south indian bankകേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ലയനങ്ങൾക്കോ ഏറ്റെടുക്കലുകൾക്കോ നിൽക്കാതെ സ്വന്തം നിലയിൽ വളരാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതെക്കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യു ‘മാതൃഭൂമി ധനകാര്യ’ ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനസ്സു തുറക്കുന്നു:

questionബാങ്കിങ് രംഗത്ത് ലയനങ്ങളുടെ കാലമാണല്ലോ ഇപ്പോൾ. ഏതെങ്കിലും തരത്തിലുള്ള സംയോജനത്തെക്കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് ആലോചിക്കുന്നുണ്ടോ?

ലയനമോ ഏറ്റെടുക്കലോ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അജൻഡയിലില്ല. സ്വന്തം നിലയിൽ തന്നെ വളരാൻ ധാരാളം അവസരങ്ങളുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ശാഖാ ശൃംഖല വിപുലീകരിക്കാനുണ്ട്. അതിനു വേണ്ടിയുള്ള ശക്തമായ മാനവശേഷി ബാങ്കിനുണ്ട്. 8,000-ത്തോളം ജീവനക്കാരാണ് ബാങ്കിനുള്ളത്. ആവശ്യത്തിന് മൂലധനവും ബാങ്കിന്റെ കൈവശമുണ്ട്. ഇനിയും മൂലധനം ആവശ്യമുണ്ടെങ്കിൽ അതിന് ധാരാളം അവസരങ്ങളുണ്ട്. അതിനാൽ ഒറ്റയ്ക്ക് വളരാൻ തന്നെയാണ് ബാങ്കിന്റെ ഉദ്ദേശ്യം. 


questionപല ബാങ്കുകളും വൻതോതിൽ മൂലധന സമാഹരണം നടത്തുകയാണല്ലോ?

അവകാശ ഓഹരികളുടെ വില്പനയിലൂടെ 630 കോടി രൂപ വിജയകരമായി സമാഹരിച്ചുകഴിഞ്ഞു. അടുത്ത ഒന്ന്-ഒന്നര വർഷത്തെ പ്രവർത്തനത്തിന് ഈ തുക ധാരാളമാണ്. കൂടുതൽ മൂലധനം ആവശ്യമായി വരികയാണെങ്കിൽ, ടിയർ-2 മാർഗത്തിൽ ദീർഘകാല ബോണ്ടുകളുടെ വില്പനയിലൂടെ ഫണ്ട് സ്വരൂപിക്കാൻ അവസരമുണ്ട്. അർഹരായ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ക്യു.ഐ.പി. മാർഗത്തിൽ വലിയ തുക സമാഹരിക്കാനും അവസരമുണ്ട്.

 ഓഹരികളുടെ മൂല്യം കണക്കിലെടുത്ത ശേഷമായിരിക്കും ഏതു മാർഗത്തിൽ മൂലധനസമാഹരണം നടത്തുകയെന്ന് തീരുമാനിക്കുക. കിട്ടാക്കടം വൻതോതിൽ കുറയ്ക്കാൻ കഴിഞ്ഞതും റീട്ടെയിൽ വായ്പകൾക്ക് മുൻഗണന നൽകുന്നതും ബാങ്കിനെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകങ്ങളാണ്. 


questionകിട്ടാക്കടം സുരക്ഷിതമായ നിലയിലെത്തിയോ?

മൊത്തം കിട്ടാക്കടം വായ്പയുടെ 2.45 ശതമാനമായി കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. 2016 ഡിസംബറിൽ ഇത് 3.98 ശതമാനം വരെയായി ഉയർന്നിരുന്നു. തുകയിൽ നോക്കിയാലും ഇത് വലിയ തോതിൽ കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ 1,787 കോടി രൂപയായിരുന്ന മൊത്തം കിട്ടാക്കടം 2017 മാർച്ചിൽ 1,149 കോടിയായി കുറയ്ക്കാൻ കഴിഞ്ഞു. 

 അറ്റ നിഷ്‌ക്രിയ ആസ്തി (നെറ്റ് എൻ.പി.എ.)യാകട്ടെ, 2016 മാർച്ചിൽ 2.89 ശതമാനമായിരുന്നത് 2017 മാർച്ച് ആയപ്പോഴേക്കും 1.45 ശതമാനത്തിലേക്ക് കുറഞ്ഞു. തുകയുടെ അടിസ്ഥാനത്തിൽ, അറ്റ നിഷ്‌ക്രിയ ആസ്തി 1,185 കോടിയിൽ നിന്ന് 658 കോടി രൂപയായി താഴ്ന്നു. ഇത്‌ ഇനിയും കുറച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. 


questionകിട്ടാക്കടം കുറയ്ക്കാൻ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടത്?

കഴിഞ്ഞ പാദത്തിൽ 1,776 കോടി രൂപയുടെ കിട്ടാക്കടം ആസ്തി പുനർനിർമാണ കമ്പനികൾക്ക് വിറ്റിരുന്നു. വൻകിട അടിസ്ഥാന സൗകര്യ സംരംഭങ്ങൾക്ക് നൽകിയ വായ്പകളിൽ മാത്രമാണ് കിട്ടാക്കടം കാര്യമായുണ്ടായത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ, കാർഷിക വായ്പകൾ, ഭവന വായ്പകൾ, വസ്തു ഈടിന്മേലുള്ള വായ്പകൾ, വാഹന വായ്പകൾ, സ്വർണപ്പണയം തുടങ്ങിയ റീട്ടെയിൽ മേഖലയിലാണ് കഴിഞ്ഞ രണ്ട്-രണ്ടര വർഷമായി ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഞങ്ങളുടെ അനുഭവത്തിൽ ഈ മേഖലകളിൽ കിട്ടാക്കടം കുറവാണ്. 25 കോടി മുതൽ 100 കോടി രൂപ വരെയുള്ള ഇടത്തരം കോർപ്പറേറ്റ് ലോണുകളും നൽകുന്നുണ്ട്. ഈ രംഗത്തും നഷ്ടസാധ്യത കുറവാണ്.

ഏതെങ്കിലുമൊരു മേഖലയിൽ മാത്രം വായ്പ കൊടുക്കാതെ കൂടുതൽ മേഖലകളിൽ ഫോക്കസ് ചെയ്ത് നഷ്ടസാധ്യത കുറയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. വൻകിട വായ്പകളിൽ 20-30 ബാങ്കുകളുടെ കൺസോർഷ്യങ്ങളിൽ നിന്ന് മാറിനിൽക്കാനും ശ്രമിക്കുന്നുണ്ട്. പകരം, നാലോ അഞ്ചോ ബാങ്കുകളുടെ കൺസോർഷ്യവുമായി ചേർന്ന് വായ്പകൾ നൽകുന്നു. ഇതും നഷ്ടസാധ്യത കുറയ്ക്കാനാണ്. 


questionബാങ്കിങ് ടെക്‌നോളജി രംഗത്ത് വൻ മാറ്റങ്ങളാണല്ലോ ഉണ്ടായിക്കൊണ്ടിരിക്കുന്നത്?

സാങ്കേതികവിദ്യയുടെ കാര്യത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ശക്തമായ മുൻഗണനയാണ് കൊടുക്കുന്നത്. എസ്.ഐ.ബി. മിറർ, ആധാർ അധിഷ്ഠിത പേയ്‌മെന്റ് തുടങ്ങി ഉന്നത നിലവാരത്തിലുള്ള ഒട്ടേറെ ടെക്‌നോളജി അധിഷ്ഠിത േപ്രാഡക്ടുകൾ ബാങ്കിനുണ്ട്.
 സ്വൈപ്പിങ് മെഷീൻ (പോയന്റ് ഓഫ് സെയിൽ -പി.ഒ.എസ്.) ഇല്ലാതെ തന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഡിജിറ്റലായി പണം സ്വീകരിക്കാൻ സൗകര്യമൊരുക്കുന്ന യു.പി.ഐ. അധിഷ്ഠിത ആപ്പും ഈയിടെ അവതരിപ്പിച്ചു. ടെക്‌നോളജി രംഗത്ത് ബാങ്കിന് ഒട്ടേറെ ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കോർ ബാങ്കിങ് സോഫ്റ്റ്‌വെയറായ ഫിനക്കിളിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് (വേർഷൻ 10) ബാങ്ക് മാറിയിട്ടുണ്ട്. 


questionസാങ്കേതികവിദ്യയിലെ മറ്റു നേട്ടങ്ങൾ?

സേവിങ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകൾ യാതൊരുവിധ പേപ്പർ വർക്കുകളുമില്ലാതെ ഇലക്‌ട്രോണിക്കായി പ്രോസ്സസ് ചെയ്യാൻ കൊച്ചിയിലെ കളമശ്ശേരിയിൽ കേന്ദ്രീകൃത ബിസിനസ് പ്രോസ്സസ് കേന്ദ്രമുണ്ട്. ഏതു ബ്രാഞ്ചിലുള്ള അക്കൗണ്ടുകളും പ്രോസ്സസ് ചെയ്യുന്നത് അവിടെ നിന്നാണ്. രണ്ടു കോടി രൂപ വരെയുള്ള വായ്പകളും ഈ കേന്ദ്രത്തിലാണ് പ്രോസ്സസ് ചെയ്യുന്നത്. രണ്ടു കോടിയ്ക്ക് മേൽ 25 കോടി രൂപ വരെയുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കുള്ള (എം.എസ്.എം.ഇ.) വായ്പകൾ പ്രോസ്സസ് ചെയ്യാൻ തൃശ്ശൂരിൽ സെൻട്രലൈസ്ഡ് പ്രോസ്സസിങ് കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. 


questionബാങ്കിനെ ഏതു രീതിയിൽ മുന്നോട്ടു നയിക്കാനാണ് പദ്ധതി?

ബാങ്കിന്റെ അടിത്തറ ഇപ്പോൾ ശക്തമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ കിട്ടാക്കടം വൻതോതിൽ കുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഇനി ശാഖാശൃംഖല വിപുലീകരിച്ച്, മികച്ച സേവനമെത്തിച്ച് മുന്നോട്ടു പോകാനാണ് പദ്ധതി.

 ഇപ്പോൾ 850 ശാഖകളും 50 എക്‌സ്റ്റൻഷൻ കേന്ദ്രങ്ങളുമാണ് ഉള്ളത്. ഓരോ വർഷവും 50 ശാഖകൾ വീതം പുതുതായി തുടങ്ങും. ഇതിൽ എക്സ്റ്റൻഷൻ കൗണ്ടറുകളും പെടും. 

മികച്ച വിപണികളിൽ പൂർണ തോതിലുള്ള ശാഖകൾ തന്നെ തുറക്കും. ബിസിനസ് സാധ്യതയെക്കുറിച്ച് നല്ല ഉറപ്പില്ലാത്ത സ്ഥലങ്ങളാണെങ്കിൽ എക്സ്റ്റൻഷൻ കൗണ്ടറായി ആരംഭിക്കും. മികച്ച ബിസിനസ് ഉണ്ടാക്കാൻ കഴിയുമെന്ന് ഉറപ്പായാൽ അതിനെ സമ്പൂർണ ശാഖയാക്കി മാറ്റും. 
 ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പകൾ, കാർഷിക വായ്പ, ഭവന വായ്പ, വസ്തു ഈടിന്മേലുള്ള വായ്പ, വാഹന വായ്പ, സ്വർണപ്പണയം എന്നിവ അടങ്ങുന്ന റീട്ടെയിൽ മേഖലയിൽ മുൻഗണന തുടരും. 
 
നിക്ഷേപങ്ങളുടെ കാര്യത്തിൽ കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ടുകൾക്കായിരിക്കും മുൻതൂക്കം. എല്ലാ അർഥത്തിലും ബാങ്കിനെ ഒരു ‘റീട്ടെയിൽ ബാങ്കിങ് പവർ ഹൗസ്’ ആയി മാറ്റുകയാണ് ലക്ഷ്യം. 


questionഎൻ.ആർ.ഐ. ബിസിനസ് മെച്ചപ്പെടുത്താൻ പദ്ധതിയുണ്ടോ?

മൊത്തം നിക്ഷേപത്തിൽ 25.44 ശതമാനവും എൻ.ആർ.ഐ. നിക്ഷേപമാണ്. 2017 മാർച്ച് 31-ലെ കണക്ക് അനുസരിച്ച് ഇത് 16,821 കോടി രൂപയാണ്. ഇതിൽ നല്ലൊരു പങ്കും ഗൾഫ് മേഖലയിൽ നിന്നാണ്. ഇത് മനസ്സിലാക്കി ദുബായിൽ പ്രതിനിധി ഓഫീസ് എത്രയും വേഗം തുറക്കുകയാണ്. ഇതിന് റിസർവ് ബാങ്കിൽ നിന്ന് അനുമതി ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. യു.എ.ഇ.യിലെ ഹാദി എക്സ്‌പ്രസ് എക്സ്‌ചേഞ്ചുമായി ചേർന്നുള്ള പ്രവർത്തനത്തിന് പുറമെയായിരിക്കും സ്വന്തം നിലയിലുള്ള പ്രതിനിധി ഓഫീസ്. 


questionബാങ്കിന്റെ വളർച്ചാ ലക്ഷ്യം?

ബാങ്കിന്റെ മൊത്തം ബിസിനസ് ഇപ്പോൾ 1.13 ലക്ഷം കോടി രൂപയാണ്. ഇതിൽ 66,117 കോടി രൂപ നിക്ഷേപവും 47,084 കോടി രൂപ വായ്പയും. മൊത്തം ബിസിനസ് 2020 ഓടെ രണ്ടു ലക്ഷം കോടി രൂപയ്ക്കടുത്തേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2020-ഓടെ അറ്റാദായം 1,000 കോടി രൂപയിലെത്തിക്കാനും ലക്ഷ്യംവയ്ക്കുന്നു. 

 കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തനലാഭം 1,214.60 കോടി രൂപയുണ്ടെങ്കിലും അറ്റാദായം 392.50 കോടി രൂപ മാത്രമാണ്. കിട്ടാക്കടത്തിനുള്ള നീക്കിയിരുപ്പ് കൂടുതലായതിനാലാണ് അറ്റാദായം കുറവ്. കിട്ടാക്കടത്തിനായുള്ള നീക്കിയിരുപ്പ് കുറയുന്നതോടെ അറ്റാദായം 1,000 കോടി രൂപയിലെത്തിക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. 


questionവീട്ടുപടിക്കൽ സേവനമെത്തിക്കാൻ പുതിയ സംഘം

ഇടപാടുകാരുടെ വീട്ടുപടിക്കലെത്തി ബാങ്കിങ് സേവനങ്ങളെത്തിക്കാൻ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർമാരുടെ സംഘത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക് രൂപം നൽകിയിട്ടുണ്ട്. 250-300 പേരടങ്ങുന്നതാവും ഈ സംഘം.  ടാബ്‌ലെറ്റിന്റെ സഹായത്തോടെ വീട്ടുപടിക്കൽ നിന്നു തന്നെ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ഇവർ സഹായിക്കും. മൊബൈൽ ബാങ്കിങ് ആപ്പുകൾ, ഇന്റർനെറ്റ് ബാങ്കിങ് എന്നിവ പരിചയപ്പെടുത്താനും ഇവരുടെ സേവനമുണ്ടാകും. മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്, ഓഹരി വ്യാപാരം തുടങ്ങിയവയിലെ നിക്ഷേപാവസരവുമുണ്ടാവും. 

ഇ-മെയിൽ: roshan@mpp.co.in