രോ പിടി അരിമണിയും കലത്തിലേക്കിടുമ്പോള്‍, കറികളിലേക്ക് ഓരോ ചേരുവ ചേര്‍ക്കുമ്പോഴും പ്രാര്‍ത്ഥിച്ച് കൊണ്ട് ചെയ്യുന്ന ഒരമ്മയുടെ  മകന്‍. ഭക്ഷണത്തെ പാവനമായും പാചകത്തെ പൂജയായും പഠിപ്പിച്ച അമ്മയുടെ ഓര്‍മകളെ പിന്തുടര്‍ന്ന ദാസ് ശ്രീധര്‍ എന്ന ആ മകന്‍ നമ്മുടെ സാമ്പാറിനെയും അവിയലിനെയും ഒക്കെ ലോകത്തിന്റെ തീന്‍ മേശയിലെത്തിച്ചു.  ഇംഗ്ലണ്ടിലുള്ള ദാസ് ശ്രീധറിന്റെ രസ റസ്റ്റോറന്റുകളില്‍ ചെന്നാല്‍  സ്റ്റാര്‍ട്ടറായി പപ്പടവും അച്ചാറും തൊട്ടുകൂട്ടുന്ന സായിപ്പിനെ കാണാം.

രസയെന്ന മലയാളിപേര് ഇന്ന് ഇംഗ്ലണ്ടുകളുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പക്ഷേ ദാസ് ശ്രീധറിന്നും മലയാളി തന്നെയാണ് നാവില്‍ ശുദ്ധമലയാളവും ചിന്തകളില്‍ നല്ല നാടന്‍ രുചികൂട്ടുകളും മാത്രമുള്ള മലയാളി. ചാലക്കുടിപ്പുഴയുടെ കരയില്‍ രസ ഗുരുകുല്‍ എന്ന സ്വപ്‌നം പിച്ചവെച്ചുതുടങ്ങിക്കഴിഞ്ഞു. ഇംഗ്ലണ്ടിലെ രസമുതല്‍ കാളവണ്ടിയും ചായക്കടയും ചക്കിലാട്ടുന്ന എണ്ണയുടെ മണവും ഉള്ള ചാലക്കുടി പുഴയുടെ കരയിലെ രസഗുരുകുലില്‍ എത്തിനില്‍ക്കുന്ന യാത്രയെപറ്റി ദാസ് ശ്രീധര്‍ തന്നെ പറയുന്നു.

Rasa
രസഗുരുകുല്‍

തൃക്കാരിയൂരില്‍ നിന്നും ഡല്‍ഹിയിലേക്ക്

ഞാന്‍ ജീവിതം തുടങ്ങുന്നത്  കോതമംഗലത്തിനടുത്തെ തൃക്കാരിയൂര്‍ എന്ന കൊച്ചുഗ്രാമത്തിലാണ്. പ്രസിദ്ധനായ പാചകകാരനായിരുന്നു അച്ഛച്ചന്‍. ഞാന്‍ ജനിക്കുന്ന സമയത്ത് അച്ഛനും സഹോദരനും കൂടി ഒരു ചായക്കട നടത്തിയിരുന്നു. മുത്തശ്ശന്റെ പാചക കഥകളും ഈ ചായക്കടയുമാണ് എന്നിലേക്ക് ഒരു പക്ഷേ രുചിയുടെ ആദ്യമുകുളങ്ങളെ പകര്‍ന്നു നല്‍കിയത്.  അന്ന് ചായകടകള്‍ക്ക് കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥയില്‍ വലിയൊരു പങ്കുണ്ടായിരുന്നു. ഒരു കാലിച്ചായയില്‍ ജീവിതം തുടങ്ങുകയും, ജീവിതത്തെക്കുറിച്ച് ഏറ്റവും സ്വതന്ത്ര്യമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നത് ഈ ചായക്കടയില്‍ വച്ചായിരുന്നു.

പത്തൊന്‍പതാം വയസില്‍ നാടുവിട്ടു പോകുമ്പോള്‍ ഈ ചായക്കട പകര്‍ന്നു തന്ന ജീവിത മൂല്യങ്ങള്‍ മാത്രമായിരുന്നു മനസില്‍. രാവിലെ കഴിക്കുന്ന കട്ടന്‍ ചായയ്ക്കും ദേശയ്ക്കും ഒരു ദിവസത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന തിരിച്ചറിവ് പിന്നീടെന്നും മുതല്‍ക്കൂട്ടായി.

 

ദാരിദ്രവും തൊഴിലില്ലായ്മയും മൂലമാണ് അന്ന് പലരും കേരളം വിട്ടിരുന്നത്. കുറച്ച് നെല്‍പ്പാടം ഉള്ളത് കൊണ്ട് രണ്ട് നേരവും ഉണ്ണാനുള്ള വക വീട്ടിലുണ്ടായിരുന്നു. ജീവിതത്തില്‍ മറ്റന്തോ ചെയ്യാനുണ്ടെന്ന ഉള്‍പ്രേരണയാണ് എന്നെ നാടുവിടാന്‍ പ്രേരിപ്പിച്ചത്.  അങ്ങനെ ഡല്‍ഹിയിലേക്ക് ടിക്കറ്റെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയാണ് യാത്ര. വിഷമത്തോടെയാണെങ്കിലും അച്ഛനും അമ്മയും എന്നെ യാത്രയാക്കി.  

ഡല്‍ഹിയിലെത്തിയ ഞാന്‍ ഒരുപാട് അലഞ്ഞു ജോലിയ്ക്കായി നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്തു.  ഒരിക്കല്‍ എന്നെ അഭിമുഖം ചെയ്ത വലിയൊരു മനുഷ്യന്‍ പറഞ്ഞു നിനക്ക് നല്ലൊരു ചിരിയുണ്ട്. ഹോസ്പിറ്റാലിറ്റി രംഗത്തായിരിക്കും ഭാവിയെന്നും അയാള്‍ പറഞ്ഞു. അദ്ദേഹം തന്നെ എനിക്ക് ഡല്‍ഹി അശോക ഹോട്ടലില്‍  ജോലി വാങ്ങിത്തന്നു. കരിയറിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. 

ഈ കാലഘട്ടത്തിലാണ് എന്റെ അമ്മയുടെ സ്‌നേഹം എന്നിലുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നത്. കാരണം ഞാനുമായി ഇടപഴകുന്ന ആളുകള്‍ക്ക് എന്നോട് ഒരു അടുപ്പവും ഇഷ്ടവും ഒക്കെ തോന്നുന്നതായി എനിക്ക് മനസിലായി. ഇത് എന്നെ അതിശയിപ്പിച്ചൊരു തിരിച്ചറിവായിരുന്നു.

വിദേശത്തേക്ക്

1987-88 കാലഘട്ടത്തില്‍ എനിക്ക് ലണ്ടനില്‍ പോകാന്‍ ഒരു അവസരം കിട്ടി. പക്ഷേ ലണ്ടനിലത്തിയ എനിക്ക് ജോലി ലഭിക്കുന്നതില്‍ ഒരു പാട് കഷ്ടപ്പെടേണ്ടിവന്നു. ആ കഷ്ടപ്പാടുകള്‍ ആണ് എന്നെ തിരികെ ഭക്ഷണത്തോട് വീണ്ടും അടുപ്പിച്ചത്. ലണ്ടനില്‍ ചെറിയൊരു റെസ്റ്റോറെന്റില്‍ ജോലി കിട്ടി. പിന്നീട് റെസ്റ്റോറന്റ് മാനേജറായി. ഒരു സുപ്രഭാതത്തില്‍ എന്റെ ജോലി പോകുകയും ഞാന്‍ മറ്റൊരു ജോലിയ്ക്കായി അലയുകയും ചെയ്തു. കൈയ്യില്‍ ചില്ലി  കാശുപോലും ഇല്ലാതിരുന്ന ഈ സമയത്ത് അവിചാരിതമായി ഒരാള്‍ എന്റെ മുന്നിലേക്ക് ഒരു പുതിയ സംരംഭം വെച്ച് നീട്ടി. അങ്ങനെ നീണ്ട നാളത്തെ അധ്വാനത്തിന് ശേഷം  ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഞാന്‍ 1994ല്‍ ആദ്യ 'രസ' തുടങ്ങി. 

എന്തുകൊണ്ട് രസ

യുകെയില്‍ ഈ സമയത്ത് ആയിരക്കണക്കിന് ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റുകള്‍ ഉണ്ടെങ്കിലും അവയില്‍ ഒന്നില്‍ പോലും നല്ല ഭക്ഷണം ലഭിക്കില്ലായിരുന്നു.  കഴിക്കാന്‍ വരുന്ന സായിപ്പിനൊ ഭക്ഷണം വയ്ക്കുന്ന പാചകക്കാര്‍ക്കൊ എന്താണ് ഇന്ത്യന്‍ ഭക്ഷണം എന്നു പോലും അറിയില്ലായിരുന്നു. ഇംഗ്ലണ്ടില്‍ യാഥാര്‍ത്ഥ ഇന്ത്യന്‍ ഭക്ഷണം എത്തിക്കുക  എന്ന ലക്ഷ്യത്തോടെ ഇടിയപ്പം,അപ്പം.അവിയില്‍ മോരുകാച്ചിയത് തുടങ്ങിയവയോടൊപ്പം എന്റെ അമ്മ ഉണ്ടാക്കി തന്ന വിഭവങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി ഞാന്‍ ആദ്യത്തെ രസ തുടങ്ങി. ഇംഗ്ലണ്ടില്‍ തീര്‍ത്തും വിചിത്രമായ പേരില്‍ വിചിത്രമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റെസ്റ്റോറന്റിന്റെ വിജയ സാധ്യതയെ പറ്റി എല്ലാവര്‍ക്കും സംശയം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കേരള വിഭവങ്ങളുടെ പേരില്‍ തുടങ്ങിയ കൗതുകം പിന്നീട് നാവിലേക്കൊത്തി. അവിടെ നിന്ന് റെസ്റ്റോറെന്റിന്റെ വിജയത്തിലേക്കും.  ന്യൂയോര്‍ക്ക് ടൈംസില്‍ പോലും ഈ കൗതുകം പ്രതിഫലിച്ചപ്പോള്‍ വെറും ആറുമാസത്തിനുള്ളില്‍ രസ വിജയിച്ചു. പാചക പുസ്തകങ്ങള്‍ എഴുതിയും, ചാനലുകളിലും, റേഡിയോകളിലും പരിപാടി അവതരിപ്പിച്ചും പിന്നീടുള്ള എന്റെ ജീവിതം പൂര്‍ണമായി ഞാന്‍ ഭക്ഷണത്തിന് വിട്ടുകൊടുത്തു. 

വീണ്ടും വഴിത്തിരിവ്   പൂര്‍ണമായും ഭക്ഷണകാര്യത്തില്‍ മുഴുകി ജീവിച്ചപ്പോഴും എനിക്ക് പാചകം ചെയ്യാന്‍ കഴിയുമെന്നകാര്യം ഞാന്‍ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. സ്വന്താമായി കേരളത്തില്‍ നിന്നും പാചകക്കാര്‍ ഉള്ളതുകൊണ്ടു തന്നെ എനിക്ക് ഒരിക്കലും പാചകം ചെയ്യേണ്ട ആവശ്യകതയെപറ്റി തോന്നിയില്ല. റെസ്റ്റോറന്റെ വിജയമായപ്പോഴും എന്റെ അമ്മയുടെ, ഞാന്‍ ശീലിച്ച ഒരു രുചിയുണ്ട് അതെനിക്ക് കിട്ടിയില്ല. ഒരിക്കല്‍ എന്റെ പരിഭവം കേട്ട സുഹൃത്ത് എന്നോട് ചോദിച്ചു,.. എന്നാല്‍ പിന്നെ തനിക്ക് പോയങ്ങ് കുക്ക് ചെയ്തൂടെ എന്ന്.  ആദ്യം തമാശയായെടുത്തിങ്കിലും, പാചകത്തെ പറ്റി വാചാലനാകുന്ന എനിക്ക് ഭക്ഷണം ഉണ്ടാക്കാന്‍ കഴിയില്ലെ എന്ന ചോദ്യം പല ഭാഗത്ത് നിന്നും വന്നതോടെ പരീക്ഷിച്ചാലോ എന്ന ചിന്ത എനിക്കും തോന്നി തുടങ്ങി.

എന്റെ കടിഞ്ഞൂല്‍ പുത്രി

ആ കാലഘട്ടത്തില്‍ പാചകക്കാരെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്തവരായാണ് കണ്ടിരുന്നത്. റെസ്റ്റോറന്റുകളുടെ വിജയത്തിന് ആധാരം പാചകക്കാരാണെന്ന വസ്തുത മുതലാളിമാര്‍ക്കും, മുതലാളിമാര്‍ക്ക് പാചകം അറിയില്ലെന്ന വസ്തുത പാചകകാര്‍ക്കും അറിയാവുന്നത് കൊണ്ട് തന്നെ പാചകക്കാരെ ഭക്ത്യാദരപൂര്‍വ്വമാണ് കണ്ടിരുന്നത്. ഈ സാഹചരത്തില്‍ മുതലാളി പാചകം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ചില്ലറയല്ല.  ഒരു വെള്ളിയാഴ്ച്ച രാത്രി  എല്ലാവരും ജോലിയൊക്കെ കഴിഞ്ഞ് വീട്ടില്‍ പോയ തക്കം നോക്കി ഞാന്‍  അടുക്കളയിലേക്ക് ചെന്നു. അടുക്കളയില്‍ കാലുകുത്തിയ നിമിഷം ഒരോ ചേരുവ എടുക്കുമ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ട് വേണം ചെയ്യാന്‍, കാരണം നമ്മള്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നയാളുടെ ജീവന്‍ നമ്മുടെ കൈവെള്ളയിലാണ്. അയാള്‍ക്ക് സന്തോഷവും സമാധാനവും ആരോഗ്യവും ഉണ്ടാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് പാചകം ചെയ്യണമെന്ന് അമ്മ പറഞ്ഞതാണ് ആദ്യം മനസിലേക്ക് ഓടിവന്നത്. 

അന്നുമുതല്‍ ഇന്നുവരെ ഒരു ആത്മീയ പ്രവര്‍ത്തി ചെയ്യുന്ന പരിശുദ്ധിയോടും ഏകാഗ്രതയോടും കൂടിയാണ് ഞാന്‍ പാചകം ചെയ്തിട്ടുള്ളത്.

അന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരോ ചേരുവയും യോജിപ്പിച്ച് ഞാന്‍ ഒരു വിഭവം തയാറാക്കി. ഏകദേശം മൂന്ന് നാല് മണിക്കൂറെടുത്തുകാണും പാചകം ചെയ്തു കഴിഞ്ഞപ്പോള്‍ ഏകദേശം അഞ്ച് മണി ആയിക്കാണും. എന്താണ് ഉണ്ടാക്കുന്നതെന്ന ബോധമില്ലാതെയായിരുന്നു  അന്നത്തെ എന്റെ പാചകം. അന്ന് ഞാന്‍ ഉണ്ടാക്കിയത് അവിയലിന് സമാനമായ ഒരു വിഭവം ആയിരുന്നു. ഉരുളിയിലാണ് ഉണ്ടാക്കിയത്. അതിനൊരു കാരണം കൂടിയുണ്ട് എനിക്ക് വളരെ അധികം പ്രണയം തോന്നുന്നൊരു പാത്രം ആണ് ഉരുളി. ആദ്യമായി പ്രസവിച്ച അമ്മയുടെ മാനസികവാസ്ഥയായിരുന്നു എനിക്കപ്പോള്‍, ഉരുളിയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഞാന്‍ ഇരുന്നത്. ഞാന്‍ അനുഭവിച്ചത് വല്ലാത്തൊരു സുഖവും വേദനയും ആണ്. 

എന്റെ മാനസികാവസ്ഥ പറഞ്ഞാല്‍ ആര്‍ക്കും മനസിലായെന്ന് വരില്ല. എന്റെ ഷെഫിനെകൊണ്ട് ഇതൊന്ന് ടേസ്റ്റ് ചെയ്യിച്ചുനോക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ അദ്ദേഹത്ത കാത്തിരുന്നു ഉറങ്ങിപ്പോയി. ഒടുവില്‍  ഒരു ഒന്‍പത് മണിയോട് കൂടെ ഷെഫ് വന്നു.. എന്റെ കടിഞ്ഞൂല്‍ വിഭവത്തില്‍ നിന്നും ഒരു സ്പൂണ്‍ എടുത്ത് അദ്ദേഹം കഴിച്ചു, പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം മാറുന്നത് ഞാന്‍ കണ്ടു. എന്റെ കയ്യില്‍ പിടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു ഇത് ആരുണ്ടാക്കിയതാ.. ഇന്നലെ രാത്രി ഉറക്കം വരാഞ്ഞപ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കിയതാണെന്ന് ഞാന്‍ മറുപടിയും നല്‍കി.  ഇനി താന്‍ പാചകം ചെയ്താല്‍ മതി , ഇനി എനിക്കറിയാവുന്നതൊക്കെ ഞാന്‍ തനിക്ക് പഠിപ്പിച്ച് തരാം, ആ വലിയ മനുഷ്യന്റെ വാക്കുകളാണ് എന്റെ ജീവിതത്തില്‍  വഴിത്തിരിവായത്. പിന്നീടൊരു നാലുവര്‍ഷം അടുക്കള മാത്രമായിരുന്നു എന്റെ ലോകം.

എന്താണ് രസ ഗുരുകുല്‍

ഞാന്‍ പോലും അറിയാതെ രസ വളരുകയായിരുന്നു. ഇംഗ്ലണ്ടിലെ പല ഭാഗത്തും നിന്നും രസ തുടങ്ങി. കേരളത്തില്‍ നിന്നടക്കം പലരും  ഷെഫുമാരായി ഇംഗ്ലണ്ടിലെത്തി. അവര്‍ക്ക് പാചകമായിരുന്നില്ല പ്രധാന്യം, പലരും വിദേശത്ത് എത്താനുള്ള വെറും ഉപാധിയായാണ് പാചകത്തെ കണ്ടിരുന്നത്. ഇതിനൊരു പരിഹാരമായാണ് രസ തുടങ്ങുന്നത്. ഇവിടെ കുട്ടികളെ താമസിപ്പിച്ച് പാചകം പഠിപ്പിക്കുന്നുണ്ട്.

ഒരു വര്‍ഷത്തോളം നീണ്ട അലച്ചിലിനുശേഷമാണ് തൃശ്ശൂര്‍ മേലൂരില്‍ ചാലക്കുടി  പുഴയുടെ സമീപത്ത് രസ തുടങ്ങുന്നത്. കൊച്ചി രാജാവിന്റെ കാലം മുതല്‍ കൃഷിയ്ക്ക് ഏറ്റവും യോജിച്ച മണ്ണാണ് മേലൂരിലേത് എന്നാണ് പൊതുവെ പറഞ്ഞ് കേള്‍ക്കുന്നത്. ഇവിടെ എന്തും വളരുമെന്നാണ് ചരിത്ര കാരന്‍മാര്‍ പറയുന്നത്. രസയുടെ പച്ചക്കറി തോട്ടത്തില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് ഇവിടെ പാചകത്തിനുപയോഗിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന ഉരുളിയില്‍ ഇവിടുത്തെ ചക്കിലാട്ടുന്ന  എണ്ണയുപയോഗിച്ചാണ് രസയില്‍ ഓരോ വിഭവവും തയാറാകുന്നത്. കേരള വാസ്തുശാസ്ത്ര മാതൃകയിലുള്ള ഇവിടുത്തെ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പ്രശസ്ത ആര്‍ക്കിടെക്റ്റായ ജയന്‍ ബിലാത്തിക്കുളം ആണ്. 

പാട്ടുപാടാന്‍ കഴിവുവേണം, ചിത്രം വരയ്ക്കാനും പക്ഷേ  നന്നായി പാചകം ചെയ്യാന്‍ സ്‌നേഹമുള്ളൊരു മനസുമാത്രം മതി. 30 വര്‍ഷത്തെ ഇംഗ്ലണ്ടിലെ  ജീവിതം എന്നെ പഠിപ്പിച്ച വലിയ പാഠങ്ങളിലൊന്നാണ് ഇത്. 

30 ഏക്കറോളം വരുന്ന സ്ഥലത്ത്, ജാതിയും,പേരയും,ചാമ്പയും, നെല്ലിയും തണലിടുന്ന മുറ്റത്ത് കേരള വാസ്തുകലയുടെ തനിപ്പകര്‍പ്പില്‍ രസയെ കാണാം. പുലര്‍ച്ചെ ഇവിടുത്തെ കൂത്തമ്പലത്തില്‍  കണ്ണടച്ചിരുന്നാല്‍ കിളികളുടെ ശബ്ദം, തൊഴുത്തില്‍ നിന്നും പശുക്കളുടെ കരച്ചില്‍, സായാഹ്നത്തില്‍ ചാലക്കുടിപ്പുഴയില്‍ സിന്ദൂരം തൊട്ടുകൊണ്ട് സൂര്യാസ്തമയം.. രസ രുചിമാത്രമല്ല അനുഭവം കൂടിയാകുന്നത് ഇങ്ങനെയൊക്കെയാണ്.