Photo: Gettyimages
റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതത്തിന് സുദേവ് വാസു കൃത്യമായി നിക്ഷേപം നടത്തുന്നു. പണപ്പെരുപ്പത്തെ ചെറുത്ത് ദീര്‍ഘകാലയളവില്‍ മികച്ച ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹം നേരത്തെതന്നെ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 60 വയസ്സാകുമ്പോള്‍ പിന്നീടുള്ള ജീവിതത്തിന് ആവശ്യമായ തുക സമാഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ലോകമാകെ പണപ്പെരുപ്പം പിടിമുറുക്കിയിരിക്കുന്ന കാലമാണിപ്പോള്‍. മഹാമാരിയും രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും വിതരണ തടസ്സങ്ങളുമൊക്കെ രൂപപ്പെടുത്തിയ വിലക്കയറ്റം യുഎസ്, യുകെ ഉള്‍പ്പടെയുള്ള വന്‍കിട രാജ്യങ്ങളെപ്പോലും പിടിച്ചുകുലുക്കിയിരിക്കുന്നു. 40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പണപ്പെരുപ്പമാണ് യുഎസ് നേരിടുന്നത്. സ്വാഭാവികമായി ഇന്ത്യയെയും വിലക്കയറ്റം ബാധിച്ചു. മാസങ്ങളായി ആര്‍ബിഐയെ വെല്ലുവളിച്ചുകൊണ്ട് പണപ്പെരുപ്പം ഉയര്‍ന്നനിലയില്‍ തുടരുന്നു. മൂന്നു പാദങ്ങളില്‍ പണപ്പെരുപ്പ നിരക്ക് 2-6 ശതമാനം എന്ന ക്ഷമതാ പരിധി ലംഘിച്ചതിനാല്‍ അതുസംബന്ധിച്ച് സര്‍ക്കാരിന് വിശദീകരണം കൊടുക്കേണ്ടിവന്നു.
വ്യക്തികളെ എങ്ങനെ ബാധിക്കും?
രാജ്യത്തെ മാത്രമല്ല, ആത്യന്തികമായി വ്യക്തികളെയും ബാധിക്കുന്നതാണ് പണപ്പെരുപ്പം. വിലക്കയറ്റമായി ജനങ്ങള്‍ക്കുമേല്‍ അത് പതിക്കുന്നു. വായ്പാ പലിശ ഉയരുന്നതോടെ പ്രതിമാസ തിരിച്ചടവ് കൂടും. വിലക്കയറ്റംമൂലം ഗാര്‍ഹിക ബജറ്റ് താളംതെറ്റും. ഇതൊക്കെ പ്രത്യേക്ഷത്തില്‍ സംഭവിക്കുന്നതാണ്. ഭാവി ജീവിതത്തെ ബാധിക്കുന്ന വലിയകാര്യങ്ങളെക്കുറിച്ച് അധികമാരും ആലോചിക്കാറില്ലെന്നതാണ് വാസ്തവം.
സാമ്പത്തിക ലക്ഷ്യങ്ങള്‍
വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ത്തിയാക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളായ കുട്ടികളുടെ വിദ്യാഭ്യാസം, പെന്‍ഷന്‍ പറ്റിയശേഷമുള്ള ജീവിതം എന്നിവയെയൊക്കെ പ്രതിസന്ധിയിലാക്കുന്നതാണ് പണപ്പെരുപ്പമെന്ന വിലക്കയറ്റം. ഭാവിയിലെ ജീവിത ആവശ്യങ്ങള്‍ക്ക് മതിയായ തുക സമാഹരിക്കുന്നതിന് പണപ്പെരുപ്പം വെല്ലുവിളിയാകുന്നു. ഉദാഹരണം നോക്കാം. 1960ലെ 100 രൂപ 2022ലെ 8,858 രൂപയ്ക്കു തുല്യമാണ്. 7.5ശതമാനം ശരാശരി വാര്‍ഷിക പണപ്പെരുപ്പ പ്രകാരമാണ് ഈ വിലയിരുത്തല്‍. യഥാര്‍ഥ ചെലവ് ഇതിലുമേറെയാണെന്നകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ പ്രധാന സാമ്പത്തിക ലക്ഷ്യമായ വിരമിച്ചശേഷമുള്ള ജീവിതത്തിന് കൂടുതല്‍ തുക ആവശ്യമായിവരും. സമ്പാദിക്കുമ്പോള്‍ മാത്രമല്ല, റിട്ടയര്‍മെന്റിനുശേഷവും ഓരോവര്‍ഷത്തെയും ചെലവ് വര്‍ധിക്കുന്നത് വെല്ലുവിളിയാകും.
നിക്ഷേപിക്കുമ്പോള്‍
നിലവിലെ പണപ്പെരുപ്പ പ്രകാരമായിരിക്കും സാമ്പത്തികം ആസൂത്രണം ചെയ്തിട്ടുണ്ടാകുക. വിലക്കറ്റം അസാധാരണമായി കുതിക്കുമ്പോള്‍ ഈതുകയില്‍ നിക്ഷേപം ഒതുക്കുന്നത് ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സമാകും. ജീവിത ആയുസ്സ്, നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന റിട്ടേണ്‍, നിക്ഷേപ കാലയളവ്, പണപ്പെരുപ്പം എന്നിവ അടിസ്ഥാനമാക്കിയാണ് ഭാവിയിലേയ്ക്കുള്ള സമ്പത്ത് ക്രമീകരിക്കുക. 35 വയസ്സുള്ള (30,000 രൂപ പ്രതിമാസ ജീവിത ചെലവുള്ള) ഒരാളുടെ റിട്ടയര്‍മെന്റ് ജീവിതത്തെ വിലക്കയറ്റം എപ്രകാരം ബാധിക്കുമെന്ന് നോക്കാം.
വിരമിക്കാന്‍ ഉദ്ദേശിക്കുന്ന പ്രായം 60 വയസ്സാണെന്ന് കരുതുക. നിലവിലെ പ്രതിമാസ ചെലവായ 30,000 രൂപ 25 വര്‍ഷം കഴിയുമ്പോള്‍ ഏഴു ശതമാനം പണപ്പെരുപ്പ പ്രകാരം 1,62,823 രൂപയാകും. അതുപ്രകാരം 25 വര്‍ഷം കഴിയുമ്പോള്‍ സമാഹരിക്കേണ്ടിവരിക 3.58 കോടി രൂപയാണ്. നിലവിലെ നിക്ഷേപത്തിന് 12ശതമാനവും വിരമിച്ചശേഷം സമാഹരിക്കുന്ന തുകയ്ക്ക് എട്ടുശതമാനവും വാര്‍ഷിക ആദായം കണക്കാക്കിയാണ് ഈ വിലയിരുത്തല്‍. പ്രതീക്ഷിക്കുന്ന ജീവിത ആയുസ് 80 വയസ്സുമാണ്.

പണപ്പെരുപ്പം അരശതമാനം കൂടിയാല്‍
നിലവിലെ തുകകൊണ്ട് ജീവിക്കാന്‍ കഴിയാതെവരും. അരശതമാനം കൂടിയാല്‍ 4.20 കോടി രൂപയെങ്കിലും സമാഹരിച്ചാല്‍ മാത്രമെ വിരമിച്ചശേഷമുള്ള ജീവിതത്തിന് ആവശ്യമായ തുക ലഭിക്കൂ. അധികമായി കണ്ടത്തേണ്ടിവരിക 62 ലക്ഷം രൂപ. റിട്ടയര്‍മെന്റ് സമ്പാദ്യത്തിലെ തുക നിര്‍ണയിക്കുന്നതില്‍ പണപ്പെരുപ്പം നിര്‍ണായക ഘടകമായി മാറുന്നത് എപ്രകാരമാണെന്ന് വ്യക്തമായിട്ടുണ്ടാകുമല്ലോ.
പണപ്പെരുപ്പം നിയന്ത്രിച്ചുനിര്‍ത്തേണ്ടത് രാജ്യത്തിന്റെകൂടി ആവശ്യമാകുന്നത് അതുകൊണ്ടാണ്. മോദി സര്‍ക്കാരിന്റെ കാലത്തെ പണപ്പെരുപ്പം പരിശോധിക്കാം. എട്ടുവര്‍ഷത്തിനിടെ(2022 ജനുവരി വരെ) തുടര്‍ച്ചയായി ഒമ്പത് മാസം(മൂന്നു പാദങ്ങള്‍)ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം നിലനിന്നിട്ടില്ല. 2022 ജനുവരി മുതല്‍ ആറ് ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം. സെപ്റ്റംബറില്‍ 7.41ശതമാനമായിരുന്നു. ഒക്ടോബറിലാകട്ടെ 6.77ശതമാനവും. ഈ സാഹചര്യത്തിലാണ് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാന്‍ ആര്‍ബിഐയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
വളര്‍ച്ചയെ ബാധിക്കും
ഭാവിയില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്ന രാജ്യത്തിന് പണപ്പെരുപ്പ നിരക്കിലെ വര്‍ധന തിരിച്ചടിയാകും. അതായത് പണപ്പെരുപ്പം നിയന്ത്രിക്കാതെ ഇന്ത്യക്ക് അതിവേഗം വളരാനാവില്ലെന്ന് ചുരുക്കം. രാജ്യത്തെ ശരാശരി വിലക്കയറ്റം കണക്കിലെടുക്കുമ്പോള്‍ വ്യക്തികള്‍ നേരിടുന്ന ആഘാതം അതിലുമെത്രയോ കൂടുതലാണെന്ന് വിലയിരുത്തേണ്ടതുണ്ട്. ആരോഗ്യ ചെലവുകള്‍തന്നെ ഉദാഹരണം. അഞ്ചോ പത്തോ വര്‍ഷം മുമ്പത്തെ ചികിത്സാ ചെലവാണോ ഇപ്പോഴുള്ളത്? വിരമിച്ചശേഷമുള്ള ജീവിതകാലത്ത് ഏറ്റവും ആവശ്യംവരിക ചികിത്സയാണല്ലോ.
കരുതാം നേരത്തെ
പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാന്‍ വിരമിക്കുംമുമ്പ് കരുതലെടുക്കണം. വിരമിച്ചശേഷം വിലക്കയറ്റം രൂക്ഷമായാല്‍ കാര്യമായൊന്നും ചെയ്യാനാവില്ലെന്നകാര്യം മനസിലാക്കുക. അതുകൊണ്ടുതന്നെ വിരമിക്കല്‍ ആസുത്രണം ശ്രദ്ധയോടെ വേണം നിര്‍വഹിക്കാന്‍. ഭാവിയിലെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ആസുത്രണംകൊണ്ട് കഴിയുമെന്ന് ഉറപ്പുവരുത്തുകയുംവേണം.
അടുത്ത 10-20 വര്‍ഷത്തിനുള്ളില്‍ വിരമിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കണക്കാക്കി നിക്ഷേപം നടത്തുന്നതായിരിക്കും ഉചിതം. 30വര്‍ഷത്തെ ശരാശരി വിലക്കയറ്റം 5-6 ശതമാനം വരെയാകാം. എന്നിന്നാലും 20 വര്‍ഷത്തിനുള്ളില്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ 5.5-6.5ശതമാനം നിരക്ക് അനുമാനിക്കുകന്നതാകും സുരക്ഷിതം. 20 വര്‍ഷത്തിനുശേഷമാണ് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കിലും 6.5ശതമാനം നിരക്കിലെങ്കിലും പണപ്പെരുപ്പം കണക്കാക്കി റിട്ടയര്‍മെന്റ് കോര്‍പസ് സമാഹരിക്കുന്നതാണ് നല്ലത്. ഭാവിയിലെ ആവശ്യത്തിനുവേണ്ടിയുള്ള ആസൂത്രണം പാളാതിരിക്കാന്‍ ഒരു ചുവട് മുന്നോട്ടുവെച്ചുള്ള നീക്കം ഉപകരിക്കും.
antonycdavis@gmail.com
Content Highlights: 62 lakhs to be found extra if inflation rises by 0.50% column by dr antony c davis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..