പാഠം 149| കടബാധ്യതയുണ്ടോ? കെണിയലകപ്പെടാതെ രക്ഷപ്പെടാനുള്ള വഴികളിതാ


ഡോ.ആന്റണി

4 min read
Read later
Print
Share

വായ്പകൾ പ്രയോജനപ്പെടുത്തി മികച്ച വരുമാനംനേടുന്നവരും ലഭിക്കുന്ന വരുമാനത്തിലേറെ വായ്പ തിരിച്ചടവിന് ഉപയോഗിക്കേണ്ടിവരുന്നവരുമുണ്ട്. തുടക്കത്തിൽതന്നെ ആസൂത്രണമില്ലാത്തതുതൊണ്ടാണ് താങ്ങാൻ പറ്റാത്തത്ര ബാധ്യതവന്നുചേരുന്നത്. കടബാധ്യതയിൽനിന്ന് എത്രയുംപെട്ടെന്ന് രക്ഷപ്പെടാനുള്ള സാധ്യതകൾ പരിശോധിക്കാം.

Photo: Getty Image

ഗരത്തോട് ചേർന്നുള്ള പ്രദേശത്ത് 30 സെന്റ് സ്ഥലത്തിന്റെ ഉടമയാണ് കുര്യൻ വർഗീസ്. വർഷങ്ങൾക്കുമുമ്പ് പണിത, പരമ്പരാഗതമായി കിട്ടിയ ചെറിയ ഓടിട്ട വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. 30 വർഷംമുമ്പ് പിതാവ് മരിക്കുമ്പോൾ കാടുപിടിച്ചുകിടന്നിരുന്ന ഈപ്രദേശം അത്രയൊന്നും വിലമതിക്കുന്നതായിരുന്നില്ല. വികസനംവന്നപ്പോൾ കുരിയന്റെ പുരയിടവും നഗരത്തിന്റെ ഭാഗമായി.

വഴി വീതികൂട്ടിയപ്പോൾ അഞ്ച് സെന്റ് നഷ്ടപ്പെട്ടതൊഴിച്ചാൽ 25 സെന്റ് സ്ഥലം അപ്പോഴും ബാക്കിയുണ്ടായിരുന്നു. സമീപത്തെല്ലാം ബഹുനില കെട്ടിടങ്ങൾ ഉയർന്നു. ഫ്‌ളാറ്റ് നിർമാതാക്കൾ സ്ഥലം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അടുത്തെത്തിയെങ്കിലും വിൽക്കാൻ തയ്യാറായില്ല. അതിനിടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടുകൂട്ടികൾ സ്‌കൂളിൽ പഠിക്കുന്നുമുണ്ട്. കാര്യമായ ജോലിയൊന്നുമില്ലാതിരുന്ന അദ്ദേഹത്തിന് 30 ലക്ഷത്തോളം രൂപ കടവുമുണ്ടായിരുന്നു. സഹകരണബാങ്കിൽനിന്നെടുത്ത വായ്പയുടെ പലിശയും പലിശക്കുമേലുള്ള പലിശയും മറ്റ് വായ്പകളുമാണ് ഇത്രയും ബാധ്യത അദ്ദേഹത്തിനുവരുത്തിയത്. കോടികൾ വിലമതിക്കുന്ന വസ്തുവുണ്ടായിട്ടും അതുവിൽക്കാനോ ബാധ്യതകൾതീർത്ത് സ്വന്തംജീവിതം സുരക്ഷിതമാക്കാനോ അദ്ദേഹം തയ്യാറായില്ല. 15,000 രൂപ ശമ്പളത്തിന് മകൾ ജോലിക്കുപോയതുകൊണ്ടാണ് ജീവിച്ചുപോകുന്നത്.

വൈകിയുദിച്ച വിവേകംപോലെ ഒടുവിൽ അദ്ദേഹം സ്ഥലം വിൽക്കാൻ തയ്യാറായി. 25 സെന്റ് സ്ഥലം 2.75 കോടി രൂപക്കാണ് വിറ്റത്. നഗരത്തിനോടുചേർന്നുതന്നെ അഞ്ചുസെന്റ് സ്ഥലത്ത് 2000 ചതുരശ്ര അടി വിസ്തീർമുള്ള വീടുവെച്ചു. കടബാധ്യതകൾ തീർത്തു. ഒരുമകളെ സ്വാശ്രയ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർത്തു. മറ്റൊരുമകൾ പ്രമുഖ എൻട്രൻസ് കോച്ചിങ് സെന്ററിൽ പോകുന്നു. ബാക്കിയുള്ള തുക ബാങ്കിലിട്ട് അതിന്റെ വരുമാനത്തിൽ സമാധാനത്തോടെ ജീവിക്കുകയാണിപ്പോൾ.

കടബാധ്യതയുടെകാര്യത്തിൽ മലയാളികൾ ഒട്ടുപിന്നിലല്ലെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഈയിടെ പുറത്തുവിട്ട സർവെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഏറ്റവുംകൂടുതൽ കടബാധ്യതയുള്ളത് മലയാളികൾക്കാണെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. അമിതമായ ഉപഭോഗതൃഷ്ണയും വരുമാനത്തേക്കാൾ കൂടുതൽ ചെലവുചെയ്യുന്ന ശീലവുമൊക്കെയാണ് അതിനുപിന്നിൽ.

സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ചിട്ടയായി നിക്ഷേപിക്കാനോ ക്ഷമയോടെ കാത്തിരിക്കാനോ ആർക്കും താൽപര്യമില്ല. മറ്റുള്ളവരേക്കാൾ മികച്ച ജീവിതസൗകര്യങ്ങൾക്കായി മത്സരിക്കുന്നകാലമാണിത്. അയൽക്കാരനോ സഹപ്രവർത്തകനോ പുതിയൊരു കാറുവാങ്ങിയാൽ അതിനേക്കാൾ വിലകൂടിയത് സ്വന്തമാക്കാനുകും ശ്രമിക്കുക. സീറോ കോസ്റ്റ് ഇഎംഐയിൽ വാഹനം നൽകാൻ ഡീലർ കാത്തുനിൽക്കുന്നുണ്ടാകും. പലിശയെക്കുറിച്ചൊന്നും അധികം ആലോചിക്കില്ല, മാസംതോറും അടച്ചുകൊടുത്താൽമതിയല്ലോ. ചിട്ടയായി നിക്ഷേപിച്ച് ഭാവിയിൽ സ്വന്തമാക്കേണ്ട ലക്ഷങ്ങളാണ് ലോണെടുത്ത് മലയാളി മുടിച്ചകളഞ്ഞത്. എന്തിനും ഏതിനും വായ്പയെടുക്കുന്ന ഈശീലം പലരെയും കടക്കെണിയിലാക്കുകയുംചെയ്തു.

കടബാധ്യതയില്ലാതെ ജീവിക്കാനാണ് സ്വപ്‌നംകാണേണ്ടത്. എന്തെങ്കിലും മാർഗമുണ്ടെങ്കിൽ എത്രയുംവേഗം ലോൺ തിരിച്ചടച്ച് സ്വസ്ഥതനേടാനും ഭാവിയിലേക്ക് കരുതിവെക്കാനും ശ്രദ്ധിക്കണം. കുരിയൻ വർഗീസിന്റെ മൂത്തമകൾ വീട്ടിലെത്തിയാൽ എന്നും പരാതിയാണ്. നേരത്തെ സ്ഥലംവിറ്റ് ബാധ്യതകൾ തീർത്തിരുന്നെങ്കിൽ തന്റെ ജീവിതം ഇപ്രകാരമാകില്ലെന്ന് അവൾ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.

വായ്പകൾ പ്രയോജനപ്പെടുത്തി മികച്ച വരുമാനംനേടുന്നവരും ലഭിക്കുന്ന വരുമാനത്തിലേറെ വായ്പ തിരിച്ചടവിന് ഉപയോഗിക്കേണ്ടിവരുന്നവരുമുണ്ട്. തുടക്കത്തിൽതന്നെ ആസൂത്രണമില്ലാത്തതുതൊണ്ടാണ് താങ്ങാൻ പറ്റാത്തത്ര ബാധ്യതവന്നുചേരുന്നത്. തിരിച്ചടക്കാൻ കഴിയുമെങ്കിൽ, താമസിക്കാനൊരു വീടുവെക്കാൻ വായ്പയെടുക്കുന്നതിൽ തെറ്റില്ല. വിലകൂടുതലുള്ള ഗാഡ്ജറ്റുകൾ സ്വന്തമാക്കുന്നതുൾപ്പടെയുള്ള വ്യക്തിഗത ആവശ്യങ്ങൾക്കും മെഡിക്കൽ എമർജൻസിക്കുംമറ്റും ഉയർന്ന പലിശയുള്ള പേഴ്‌സണൽ ലോണെടുക്കുന്നതിനെ ന്യായീകരിക്കാനും കഴിയില്ല. വായ്പയെടുക്കൽ ശീലമായാൽ അത് കുടുംബത്തെമുഴുവൻ അപകടത്തിലാക്കും. അതുകൊണ്ടുതന്നെ കടബാധ്യതയിൽനിന്ന് എത്രയുംപെട്ടെന്ന് രക്ഷപ്പെടാനുള്ള സാധ്യതകൾ പരിശോധിക്കാം.

വായ്പാ ക്രമീകരണം
നിരവധി ചെറിയ വായ്പകൾ ഒരേസമയം കൈകാര്യംചെയ്യുന്നതിനേക്കാൾ വായ്പ പുനഃക്രമീകരിച്ച് ഒരൊറ്റ ലോണാക്കി ചരുക്കാം. അതായത് മൊത്തംകടം എത്രയെന്ന് വിലയിരുത്തി അതെല്ലാം തീർക്കാൻ പുതിയൊരുവായ്പയെടുക്കാം. നിലവിലുള്ള വായ്പകൾക്ക് വ്യത്യസ്ത പലിശയാകും ഉണ്ടാകുക. കടംഏകീകരിക്കുന്നതിലൂടെ ഈയിനത്തിൽ മൊത്തം ചെലവാക്കേണ്ടതുകയിൽ കുറവുണ്ടായേക്കാം. വായ്പ ഏകീകരണത്തിന് ലോൺ നൽകുമ്പോൾ മൊത്തം ബാധ്യതയുടെ 70-80ശതമാനമാണ് ലഭ്യമാകുക. ബാക്കിയുള്ളത് സ്വന്തമായി കണ്ടെത്തേണ്ടിവരും.

ക്രഡിറ്റ് കാർഡ്
ക്രഡിറ്റ് കാർഡ് ബില്ലുകൾ യഥാസമയംതീർക്കുക. ഭാഗികമായി അടച്ച് ബാക്കിതുക പലിശയോടൊപ്പം അടുത്തമാസം അടക്കാൻ സൗകര്യമുണ്ടെങ്കിലും അതിന് മുതിരരുത്. അതത് മാസത്തെ ബില്ലുകൾ തീർത്തശേഷംമാത്രം അടുത്തമാസം ഉപയോഗിക്കുക. മറിച്ചാണ് ചെയ്യുന്നതെങ്കിൽ ഓരോമാസവും നീട്ടിവെക്കുന്ന അടവ് ഭാവിയിൽ കടക്കെണിയിലാക്കിയേക്കാം. ക്രഡിറ്റ് സ്‌കോറിനെ ബാധിക്കുകയുംചെയ്യും.

പണംനൽകാം
ഡിജിറ്റൽ പണമിടപാടുകളുടെകാലത്ത് ഒരുതിരിച്ചുപോക്കോയെന്ന് ചിന്തിച്ചേക്കാം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇഎംഐ കാർഡ് എന്നിങ്ങനെയുള്ളവ സൗകര്യപ്രദമാണെങ്കിലും വിവേകത്തോടെ ഉപയോഗിക്കാനയില്ലെങ്കിൽ ബാധ്യതവർധിക്കാനിടയുണ്ട്. മുൻകൂർ പണം നൽകേണ്ട-എന്ന് ധനകാര്യസ്ഥാപനങ്ങളും കച്ചവടക്കാരും പറയുമ്പോൾ അത്യാവശ്യമില്ലാത്തവകൂടി പർച്ചെയ്‌സ് ചെയ്യാൻ പ്രേരണയായേക്കാം. ഉപഭോക്താക്കളെ ആകർഷിക്കാൻ റിവാർഡ്, കാഷ് ബാക്ക്, ഡിസ്‌കൗണ്ട് എന്നിവകൂടിയാകുമ്പോൾ അതിന് സാധ്യതയേറെയാണ്. ഉപഭോക്താവിന് നേട്ടമുണ്ടെങ്കിലും കടബാധ്യതയുള്ള വ്യക്തികൾ ഈവഴി തിരഞ്ഞെടുക്കാതിരിക്കുയാണ് നല്ലത്. പണംകൊടുത്ത് ഉത്പന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. എടിഎമ്മിൽനിന്നോ ബാങ്കിൽനിന്നോ പണം എടുക്കുംമുമ്പ് രണ്ടുതവണ ആലോചിക്കാൻ അവസരംലഭിക്കും.

പുതിയ ബാധ്യത ഒഴിവാക്കുക
വായ്പകൾ ഒന്നൊന്നായി ഒഴിവാക്കി ബാധ്യതകളിൽനിന്ന് പുറത്തുകടക്കാൻ ശ്രദ്ധിക്കണം. വീണ്ടും കടമെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. കയ്യിൽ പണമില്ലാതെവരുമ്പോൾ ക്രഡിറ്റ് കാർഡ്, വ്യക്തിഗത വായ്പ എന്നിവയെ ആശ്രയിക്കാതിരിക്കുക. യഥാർത്ഥത്തിൽ ചെലവഴിക്കേണ്ട തുകയേക്കാൾ എത്രയോ അധികം തിരിച്ചടവിനായി ഉപയോഗിക്കേണ്ടിവരുമെന്നതാണ് വാസ്തവം. അറിയാതെതന്നെ വരുമാനത്തെ ബാധിക്കുകയും കൂടുതൽ ബാധ്യതകളിൽ അകപ്പെടുകയുംചെയ്യും.

ബജറ്റ് തയ്യാറാക്കുക
പണം മികച്ചരീതിയിൽ ചെലവഴിക്കുന്നതിനുള്ള മുൻകൂർ പ്ലാനാണ് ബജറ്റ്. ചെലവുചെയ്യുന്നതിനുമുമ്പ് വരവും ചെലവും ക്രമീകരിക്കാൻ ബജറ്റ് സഹായിക്കും. അത്യാവശ്യമുള്ള ചെലവുകൾക്ക് പണംനീക്കിവെക്കാനും അത്രതന്നെ അത്യാവശ്യമില്ലാത്തവ തൽക്കാലത്തേക്ക് മാറ്റിവെക്കാനും ഇതിലൂടെ കഴിയും. ഓരോ മാസത്തെയും അത്യാവശ്യചെലവുകൾ, വായ്പ തിരിച്ചടവ്, നിക്ഷേപം എന്നിവ ബജറ്റ് തയ്യാറാക്കുമ്പോൾ പരിഗണിക്കണം. ചെലവുകൾ കൃത്യമായി നിർവചിച്ച് അതിനനുസരിച്ച് മുന്നോട്ടുപോകാനും ശീലിക്കണം. ഇതിനായി മൊബൈൽ ആപ്പുകൾ പ്രയോജനപ്പെടുത്താം. ഓരോമാസത്തെയും വരുവും ചെലവും വിശകലനംചെയ്യാനും ഭാവിയിൽ വേണ്ട ക്രമീകരണങ്ങൾ വരുത്താനും ആപ്പുകൾ സഹായിക്കും.

ശീലം ഒഴിവാക്കാം
വരുമാനത്തിനനുസരിച്ച് ജീവിക്കാൻ ശീലിക്കണം. അതിൽനിന്ന് നിശ്ചിതശതമാനം സമ്പാദിക്കുകയുംവേണം. സ്ഥിരമായി പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ ഓഫീസിൽപോകുമ്പോൾ വീട്ടിൽനിന്ന് ഭക്ഷണംകൊണ്ടുപോകാം. ഒഴിവാക്കാവുന്ന ചെലവുകളിലൂടെ കൂടുതൽനേടാമെന്നുമാത്രമല്ല, നിലവിലുള്ള ബാധ്യതകൾ തീർക്കുന്നതിനുള്ള മുൻഗണനനൽകാനും അതിലൂടെ കഴിയും.

ക്രഡിറ്റ് സ്‌കോർ
ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നെടുത്തിട്ടുള്ള വായ്പകളിൽ തിരിച്ചടവ് മുടങ്ങിയാൽ ക്രഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം. ഭാവിയിൽ കുറഞ്ഞ പലിശക്ക് എളുപ്പത്തിൽ വായ്പലഭിക്കാൻ അത് തടസ്സമാകും. ഏറ്റവുകൂടുതൽ പലിശ കൊടുക്കുന്ന വായ്പ ആദ്യം അടച്ചുതീർക്കാം.

സാമ്പത്തിക ആസൂത്രണം
ജീവിതത്തിൽ ലക്ഷ്യങ്ങളില്ലാത്തവരുണ്ടാകില്ല. സാമ്പത്തിക ആസൂതണവമുണ്ടെങ്കിൽ ഭാവിയിലേക്ക് കരുതിവെക്കാനും കടബാധ്യതകളിൽനിന്ന് അകന്നുനിൽക്കുന്നതിനും കഴിയും. ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതിലൂടെ മെഡിക്കൽ എമർജൻസിക്കുവേണ്ടി പണത്തിനായി വായ്പയെടുക്കേണ്ടിവരില്ല. വാഹനംവാങ്ങാനും മറ്റ് സാമ്പത്തി ലക്ഷ്യങ്ങൾക്കും നേരത്തെതന്നെ നിക്ഷേപം തുടങ്ങാം. എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നുകരുതി അതിന്റെ പുറകെപോകാതിരിക്കുക. വരുമാനത്തിൽനിന്ന് പരമാവധി 30ശതമാനത്തിൽതാഴെമാത്രമെ ഇഎംഐക്കായി നീക്കിവെക്കാൻ പാടൂള്ളൂ. വായ്പയെടുക്കുന്നുണ്ടെങ്കിൽ അത് വീടുവെക്കാൻ മാത്രമാകട്ടെ.

feedback to
antonycdavis@gmail.com

കുറിപ്പ്: കടബാധ്യത തീർക്കാൻ ചെലവുചുരുക്കൽ ഉൾപ്പടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം. അത്യാവശ്യമില്ലാത്തവ ഏതൊക്കെയാണെന്ന് തരംതിരിച്ച് കുറച്ചുകാലത്തേക്കെങ്കിലും അത്തരം ചെലവുകളിൽനിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. സമഗ്രമായ പ്ലാൻ തയ്യാറാക്കി വരവിന്റെ നിശ്ചതശതമാനംമാത്രം ചെലവുചെയ്യുന്ന രീതി സ്വീകരിക്കുക. ഓരോദിവസംപിന്നിടുന്തോറും ബാധ്യതവർധിക്കുന്നതിനാൽ വസ്തു, സ്വർണം എന്നിവയുണ്ടെങ്കിൽ അവവിറ്റ് ബാധ്യതകൾ തീർക്കാൻ ശ്രമിക്കണം. ഒരിക്കൽ കടബാധ്യത തീർത്തുകഴിഞ്ഞാൽ വായ്പയെടുക്കാനുള്ള പ്രവണത വീണ്ടുമുണ്ടാകാൻ സാധ്യതയുണ്ട്. അതിനെ ബോധപൂർവും പ്രതിരോധിക്കുക.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Investment
പാഠം 180

2 min

പാഠം 181|സമാഹരിക്കേണ്ടത് 2.18 കോടി രൂപ: 40-ാംവയസ്സില്‍ എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യംനേടാം? 

Sep 3, 2022


investment
Premium

2 min

പാഠം 198| മിഡ് ക്യാപ് മാജിക്: നേടാം 25ശതമാനത്തിലേറെ, നിക്ഷേപിക്കാന്‍ ഈ വഴികള്‍

Jun 5, 2023


investment
Premium

3 min

പാഠം 189|ബെന്‍സിന്റെ എതിരാളി ഔഡിയല്ല; എസ്.ഐ.പി

Dec 1, 2022


Most Commented