95ശതമാനം സാധ്യതയാണുള്ളത്.

3. നേട്ടസാധ്യത എങ്ങനെ വർധിപ്പിക്കാം
മാർക്കറ്റ് റെക്കോഡ് നിലവാരത്തിലായിരുന്നപ്പോഴാണ് നിക്ഷേപം തുടങ്ങിയതെങ്കിൽ ആദ്യത്തെയോ രണ്ടാമത്തെയോ വർഷം നഷ്ടമുണ്ടാകാനുള്ള സാധ്യതഏറെയാണ്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ നഷ്ടത്തിൽനിന്ന് കരകയറാനും നേട്ടത്തിലേയ്ക്ക് പ്രവേശിക്കാനുംകഴിയും.

അതേസമയം, വിപണി കുതിപ്പിന്റെ പാതയിലായിരുന്ന സമയത്താണ് നിക്ഷേപം തുടങ്ങിയതെങ്കിൽ അഞ്ചുവർഷത്തിനുള്ളിൽ മികച്ചനേട്ടമുണ്ടാക്കാനുംകഴിയും. തരക്കേടില്ലാത്ത വരുമാനംനേടാൻ അഞ്ചുവർഷമോ അതിൽകൂടുതലോകാലം എസ്‌ഐപി നിക്ഷേപം തുടരേണ്ടിവരുമെന്ന് ചുരുക്കം. 10 വർഷമെങ്കിലും എസ്‌ഐപി തുടരാൻ കഴിഞ്ഞാൽ 12ശതമാനത്തിലേറെ വാർഷികാദായം സ്വന്തമാക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല.

4.തിരഞ്ഞെടുപ്പിൽ മികവ് പുലർത്തണം
എസ്‌ഐപി നിക്ഷേപത്തിനായി തിരഞ്ഞെടുത്ത ഫണ്ട് മികച്ചതല്ലെങ്കിൽ മുകളിൽ വിശദമാക്കിയ സാധ്യതകളെല്ലാം അപ്രസക്തമാകും. ദീർഘകാലയളവിൽ ഫണ്ട് നൽകിയ ആദായം വിലയിരുത്തിയശേഷം സാമ്പത്തിക ലക്ഷ്യത്തിനും നിക്ഷേപകാലയളവിനും അനുസരിച്ച് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഓരോ മ്യൂച്വൽ ഫണ്ട് സ്‌കീമിനും ബാധകമായ ബെഞ്ച്മാർക്കിനേക്കാൾ ആദായം കാലാകാലങ്ങളിൽ ഫണ്ട് നൽകുന്നുണ്ടോയെന്ന് പരിശോധിക്കണം. അതായത്, ഒരിക്കൽ തുടങ്ങിയാൽ അങ്ങ് പോയ്‌ക്കോളും പിന്നെ, 10 വർഷംകഴിഞ്ഞ് തിരിച്ചെടുക്കാൻ ചെന്നാൽമതിയെന്ന് കരുതിയിരിക്കരുതെന്ന് ചുരുക്കം. ചില മ്യൂച്വൽ ഫണ്ട് വിതരണക്കാർ 10 വർഷത്തേയ്ക്ക് എസ്‌ഐപി ചേർത്തുന്നതുകണ്ടിട്ടുണ്ട്. പിന്നെ അവർ തിരിഞ്ഞുനോക്കാറില്ലെന്നതാണ് വാസ്തവം.

രണ്ടാമതായി, ഒരേ കാറ്റഗറിയിലെ ഫണ്ടുകളുടെ പ്രകടനം താരതമ്യംചെയ്യണം. ഫണ്ടുകളുടെ പ്രകടനം വിലയിരുത്താൻ അതിലൂടെകഴിയും. ഫണ്ടിൽ ചേർന്നാൽമാത്രംപോര, വർഷത്തിലൊരിക്കലെങ്കിലും പ്രകടനം വിലയിരുത്തുകയും ഉചിതമായ തീരുമാനമെടുക്കുകയുംവേണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ നേട്ടംലഭിക്കില്ലെന്നുമാത്രമല്ല, നിക്ഷേപിച്ചതുകപോലും നഷ്ടമാകാനും സാധ്യതയുണ്ട്. നിക്ഷേപകാലയളവ് എത്രനീട്ടിയാലും പ്രയോജനമുണ്ടാകുകയുമില്ല.

പ്രകടനംമോശമായ ഫണ്ടുകളിൽ എസ്‌ഐപി തുടരുന്നത് ചെലവിനത്തിലുള്ള തുകനഷ്ടപ്പെടുത്താനും ലഭിക്കേണ്ട നേട്ടം ഇല്ലാതാക്കാനുംമാത്രമെ ഉപകരിക്കൂ. എസ്‌ഐപികളിൽ വർഷങ്ങളോളം നിക്ഷേപംതുടർന്നിട്ടും നേട്ടമുണ്ടാക്കാൻകഴിയാത്ത നിരവധി ഉദാഹരണങ്ങൾ മുന്നിലുണ്ട്. അതിനാൽ കാറ്റഗറിയിലെ മറ്റുഫണ്ടുകളുടെ പ്രവർത്തനം പതിവായി അവലോകനംചെയ്യേണ്ടതുണ്ട്.

feedbacks to:
antonycdavis@gmail.com

കുറിപ്പ്: മികച്ചരീതിയിൽ നിക്ഷേപം കൈകാര്യംചെയ്യാൻ കഴിയുമെങ്കിൽ ദീർഘകാലയളവിൽ മികച്ചനേട്ടമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ടിലെ എസ്‌ഐപിയോളം ഒരു പദ്ധതിക്കുംകഴിയുകയില്ലെന്നത് വാസ്തവമാണ്. ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം പ്രതീക്ഷിക്കാം. നേട്ടം 15ലേക്കും 20ലേക്കും വളർന്നേക്കാം. വിലക്കയറ്റത്തെ അതിജീവിക്കുന്നനേട്ടംലഭിക്കാൻ വിപണി അധിഷ്ഠിത പദ്ധതികൾ പോർട്ട്‌ഫോളിയോയിൽ ഉണ്ടായിരിക്കണമെന്നകാര്യത്തിൽ സംശയമില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented