.
ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്സിന് പുതിയ എതിരാളി വന്നിരിക്കുന്നു. ബെന്‍സിന്റെ ഇന്ത്യയിലെ വില്പന വിഭാഗം തലവനായ സന്തോഷ് അയ്യരാണ് അപ്രതീക്ഷിതമായി ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണം കൂടിയത് മെഴ്സിഡ് ബെന്‍സിന്റെ വില്പനയെ ബാധിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം, ഓരോ മാസവും 15,000 ത്തോളം പേരാണ് കാറ് വാങ്ങുന്നതിന് അന്വേഷണം നടത്തുന്നത്. അതില്‍ 1,500 പേരാണ് ഓര്‍ഡര്‍ നല്‍കുന്നത്രെ. ബാക്കിയുള്ള 13,500 പേര്‍ക്കും കാറ് വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും തീരുമാനം തല്ക്കാലം മാറ്റിവെച്ച് മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപിയായി നിക്ഷേപം നടത്തുകയാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സോഷ്യല്‍ മീഡിയയില്‍ അയ്യരുടെ പ്രസ്താവ ചര്‍ച്ചയായി. 50,000 രൂപ പ്രതിമാസം ലോണടച്ചാല്‍ ആഡംബര കാര്‍ വാങ്ങാന്‍ കഴിയില്ല. അതേസമയം, നിശ്ചിത കാലയളവില്‍ എസ്ഐപിയായി 50,000 രൂപ നിക്ഷേപിച്ചാല്‍ വാഹനം സ്വന്തമാക്കാന്‍ കഴിയുമെന്ന് കൊട്ടക് മഹീന്ദ്ര എഎംസിയുടെ മാനേജിങ് ഡയറക്ടറായ നിലേഷ് ഷാ ട്വിറ്ററില്‍ കുറിച്ചു.
ജനപ്രിയമായി എസ്ഐപി
അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം, ഒക്ടോബറില്‍ വിവിധ മ്യൂച്വല്‍ ഫണ്ടുകളിലായി എസ്ഐപി നിക്ഷേപമായി എത്തിയത് 13,040 കോടി രൂപയാണ്. സെപ്റ്റംബറിലെ 12,976.34 കോടി രൂപയില്‍ യില്‍നിന്നാണ് ഈ വളര്‍ച്ച. ഓരോ മാസവും എസ്ഐപി തുക കൂടിക്കൊണ്ടിരിക്കുന്നു. കാറ് വില്പന അയ്യരുടെ കാര്യം. എസ്ഐപി നിക്ഷേപം വില്പനയെ ബാധിച്ചെന്നത് അതിശയോക്തിപരമായ പരാമര്‍ശമാണെന്നും വിലയിരുത്താം. എങ്കിലും രാജ്യത്തെ ജനങ്ങളുടെ നിക്ഷേപ മനോഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുള്ളകാര്യം വിസ്മരിക്കാനാവില്ല. നാളെ ഒരു കാറ് സ്വന്തമാക്കാന്‍ ഇപ്പോള്‍ എപ്രകാരം നിക്ഷേപം നടത്തണമന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അമിതവ്യയം മാറ്റിവെച്ച് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി കരുതലെടുക്കാന് തയ്യാറായ വന്‍ജനസമൂഹം രൂപപ്പെട്ടിരിക്കുന്നുവെന്നതാണ് വാസ്തവം. ഭാവിയില്‍ ബെന്‍സ് സ്വന്തമാക്കാന്‍ എപ്രകാരം എസ്ഐപി ഉപകാരപ്പെടുമെന്ന് ഈ സാഹചര്യത്തില്‍ പരിശോധിക്കാം.
എങ്ങനെ സ്വന്തമാക്കാം?
അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മെഴ്സിഡസ് ബെന്‍സിന്റെ താരതമ്യേന വിലകുറഞ്ഞ കാറ് സ്വന്തമാക്കാന്‍ എപ്രകാരം നിക്ഷേപം നടത്തണമെന്ന് നോക്കാം.

കൊച്ചിയില്‍ എ ക്ലാസ് മെഴ്സിഡസ് ബെന്‍സിന്റെ വില 55 ലക്ഷം രൂപയാണെന്ന് കരുതുക. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ശരാശരി അഞ്ചു ശതമാനം വിലക്കയറ്റപ്രകാരം വില 70.19 ലക്ഷമായി ഉയരും. ഇതുപ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസം 85,100 രൂപയാണ് നിക്ഷേപിക്കേണ്ടിവരിക. പ്രതീക്ഷിക്കുന്ന ചുരുങ്ങിയ ആദായമായ 12ശതമാനപ്രകാരമാണ് ഈ വിലയിരുത്തല്‍. 15 ശതമാനം ആദായ പ്രകാരമാണെങ്കില്‍ 78,300 രൂപയുമാണ് പ്രതിമാസം നിക്ഷേപിക്കേണ്ടിവരിക. അതായത് അഞ്ചുവര്‍ഷം കഴിഞ്ഞ് ബെന്‍സ് സ്വന്തമാക്കാന്‍ പ്രതിമാസം ഇത്രയും തുക നീക്കിവെയ്ക്കേണ്ടിവരുമെന്ന് ചുരുക്കം.
10 ലക്ഷം രൂപയുണ്ടെങ്കില്‍
ബെന്‍സ് വാങ്ങുന്നതിനായി നിലവില്‍ 10 ലക്ഷം കൈവശം ഉണ്ടെന്ന് കരുതുക. അഞ്ചു വര്‍ഷത്തിനുശേഷം ഇതേ കാറ് വാങ്ങുന്നതിന് എസ്ഐപിയായി ഓരോ മാസവും നീക്കിവെയ്ക്കേണ്ടത് 67,000 രൂപയാണ്. 10 ലക്ഷം രൂപയ്ക്ക് എട്ടുശതമാനവും എസ്ഐപിക്ക് 12ശതമാനവും റിട്ടേണാണ് കണക്കാക്കിയിട്ടുള്ളത്. 20 ലക്ഷം രൂപ കൈവശമുണ്ടെങ്കില്‍ 49,000 രൂപയുമാണ് പ്രതിമാസം നിക്ഷേപിക്കേണ്ടിവരിക.

10 വര്‍ഷത്തിനുശേഷമാണെങ്കില്‍
കാറിന്റെ വില 89.50 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. അതുപ്രകാരം 10 വര്‍ഷത്തിനുശേഷം ബെന്‍സ് സ്വന്തമാക്കാന്‍ 38,600 രൂപയാണ് പ്രതിമാസം നിക്ഷേപിക്കേണ്ടിവരിക. 10 ലക്ഷം രൂപ ഇപ്പോള്‍ കൈവശമുണ്ടെങ്കില്‍ പ്രതിമാസം 29,000 രൂപ നിക്ഷേപിച്ചാല്‍ മതി. 20 ലക്ഷം രൂപയുണ്ടെങ്കില്‍ എസ്ഐപി തുക 19,500 രൂപയായി കുറയ്ക്കാം.

ഏത് ഫണ്ടില്‍ നിക്ഷേപിക്കണം?
അഞ്ചുവര്‍ഷത്തെ നിക്ഷേപത്തിനുശേഷമാണ് ബെന്‍സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അഗ്രസീവ് ഹൈബ്രിഡ്, ഫ്ളക്സി ക്യാപ് ഫണ്ടുകളുടെ പോര്ട്ട്ഫോളിയോയാകും ഉചിതം. 10 വര്‍ഷക്കാലയളവ് മുന്നില്‍കണ്ടാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ്, ഫ്ള്കിസ ക്യാപ് ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. മികച്ച ആദായം നല്കിയ ഫണ്ടുകളാണ് പരിഗണിക്കേണ്ടത്. വര്‍ഷത്തിലൊരിക്കല്‍ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകാം.
ശ്രദ്ധിക്കാന്‍: വിരമിച്ചശേഷമുള്ള ജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം, വീട് തുടങ്ങിയവയ്ക്കാകണം സാമ്പത്തിക ലക്ഷ്യങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടത്. മറ്റേത് വാഹനത്തെയും പോലെ ആഡംബര കാറിനും കാലംപിന്നിടുംതോറും മൂല്യമിടിവുണ്ടാകും. അതുപോലെതന്നെ പരിപാലന ചെലവും കൂടുതലാണ്. ആഡംബര കാര്‍ വാങ്ങുന്നത് സ്റ്റാറ്റസിന്റെ ഭാഗമായാണ് പലരും കാണുന്നത്. മുകളിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പരിഗണിച്ചശേഷംമാത്രം ഇത്തരത്തില്‍ ഉയര്‍ന്ന ചെലവഴിക്കലുകള്ക്കായി വകയിരുത്തുക.
antonycdavis@gmail.com
Content Highlights: Benz's rival is not Audi; SIP Investment column by dr antony c davis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..