പാഠം 143| ഇന്ന് റൊക്കം നാളെ കടം അല്ല, ബൈ നൗ പേ ലേറ്റർ: സാമ്പത്തിക സമവാക്യങ്ങൾ മാറുന്നു


ഡോ.ആന്റണി

വരുമാനത്തിനും ചെലവിനുമിടയിൽ ഒരുപാലംകൂടി രൂപപ്പെട്ടിരിക്കുന്നു. വായ്പയെടുക്കുന്നതിന്റെ നൂലാമാലകളില്ലാതെ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒറ്റക്ലിക്കിൽ ഉത്പന്നം സ്വന്തമാക്കാനുള്ള അവസരമാണ് ബിഎൻപിഎൽ മുന്നോട്ടുവെക്കുന്നത്.

പ്രതീകാത്മകചിത്രം.

ന്ന് റൊക്കം നാളെ കടം-നാട്ടിൻപുറത്തെ കടകൾക്കുമുന്നിൽ എഴുതിപ്പിടിപ്പിച്ച ഈവാക്കുകൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇപ്പോൾ കൊണ്ടുപോയ്‌ക്കോളൂ പണം പിന്നെതന്നാൽ മതിയെന്ന് വൻകിട വ്യാപാരികളും ഇ-കൊമേഴ്‌സുകാരും കച്ചവടംപിടിക്കാൻ ഉപഭോക്താവിനോട് പറയുന്നു.

നേരത്തെ ഈ ആശയം ലോകമാകെ, പ്രത്യേകിച്ച് യുഎസിലും ഓസ്‌ട്രേലിയയിലും പ്രചാരത്തിലാകാൻ തുടങ്ങിയിരുന്നു. കോവിഡ് ഇതിനൊരുനിമിത്തമായെന്ന് വേണമെങ്കിൽ പറയാം. ജനപ്രിയ വായ്പാ പദ്ധതികളിലൊന്നായി ഇതിനകം ബൈ നൗ പേ ലേറ്റർ(ബിഎൻപിഎൽ)മാറിക്കഴിഞ്ഞു. തത്വത്തിൽ ക്രഡിറ്റ് കാർഡിന് സമാനമായ പ്രവർത്തനരീതിയാണെങ്കിലും ബാങ്ക് അക്കൗണ്ടോ പേപ്പർ വർക്കുകളോ ഇല്ലാതെ സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉത്പന്നം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

നാട്ടിൻപുറത്തെ പറ്റുപുസ്തകത്തിന്റെകാലം ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ബിഎൻപിഎൽ ഓർമിപ്പിക്കുന്നത്. ഫിൻടെക് സ്ഥാപനങ്ങളോടൊപ്പം ബാങ്കുകളും പറ്റ് പുസ്തകത്തെ പുതിയകുപ്പിയിലാക്കി പേരുമാറ്റിയെന്നുമാത്രം. ജോലികഴിഞ്ഞ് പോകുമ്പോൾ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി പറ്റുപുസ്തകത്തിൽചേർത്ത് ആഴ്ചയുടേയോ മാസത്തിന്റെയോ അവസാനം പണംനൽകുന്ന കച്ചവട സംസ്‌ക്കാരം ഇന്നലെ തുടങ്ങിയതല്ല. കടംതീർക്കാൻ വീട്ടുകാരനും പണംതിരികെ ലഭിക്കാൻ കടക്കാരനും ആശാന്തപരിശ്രമംനടത്തുന്നത് പതിവാണെന്നത് വേറെകാര്യം.

ഇപ്പോൾ കൊണ്ടുപോയ്‌ക്കോളൂ, പണം ഞങ്ങൾ വാങ്ങിയെടുത്തോളാം എന്ന പുതിയതന്ത്രവുമായി ആദ്യമെത്തിയത് ഫിൻടെക് സ്ഥാപനങ്ങളാണ്. ബാങ്കുകൾക്കും അവരെ പിന്തുടരാതെതരമില്ലെന്നായി. മധ്യവയസ്‌കരും പ്രായമായവരുമാണ് പറ്റുപുസ്തകത്തിന്റെ വരിക്കാരെങ്കിൽ 20-30 പ്രായക്കാരായ യുവാക്കളാണ് ബിഎൻപിഎലിലേക്ക് പറന്നടുക്കുന്നത്. കയ്യിൽ കാശില്ലെങ്കിലും ഭാവിയിൽ ലഭിക്കാനിടയുള്ള പണം മുൻകൂട്ടി ചെലവാക്കാനുള്ള അവസരംതേടിയ തലമുറയെക്കാത്ത് സ്മാർട്ട് ഗാഡ്ജറ്റുകളുടെ പുതിയമോഡലുകൾ തുടരെതുടരെ വിപണിയിലെത്തുന്നുണ്ട്.

ബിഎൻപിഎലിന്റെ പ്രസക്തി
വർധിച്ചുവരുന്ന ആവശ്യകത വിലയിരുത്തുമ്പോൾ 2024 ഓടെ 99 ബില്യൺ ഡോളറിന്റെ ഇടപാടുകളാകും രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയിൽ പിഎൻപിഎൽവഴിനടക്കുകയെന്ന് ഗോൾഡ്മാൻ സാക്‌സ് വിലിയിരുത്തുന്നു. ഏഴുവർഷത്തിനകം (2021-28)പദ്ധതിയുടെ ഭാഗമാകുന്നവരുടെ എണ്ണത്തിൽ 24.2ശതമാനം വാർഷിക വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ റീട്ടെയിൽ, ഇ-കൊമേഴ്‌സ് മേഖലയിലാണ് പ്രചാരംകൂടുതലെങ്കിലും വൈകാതെ എല്ലാ മേഖലകളിലേക്കും പടർന്നുകയറുമെന്നകാര്യത്തിൽ സംശയമില്ല. മെഷീൻ ലേണിങിന്റെയും നിർമിത ബുദ്ധിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപഭോക്താവിന്റെ ചെലവഴിക്കൽ ശേഷി ഉൾപ്പടെയുള്ളവ വിശകലനചെയ്താണ് ബിഎൻപിഎൽ പ്ലാറ്റ്‌ഫോമുകളുടെ മുന്നേറ്റം.

പ്രമുഖ ഫിനാൻഷ്യൽ ടെക്‌നോളജി സ്ഥാപനമായ എഫ്‌ഐഎസിന്റെ സർവെ പ്രകാരം, മഹാമാരിക്കുശേഷം പണം-ചെക്ക് ഇടപാടുകൾ അസ്തമിച്ചമട്ടാണ്. എല്ലാവരുംതന്നെ ഡിജിറ്റലായിക്കഴിഞ്ഞു. സർവെയിൽ പങ്കെടുത്ത 32ശതമാനംപേരും ബിഎൻപിഎൽ ആപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് കമ്പനി പറയുന്നു.

ഒറ്റക്ലിക്കിൽ കാര്യംനടത്താം
ക്രഡിറ്റ് കാർഡിന് സമാനമാണ് പ്രവർത്തനരീതിയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അന്തരംഏറെയാണ്. ബാങ്ക് അക്കൗണ്ടോ, പേപ്പർവർക്കുകളോ ഇല്ലാതെ ഇക്കാലത്ത് വായ്പയായി ഉത്പന്നംവാങ്ങാൻ കഴിയുമെന്നത് ചില്ലറകാര്യമല്ലല്ലോ. അതായത്, നോ കോസ്റ്റ് ഇഎംഐ, ക്രഡിറ്റ് കാർഡ് തുടങ്ങിയവയേക്കാൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഒറ്റക്ലിക്കിൽ കാര്യംനടത്താൻ കഴിയുമെന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ, ബിഗ്ബില്യൺ ഡെയ്‌സ് തുടങ്ങിയ ഷോപ്പിങ് ഉത്സവങ്ങൾക്കുപുറമെ, ഫ്‌ളാഷ് സെയിലുകളിൽവരെ പണമില്ലെങ്കിലും വൻവിലക്കിഴിവ് പ്രയോജനപ്പെടുത്താൻ ഉപഭോക്താവിന് കഴിയും.

പദ്ധതിയെക്കുറിച്ചറിയാം
മൂൻകൂർ പണംകൊടുക്കാതെ ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പണത്തിന്റെമൂല്യമനുസരിച്ച് തിരികെ നൽകാൻ 30 ദിവസംമുതൽ 36 മാസംവരെ സമയംലഭിക്കും. അതിൽതന്നെ 15 ദിവസംമുതൽ 45 ദിവസംവരെ പലിശ ഈടാക്കാത്ത കാലയളവുമുണ്ട്. എത്രതുകയുടെ വാങ്ങൽ നടത്താമെന്നത് വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഫ്‌ളിപ്കാർട്ട് 10,000 രൂപവരെ പദ്ധതിപ്രകാരം അനുവദിക്കുന്നു. മറ്റൊരു സേവനദാതാവായ സെസ്റ്റ്മണി 60,000 രൂപവരെ ക്രഡിറ്റ് നൽകുന്നു.

BUY NOW PAY LATER (BNPL)
BNPL Lender Intial Credit*Interest Free Period
Flipkart Pay Later Rs 10,000 Up to 35 days
Amazon Pay Later Rs 10,000 Up to 45 days
HDFC Bank FlexiPay Rs 1000-60,000 Up to 15 days
ICICI Bank Paylater Rs 5,000-9,999 Up to 45 days
Lazypay Pay Later Rs 500-9,999 Up to 15 days
Mobikwik Zip Rs 500-30,000 Up to 15 days
*For one month
ക്രഡിറ്റ് കാർഡിൽനിന്നുള്ള വ്യത്യാസം
ക്രഡിറ്റ് കാർഡിന് നൽകുന്നതുപോലെ ബിഎൻപിഎൽ വായ്പക്കാരും പലിശരഹിത കാലയളവ് വാഗ്ദാനംചെയ്യുന്നു. ക്രഡിറ്റ് കാർഡ് പർച്ചേയ്‌സിന് 12 മാസംമുതൽ 36മാസംവരെ പ്രതിമാസ തിരിച്ചടവ് കാലയളവുള്ളതുപോലെ 3 മാസംമുതൽ 12മാസംവരെയാണ് ബിഎൻപിഎൽവഴി ലഭിക്കുക. ഹ്രസ്വകാലയളവിലെ ഇടപാടാണ് ബിഎൻപിഎൽ പ്രോത്സാഹിപ്പിക്കുന്നത്. എല്ലാവരും ഇഎംഐ സൗകര്യം നൽകുന്നില്ലെന്നകാര്യവും ഓർക്കുക.

ചെലവ്
ജോയ്‌നിങ് ഫീസ്, വാർഷിക ഫീസ്, പ്രൊസസിങ് ഫീ തുടങ്ങിയവ ക്രഡിറ്റ് കാർഡിന് ബാധകമാകുമ്പോൾ ബിഎൻപിഎലിൽ ഇതൊന്നുമില്ല. ദീർഘകാലയളവിലുള്ള തിരിച്ചടവ് തിരഞ്ഞെടുക്കുമ്പോൾമാത്രമാണ് പലിശ നൽകേണ്ടിവരിക. ക്രഡിറ്റ് കാർഡിന് 42ശതമാനംവരെ വാർഷിക പലിശ നൽകേണ്ടിവരുമ്പോൾ ബിഎൻപിഎലിൽ പരമാവധി ഈടാക്കുന്നത് 30ശതമാനംവരെയാണ്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്‌സി ബാങ്ക് 3,000 രൂപയുടെ പർച്ചെയ്‌സിന് 30 ദിവസത്തേക്ക് 70 രൂപയാണ് ഈടാക്കുന്നത്. വാർഷിക പലിശകണക്കാക്കുകയാണെങ്കിൽ ഇത് 28ശതമാനമാണ്. എന്നാൽ മിക്കവാറും ഫിൻടെക് സ്ഥാപനങ്ങളുടെ പലിശ നിരക്ക് 2.5ശതമാനമാണ്. അതായത് വാർഷിക പലിശ 30ശതമാനത്തോളം. മറഞ്ഞിരിക്കുന്ന ചാർജുകളോ കൂടുതൽ പലിശയോ ഇല്ലെന്നതാണ് ക്രഡിറ്റ് കാർഡുകളിൽനിന്ന് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.

എവിടെയും സൗജന്യംലഭിക്കില്ല
ആനുകൂല്യങ്ങളും സവിശേഷതകളും ആകർഷകമാണെങ്കിലും ഉപഭോക്താവിന്റെ ചെലവിടൽശേഷിയിലാണ്‌ കമ്പനികളുടെ കണ്ണ്. നിലവിലുള്ള വായ്പ സംവിധാനങ്ങൾ പരിഷ്‌കരിച്ച് ആകർഷകമാക്കി പുതിയ പേരിൽ അവതരിപ്പിക്കുന്നു. ബിഎൻപിഎൽ-വായ്പയാണെന്നകാര്യം ഓർക്കണം. തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ അത് ക്രഡിറ്റ് സ്‌കോറിനെതന്നെ ബാധിച്ചേക്കാം.

പിഴയും വൈകിയാൽ പലിശയും ഈ പദ്ധതിക്കുമുണ്ട്. അടുത്തമാസം കിട്ടാനിരിക്കുന്ന ശമ്പളംനോക്കി ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഉചിതമാണോയെന്ന് ആലോചിക്കുക. അത്രതന്നെ അത്യാവശ്യമില്ലാത്ത കാര്യങ്ങൽ നിറവേറ്റാൻ പണംകയ്യിൽവരാൻ കാത്തിരിക്കുക. ഉയർന്ന ക്രഡിറ്റ് സ്‌കോർ, ശമ്പളവരുമാനം തുടങ്ങിയവ പരിഗണിച്ചാണ് ക്രഡിറ്റ് കാർഡ് നൽകുന്നത്. ഇക്കാരണങ്ങൾകൊണ്ടുതന്നെ രാജ്യത്തെ മൂന്നുകോടി പേരിൽമാത്രമായി ക്രഡിറ്റ് കാർഡ് ഉപയോഗം ചുരുങ്ങിയിരിക്കുന്നു. അതിനുമപ്പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് ഫിൻടെക് സ്ഥാപനങ്ങൾ ബിഎൻപിഎൽവഴി പ്രയോജനപ്പെടുത്തുന്നത്.

feedback to:
antonycdavis@gmail.com

കുറിപ്പ്: അധികം ആലോചിക്കാൻ വകനൽകാതെ ഉപഭോക്താക്കളെ കടക്കെണിയിലാക്കാൻ പദ്ധതിക്ക് കഴിയും. ആവശ്യംഅറിഞ്ഞുമാത്രം പദ്ധതി പ്രയോജനപ്പെടുത്തുക. ഭാവിയിലേക്ക് നീക്കിവെക്കേണ്ട സമ്പത്താണ് വായ്പയുടെ പലിശയിനത്തിൽ നഷ്ടപ്പെടുത്തുന്നതെന്നകാര്യം മനസിലാക്കുക. വ്യക്തിഗത വായ്പ, ക്രഡിറ്റ് കാർഡ് ലോൺ എന്നിവക്കൊപ്പമാണ് ബിഎൻപിഎലിനെയും പരിഗണിക്കേണ്ടത്. അത്യാവശ്യമായി പ്രയോജനപ്പെടുത്തേണ്ടിവന്നാൽ പലിശ രഹിതകാലയളവിൽ പണംതിരിച്ചടക്കാൻ ശ്രദ്ധിക്കുക.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented