Photo: Gettyimages
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതിയായ ജൂലായ് 31 അടുത്തുവരുന്നു. വളരെ ചുരുക്കംപേര്‍മാത്രമാണ് ഇതിനം റിട്ടേണ്‍ നല്‍കിയിട്ടുള്ളത്. പതിവുപോലെ ഇത്തവണയും തിയതി നീട്ടുമെന്ന പ്രതീക്ഷയിലാണ് നികുതിദായകര്‍. നീട്ടുകയോ നീട്ടാതിരിക്കുകയോ ചെയ്യട്ടെ, ഇപ്പോള്‍ മുതല്‍ നികുതി റിട്ടേണ്‍ നല്‍കാനുള്ള ശ്രമം തുടങ്ങാം.
2021-22(അസസ്മെന്റ് വര്‍ഷം 2022-23)സാമ്പത്തികവര്‍ഷത്തെ ആദായനികുതിയാണ് ഇപ്പോള്‍ ഫയല്‍ ചെയ്യേണ്ടത്. ശമ്പളം, പലിശ ഉള്‍പ്പടെയുള്ളവ കൃത്യമായെടുത്ത് മൊത്തംവരുമാനം കണക്കാക്കി കിഴിവുകള്‍ പ്രയോജനപ്പെടുത്തി നികുതി കണക്കാക്കിവേണം റിട്ടേണ്‍ ഫയല്‍ചെയ്യാന്‍. പരിമിതമായ അറിവുകള്‍വെച്ച് പോര്‍ട്ടല്‍ നയിച്ചവഴിയേ പോകാതിരിക്കുക.
തെറ്റുകൂടാതെ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ആദായനികുതി വകുപ്പില്‍നിന്ന് നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അറിഞ്ഞോ അറിയാതെയോ പൊതുവായിവരുത്തുന്ന തെറ്റുകള്‍ പരിശോധിക്കാം.
60 വയസ്സിന് താഴെപ്രായമുള്ള, 2.5 ലക്ഷംരൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തികളെല്ലാം ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതുണ്ട്. മുതിര്‍ന്ന(60 വയസ്സ്) പൗരന്മാര്‍ക്കുള്ള പരിധി മൂന്നു ലക്ഷമാണ്. പെന്‍ഷന്‍, പലിശ എന്നിവയില്‍നിന്നുമാത്രം വരുമാനമുള്ളവരാണെങ്കില്‍ 75 വയസ്സിന് മുകളിലുള്ളവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല.
സേവിങ്സ് ബാങ്ക് പലിശ
എസ്ബി അക്കൗണ്ടില്‍നിന്നുള്ള പലിശക്ക് നികുതി നല്‍കണമെന്നകാര്യം വിസ്മരിക്കാനാണ് പലര്‍ക്കുംതാല്‍പര്യം. അത് എത്രരൂപയായാലും റിട്ടേണ്‍ ഫോമില്‍ കാണിക്കണം. ഇതിനായി ബാങ്ക് അക്കൗണ്ടുകളില്‍നിന്നുള്ള പലിശമൊത്തം കണക്കാക്കി ഐടിആറില്‍ ചേര്‍ക്കുകയാണ് വേണ്ടത്. വകുപ്പ് 80 ടിടിഎ പ്രകാരം വ്യക്തികള്‍ക്ക് 10,000 രൂപവരെയുള്ള പലിശക്ക് നികുതിയിളവ് ലഭിക്കും. 60വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പരിധി 80 ടിടിബി പ്രകാരം 50,000 രൂപയുമാണ്. ഈതുകയില്‍ താഴെയാണ് പലിശ ലഭിച്ചതെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കാണിക്കേണ്ടതുണ്ട്. മുകളിലെ വകുപ്പുകള്‍ പ്രകാരം കിഴിവ് നേടാനുംകഴിയും.
ശമ്പളം, വാടക, ബിസിനസ്-പ്രൊഫഷൻ, മൂലധനനേട്ടം, പലിശ തുടങ്ങിയവയിൽനുന്നുള്ള വരുമാനം വിലയിരുത്തി എങ്ങനെ ആദായനികുതി കണക്കാക്കാം.
.png?$p=c28997d&&q=0.8)
മുന്‍കൂട്ടി നല്‍കിയിട്ടുള്ള വിവരങ്ങള്‍
ആദായ നികുതി പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള 'പ്രീ ഫില്‍ഡ് ഡാറ്റ'ഒത്തുനോക്കിയതിനുശേഷം റിട്ടേണ്‍ നല്‍കുക. ഫോം 16, ഫോം 26എഎസ്, ആനുവല്‍ ഇന്‍ഫോര്‍മേഷന്‍ സ്‌റ്റേറ്റുമെന്റ്(എഐഎസ്) എന്നിവ പരിശോധിച്ച് മൊത്തംവരുമാനം കണക്കാക്കി ആവശ്യമെങ്കില്‍ തിരുത്തലുകള്‍വരുത്തിവേണം റിട്ടേണ്‍ ഫയല്‍ചെയ്യാന്‍.
സ്ഥിരനിക്ഷേപം
ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങിളിലെ സ്ഥിരനിക്ഷേപ പദ്ധതികളില്‍നിന്നുള്ള പലിശയും മൊത്തംവരുമാനത്തോടൊപ്പംചേര്‍ത്തുവേണം നികുതിനല്‍കാന്‍. ഇന്‍കം ഫ്രം അദര്‍ സോഴ്സ്-വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തേണ്ടത്. പലിശ വരുമാനത്തിന് നികുതിയിളവുകളില്ലെന്നകാര്യം ഓര്‍ക്കുക.
ഐടിആര്‍ ഫോം
ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ ഏഴ് ഐടിആര്‍ ഫോമുകളാണുള്ളത്. അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയില്‍നിന്നുള്ള വരുമാനക്കാര്‍ ഐടിആര്‍ 1 ആണ് ഫയല്‍ ചെയ്യേണ്ടത്. ശമ്പളത്തോടൊപ്പം മൂലധനനേട്ടം ഉള്‍പ്പടെയുള്ള നികുതി വിധേയവരുമാനമുള്ളവര്‍ക്ക് ഐടിആര്‍ 2 ആണ് ബാധകം. ബിസിനസില്‍നിന്നോ പ്രൊഫഷനില്‍നിന്നോ വരുമാനമുള്ളവര്‍ ഐടിആര്‍ 3ഉം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
പുതിയതോ പഴയതോ?
നികുതി കണക്കാക്കുന്നതിന് പുതിയതോ പഴയതോ ആയ നികുതി വ്യവസ്ഥ സ്വീകരിക്കാം. അതിനുമുമ്പായി രണ്ട് സ്ലാബുകള്‍ പ്രകാരവും നികുതി കണക്കാക്കി ഏതാണ് കുറവെങ്കില്‍ ആരീതി തിരഞ്ഞെടുക്കാം. പഴയ രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ 80സി ഉള്‍പ്പടെയുള്ള നികുതിയിളവുകള്‍ പ്രയോജനപ്പെടുത്താം. പുതിയതാണെങ്കില്‍ കുറഞ്ഞ നികുതി നിരക്കുമാണുള്ളത്.
സമ്മാനത്തില്‍നിന്നുള്ള പലിശ
ഭാര്യക്കോ ഭര്‍ത്താവിനോ കുട്ടികള്‍ക്കോ സമ്മാനമായി നല്‍കിയ പണത്തിന്റെ പലിശയില്‍നിന്നുള്ള വരുമാനവും റിട്ടേണില്‍ ചേര്‍ക്കണം. സമ്മാനമായി നല്‍കിയ പണം നിക്ഷേപിക്കുമ്പോള്‍ ലഭിച്ച പലിശക്ക് നികുതിനല്‍കേണ്ടതുണ്ട്.
ലാഭവിഹിതം
ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍നിന്ന് ലഭിച്ചിരുന്ന ഡിവിഡന്റിന് നേരത്തെ നികുതി ബാധകമായിരുന്നില്ല. 2020-21 സാമ്പത്തികവര്‍ഷംമുതല്‍ മൊത്തംവരുമാനത്തോടൊപ്പം ചേര്‍ത്ത് ലാഭവിഹിതത്തിനും ആദായനികുതി നല്‍കണം. ഇന്‍കം ഫ്രം അദര്‍ സോഴ്സസ്-വിഭാഗത്തിലാണ് ഡിവിഡന്റില്‍നിന്നുള്ള വരുമാനം ഉള്‍പ്പെടുത്തേണ്ടത്.
ഫോം26എഎസ്, എഐഎസ്
ഓരോ സാമ്പത്തിവര്‍ഷത്തെയും വാര്‍ഷിക നികുതി സ്റ്റേറ്റ്മെന്റാണ് എ.ഐ.എസ്. ഫോം 26എഎസില്‍ ഉള്‍പ്പെടാത്ത സാമ്പത്തിക ഇടപാട് വിവരങ്ങള്‍ക്കൂടി എഐഎസില്‍ ഉണ്ടാകും. ഐടിആറില്‍ നല്‍കിയിട്ടുള്ള വരുമാനം എഐഎസ്, 26എഎസ് എന്നിവയിലേതിന് സമാനമാകണം. മറിച്ചായാല്‍ ആദായ നികുതി വകുപ്പില്‍നിന്ന് നോട്ടീസ് ലഭിച്ചേക്കാം. ബാങ്കുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഉള്‍പ്പടെയുള്ളവയില്‍നിന്ന് ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് ഒത്തുനോക്കാന്‍ ഐടി വകുപ്പിന്റെ സോഫ് വെയറില്‍ സൗകര്യമുണ്ടെന്നകാര്യം മറക്കേണ്ട.
റിവൈസ്ഡ് റിട്ടേണ്‍
റിട്ടേണ്‍ ഇതിനകം നല്‍കിയിട്ടുണ്ടെങ്കിലും പുതുക്കി നല്‍കാന്‍ അവസരമുണ്ട്. എത്രതവണവേണമെങ്കിലും തിരുത്തല്‍വരുത്തി റിവൈസ്ഡ് റിട്ടേണ്‍ നല്‍കാം. സെക് ഷന്‍ 143(3)പ്രകാരം, ആദായനികുതിവകുപ്പ് സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയാല്‍ അതിന് അവസരം ലഭിക്കില്ല.
ഇ-വെരിഫിക്കേഷന്‍
ഐടിആര്‍ ഫയല്‍ ചെയ്തുകഴിഞ്ഞാല്‍ ഇ-വെരിഫൈ ചെയ്യാന്‍ മറക്കരുത്. നെറ്റ് ബാങ്കിങ്, ആധാര്‍ ഒടിപി തുടങ്ങിയവവഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഫോം സബ്മിറ്റ് ചെയ്ത ഉടനയോ നിശ്ചിത സമയപരിധിക്കുള്ളിലോ വെരിഫിക്കേഷന്‍ സാധ്യമാണ്.
antonycdavis@gmail.com
Content Highlights: Common mistakes made while filing IT return


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..