Photo:Gettyimages
യൂട്യൂബിലെ ഓഹരി പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായി 20 ലക്ഷം നഷ്ടപ്പെടുത്തിയ ജനീഷ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധത്തെക്കുറിച്ച് വിശദമായി എഴുതി. 'രണ്ടു ദിവസംകൊണ്ട് 50 ലക്ഷം ലാഭം! സെബിയെ പരീക്ഷിച്ച് ഫിന്‍ഫ്‌ളുവന്‍സേഴ്‌സ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പാഠത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഇ-മെയിലെത്തിയത്. നഷ്ടം 20 ലക്ഷത്തിലൊതുക്കാന്‍ കഴിഞ്ഞല്ലോയെന്ന ആശ്വാസമായിരുന്നു ആ എഴുത്തില്‍. അതുവരെയുള്ള സമ്പാദ്യം മുഴുവന്‍ നഷ്ടമായി. 2021 ഒക്ടോബറില്‍ വിപണിയിലെത്തിയ അദ്ദേഹത്തിന് തുടക്കമാസങ്ങളില്‍ തരക്കേടില്ലാത്ത നേട്ടം സ്വന്തമാക്കാനായി. തുടര്‍ന്ന് വിപണിയില്‍ തിരുത്തല്‍ തുടങ്ങിയപ്പോള്‍ മുതല്‍ പലപ്പോഴായി പണം നഷ്ടമാകാന്‍ തുടങ്ങി. നഷ്ടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അവശേഷിക്കുന്നതുകയും നഷ്ടപ്പെട്ടത്. അതോടെ എന്നന്നയേക്കുമായി വിപണിയില്‍നിന്ന് പിന്മാറാന്‍ അദ്ദേഹം തീരുമാനിച്ചു. റിസ്‌ക് കുറഞ്ഞ നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ അറിയേണ്ടത്.
വിപണി ഒരു സൈക്കിള്‍ ഭാഗികമായെങ്കിലും പൂര്‍ത്തിയാക്കിയതിന്റെ ലക്ഷണമാണ് ജനീഷിന്റെ കഥ. മുഴുവന്‍ പൂര്‍ത്തിയാകുമ്പോള്‍ തിരിച്ചടി നേരിട്ടവരുടെയും എന്നെന്നേക്കുമായി വിപണിയില്‍നിന്ന് പിന്മാറിയവരുടെയും കൂടുതല്‍ കഥകള്‍ വന്നുതുടങ്ങും. കുതിപ്പിന്റെ കാലത്ത് വിപണിയിലേയ്ക്ക് നിക്ഷേപകരുടെ ഒഴുക്ക് സ്വാഭാവികമായി ഉണ്ടാകും. 2020 മുതല്‍ ചെറുകിട നിക്ഷേപകരുടെ എക്കാലത്തുമില്ലാത്ത കുടിയേറ്റമുണ്ടായി. കരടികള്‍ പിടിച്ചടക്കുംവരെ ഇവര്‍ വിപണിയുടെ ആവേശത്തോടൊപ്പം നൃത്തംവെയ്ക്കും. ഓഹരിയല്ലാതെ മറ്റൊരു നിക്ഷേപമില്ലെന്ന് ആവേശത്തോടെ പ്രതികരിക്കും. വിപണിയില്‍ തിരിച്ചിറക്കം തുടങ്ങുമ്പോള്‍ എന്നന്നേയ്ക്കുമായി അപ്രത്യക്ഷമാകുകയുംചെയ്യും. ചരിത്രം പറയുന്നത് അതാണ്.
2008 ലേയ്ക്കുവരാം
റിലയന്‍സ് പവറിന്റെ ഐപിഒയുമായി ബന്ധപ്പെട്ട് റീട്ടെയില്‍ നിക്ഷേപകരില്‍ രൂപപ്പെട്ട ആവേശവുമായി കോവിഡ് കാലത്തെ താരതമ്യംചെയ്യാമോ?2008ല്‍ ആര്‍ പവറിന്റെ ഐപിഒ വരുന്നതുകേട്ട് നിരവധിപേരാണ് ട്രേഡിങ് അക്കൗണ്ടെടുത്ത് ഓഹരിയില്‍ നിക്ഷേപിക്കാന്‍ തയ്യാറായി നിന്നത്. ഊര്‍ജമേഖലയില്‍ 12 വന്‍കിട പദ്ധതികള്‍ സ്ഥാപിച്ച് 28,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി പ്രഖ്യാപിക്കുകയുംചെയ്തു.
റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് അതുവരെയുണ്ടാകാത്ത ആവേശം ഐപിഒ വിപണിയില്‍ രൂപപ്പെട്ടു.ഓഹരിയില്‍ പണംമുടക്കിയാല്‍ ഭാവിയില്‍ വന്‍തുക നേട്ടമുണ്ടാക്കാമെന്നായിരുന്നു നിക്ഷേപകര്‍ കരുതിയത്. 70 ഇരട്ടി അപേക്ഷകളാണ് റിലയന്‍സ് പവറിന്റെ ഐപിഒക്ക് ലഭിച്ചത്. ലിസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഇഷ്യുവിലയില്‍നിന്ന് 21ശതമാനം കുതിച്ച് 547.80 രൂപവരെ ഓഹരി വില ഉയര്‍ന്നു. അന്ന് വ്യാപാരം ക്ലോസ് ചെയ്യുന്നതിനു മുമ്പെ വില 372.50 രൂപ നിലവാരത്തിലേക്ക് താഴുകയുംചെയ്തു. കടംവാങ്ങിയുംമറ്റും ഓഹരിയില്‍ നിക്ഷേപിച്ചവരില്‍ പലരും പ്രതിസന്ധിയിലായി. ലീമാന്‍ ബ്രദേഴ്സിന്റെ തകര്‍ച്ചയോടെ 2008ല്‍ ആഗോളതലത്തിലുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ ഓഹരി വിപണി തകരുകയും ചെയ്തതോടെ കനത്ത നഷ്ടംനേരിട്ട നിക്ഷേപകരില്‍ ഭൂരിഭാഗംപേരും വിപണിയില്‍നിന്ന് എന്നന്നേക്കുമായി മടങ്ങി. ഓഹരി നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നത് അവരില്‍ പലര്‍ക്കും ഇപ്പോഴും ദുഃസ്വപ്നമാണ്. വിപണിയുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് നിശ്ചയദാര്‍ഡ്യത്തോടെ നേരിട്ടവരും ക്ഷമയോടെ പിടിച്ചുനിന്നവരും വര്‍ഷങ്ങള്‍ക്കിപ്പുറം മികച്ച നേട്ടമുണ്ടാക്കുകയുംചെയ്തു.
കോവിഡനന്തര വിപണി
ലോകമാകെ കോവിഡ് പ്രതിസന്ധി തീര്‍ത്തപ്പോള്‍ 2020 മാര്‍ച്ചില്‍ വിപണി മറ്റൊരു വന്‍ വീഴ്ചക്കുകൂടി സാക്ഷിയായി. സ്വര്‍ണവില കുതിച്ചുയര്‍ന്ന് പവന് 42,000 രൂപയിലെത്തി. പഴയപ്രതാപം എന്ന് തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കുമായില്ല. സെന്‍സെക്സ് 25,639 ലേക്കും നിഫ്റ്റി 7,511 ലേക്കും തിരിച്ചിറങ്ങി. കോവിഡ് ഭീഷണി ലോകത്തുനിന്നൊഴിയാതെ തിരിച്ചുവരവില്ലെന്ന് നിക്ഷേപലോകം മനസില്‍ പറഞ്ഞു. അതിനിടെ എല്ലാവരെയും അസ്ത്രപ്രജ്ഞരാക്കി വിപണി തിരിച്ചുകുതിച്ചു. 18 മാസമെന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ 34,000 പോയന്റിലേറെ കുതിച്ച് സെന്‍സെക്സ് 60,000 കടന്നു. 2022 ഡിസംബര്‍ ഒന്നിന് എക്കാലെത്തെയും റെക്കോഡ് തിരുത്തി 63,587 തൊടുകയുംചെയ്തു. ഇടക്കാലത്തെ തിരുത്തലിനുശേഷമായിരുന്നു ഈ ഉയര്‍ച്ച.
വിപണി തകര്‍ന്നപ്പോള്‍ സ്വര്‍ണത്തെ വാഴ്ത്തിയവര്‍ക്ക് വരാനിരിക്കുന്ന മുന്നേറ്റത്തെക്കുറിച്ച് ചിന്തിക്കാനേ കഴിഞ്ഞില്ല. നീണ്ടുനിന്ന ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഘട്ടംഘട്ടമായി മുന്നേറി വന്‍കുതിപ്പ് നടത്തി നിക്ഷേപകരെ ഞെട്ടിക്കുകയാണ് വിപണിചെയ്തത്. ഘട്ടംഘട്ടമായി ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയപ്പോള്‍ പുതു ആവേശക്കാര്‍ വിപണിയുടെ നിയന്ത്രണം ഏറ്റെടുത്തു. സോഷ്യല്‍ മീഡയയില്‍ വിജയഗാഥകള്‍ പിറന്നു. ട്രേഡിങ് നടത്തിലാഭമുണ്ടാക്കി ബിഎംഡബ്ല്യുവും ഡ്യൂക്കാട്ടിയുമൊക്കെ സ്വന്തമാക്കിതിന്റെ നേര്‍വിവരണവും നിക്ഷേപകര്‍ ഏറ്റെടുത്തു.അതിനിടെ ക്രിപ്‌റ്റോയുടെ പിന്നാലെയും പലരും പോയി. നിക്ഷേപ പലിശ എക്കാലത്തെയും താഴേയ്ക്ക് പതിച്ചതോടെ ഒരുകാലത്തുമില്ലാത്ത രീതിയില്‍ ഓഹരികളിലേയ്ക്ക് പണമൊഴുകി.
ഓഹരി വിപണിയിലെ ട്രേഡിങും നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രസക്തമാകുന്നത്. വര്‍ഷാവസാനം മൊത്തം കണക്കെടുക്കുമ്പോഴാകും ട്രേഡറുടെ അക്കൗണ്ടില്‍ ലാഭമാണോ നഷ്ടമാണോ കാത്തിരിക്കുന്നതെന്ന് മനസിലാകുക. വലിയൊരുതുക ബ്രോക്കര്‍ ഫീസ് ഇനത്തില്‍ നല്‍കേണ്ടിവന്നതും അപ്പോഴാകും അറിയുക. കാത്തിരിക്കുന്ന ആദായ നികുതി ബാധ്യതയെപ്പറ്റി പലരും ആലോചിക്കാറുമില്ല.
അനുഭവം തന്നെ പാഠം
വിപണിയിലെ തകര്‍ച്ചയുടെ കാലത്തും നിക്ഷേപം തുടരാനാകുമോ? ആരൊക്കെ തുടര്‍ന്നും പിടിച്ചുനില്‍ക്കും? 2008ലെ തകര്‍ച്ചയാണ് ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്നത്. ഒന്നോ രണ്ടോ തകര്‍ച്ചയും ഉയര്‍ച്ചയുമൊക്കെ നേരിട്ടവരാണ് ഓഹരി വിപണിയില്‍നിന്ന് ഇപ്പോഴും നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിക്ഷേപ അനുഭവത്തിലൂടെ സ്വയം രൂപപ്പെടുത്തിയ തന്ത്രം സ്വായത്തമാക്കാന്‍ കഴിയുമോ?ഓരോ വീഴ്ചയില്‍നിന്നും ലഭിക്കുന്ന പാഠവും തെറ്റുതിരുത്തി മുന്നേറാനുള്ള ആര്‍ജവവുമാണ് ഒരാളെ മികച്ച നിക്ഷേപകനാക്കുന്നത്.
പെട്ടെന്ന് പണമുണ്ടാക്കുകയെന്ന ലക്ഷ്യമല്ല വിപണിയില്‍ ഇടപെടുമ്പോള്‍ നിക്ഷേപകന്റെ മുന്നിലുണ്ടാകേണ്ടത്. ചിട്ടയായ നിക്ഷേപത്തിലൂടെ ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കുകയെന്നതാകണം ലക്ഷ്യം. ദിനവ്യാപാരം നടത്തുന്ന ട്രേഡറാകണോ, ക്ഷമയോടെ ചിട്ടയായി ഇടപെട്ട് മികച്ച നിക്ഷേപകനാകണോയെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക.
ട്രേഡിങ് v/s ഇന്‍വെസ്റ്റ്മെന്റ്
ഓഹരി ഇടപാടുകാരില്‍ നിക്ഷേപകരും ട്രേഡര്‍മാരുമുണ്ട്. വിപണിയില്‍നിന്ന് പണമുണ്ടാക്കാന്‍ സ്വീകരിക്കുന്ന രീതിയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ഇന്ന് 10,000 നിക്ഷേപിച്ച് നാളെ 20,000 രൂപ നേടുകയെന്നതാണ് ട്രേഡര്‍മാരുടെ മനോഭാവം. നിക്ഷേപമല്ല വ്യാപാരമാണ് ഇവര്‍ നടത്തുന്നത്. സാങ്കേതിക വിശകലനത്തെ അടിസ്ഥാനമാക്കി ഓഹരിയുടെ വിലയിലെ ചാഞ്ചാട്ടത്തില്‍നിന്ന് ലാഭമെടുക്കുന്നു. നിക്ഷേപകരാകട്ടെ, കമ്പനികളുടെ സാമ്പത്തിക സ്ഥിതിവിലയിരുത്തി ദീര്‍ഘകാലയളവില്‍ മികച്ചനേട്ടം ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങി കൈവശംവെക്കുന്നു.
ഫണ്ടമെന്റല്‍ ആനാലിസിസാണ് നിക്ഷേപത്തിന്റെ അടിസ്ഥാനം. ടെക്നിക്കല്‍ ആനാലിസിസ് ട്രേഡറും കണക്കിലെടുക്കുന്നു. ചാര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ടെക്നിക്കല്‍ അനാലിസിസ്. കമ്പനിയുടെ സാമ്പത്തിക ആരോഗ്യമൊന്നും ട്രേഡര്‍മാര്‍ കാര്യമാക്കാറില്ല. കമ്പനി എന്ത് ബിസിനസാണ് ചെയ്യുന്നതെന്നോ ഭാവി വളര്‍ച്ചക്ക് സാധ്യതകളുണ്ടോയെന്നോ ട്രേഡര്‍ അന്വേഷിക്കാറില്ല. വിപണിയിലെ പ്രവണതകള്‍ തിരിച്ചറിഞ്ഞ് ലാഭമുണ്ടാക്കുന്നതിനായി വേഗത്തില്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നു. കമ്പനിയുടെ ബിസിനസ് ശ്രദ്ധയോടെ വിശകലനം ചെയ്ത് ദീര്‍ഘകാലം ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങുകയാണ് നിക്ഷേപകന്‍. ബിസിനസ് വളരുന്നതിനനുസരിച്ച് ഓഹരിയുടെ മൂല്യവും കൂടുന്നു. കമ്പനിയുടെ ബിസിനസില്‍ പങ്കാളിയാകുന്നതിനാല്‍ ഹ്രസ്വ കാലയളവിലെ ചാഞ്ചാട്ടം നിക്ഷേപകനെ ബാധിക്കുന്നില്ല.
കാലയളവ്
കൊച്ചി നഗരത്തിലെ കണ്ണായ സ്ഥലത്ത് ഒരുകോടി രൂപ മുടക്കി അഞ്ച് സെന്റ് സ്ഥലം വാങ്ങുന്നുവെന്ന് കരുതുക. രണ്ടാഴ്ചക്കുള്ളില്‍ ഒന്നരക്കോടി രൂപക്ക് ആരെങ്കിലുമെത്തിയാല്‍ രണ്ടാമതൊന്നാലിചിക്കാതെ വില്‍ക്കുകയും ചെയ്യുന്നു. ഇതാണ് ട്രേഡിങ്. ഹ്രസ്വ കാലയളവിലെ വിലവര്‍ധനയിലല്ല, ദീര്‍ഘകാലയളവിലെ വലിയ നേട്ടമാണ് ലക്ഷ്യമിടുന്നതെങ്കില്‍ താല്‍ക്കാലികമായി വിലകൂടിയാലും വില്‍ക്കാന്‍ തയ്യാറാവില്ല. നഗരത്തിന്റെ വികസന സാധ്യതകള്‍ മുന്നില്‍കണ്ട് പത്തോ അധിലധികമോ വര്‍ഷം മികച്ചമൂലധനേട്ടത്തിനായി കാത്തിരിക്കുന്നു. നിക്ഷേപവും ട്രേഡിങുംതമ്മിലുള്ള വ്യത്യാസമിതാണ്. ചെറിയകാലയളവില്‍ (അതായത് ഒരുദിവസമോ ആഴ്കളോ മാസങ്ങളോ) ഓഹരികള്‍ കൈവശംവെച്ച് വില ഉയരുമ്പോള്‍ വിറ്റ് ലാഭമെടുക്കുന്നവരാണ് ട്രേഡര്‍മാര്‍. രാവിലെ ഓഹരികള്‍ വാങ്ങുകയും വൈകീട്ട് വില്‍ക്കുകയുംചെയ്യുന്നവരാണേറെയും. ലാഭത്തിലോ നഷ്ടത്തിലോ വിറ്റ്പിന്മാറുന്നു.
റിസ്‌ക്
വിപണിയുടെ കാരുണ്യത്തിലാണ് ട്രേഡറുടെ നേട്ടമുള്ളത്. ദീര്‍ഘ കാലയളവിലെ നിക്ഷേപം റിസ്‌ക് കുറയ്ക്കും. മികച്ചനേട്ടവും പ്രതീക്ഷിക്കാം. ദീര്‍ഘവീക്ഷണമില്ലാതെ പെട്ടെന്ന് തീരുമാനമെടുക്കുമ്പോള്‍ ട്രേഡിങില്‍ പണം നഷ്ടപ്പെടാന്‍ സാധ്യതകൂടുതലാണ്. ബാഹ്യ സ്വാധീനംമൂലം ഓഹരിയില്‍ നിക്ഷേപിക്കാനിടവരികയും വിലിയിടിയുമ്പോള്‍ നഷ്ടം നേരിടുകയും ചെയ്യും. റിസ്‌ക് കൂടാന്‍ പ്രധാനകാരണമിതാണ്. ട്രേഡറെ സമ്പന്ധിച്ചെടുത്തോളം വിലയിലെ ചാഞ്ചാട്ടം ദ്രുതഗതിയിലാണ്. പെട്ടെന്നുള്ള ഈ ചാഞ്ചാട്ടമാകട്ടെ നിക്ഷേപകനെ ബാധിക്കുന്നുമില്ല. കാലാകാലങ്ങളില്‍ കമ്പനി പ്രഖ്യാപിക്കുന്ന ഡിവിഡന്റ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും ഓഹരിയിലെ മുന്നേറ്റവും ഭാവിയില്‍ ഉയര്‍ന്നമൂല്യം ലഭിക്കാനുള്ള സാധ്യത കൂട്ടുന്നു. ഓഹരിയുടെ അടിസ്ഥാനം മികച്ചതാണെങ്കില്‍ ദിനംപ്രതി വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപത്തെ ബാധിക്കില്ല.
മനോഭാവം
നിക്ഷേപകനെയും ട്രേഡറെയും പ്രധാനമായും വേര്‍തിരിക്കുന്നത് അവരുടെ മനോഭാവമാണ്.
- ട്രേഡര്‍ അക്ഷമനാണ്
- മിനുറ്റുകള്‍ക്കുള്ളില്‍ തീരുമാനമെടുക്കുന്നു.
- സമയത്തിന് പ്രാധാന്യംനല്‍കുന്നു. വാങ്ങാനോ വില്‍ക്കാനോ യഥാസമയം കഴിഞ്ഞില്ലെങ്കില്‍ നഷ്ടംനേരിടേണ്ടിവരുന്നു.
- ടെക്നിക്കല്‍ അനാലിസിസ്, മൊമന്റം ട്രേഡിങ്(ഉയര്‍ന്നവിലയില്‍ വാങ്ങി, അതിലും ഉയര്‍ന്നവിലയില്‍ വില്‍ക്കുന്ന രീതി. താഴ്ന്ന നിലവാരത്തില്‍ വിറ്റ് അതിലും താഴെയെത്തുമ്പോള്‍ വീണ്ടും വാങ്ങുകയും ചെയ്യുന്നു)
- കമ്പനിയുടെ ബിസിനസിലല്ല, ഓഹരിയിലാണ് ശ്രദ്ധ. വിലയും ട്രേഡ് ചെയ്യുന്ന ഓഹരികളുടെ എണ്ണത്തിലുംമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു.
- ഹ്രസ്വകാലയളവില്‍ കൂടുതല്‍ നേട്ടമുണ്ടക്കാന്‍ വലിയ നഷ്ടംസഹിക്കാനും തയ്യാറാകുന്നു.
- ബാഹ്യപ്രേരണകള്‍ അടിസ്ഥാനമാക്കി ട്രേഡിങ് നടത്തുന്നു. ഉദാഹരണത്തിന്, സുഹൃത്തുക്കള്‍, സോഷ്യല്‍ മീഡിയ, ടിപ്സ്, ഇടനിലക്കാര്‍ തുടങ്ങിയവരുടെ ശുപാര്‍ശകള്‍ സ്വീകരിക്കുന്നു
- ക്ഷമയുള്ളവനാണ് നിക്ഷേപകന്‍.
- മികച്ചനേട്ടത്തിന് ദീര്‍ഘകാലംകാത്തിരിക്കാന്‍ തയ്യാറാണ്.
- ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാകും തീരുമാനങ്ങള്‍.
- ഹ്രസ്വകാലയളവില്‍ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളില്‍ അസ്വസ്ഥനാകുന്നില്ല.
- കമ്പനിയുടെ ബിസിനസിലാണ്, ഓഹരിയിലല്ല പണംമുടക്കുന്നത്.
- ഫണ്ടമെന്റല്‍സ് അടിസ്ഥാനമാക്കുന്നതിനാല്‍ വിപണിയില്‍ പിരിമുറക്കത്തോടെ ഇടപെടുന്നില്ല.
- ഭാവിയിലെ വളര്‍ച്ചാ സാധ്യതയാണ് നിക്ഷേപത്തിന്റെ അടിസ്ഥാനം
- ദീര്‍ഘകാലം ലക്ഷ്യമിട്ട് റിസ്‌ക് കുറയ്ക്കുന്നു.
- ബാഹ്യ ഇടപെടലിനേക്കാള്‍ സ്വന്തമായ ഗവേഷണത്തിന് പ്രാധാന്യംനല്‍കുന്നു. ബിസിനസ് സാധ്യതകള്‍ ബോധ്യമായതിനുശേഷംമാത്രം നിക്ഷേപിക്കുന്നു.
ട്രേഡിങോ നിക്ഷേപമോ; ഏതാണ് അനുയോജ്യം
കോബൗണ്ടിങ്ങിന്റെ നേട്ടവും ദീര്‍ഘകാലയളവില്‍ മികച്ച വരുമാനവളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നിക്ഷേപരീതിയാണ് മികച്ചത്. ഇക്വിറ്റി നിക്ഷേപത്തില്‍നിന്ന് മികച്ച മൂലധനനേട്ടം പ്രതീക്ഷിക്കുന്നവര്‍ ട്രേഡറല്ല, നിക്ഷേപകനാകാനാണ് താല്‍പര്യപ്പെടുക. വ്യക്തിഗത നിക്ഷേപകര്‍ക്ക് അനുയോജ്യവും അതുതന്നെയാണ്. നിക്ഷേപ സമീപനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടം ഉറപ്പാക്കും. ട്രേഡറാകട്ടെ, വിപണിയില്‍ യഥാസമയം ഇടപെടാന്‍ കഴിയാതെ നേട്ടത്തേക്കാള്‍ കൂടുതല്‍ നഷ്ടത്തിന് ഇരയാകുകയും ചെയ്യും. മനസമാധാനമില്ലാതാകും. കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവരികയും ചെയ്യുന്നു.
ദീര്‍ഘകാല മൂലധനനേട്ടം ലക്ഷ്യമിട്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് വിപണിയില്‍നിന്ന് ഇടക്കിടെ ലാഭമെടുക്കാനും അവസരമുണ്ട്. നിക്ഷേപവും ട്രേഡിങ്ങും ഒരുപോലെ പരിപാലിക്കുന്ന വ്യക്തികളുമുണ്ട്. നിശ്ചിത പോര്‍ട്ട്ഫോളിയോ രൂപപ്പെടുത്തി ഘട്ടംഘട്ടമായി ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതോടൊപ്പം ഇടക്കിടെ ലാഭമെടുക്കാനായി മറ്റൊരുകൂട്ടം ഓഹരികളിലും പണം മുടക്കുന്നു. ഇത് ഡേ ട്രേഡിങിന്റെ ഭാഗമല്ല. ഓഹരി നിശ്ചിത ലക്ഷ്യത്തിന് മുകളിലെത്തിയാല്‍ വിറ്റ് ലാഭമെടുക്കുകയും താഴേക്കെത്തിയാല്‍ തിരിച്ചുവാങ്ങുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇതും നിക്ഷേപത്തിന്റെ ഭാഗംതന്നെയാണ്. ചാഞ്ചാട്ടം കൂടുതലുള്ള, മികച്ച അടിസ്ഥാനമുള്ള ഓഹരികളാകും അതിന് നല്ലത്. ചാഞ്ചാട്ടംകുറഞ്ഞ, അതേസമയം, മുന്നേറ്റത്തില്‍ സ്ഥിരതയുള്ള ഓഹരികള്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോയിലും ഉള്‍പ്പെടുത്താം.
കുറിപ്പ്: അടിസ്ഥാനങ്ങള്‍ വിശകലനംചെയ്ത് കമ്പനിയുടെ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ച് നിക്ഷേപംനടത്തുക. വിപണിയുടെ കോലാഹലങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. മാര്‍ക്കറ്റ് ഇടിയുമ്പോള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരികള്‍ സ്വന്തമാക്കുകയെന്ന സ്ട്രാറ്റജി പിന്തുടരുക. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കും സ്ഥിര നിക്ഷേപ പദ്ധതികളില്‍ കരുതിവെക്കുക. ആദ്യമായി ഓഹരിയില്‍ പണമിറക്കുന്നവരാണെങ്കില്‍ ബ്ലൂചിപ് ഓഹരികള്‍മാത്രം തിരഞ്ഞെടുക്കുക. മികച്ച ഓഹരികളില്‍ ഘട്ടംഘട്ടമായി ചിട്ടയായി നിക്ഷേപിച്ച് കാത്തിരുന്നാല്‍ മികച്ചനേട്ടം സ്വന്തമാക്കാം. ക്ഷമയുണ്ടെങ്കില്‍മാത്രമെ സമ്പത്തുനേടാനാകൂ.
antonycdavis@gmail.com
Content Highlights: All that glitters on social media is not gold; Will the pocket be filled with crores in one day?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..