Photo: Gettyimages
വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ നിക്ഷേപംമുഴുവന്‍ പിന്‍വലിച്ച് സ്വസ്ഥതതേടിയ രാംദാസ്. സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നത് അതുഭതത്തോടെ (ആശ്ചര്യത്തോടെയും) നോക്കിനിന്ന് നിക്ഷേപം തുടങ്ങാന്‍ വൈകിയല്ലോയെന്ന് ചിന്തിച്ച ജോഷി കുരിയന്‍, അതിസാഹസികമായി ഇടപെട്ട് വിപണിയിലെ മുന്നേറ്റത്തില്‍ പണം തിരിച്ചെടുത്ത് സംതൃപ്തിനേടിയ വിജേഷ്. ഇവര്‍ അറിയാന്‍ ഇതാ ഒരു കര്‍മപദ്ധതി അവതരിപ്പിക്കുന്നു.
പുതിയ നിക്ഷേപകരും നിലവില്‍ നിക്ഷേപം തുടരുന്നവരും സാമ്പത്തിക ലക്ഷ്യത്തിന് അടുത്തെത്തിയവരും സ്ഥിരവരുമാനത്തിനായി പെന്‍ഷന്‍ സമ്പാദ്യം നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നവരും ഒറ്റത്തവണയായി നിക്ഷേപിക്കാനൊരുങ്ങുന്നവരും ഇപ്പോഴും സംശയത്തോടെ മാറിനില്‍ക്കുന്നവരും സാഹസിക മനോഭാവത്തോടെ വിപണിയില്‍ ഇടപെടുന്നവരും തന്ത്രശാലികളും നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ടകാര്യങ്ങളാണ് ഈ പാഠത്തില്‍ വിശദീകരിക്കുന്നത്.
പുതിയ നിക്ഷേപകര്‍: നിക്ഷേപം തുടങ്ങാന്‍ യോജിച്ച സമയം ഇന്നുതന്നെയാണ്. ഓഹരി വിപണി എക്കാലത്തെയും ഉയരത്തിലെത്തിയതിനാല്‍ ഉടനെ ഇടിഞ്ഞുവീഴുമെന്നുകരുതി അതിനായി കാത്തിരുന്ന് ദിവസങ്ങള്‍ നഷ്ടപ്പെടുത്തരുത്. ദീര്‍ഘകാല ലക്ഷ്യത്തിനായി ഇപ്പോള്‍തന്നെ എസ്‌ഐപി തുടങ്ങാം. നിക്ഷേപ ലക്ഷ്യവും കാലയളവും വിലിയിരുത്തി ഓഹരിയിലും ഡെറ്റിലും നിശ്ചിത അനുപാതത്തില്‍ എസ്‌ഐപി ആരംഭിക്കാം.
നിലവില്‍ നിക്ഷേപംനടത്തുന്നവര്‍: കഴിഞ്ഞകാലത്തെ കനത്ത തകര്‍ച്ചയും നിലവിലെനേട്ടവും എപ്രകാരം പോര്‍ട്ട്‌ഫോളിയോയില്‍ പ്രതിഫലിച്ചുവെന്ന് കാണാന്‍ കഴിഞ്ഞു. മികച്ചനേട്ടത്തിലുള്ള നിക്ഷേപംപിന്‍വലിച്ചാലോയെന്ന് സ്വാഭാവികമായും ആലോചിച്ചേക്കാം. ഇനിയൊരു ഇടിവുണ്ടാകുമ്പോള്‍ ഇതുവരെയുള്ളനേട്ടം വെള്ളത്തിലായാലോയെന്ന ചിന്തിയാകും അതിനുപിന്നില്‍. ഒരുകാര്യംമനസിലാക്കുക, വിപണി എപ്പോള്‍ ഉയരുമെന്നോ തകരുമെന്നോ ആര്‍ക്കും പ്രവചിക്കാനാവില്ല. അതൊന്നും കാര്യമാക്കാതെ ദീര്‍ഘകാല ലക്ഷ്യത്തിനായുള്ള എസ്‌ഐപി നിക്ഷേപം തുടരുകതന്നെ ചെയ്യുക.
ലക്ഷ്യത്തിനടുത്തെത്തിയവര്‍:സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍മാത്രം അവശേഷിക്കുന്നവര്‍ ചിട്ടയായി നിക്ഷേപം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. മികച്ച ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളിലേയ്ക്ക് ഘട്ടംഘട്ടമായി നിക്ഷേപം സ്വിച്ച് ചെയ്യുക. ഇപ്പോള്‍ പിന്‍വലിക്കുന്നതിലൂടെ നിലവിലെ മികച്ച ആദായം സ്വന്തമാക്കാം. അതോടൊപ്പം റിസ്‌ക് കുറഞ്ഞ ഡെറ്റ് ഫണ്ടില്‍നിന്ന് ഭാവിയില്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടിയ ആദായം നേടുകയുംചെയ്യാം. നികുതി ആനുകൂല്യവും ലഭിക്കും.
റിട്ടയര്‍ ചെയ്തവര്‍: പെന്‍ഷന്‍പറ്റിയപ്പോള്‍ ലഭിച്ചതുക വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായത്തനായി ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പ്രധാനമായും ഇക്കാര്യം അറിയുക. അഞ്ചുവര്‍ഷത്തേയ്ക്കുള്ള വരുമാനമാര്‍ഗം സൂരക്ഷിതമായി നിക്ഷേപിച്ചശേഷംമാത്രം ബാക്കിയുള്ളതുക ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ എസ്‌ഐപിയായിമാത്രം നിക്ഷേപിക്കുക. അഞ്ചുവര്‍ഷത്തിനപ്പുറംമാത്രം ഇതില്‍നിന്നുള്ള ആദായം പ്രതീക്ഷിച്ചാല്‍മതി.
ഒറ്റത്തവണയായി നിക്ഷേപിക്കുന്നവര്‍: ഓഹരിയിലും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിലും ഒറ്റത്തവണയായി നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിപണി ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഭാവിയില്‍ തകര്‍ച്ചനേരിട്ടാല്‍ വന്‍നഷ്ടംതന്നെ ഉണ്ടായേക്കാം. വിപണിയുടെ ഏറ്റക്കുറച്ചിലുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന ശരാശരി(റൂപി കോസ്റ്റ് ആവറേജിങ്)യുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയാതെവരും. അതായത് വിപണി ഉയരുമ്പോഴും താഴുമ്പോഴും നിക്ഷേപം നടത്തുന്നതിലൂടെ ലഭിക്കുന്ന ആവറേജിങിന്റെ സാധ്യതയാണ് പ്രയോജനപ്പെടുത്താന്‍ കഴിയാതെവരിക. സാധാരണയില്‍ക്കൂടുതല്‍കാലം കാത്തിരിക്കേണ്ട സാഹചര്യം ഇതുണ്ടാക്കിയേക്കാം. അതിനാല്‍ ഒറ്റത്തവണയായി നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക അതിന്റെ വലിപ്പമനുസരിച്ച് 18 മാസക്കാലയളവവരെയുള്ള എസ്‌ഐപിയായി ക്രമീകരിക്കാം. മികച്ച ഷോട്ട് ഡ്യൂറേഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച് എസ്ടിപിയായി ഇക്വിറ്റി ഫണ്ടിലേയ്ക്ക് മാസംമാസം ട്രാന്‍സ്ഫര്‍ ചെയ്യാം.
സംശയത്തോടെ നില്‍ക്കുന്നവര്‍: സ്റ്റോക്ക് മാര്‍ക്കറ്റ് ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ നിക്ഷേപിക്കാന്‍ മടിക്കുന്നവര്‍ അറിയേണ്ടകാര്യമിതാണ്. വിപണിയില്‍ മുന്നേറ്റംതുടര്‍ന്നാല്‍ അവസരം നഷ്ടമാകുകയാണ് ചെയ്യുക. സെന്‍സെക്‌സും നിഫ്റ്റിയും ഉയരുന്നതിന്റെ കണക്കുകളാണ് പ്രധാനമായും വിലയിരുത്തുന്നത്. ആ സൂചികകളില്‍പ്പെടാത്ത നിരവധി ഓഹരികളും വിപണിയിലുണ്ട്.
അതായത് സെന്‍സെക്‌സ് 30ഉം നിഫ്റ്റിയും 50ഉം വീതം ഓഹരികളെമാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍തന്നെ ഈ സൂചികകള്‍ ഉയരുമ്പോള്‍ എല്ലാഓഹരികളും മുന്നേറിയതായി കണക്കാക്കേണ്ടതില്ല. സൂചികകള്‍ ഉയരുകയോ താഴുകയോ ചെയ്‌തോട്ടെ. എസ്‌ഐപിയായി ഇപ്പോള്‍തന്നെ നിക്ഷേപം ആരംഭിക്കുക. കാലംമുന്നോട്ടുപോകുന്തോറും ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അത് സഹായിക്കും.
സാഹസികര്‍: മാര്‍ച്ചില്‍ കൂപ്പുകുത്തിയപ്പോള്‍ വിപണിയില്‍നിന്ന് പുറത്തുപോകുകയും ഇപ്പോഴത്തെ ബുള്‍ റണ്ണില്‍ വലിയതുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുകയുംചെയ്യുന്നുവെങ്കില്‍, ആ തീരുമാനം ഉപേക്ഷിക്കുക. ഈ തീരുമാനം ആത്യന്തികമായി നേട്ടത്തില്‍നിന്നകറ്റും. ആദ്യം ലക്ഷ്യം നിശ്ചയിക്കുക. പിന്നെയാണ് റൂട്ട്മാപ്പ് തയ്യാറാക്കേണ്ടത്. നിക്ഷേപിക്കേണ്ടതുക നിശ്ചയിച്ച് അഞ്ചുവര്‍ഷത്തിനപ്പുറമുള്ള കാലയളവ് മുന്നില്‍കണ്ട് എസ്‌ഐപിയായി മാത്രം നിക്ഷേപിക്കുക.
തന്ത്രശാലികള്‍: ഹ്രസ്വകാലയളവില്‍ ലക്ഷങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിപണിക്കുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന റിസ്‌ക് അറിഞ്ഞിരിക്കുക. ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണ്. അതുകൊണ്ടുതന്നെ ചിട്ടയായ നിക്ഷേപത്തിലൂടെമാത്രം സമ്പന്നനാകാന്‍ ശ്രമിക്കുക. ഇന്നുവെച്ച് നാളെ കോടികളുണ്ടാക്കാമെന്ന് കണക്കുകൂട്ടുന്നവര്‍ എളുപ്പത്തില്‍ കുഴിയില്‍ചാടുമെന്നകാര്യത്തില്‍ സംശയമില്ല.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..