Photo: Gettyimages
സെന്‍സെക്സ് 62,000 കടന്നിരിക്കുന്നു. ഇനിയും കാത്തുനിൽക്കണോ? അങ്ങോളമിങ്ങോളം കുതിക്കുന്ന ഊഹോപോഹങ്ങളും വിശകലനങ്ങളുംകേട്ട് ആശയക്കുഴപ്പത്തിലായി മനസമാധാനംനഷ്ടപ്പെട്ട പ്രദീപിന്റെ ചോദ്യമാണിത്. ബബിൾ ഇപ്പോൾ പൊട്ടിത്തകരുമെന്നും കിട്ടിയ ലാഭംമുഴുവൻ നഷ്ടമാകുമെന്നുമുള്ള ആശങ്ക, വിപണിയിൽ എക്കാലത്തുമില്ലാത്ത രീതിയിൽ ഇടെപടാൻ തുടങ്ങിയ മലയാളികളെയും അലട്ടാൻതുടങ്ങിയിരിക്കുന്നു. അതേസമയം, ഇതൊന്നും ബാധിക്കില്ലെന്നരീതിയിൽ ഒരോതാഴ്ചയിലും വീണ്ടും നിക്ഷേപിച്ച് ഉയർച്ചയിൽ ലാഭമെടുക്കുന്നവരുടെ എണ്ണത്തിൽ വൻവർധനവുമുണ്ടായിരിക്കുന്നു. വിപണിയിലെ ചെറിയ തിരുത്തലിൽനിന്നുപോലും ലാഭമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ മുന്നിലെ ഗർത്തത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് വാസ്തവം.
വിപണിയുടെ അതിവേഗമുന്നേറ്റത്തിനുപിന്നിൽ റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടൽതന്നെയാണ് കാരണം. വൻതോതിലെത്തുന്ന പണമാണ് വിപണിയെ ചലിപ്പിക്കുന്നത്. സുഹൃത്തുക്കളിൽനിന്നോ ബ്രോക്കറിൽനിന്നോ ഊരും പേരുമില്ലാത്തയിടങ്ങളിൽനിന്നുപോലും ഓഹരികളുടെ പേരുകേട്ടാൽ ചാടിവീണ് നിക്ഷേപിക്കുകയാണ് ഇത്തരക്കാർ. കമ്പനി മികച്ചതാണെന്നോ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാൻ കരുത്തുണ്ടെന്നോ അന്വേഷണമില്ല. കമ്പനി ചെയ്യുന്ന ബിസിനസ് എന്തെന്നുപോലും അറിയാത്തവരാണ് ഇവരിൽ പലരും.
നിക്ഷേപ പോർട്ട്ഫോളിയോ 'ബുള്ളറ്റ് പ്രൂഫ്' ആക്കേണ്ട സമയമായിരിക്കുന്നു. മികച്ച രീതിയിൽ ആസ്തിവിഭജനം സാധ്യമാക്കി ഭാവിയിലെ തിരുത്തലുകളെ അതിജീവിക്കാൻ തയ്യാറാകാം. അതിനായി ബ്ലൂചിപ്പുകളെക്കുറിച്ച് സംസാരിക്കാം.
ബ്ലൂചിപ്പിലേക്കുമടങ്ങാം
വിപണിമൂല്യം അടിസ്ഥാനമാക്കി മുൻനിരയിലുള്ള 100 കമ്പനികളാണ് ലാർജ് ക്യാപ് വിഭാഗത്തിൽവരിക. അതുകൊണ്ടുതന്നെ വിവിധ സെക്ടറുകളിലെ മുൻനിര ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ വൈവിധ്യവത്കരണത്തോടൊപ്പം സ്ഥിരതയുള്ളനേട്ടം ലഭിക്കാനും സഹായകരമാകുന്നു. ഒരുകൂട്ടം ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപിക്കുന്ന ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപംനടത്തിയും വിപണിയിലെ അനിശ്ചിതവാസ്ഥ മറികടക്കാം. സെബിയുടെ കല്പനപ്രകാരം 80ശതമാനം ആസ്തിയും ലാർജ് ക്യാപ് ഫണ്ടുകൾ വൻകിട കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്.
നേട്ടത്തെ ബാധിക്കുമോ?
ചരിത്രം പരിശോധിച്ചാൽ മറിച്ചൊരു നിഗമനത്തിലെത്താൻ പ്രേരിപ്പിച്ചേക്കാം. അഞ്ച്, പത്ത് വർഷത്തെ ലാർജ് ക്യാപ് ഫണ്ടുകളിലെ ശരാശരി നേട്ടം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളേക്കാൾ കുറവാണെന്നതാണ് അതിനുകാരണം. ലാർജ് ക്യാപ് വിഭാഗത്തിൽനിന്ന് പത്തുവർഷത്തിനിടെ ലഭിച്ച ശരാശരി നേട്ടം 14.50ശതമാനമാണ്. അഞ്ചുവർഷക്കാലയളവിൽ ഇത് 16.33ശതമാനവുമാണ്. മിഡ് ക്യാപ് ഫണ്ടുകൾ പത്തുവർഷക്കാലയളവിൽ 19.87ശതമാനവും അഞ്ചുവർഷക്കാലയളവിൽ 16.71ശതമാനവും നേട്ടംനൽകിയിട്ടുമുണ്ട്. സ്മോൾ ക്യാപ് വിഭാഗമാകട്ടെ യഥാക്രമം 20.49ശതമാനവും 18.16ശതമാനവും ആദായം നിക്ഷേപന് കൈമാറി.
നേട്ടക്കണക്കിലെ ഈ അന്തരം നിക്ഷേപകന് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. നേട്ടംകുറഞ്ഞിട്ടും ലാർജ് ക്യാപുകളിൽ ഇത്ര വിശ്വാസംപുലർത്തേണ്ടതുണ്ടോയെന്നാവും സ്വാഭാവികമായ സംശയം. റിസ്കിനാണ് റിവാഡ്-അതിനുള്ള മറുപടിയിതാണ്. കൂടുതൽ റിസ്ക് എടുക്കുന്തോറും അതിനനസരിച്ച് ഉയർന്ന ആദായം ലഭിക്കുമെന്ന് ചരിത്രംതെളിയിച്ചിട്ടുള്ളതാണ്. എന്നാൽ റിസ്കിനെ അതിജീവിക്കാനും വിപണിയിൽ തന്ത്രപരമായി ഇടപെടാനും കഴിയുമോയെന്നതാണ് പ്രധാനം. ആദായക്കണക്കുമാത്രം നോക്കി സ്വന്തമായി നിക്ഷേപത്തിനിറങ്ങുന്നവർ പലപ്പോഴും അറിഞ്ഞുകൊണ്ടല്ല അപകടത്തിൽചാടുന്നത്.
മിഡ്, സ്മോൾ ക്യാപ് ഓഹരികളുടെ ഉയർന്ന റിസ്ക്-റിട്ടേൺ സാധ്യതകണ്ട് ആശ്ചര്യപ്പെടേണ്ടതില്ലെന്ന് ചുരുക്കം. ഒരേകാലയളവിലെ ഈ കാറ്റഗറികളുടെ ചാഞ്ചാട്ടം വിലയിരുത്തുമ്പോൾ ഇക്കാര്യം ബോധ്യമാകും. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ലാർജ് ക്യാപിൽ കുത്തനെയുള്ള കയറ്റയിറക്കങ്ങളേക്കാൾ സ്ഥിരതയുള്ള മുന്നേറ്റമാണ് പ്രകടമാകുക. അതുകൊണ്ടുതന്നെ തരക്കേടില്ലാത്തനേട്ടം കുറഞ്ഞ അസ്ഥിരത എന്നിവ വൻകിട കമ്പനികൾ ഉറപ്പുനൽകുന്നു.
സ്ഥിരതയുള്ള നേട്ടം ?
മികച്ച സാമ്പത്തിക അടിത്തറയും പ്രതിസന്ധികളിലും പിടിച്ചുനിൽക്കാനുള്ള കരുത്തുമാണ് വൻകിട കമ്പനികൾക്ക് സ്ഥിരതയുള്ള വളർച്ചനൽകുന്നത്. കാലത്തെ അതിജീവിക്കുന്ന മികച്ച ബിസിനസ് മാതൃക, വിപണി വിഹിതം, പ്രതിസന്ധികളിലും തടസ്സമില്ലാത്ത വിതരണ ശൃംഖല എന്നിവ ഈ കമ്പനികൾക്ക് സ്വന്തമാണ്. മിഡ് ക്യാപ് കമ്പനികളുമായി താരതമ്യംചെയ്യുമ്പോൾ വൻകുതിപ്പിന് വൻകിട കമ്പനികളിൽ സാധ്യതയില്ല. അതേസമയം, കുത്തനെയുള്ള വീഴ്ചക്കും. അതുകൊണ്ടുതന്നെ വൻകുതിപ്പുനടത്തിയ സ്മോൾ, മിഡ് ക്യാപുകളിൽനിന്ന് വൻകിട കമ്പനികളിലേക്ക് ചുവടുമാറ്റാൻ ഇപ്പോൾതന്നെ തയ്യാറെടുക്കാം.
ലാർജ് ക്യാപ് വിഭാഗത്തിലെ വൻകിട കമ്പനികളായ ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ പത്തുവർഷത്തെ വളർച്ച പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. വരുമാനത്തിൽ ഈ കമ്പനികൾ യഥാക്രമം 18.00 ശതമാനം, 16.4ശതമാനം, 22.4ശതമാനമാണ് നേട്ടമുണ്ടാക്കി. അറ്റാദായത്തിലാകട്ടെ 22.4ശതമാനവും 11.7ശതമാനവും 11.9ശതമാനവും ഉയർച്ചയുണ്ടാകുകയുംചെയ്തു. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് കമ്പനികളുടെ വരുമാനവും അറ്റാദായവും താരതമ്യംചെയ്താൽ കമ്പനികളുടെ അടിസ്ഥാനം ഉറച്ചതാണോ ഇളകുന്നതാണോ എന്ന് അറിയാൻകഴിയും.
BLUECHIP FUNDS | ||||||||
FUND | 1Yr(%)* | 3Yr(%)* | 5Yr(%)* | 7Yr(%)* | 10Yr(%)* | |||
Axis Bluechip Fund | 51.90 | 24.96 | 19.06 | 15.70 | 17.01 | |||
Mirae Asset Large Cap | 55.58 | 22.21 | 17.39 | 16.56 | 18.43 | |||
SBI ETF Nifty 50 | 56.83 | 22.58 | 17.59 | - | - | |||
*വാർഷികാദായം. റിട്ടേണ്‍ കണക്കാക്കിയ തിയതി 19 ഒക്ടോബര്‍, 2021. |
ആസ്തി വിഭജനം
ഓഹരി വിപണിയുടെ ഉള്ളിലിരിപ്പ് ഒരുകാലത്തും ആർക്കും പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല. കാലാകാലങ്ങളിൽ ഉചിതമായ തീരുമാനമെടുത്തവർ വിപണിയെ അതിജീവിച്ച് മികച്ച നേട്ടമുണ്ടാക്കുകയുംചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് പരിശോധിക്കാം. അത്രതന്നെ സാമ്പത്തിക മുന്നേറ്റം നടത്താനായിട്ടില്ലെങ്കിലും സ്മോൾ ക്യാപ് വിഭാഗത്തിലെ കമ്പനികളിൽ പലതും കുതിപ്പ് തുടരുകയാണ്. കൊടുമുടിയിൽ ഇനി മുന്നിലുള്ളത് കിടങ്ങാണ്. അനിശ്ചിതത്ത്വത്തിന്റെ ഈ ഉയരക്കാഴ്ചയിൽനിന്നുകൊണ്ടുതന്നെ കരുതലെടുത്ത് മുന്നേറുന്നതാകും ഉചിതം. പ്രശസ്ത ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റിന്റെ വാക്കുകളാണ് ഈ സാഹചര്യത്തിൽ ഓർക്കേണ്ടത്. എല്ലാവരും അത്യാഗ്രഹികളാകുമ്പോൾ ഭയപ്പെടുക. മറ്റുള്ളവർ ഭയപ്പെടുമ്പോൾ അത്യാഗ്രഹികളാകുക.
ഒക്ടോബർ 15വരെയുള്ള കണക്കുപ്രകാരം ഒരുവർഷത്തിനിടെ സെൻസെക്സിലുണ്ടായ നേട്ടം 57 ശതമാനത്തിലേറെയാണ്. അതേസമയം, സ്മോൾ ക്യാപ് സൂചിക 99ശതമാനവും മിഡ് ക്യാപ് 90ശതമാനവും കുതിച്ചു. ഈ മുന്നേറ്റംകണ്ട് നിക്ഷേപകരിൽ ഏറെപ്പേരും സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലേക്ക് കൂടുമാറാൻ തുടങ്ങി. മറിച്ചാണ് സംഭവിക്കേണ്ടതെങ്കിലും സ്വന്തമായി തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നവർ എപ്പോഴും അത്യാഗ്രഹികളായി മാറുകയാണ് ചെയ്യുന്നത്. അത്രതന്നെ റിസ്കെടുക്കാൻ താൽപര്യമില്ലാത്തവരുടെ പോർട്ട്ഫോളിയോ പരിശോധിച്ചാലും സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളിലും ഫണ്ടുകളിലും കാര്യമായി നിക്ഷേപമുള്ളതായി കാണാം. ആരോഗ്യകരമായ പ്രവണതയല്ല ഇത്. വിപണിയിൽ തിരുത്തലുണ്ടായാൽ പിന്നീട് വർഷങ്ങളോളം ഉയർത്തെഴുന്നേൽക്കാൻ കഴിയാതെ ഈ ഓഹരികളും ഫണ്ടുകളും നെഗറ്റീവ് നിലവാരത്തിൽതന്നെ തുടർന്നേക്കാം.
അതുകൊണ്ടുതന്നെ റിസ്കെടുക്കാൻ ശേഷിയുള്ള നിക്ഷേപകർപോലും ഇക്വിറ്റിയിലെ മൊത്തം നിക്ഷേപത്തിൽ 20ശതമാനത്തിലധികം സ്മോൾ ക്യാപുകളിൽ കരുതിവെക്കേണ്ടതില്ല. കൂടുതൽ നിക്ഷേപമുള്ളവർ കരുതലോടെ നീങ്ങേണ്ട സമയണിപ്പോൾ. യഥാസമയം ഉചിതമായെടുക്കുന്ന തീരുമാനമാണ് യഥാർത്ഥ നേട്ടത്തിന്റെ ഉടമകളാക്കുക.
antonycdavis@gmail.com
മുൻസാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഒക്ടോബർ 18വരെയുള്ള കണക്കുപ്രകാരം ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് വിഭാഗങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നടത്തിയിട്ടുള്ള മൊത്തം നിക്ഷേപം 36.2 ബില്യൺ ഡോളറാണ്. യുഎസ് കേന്ദ്ര ബാങ്കിന്റെ വഴിയേ ഉത്തേജന നടപടികളിൽനിന്ന് ഘട്ടംഘട്ടമായി മറ്റുരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾകൂടി പിൻവാങ്ങിയാൽ രാജ്യത്തെ മൂലധനവിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പുറത്തേക്കൊഴുകും. കോവിഡ് പിടിമുറുക്കിയ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ വിദേശ നിക്ഷേപം 168ശതമാനം വർധിച്ച് 17.6 ബില്യൺ ഡോളറായിരുന്നു. മുൻവർഷം ഇതേകാലയളവിലെ നിക്ഷേപം 6.4 ബില്യൺ ഡോളർമാത്രമായിരുന്നു. വിദേശ നിക്ഷേപകർ തുടക്കമിടും, പിന്നാലെ മറ്റുള്ളവരും. കൂട്ടത്തോടെയുള്ള പിൻവലിയൽ സ്വാഭാവികഭീതി വിപണിയിലുണ്ടാക്കും. ഒരു ഉയർച്ചക്ക് താഴ്ചയുമുണ്ടെന്ന് ഓർക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..