Photo: Gettyimages
മെയ് നാലിലെ അസാധാരണ നടപടികള്‍ക്കുശേഷം ആര്‍ബിഐ ജൂണിലും നിരക്ക് വര്‍ധിപ്പിക്കുമോ? രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന മോണിറ്ററി പോളിസി യോഗം ജൂണില്‍ നടക്കാനിരിക്കെയാണ് തിരക്കിട്ട് മെയില്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.
ഏപ്രില്‍ മാസത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് മെയ് 12നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിടുക. വിലക്കയറ്റ സൂചിക കുതിക്കുകയാണെങ്കില്‍ ജൂണില്‍ നടക്കാനിരിക്കുന്ന യോഗത്തിലും നിരക്ക് കൂട്ടിയേക്കാം.
മെയ് ആറിന് ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പാ അവലോകന സമതിയുടെ അസാധാരണ യോഗത്തിലാണ് റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 2020 മെയില്‍ പ്രഖ്യാപിച്ച ഇളവാണ് പിന്‍വലിച്ചത്. കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) അരശതമാനം കൂട്ടുകയും ചെയ്തു.
ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് അനുകൂലമായില്ലെങ്കില്‍ കേന്ദ്ര ബാങ്കിന് പണ ലഭ്യതയില്‍ വീണ്ടും പിടിമുറുക്കേണ്ടിവരും.
ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക(സിപിഐ)അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 7.4-7.6 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ഈ കണക്കുകള്‍ യാഥാര്‍ഥ്യമായാല്‍ ജൂണില്‍ മറ്റൊരു പലിശ നിരക്ക് വര്‍ധനയ്ക്ക് സാധ്യതയേറും.
ഏപ്രിലില്‍ നടന്ന എംപിസി യോഗത്തില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പം 6.3ശതമാനത്തിലൊതുങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാര്‍ഷിക പണപ്പെരുപ്പ അനുമാനം 5.7ശതമാനവുമായിരുന്നു. എന്നാല്‍ മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് 6.95ശതമാനത്തിലേയ്ക്കാണ് കുതിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഏപ്രിലിലും വിലക്കറ്റം മുകളിലേയ്ക്കാകുമെന്നകാര്യത്തില്‍ സംശയമില്ല.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍തന്നെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ക്ഷമതാപരിധിക്ക് മുകളിലാണ്. വായ്പാനയ ചട്ടക്കൂട് പ്രകാരം രണ്ടു ശതമാനത്തിനു താഴെയും ആറ് ശതമാനത്തിന് മുകളിലും പോകാതെ കാക്കേണ്ടതുണ്ട്. ശരാശരി ലക്ഷ്യം നാല് ശതമാനവുമാണ്.

തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ക്ഷമതാ പരിധിയില്‍ നിലനിര്‍ത്താനായില്ലെങ്കില്‍ പരിഹാര നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാരിനെ അക്കാര്യം അറിയിക്കാനും ആര്‍ബിഐക്ക് ബാധ്യതയുണ്ട്.
തുടര്‍ച്ചയായ രണ്ടുപാദങ്ങളില്‍ പണപ്പെരുപ്പം ലക്ഷ്യത്തില്‍ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പെട്ടെന്നുള്ള പ്രഖ്യാപനം. ഭൗമ രാഷ്ട്രീയ പിരിമുറുക്കം തുടരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം രൂക്ഷമാകാതിരിക്കാനാണ് ജൂണ്‍വരെ കാത്തിരിക്കാതെ അടിയന്തര നടപടി റിസര്‍വ് ബാങ്ക് സ്വീകരിച്ചത്.
സാധ്യമായ പരിധിവരെ നിരക്കുവര്‍ധിപ്പിച്ച് പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിന് തുടക്കമിടുകയാണ് ആര്‍ബിഐ ചെയ്തത്. വിലക്കയറ്റം നിയന്ത്രണത്തിലെത്തിയില്ലെങ്കില്‍ നിരക്കുവര്‍ധന തുടര്‍ന്നേക്കാം.
നിരക്കുവര്‍ധന: കാരണങ്ങള്‍
ബുധനാഴ്ച അസാധാരണ നീക്കത്തിലൂടെ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചതിനുപിന്നില്‍ രണ്ട് കാരണങ്ങള്‍ കണ്ടെത്താനാകും. ഏപ്രില്‍ എട്ടിലെ വായ്പാ അവലോകന പ്രഖ്യാപനം കഴിഞ്ഞശേഷം പുറത്തുവന്ന മാര്‍ച്ചിലെ പണപ്പെരുപ്പ ഡാറ്റയാണ് അതിലൊന്ന്. പ്രതീക്ഷിച്ചതിലും കൂടുതലായി വിലക്കയറ്റം കുതിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഉപഭോക്തൃ, കാര്‍ഷിക മന്ത്രാലയങ്ങള്‍ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അവയില്‍നിന്ന് ലഭിച്ച അനുമാനമാണ് മറ്റൊന്ന്.
പാമോയില്‍ കയറ്റുമതി നിരോധിക്കാന്‍ ഇന്തോനേഷ്യ തീരുമാനിച്ചപ്പോള്‍ ഇവിടെ അലാംമുഴങ്ങി. രാജ്യത്തെ വിലക്കയറ്റത്തെ നേരിട്ട് ബാധിക്കുന്ന നീക്കമായിരുന്നു ഇന്തോനേഷ്യയുടേത്.
റഷ്യ-യുക്രൈന്‍ യുദ്ധം അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ള കമ്മോഡിറ്റികളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനാല്‍ അയഞ്ഞ പണനയത്തിന്റെ നാളുകള്‍ അവസാനിച്ചതായി നിരക്ക് വര്‍ധനവിലൂടെ ആര്‍ബിഐ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിക്ക് മുമ്പുള്ള തലത്തിലേയ്‌ക്കെത്തിക്കാനാകും ഘട്ടംഘട്ടമായി ആര്‍ബിഐയുടെ അടുത്ത നീക്കം.

2023 മാര്‍ച്ച് അവസാനത്തോടെ റിപ്പോ നിരക്ക് കോവിഡിന് മുമ്പുള്ള 5.15 നിലവാരത്തിലേയ്ക്ക് എത്തിക്കുകയെന്നതാകും ആര്‍ബിഐയുടെ ലക്ഷ്യം. നിരക്കില്‍ 0.40ശതമാനം വര്‍ധനവരുത്തിക്കൊണ്ട് അതിന് തുടക്കമിട്ടുകഴിഞ്ഞതായി എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തിഘോഷ് പ്രതികരിച്ചു.
റിപ്പോ നിരക്കിന്റെ വര്‍ധന ഇങ്ങനെ
2019 ഏപ്രിലില്‍ ആറു ശതമാനമയിരുന്ന റിപ്പോ നിരക്ക് രണ്ടുമാസം പിന്നിട്ടപ്പോള്‍ 5.75ശതമാനമായി കുറച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ആറുശതമാനത്തിന് താഴെ അപ്പോള്‍ നിരക്കെത്തുന്നത്. അതേവര്‍ഷം ജൂണില്‍ 5.75ശതമാനമായും ഓഗസ്റ്റില്‍ 5.40ശതമാനമായും ഒക്ടോബറില്‍ 5.15ശതമാനമായും കുറച്ചു.

അതോടെ വായ്പാ പലിശ എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. നിക്ഷേപ പലിശയും അടിത്തട്ട് കണ്ടു. ബാങ്ക് നിക്ഷേപവും ലഘുസമ്പാദ്യ പദ്ധതികളും ആകര്‍ഷകമല്ലാതായി. ഒരു സൈക്കിള്‍ പൂര്‍ത്തിയാക്കി ഇതാ നിരക്ക് വര്‍ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോവിഡിന് മുമ്പുള്ള 5.15ശതമാനത്തിലേയ്ക്ക് ഒരുവര്‍ഷത്തിനകം റിപ്പോ നിരക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
നിരക്കുവര്‍ധന അനിവാര്യമോ?
മൂന്നുമാസമായി രാജ്യത്തെ പണപ്പെരുപ്പ സൂചിക മുകളിലേയ്ക്കാണ്. മാര്‍ച്ചില്‍ 17 മാസത്തെ ഉയര്‍ന്ന നിരക്കായ 6.95ശതമാനമായിരുന്നു ഉപഭോക്തൃ വില സൂചിക. ഏപ്രിലില്‍ നടന്ന പണവായ്പ അവലോകന യോഗത്തിനുശേഷവും അതിന് അറുതിയൊന്നുമില്ല. ഭക്ഷ്യ എണ്ണ, ക്രൂഡ് ഓയില്‍, ലോഹം ഉള്‍പ്പടെയുള്ള കമ്മോഡിറ്റികള്‍ എന്നിവയുടെ വില കുതിക്കുകയാണ്. ഭൗമ രാഷ്ട്രീയ സംഘര്‍ഷത്തോടൊപ്പം വിതരണ ശൃംഖലയിലെ തടസ്സങ്ങളും പണപ്പെരുപ്പം സംബന്ധിച്ച അനിശ്ചിതത്വം വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് നിരക്ക് ഉയര്‍ത്തി വിപണിയിലെ പണലഭ്യത കുറയ്ക്കുകയെന്ന നടപടി സ്വീകരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.

എങ്ങനെ പ്രതിഫലിക്കും?
വായ്പകളുടെ പലിശ നിരക്ക് വര്‍ധിക്കുന്നതോടെ ഉത്പാദനചെലവ് കൂടും. സമസ്ത സാധനങ്ങളുടെയും വിലവര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും ഉപഭോഗത്തെ ബാധിക്കും. സമ്പദ്ഘടനയുടെ മുന്നേറ്റം അനിവാര്യമായിരിക്കുന്ന സമയത്ത് വളര്‍ച്ചയെ ബാധിക്കാന്‍ ഇതിടയാക്കും.
കരുതല്‍ ധനാനുപാതം അരശതമാനം ഉയര്‍ത്തിയതിലൂടെ ബാങ്കിങ് സംവിധാനത്തില്‍ 87,000 കോടി രൂപയുടെ കുറവാകും ഉണ്ടാകുക. സമ്പദ് വ്യവസ്ഥയിലെ പണലഭ്യത കുറയ്ക്കാനതിടയാക്കും. വിലക്കയറ്റത്തെ ചെറുക്കാന്‍ സഹായിക്കുമെങ്കിലും പലിശ നിരക്കുകളെ ഈ നടപടി സമ്മര്‍ദത്തിലാക്കും.
സാധാരണക്കാരെ എപ്രകാരം ബാധിക്കും?
ഭനവായ്പ, വാഹന വായ്പ, കണ്‍സ്യൂമര്‍ ലോണ്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ പ്രതിമാസ തിരിച്ചടവ് തുക വര്‍ധിക്കും. ഫ്‌ളോട്ടിങ് നിരക്കില്‍ വായ്പയെടുത്തവരെയാകും ആദ്യം ബാധിക്കുക. ഉപഭോക്തൃ ഉത്പന്നങ്ങള്‍ വാങ്ങുന്നതും ഭവന നിര്‍മാണവും നിരുത്സാഹപ്പെടുത്താന്‍ പലിശ വര്‍ധന ഇടയാക്കും. ഇതുമൂലം തൊഴില്‍ സാധ്യതകള്‍ പരിമിതപ്പെടുകയും സമ്പദ്ഘടനയെ അത് ദോഷകരമായി ബാധിക്കുകയുംചെയ്യും. സ്ഥിര നിക്ഷേപങ്ങളുടെ പലിശ വര്‍ധിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുമെന്നത് മാത്രമാണ് നേട്ടം.
feedback to:
antonycdavis@gmail.com
Content Highlights: Another rate hike in June?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..