2014 ജൂലായിൽ ഇന്ത്യൻ വിപണിയിലെത്തിയ ഷവോമി, ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാർട്ട് ഫോൺ കമ്പനിയായി വളർന്നിരിക്കുകയാണ്. ആ വളർച്ചയെക്കുറിച്ച് ഷവോമിയുടെ ആഗോള വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടറുമായ മനു കുമാർ ജെയിൻ ‘മാതൃഭൂമി ധനകാര്യ’വുമായി സംസാരിക്കുന്നു: 

ചൈന കഴിഞ്ഞാൽ ഷവോമിയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇത് എങ്ങനെ സാധിച്ചു?
2014 ജൂലായിൽ ഷവോമി ഇന്ത്യൻ വിപണിയിലേക്കെത്തുമ്പോൾ ഈ ബ്രാൻഡിനെക്കുറിച്ച് ഇന്ത്യക്കാർ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എല്ലാവരും ഞങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എല്ലാ കമ്പനികളും കടകളിലൂടെ ഫോൺ വിറ്റപ്പോൾ ഞങ്ങളുടെ വില്പന ഓൺലൈനിലൂടെ മാത്രമായിരുന്നു. ‘മി 3’ എന്ന സ്മാർട്ട്‌ഫോണാണ് ആദ്യം എത്തിച്ചത്; ഫ്ലിപ്കാർട്ടിലൂടെയായിരുന്നു വില്പന. തുടക്കത്തിൽ 10,000 ഫോണുകളാണ് കൊണ്ടുവന്നത്. കാരണം, ഷവോമിയുടെ ഫേസ്ബുക്ക് പേജ് അന്ന് 10,000 ഇന്ത്യക്കാർ മാത്രമാണ് ഫോളോ ചെയ്തിരുന്നത്‌. പക്ഷേ, പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു ഇന്ത്യൻ വിപണിയിൽ നിന്നുണ്ടായ പ്രതികരണം. ആദ്യ ദിനത്തിൽ ഷവോമി ഫോണിനായി മൂന്നര ലക്ഷം പേരാണ് ഫ്ലിപ്കാർട്ട് സന്ദർശിച്ചത്. അവരുടെ ചരിത്രത്തിൽ ആദ്യമായി സൈറ്റ് ക്രാഷായി. പ്രവർത്തനം തുടങ്ങി ആദ്യ രണ്ടു വർഷം കൊണ്ട് ബില്യൺ ഡോളർ (100 കോടി ഡോളർ) കമ്പനിയായി ഷവോമി ഇന്ത്യ മാറി.

ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യൻ ഓൺലൈൻ വിപണിൽ ഏറ്റവും വില്പനയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായും ഷവോമി മാറിയിട്ടുണ്ട്. ഓൺലൈനിൽ 41 ശതമാനമാണ് ഞങ്ങളുടെ വിപണി വിഹിതം. രണ്ടു മുതൽ അഞ്ചു വരെയുള്ള സ്ഥാനക്കാരുടെ മൊത്തംവിഹിതം 38 ശതമാനമേയുള്ളൂ.  

ഓഫ്‌ലൈൻ വിപണി കൂടി കണക്കിലെടുത്താലോ? 
ഓൺലൈനും ഓഫ്‌ലൈനും കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ രണ്ടാം സ്ഥാനത്താണ് ഷവോമി. ഇന്റർനാഷണൽ ഡേറ്റ കോർപ്പറേഷന്റെ (ഐ.ഡി.സി.) കണക്കുപ്രകാരം 2017 ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഷവോമിയുടെ വിഹിതം 14.2 ശതമാനമാണ്. 

എങ്ങനെയാണ് ഈ നേട്ടം സ്വന്തമാക്കിയത്?
40,000-50,000 രൂപയ്ക്ക് മറ്റു കമ്പനികൾ വിൽക്കുന്ന ഫോണുകളോട് കിടപിടിക്കുന്ന സ്മാർട്ട് ഫോണുകൾ ഞങ്ങൾ 20,000-25,000 രൂപയ്ക്ക് ലഭ്യമാക്കി; മി ശ്രേണിയിൽ. 20,000-25,000 രൂപയ്ക്ക് മറ്റു കമ്പനികൾ വിൽക്കുന്നത് ഞങ്ങൾ ഏതാണ്ട് 10,000 രൂപ നിലവാരത്തിൽ ലഭ്യമാക്കി; റെഡ്മി ശ്രേണിയിൽ.

ഈ വിലയ്ക്ക് ഫോണുകൾ ലഭ്യമാക്കുന്നത് എങ്ങനെയാണ്?
വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ ഇടനിലക്കാരിലൂടെയാണ് മറ്റു കമ്പനികൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. എന്നാൽ, ഞങ്ങൾ ഇടനിലക്കാരെ ഏതാണ്ട് പൂർണമായി ഒഴിവാക്കി. അതോടെ, വിതരണച്ചെലവ് കുറഞ്ഞു. പ്രവർത്തനച്ചെലവും കുറവാണ്. ഇന്ത്യയിൽ മൊത്തം ജീവനക്കാർ 225 പേർ മാത്രമാണ്. ആഗോള ഹാൻഡ്‌സെറ്റ് നിർമാതാക്കളായ ഫോക്‌സ്‌കോണുമായി ചേർന്നാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. കോൾ സെന്റർ, സർവീസ് സെന്റർ എന്നിവയുടെ ചുമതലകളും മറ്റു കമ്പനികൾക്കാണ്. 

വിപണനച്ചെലവുകളും പരമാവധി കുറവാണ്. പിന്നെ ഹാർഡ് വെയറിൽ (ഹാൻഡ്‌സെറ്റ്) നിന്ന് തുച്ഛമായ ലാഭം മാത്രമാണ് എടുക്കുന്നത്. മി യൂസർ ഇന്റർഫെയ്‌സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെയും ഇന്റർനെറ്റ് സർവീസസിലൂടെയുമാണ് ലാഭമുണ്ടാക്കുന്നത്. ബ്രൗസറിൽ വരുന്ന പരസ്യങ്ങളിലൂടെ വരുമാനം നേടുന്നുണ്ട്. 

ഓഫ്‌ലൈൻ ബിസിനസ് എത്രത്തോളമുണ്ട്?
നിലവിൽ വില്പനയുടെ 90 ശതമാനവും ഓൺലൈൻ മാർഗത്തിലൂടെയാണ്. അതായത് 10 ശതമാനം മാത്രമാണ് ഓഫ്‌ലൈൻ ചാനലുകളിലൂടെയുള്ള വില്പന. കടകളിലൂടെയുള്ള വില്പന ഈ വർഷം അവസാനത്തോടെ 25 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടു-മൂന്നു വർഷങ്ങൾക്കുള്ളിൽ ഇത് 50:50 അനുപാതത്തിലേക്ക് ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. 

അതിന് എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുക?
‘മി ഹോം’ എന്ന പേരിൽ എക്സ്‌ക്ലൂസീവ് സ്റ്റോറുകളുടെ ശൃംഖല ഒരുക്കുകയാണ്. ആദ്യ മി ഹോം സ്റ്റോർ ഒരുമാസം മുമ്പ് ബെംഗളൂരുവിൽ തുടങ്ങി. രണ്ടു വർഷത്തിനുള്ളിൽ 100 സ്റ്റോറുകളാണ് ലക്ഷ്യമിടുന്നത്. കേരളത്തിലും ഏതാനും മി ഹോം സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. കൂടാതെ, വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമായി നിരവധി മൊബൈൽ ഷോപ്പുകളെ ‘പ്രിഫേർഡ് മി സ്റ്റോറു’കളാക്കി മാറ്റാനും പദ്ധതിയുണ്ട്. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി, വിതരണച്ചെലവ് കുറഞ്ഞ മാർഗത്തിലായിരിക്കും ഈ ശൃംഖലകൾ തീർക്കുക. 

ഇന്ത്യയിൽ വിൽക്കുന്ന ഫോണുകൾ പൂർണമായി ഇവിടെയാണോ നിർമിക്കുന്നത്?
ഇന്ത്യയിൽ വിൽക്കുന്ന ഫോണുകളിൽ 95 ശതമാനവും ഇവിടെയാണ് നിർമിക്കുന്നത്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിൽ രണ്ടു പ്ലാന്റുകളാണ് ഉള്ളത്. ഫോക്‌സ്‌കോണുമായുള്ള എക്സ്‌ക്ലൂസീവ് എഗ്രിമെന്റിലൂടെയാണ് ഇതിന്റെ പ്രവർത്തനം. 

പുതിയ മോഡലുകൾ വിപണിയിലെത്തിക്കാൻ പദ്ധതിയുണ്ടോ?
റെഡ്മി ശ്രേണിയിൽ റെഡ്മി 4എ, റെഡ്മി 4, റെഡ്മി നോട്ട് 4 എന്നീ മോഡലുകളാണ് നിലവിലുള്ളത്. 6,000 രൂപ മുതൽ 13,000 രൂപ വരെയുള്ള ശ്രേണിയിലാണ് ഇവ. റെഡ്മി 3എസ് മോഡലുമുണ്ട് ഈ നിരയിൽ. ഇവ കൂടാതെ മി ശ്രേണിയിൽ മി മാക്‌സ്, മി5 എന്നീ രണ്ടു മോഡലുകൾ നിലവിലുണ്ട്. 15,000-23,000 രൂപ ശ്രേണിയിലാണ് മി ഫോണുകൾ ലഭ്യമാക്കുന്നത്. 12 മാസം കൂടുമ്പോൾ മോഡലുകൾ മാറിക്കൊണ്ടിരിക്കും. 

മറ്റ് ഉത്പന്നങ്ങൾ?
പവർ ബാങ്കുകളുടെ വിപണിയിൽ ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഇതു കൂടാതെ, ഫിറ്റ്‌നസ് ബാൻഡ്, വി.ആർ.പ്ലേ, എയർ പ്യൂരിഫയർ, ഹെഡ് ഫോൺ, മൊബൈൽ ആക്‌സസറികൾ എന്നിവയുമുണ്ട്. ‘മി റൗട്ടർ 3സി’ എന്ന പേരിൽ നാല് ആന്റിനകളുള്ള റൗട്ടർ ഈയിടെ പുറത്തിറക്കി. 64 എം.ബി. റാമും 300 എം.ബി.പി.എസ്. വയർലെസ് സ്പീഡുമുള്ള ഇതിന്റെ വില 1,199 രൂപയാണ്. ചൈനീസ് വിപണിയിൽ സ്മാർട്ട് ടി.വി., സ്മാർട്ട് സെറ്റ് ടോപ് ബോക്‌സ്, ഡ്രോൺ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങൾ വേറെയുമുണ്ട്. അവയിൽ ചിലത് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കാൻ പദ്ധതിയുണ്ട്. 

ഇ-മെയിൽ: roshan@mpp.co.in