രണ്ടു ദിവസംകൊണ്ട് 50 ലക്ഷം ലാഭം!  സെബിയെ പരീക്ഷിച്ച് ഫിന്‍ഫ്‌ളുവന്‍സേഴ്‌സ്


ഡോ.ആന്റണി സി.ഡേവിസ്‌ധനകാര്യ വിപണിയിലെ വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് തള്ളിക്കളയാനാവില്ല. നിക്ഷേപക താല്‍പര്യംകൂടി പരിഗണിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സെബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

പാഠം 187

Photo: Gettyimages

വെറും 2 ദിവസംകൊണ്ട് 50 ലക്ഷം ലാഭം ഞാന്‍ എങ്ങനെ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍നിന്ന് ഉണ്ടാക്കി. 100 കോടി എങ്ങനെ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍നിന്ന് ഉണ്ടാകാം(അക്ഷരതെറ്റുണ്ട് ക്ഷമിക്കുക). വെറും 24 വയസ്സില്‍ പൂജ്യത്തില്‍നിന്ന് 20 കോടിയിലേയ്ക്കുളള എന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റ് യാത്ര.
(കടപ്പാട്: XXXXXXX-യുട്യൂബ് ചാനല്‍)

ലയാളി പൊളി അല്ലേ-എന്ന വിശേഷണത്തിലാണ് മലയാളം അത്രതന്നെ വശമില്ലാത്ത ഈ ചെറുപ്പക്കാരന്‍ യുട്യൂബ് ചാനലുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2022 ഒക്ടോബര്‍ അഞ്ചിന് തുടങ്ങിയ ചാനലിന് ഇതിനകം 15,800 ലധികം സബ്‌സ്‌ക്രൈബേഴ്‌സായി. 3.19 ലക്ഷം തവണ വീഡിയോ കണ്ടിരിക്കുന്നു.ഇദ്ദേഹം ആരാണെന്നോ, ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അനുഭവ-പ്രവൃത്തി പരിചയം എന്തെന്നോ ആര്‍ക്കും അറിയില്ല. അക്കാര്യം അദ്ദേഹം ആരെയും അറിയിക്കുന്നുമില്ല. എങ്കിലും കോടികള്‍ ഉണ്ടാക്കാമെന്ന വാഗ്ദാനം അദ്ദേഹം ഉറപ്പായും കാഴ്ചക്കാര്‍ക്ക് നല്‍കുന്നു. ചാനലിനെക്കുറിച്ച് വിശദീകരിക്കുന്ന 'എബൗട്ട്' ടാബിനുതാഴെ ടെലിഗ്രാം ചാനലിലേയ്ക്കുള്ള ലിങ്കും ഇന്ത്യന്‍***@ജിമെയില്‍ഡോട്ട്‌കോം എന്ന ഇ-മെയില്‍ വിലാസവും നല്‍കിയിക്കുന്നു. ഇന്‍സ്റ്റഗ്രാം ഐഡിയുമുണ്ട്.

കോവിഡിനുശേഷം പൊട്ടിപ്പുറപ്പെട്ട യുട്യൂബ് ചാനല്‍ വിപ്ലവത്തില്‍ ശ്രദ്ധ നേടിയ വിഷയങ്ങളില്‍ മുന്‍നിരയിലായിരുന്നു സ്റ്റോക്ക് മാര്‍ക്കറ്റ്, ക്രിപ്‌റ്റോ ഉള്‍പ്പടെയുള്ളവ. ദിനംപ്രതിയെന്നോണം പുതിയ ചാനലുകള്‍ മുളച്ചുപൊങ്ങി. ഓഹരിയിലേയ്ക്ക് പുതിയതായി നിരവധിപേര്‍ ആകര്‍ഷിക്കപ്പെട്ട സമയമായതിനാല്‍ വന്‍തോതില്‍ കാഴ്ചക്കാരെയും ഇക്കൂട്ടര്‍ക്കുകിട്ടി. വീഡിയോകള്‍ കണ്ട് പുതിയതായി വിപണിയിലെത്തിയവരും ഏറെയുണ്ട്. വിവരങ്ങളുടെ ആധികാരികതയൊന്നും നിക്ഷേപകര്‍ പരിഗണിച്ചേയില്ല. എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടാന്‍ കാത്തുകിടന്നു.

ക്രിപ്‌റ്റോകറന്‍സിയെന്ന ആഗോള നിക്ഷേപ സാധ്യതകൂടി തുറന്നുകിട്ടിയതോടെ ഒരുകൂട്ടം ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ആ വഴിക്കു നീങ്ങി. രാജ്യത്തെ നിയന്ത്രണ അതോറിറ്റികളുടെ (ആര്‍ബിഐ, സെബി) അംഗീകാരമില്ലാത്ത സാങ്കേതിക നാണയങ്ങളെ ഈ ചാനലുകള്‍ ഏറ്റുപിടിച്ചു. ഏതായാലും ചാനലുകളില്‍ വിശ്വാസമര്‍പ്പിച്ച പലരുടെയും ലക്ഷക്കണക്കിന് രൂപ നഷ്ടമായി. തത്വത്തില്‍ നിരോധിച്ചില്ലെങ്കിലും, സമാന്തര കറന്‍സികള്‍ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഭീഷണിയാണെന്ന് മനസിലാക്കിയ സര്‍ക്കാരും ആര്‍ബിഐയും ക്രിപ്‌റ്റോ ഇടപാടുകളെ ഞെരിച്ചുകൊല്ലാന്‍ നടപടികളുമായി മുന്നോട്ടുപോയി. വന്‍തുക നികുതി ഏര്‍പ്പെടുത്തിയതുതന്നെ അതിന് ഉദാഹരണം(ക്രിപ്‌റ്റോ നിക്ഷേപത്തിലെ അപകട സാധ്യതകളെക്കുറിച്ച് മൂന്നിലേറെ തവണ ഈ കോളത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു).

സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ളവയിലേയ്ക്ക് ആകര്‍ഷിച്ച് ബോധവാന്മാരാക്കി ധനവന്മാരാക്കാന്‍ ലക്ഷ്യമിട്ട് അന്യസംസ്ഥാനക്കാരും എത്തിതുടങ്ങിയെന്നതാണ് ഏറ്റവും പുതിയവിശേഷം. മലയാളികളുടെ മനഃശാസ്ത്രം ഇപ്പോള്‍ ബംഗാളികള്‍ക്കും ഏറെവശമാണ്. പെട്ടെന്ന് കാശുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ അവതരിപ്പിച്ചാല്‍ കണ്ണുമടച്ച് വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്നവര്‍ക്കുവേണ്ടി ഭാഷയില്‍ പ്രാവീണ്യമില്ലാത്തവര്‍പോലും മുറിമലയാളം പഠിച്ച് യുട്യൂബ് ചാനല്‍ തുടങ്ങുന്നു.

ഓഹരി വിപണിയില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള ടിപ്‌സുകള്‍ക്കും കുറുക്കുവിദ്യകള്‍ക്കുമായി പൊതുജനം നെട്ടോടമോടുമ്പോള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍-എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവര്‍ താരങ്ങളാകുന്നു. ഇത്തരം വീഡിയോകളില്‍ ആകൃഷ്ടരായെത്തുന്നവര്‍ നിക്ഷേപകരെ സ്വാധീനിക്കുന്നു. അതിലൂടെ ഓഹരി വിലകളെ നിയന്ത്രിക്കുന്ന സാഹചര്യംവരെയുണ്ടായിരിക്കുന്നു. വര്‍ഷങ്ങളായി ഈ മേഖലകളില്‍ അനുഭവ പരിചയമുള്ളവരെ പുതു നിക്ഷേപകര്‍ക്കൊന്നും താല്‍പര്യമില്ല. കാരണം അവര്‍ വിപണിയെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് വിശകലനംചെയ്യുന്നത്. രണ്ടുദിവസംകൊണ്ടെ് ഒരു കോടി രൂപയുണ്ടാക്കാനുള്ള കുറുക്കു വിദ്യകൊളുന്നും വിപണിയിലില്ലെന്ന് അവര്‍ക്കറിയാം. ഏറെക്കാലത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള ബ്രാന്‍ഡുകളുടെ പിന്‍ബലവും ഇവര്‍ക്കുണ്ടെന്നകാര്യമൊന്നും ആരും കണക്കിലെടുക്കുന്നേയില്ല.

വ്യവസ്ഥിതികളെ വെല്ലുവിളിച്ച് പുതുസാധ്യതകള്‍ സ്വാധീനംനേടുമ്പോള്‍ മാനദണ്ഡങ്ങള്‍ പുതുക്കാന്‍ തയ്യാറെടുക്കുകയാണ് സെബി. അഭിപ്രായ സ്വാതന്ത്ര്യത്തെ വിലമതിച്ചുകൊണ്ടുതന്നെ നാട്ടുകാരുടെ കീശകാലിയാകാതിരിക്കാന്‍ വിപണിയിലെ അനധികൃത സ്വാധീനശക്തികളെ നിയന്ത്രിക്കാനുള്ള സാധ്യതകള്‍ തേടുകയാണ് വിപണി റെഗുലേറ്റര്‍.

എന്താകണം മാനദണ്ഡം?
ഓഹരി വിപണിയുമായി ബന്ധപ്പെട്ട വിദഗ്ധനാണ് ഒരാളെന്നതിന് അദ്ദേഹത്തിന്റെ പ്രൊഫഷന്‍തന്നെ ഉദാഹരിക്കാം. സെബിക്ക് അംഗീകൃത ട്രെയ്‌നര്‍മാരുണ്ട്. റിസര്‍ച്ച് അനലിസ്റ്റുകളുണ്ട്. അംഗീകൃത അഡൈ്വസര്‍മാരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്‌റ്റോക്ക് അഡൈ്വസ് നല്‍കുന്ന എത്രപേര്‍ക്ക് സെബിയുടെ അംഗീകാരമുണ്ട്. എവിടെനിന്നാണ് ഇത്തരക്കാര്‍ വിഗദ്ധ പരിശീലനംനേടിയത്? വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാട് - എന്നകാഴ്ചപ്പാട് ധനകാര്യ വിപണിയില്‍ അപകടകരമായ സാഹചര്യമുണ്ടാക്കും. വിശ്വാസ്യതയെന്നത് വര്‍ഷങ്ങളുടെ പ്രയത്‌നംകൊണ്ട് രൂപപ്പെടുത്തേണ്ട ഒന്നാണ്. രണ്ടുവാക്ക് പറയാനുള്ള വാക്ചാതുരിയുണ്ടെങ്കില്‍ എന്തുംവളിച്ച് പറയാം, അത് എല്ലാവരും വിശ്വസിച്ചുകൊള്ളുമെന്നചിന്ത അപകടകരമാണ്. അതിന് നിന്നുകൊടുക്കണോയെന്ന് ചിന്തിക്കേണ്ടത് വ്യക്തികളാണ്. ഏതാണ് ശരിയെന്ന് തിരിച്ചറിയുകയാണ് ആദ്യംവേണ്ടത്. അല്ലെങ്കില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഓട്ടയുള്ള കീശയില്‍ നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടാകും.

സെബിയുടെ നിയന്ത്രണം
സാമ്പത്തികകാര്യങ്ങളില്‍ തെറ്റായ സ്വാധീനംചെലുത്തുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍കൊണ്ടുവരാനൊരുങ്ങുകയാണ് സെബി. അഡ്വര്‍ടൈസിങ് സ്റ്റാന്റേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട് 415 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവരായിരുന്നു അതില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 43 എണ്ണം ധനകാര്യമേഖലയുമായും 372 എണ്ണം ക്രിപ്‌റ്റോകറന്‍സിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ഉള്ളടക്കമായിരുന്നു.

അംഗീകാരമില്ലാതെ സ്റ്റോക്ക് അഡൈ്വസ് നല്‍കുന്നവര്‍ക്കെതിരെ സെബിക്ക് നടപടിയെടുക്കാം. എന്നിട്ടും വാട്‌സാപ്പ്, ട്വിറ്റര്‍, ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ സ്‌റ്റോക്ക് ടിപ്‌സുകളുടെ കുത്തൊഴുക്കാണ്. സോഷ്യല്‍ മീഡിയ നിരീക്ഷിച്ച് നടപടിയെടുക്കുന്നത് എളുപ്പമല്ലെങ്കിലും ഇത്തരക്കാരെ വലയിലാക്കാനുള്ള നടപടികളെക്കുറിച്ച് സെബി ആലോചിച്ചുതടുങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഉപദേശം നല്‍കി പണമുണ്ടാക്കുന്നവരെ പിടികൂടനാണ് സെബിയുടെ ആദ്യ പദ്ധതി. തെറ്റായ വിപണനവും(മിസ് സെല്ലിങ്), ഓഹരി വിലയിലെ ക്രൃത്രിമത്വവും തടയുകയാണ് പ്രധാന ലക്ഷ്യം.

ആഗോളതലത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാകുകയാണ്. അനുമതിയില്ലാതെ ഇത്തരം വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതിന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റുമെന്റ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഴയും തടവുമാണ് ശിക്ഷ. ചൈനയിലെയും സിംഗപൂരിലെയും റെഗുലേറ്റര്‍മാര്‍ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുംചെയ്തിട്ടുണ്ട്.

നിയമപ്രകാരം സെബിക്ക് വിപുലമായ അധികാരങ്ങളുണ്ട്. എങ്കിലും നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിമിതവും നിക്ഷേപക താല്‍പര്യം സംരക്ഷിക്കാന്‍ പര്യാപ്തവുമല്ലെന്ന് ആക്ഷേപമുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് നടപടികളെടുക്കാനും കഴിയും. നിക്ഷേപക താല്‍പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് കാലോചിതമായി നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കാനാണ് സെബിയുടെ നീക്കം. സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന ഡിജിറ്റല്‍ ഇന്ത്യാ ആക്ടിലും ഇതുസംബന്ധിച്ച വ്യക്തമായ നിയന്ത്രണങ്ങളുണ്ടാകുമെന്നും അറിയുന്നു.

ജനങ്ങളെ സാമ്പത്തികമായി ബോധവത്കരിക്കാനും സാക്ഷരരാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഫിന്‍ഫ്‌ളുവന്‍സര്‍മാരുടെ വാദം. ഇത്തരത്തിലുള്ള സാക്ഷരതാ യജ്ഞത്തിന്റെ മറവില്‍ ബ്രാന്‍ഡ് പ്രൊമോഷന്‍ ഉള്‍പ്പടെയുള്ളവയും പലപ്പോഴും ജനങ്ങളെ വഴിതെറ്റിക്കുന്നുണ്ട്. ധനകാര്യ വിപണിയിലെ വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് തള്ളിക്കളയാനാവില്ല. നിക്ഷേപക താല്‍പര്യംകൂടി പരിഗണിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സെബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

antonycdavis@gmail.com

Content Highlights: 50 lakh profit in two days! finfluencers is putting Sebi regulations to test.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented