QUESTIONഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചെയർമാൻ എന്ന നിലയിൽ എന്തിനൊക്കെയാവും താങ്കൾ മുൻഗണന നൽകുക?
രാജ്യത്ത് മൂന്നിൽ രണ്ടിലേറെ വിപണിവിഹിതമുള്ള ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് സ്ഥാപനമാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. സ്ഥാപനത്തിലെ ദീർഘവീക്ഷണമുള്ള മുൻകാല നേതൃത്വങ്ങളുടെ പാത പിന്തുടരാനാകുന്നത് മഹാഭാഗ്യമായി ഞാൻ കാണുന്നു. കഴിഞ്ഞ 62 വർഷംകൊണ്ട് വിപണിയുടെ മാറ്റം ഉൾക്കൊണ്ട് മുന്നേറിയിട്ടുണ്ട് എൽ.ഐ.സി. എന്നാൽ, ഇപ്പോൾ പണ്ടത്തേതിനെക്കാൾ വേഗത്തിലാണ് മാറ്റങ്ങൾ. ഇടപാടുകാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും നേട്ടങ്ങളും ഉണ്ടാക്കിക്കൊടുക്കുക എന്നതിനാവും ചെയർമാൻ എന്ന നിലയിൽ ഞാൻ മുൻതൂക്കം നൽകുക. മെച്ചപ്പെട്ട പ്രവർത്തനം, കുറഞ്ഞ ചെലവ് എന്നിവയിലൂടെ പുതിയ ബിസിനസ് മാതൃകകൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എൽ.ഐ.സി.യെ സംബന്ധിച്ചടത്തോളം മാനവശേഷിയാണ് ഏറ്റവും വലിയ ആസ്തി. അതിനാൽ, ഓരോ ജീവനക്കാരെയും കൂടുതൽ കരുത്തുറ്റവരാക്കി, അവരുടെ ഉത്പാദനക്ഷമത ഉയർത്താൻ പരിശ്രമിക്കും. 

QUESTIONഎൽ.ഐ.സി. ഇപ്പോൾ ഒരു നിക്ഷേപക സ്ഥാപനം കൂടിയാണ്. ഒട്ടേറെ കമ്പനികളിൽ ഓഹരിപങ്കാളിത്തമുള്ള, രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനമായി ഇത് വളർന്നു. നിക്ഷേപക സ്ഥാപനം എന്ന നിലയിൽ എന്തൊക്കെയാണ് പദ്ധതികൾ?
:വളരെയധികം നിക്ഷേപ ആസ്തികൾ ഉള്ള ഇൻഷുറൻസ് കമ്പനിയാണ് എൽ.ഐ.സി. ഉയർന്ന വിപണിവിഹിതം വഴി കൂടുതൽ പ്രീമിയം വരുമാനം സമാഹരിക്കാൻ കഴിയും. ഇത് മികച്ച മാർഗങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെയാണ് എൽ.ഐ.സി.യുടെ ആസ്തി വളരുന്നത്. ഇതിന്റെ പ്രയോജനം ലഭിക്കുക പോളിസി ഉടമകൾക്ക് തന്നെയാണ്. അനുവദിക്കപ്പെട്ട ചട്ടക്കൂടുകളിൽ നിന്നുകൊണ്ട് പോളിസിയുടമകൾക്ക് ഏറ്റവും കൂടുതൽ റിട്ടേൺ നേടിക്കൊടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 

QUESTIONഐ.ഡി.ബി.ഐ. ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികൾ ഇപ്പോൾ എൽ.ഐ.സി.യുടെ പക്കലാണ്. ആനിലയിൽ ബാങ്കിനെ ശക്തിപ്പെടുത്താൻ എന്തൊക്കെ തന്ത്രങ്ങളാണ് ആവിഷ്കരിച്ചിട്ടുള്ളത്? ബാങ്കിന് പങ്കാളിത്തമുള്ള ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐ.ഡി.ബി.ഐ. ഫെഡറൽ ലൈഫിനെ എൽ.ഐ.സി.യിൽ ലയിപ്പിക്കുമോ? അതോ അതിലെ ഓഹരി വിൽക്കുമോ?

:എൽ.ഐ.സി.യുടെ ബാങ്കിങ് പങ്കാളി (മുൻഗണനാ ബാങ്കർ) ആകാനുള്ള അവസരമാണ് ഐ.ഡി.ബി.ഐ. ബാങ്കിന് ഇപ്പോഴുള്ളത്. എൽ.ഐ.സി. ജീവനക്കാരുടെ ശമ്പള അക്കൗണ്ട്, എൽ.ഐ.സി. ഏജന്റുമാരുടെ അക്കൗണ്ടുകൾ, സ്ഥാപനത്തിന്റെ കളക്ഷൻ, റെമിറ്റൻസ് അക്കൗണ്ടുകൾ, പോളി ഉടമകളുടെ ലയബിലിറ്റി ബിസിനസ് എന്നിവ നേടാൻ ഐ.ഡി.ബി.ഐ. ബാങ്കിന് അവസരം കൈവന്നിരിക്കുകയാണ്. ഈ മേഖലകളിലേക്കെല്ലാം ബാങ്കിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ബാങ്കിന് എൽ.ഐ.സി.യിൽ നിന്നുള്ള ബിസിനസ് ഉയർത്താൻ വേണ്ടതെല്ലാം ചെയ്യും. 

ബാങ്കിന്റെ റീട്ടെയിൽ ബിസിനസ് ഉയർത്തുന്ന തരത്തിലുള്ള ഒട്ടേറെ അവസരങ്ങൾ മുന്നിലുണ്ട്. ഐ.ഡി.ബി.ഐ. ബാങ്കിന്റെ ശാഖകൾ എൽ.ഐ.സി.യുടെ നിലവിലുള്ള ഓഫീസ് ശൃംഖലയുമായി ബന്ധിപ്പിച്ച് ബിസിനസ് ഉയർത്താനും ഇടപാടുകാർക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. ബാങ്കുമായി ബാങ്കഷുറൻസ് ടൈ-അപ്പ് ഉണ്ടാക്കി. ഇതനുസരിച്ച് എൽ.ഐ.സി.യുടെ ഇൻഷുറൻസ് പോളിസികൾ ഐ.ഡി.ബി.ഐ. ബാങ്ക് ശാഖകളിലൂടെ ലഭ്യമാക്കാൻ തുടങ്ങി. ഏതാണ്ട് രണ്ടാഴ്ച കൊണ്ട് 12,016 പോളിസികളാണ് ഇത്തരത്തിൽ വിറ്റത്. 54.38 കോടി രൂപയുടെ പ്രീമിയംവരുമാനം മാർച്ച് ഒന്നു മുതൽ 15 വരെയുള്ള കാലയളവിൽ നേടി. എൽ.ഐ.സി.യുടെ കോർപ്പറേറ്റ് ഏജന്റ് എന്ന നിലയിൽ 2019-20 മുതൽ ഫീസ് അധിഷ്ഠത വരുമാനം ഉയർത്താൻ ബാങ്കിന് കഴിയും. എൽ.ഐ.സി.യുടെ പോളിസികൾ ബാങ്കിന്റെ 1,887 ശാഖകളിലൂടെ വിൽക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 

ഐ.ഡി.ബി.ഐ. ഫെഡറൽ ലൈഫിന്റെ ലയനം സംബന്ധിച്ച് കാര്യങ്ങൾ വിലയിരുത്തിവരുന്നതേയുള്ളൂ. ലയനംകൊണ്ട് ഉണ്ടാകാവുന്ന നേട്ടങ്ങൾ, പ്രത്യാഘാതങ്ങൾ, നടപടിക്രമങ്ങൾ എന്നിവയൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്. ഓഹരിയുടമകൾക്കും പോളിസി ഉടമകൾക്കും ഗുണകരമാകുന്ന തരത്തിലായിരിക്കും അന്തിമതീരുമാനം. ഇന്ത്യയിൽ ഇപ്പോഴും ഇൻഷുറൻസ് സാന്ദ്രത വളരെ കുറവാണ്. 

QUESTIONഎൽ.ഐ.സി.യുടെ മാനേജിങ് ഡയറക്ടർ എന്ന നിലയിൽ ഈ രംഗത്ത് എന്തൊക്കെ സാധ്യതകളാണ് താങ്കൾ കാണുന്നത്?
:അവസരങ്ങളും സാധ്യതകളും അതിശയപ്പിക്കുന്നതാണ്. എൽ.ഐ.സി.ക്ക്‌ മാത്രമല്ല, ഇവിടെയുള്ള ഓരോ ലൈഫ് ഇൻഷുറൻസ് കമ്പനികൾക്കും അനന്തമായ സാധ്യതകളുണ്ട്. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് അനുസരിച്ച് ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിലും വളർച്ചയുണ്ടാകണം. ഇൻഷുറൻസിന്റെ ആവശ്യകതയെക്കുറിച്ച് ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോഴും അവബോധം കുറവാണ്. 
മെട്രോ നഗരങ്ങൾ, മറ്റു നഗരങ്ങൾ എന്നിവിടങ്ങളിൽ പോലും ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയില്ല. 

ഉള്ളവർക്ക് പലർക്കും ആവശ്യമായ ഇൻഷുറൻസ് കവറേജിന്റെ അപര്യാപ്തതയുണ്ട്. ഒരൊറ്റ സ്വഭാവമുള്ള വിപണിയായി ഇന്ത്യയെ കാണുന്നത് നിർത്തണം. പല തരത്തിലുള്ള കൂട്ടായ്മകൾ ചേർന്നതാണ് ഇന്ത്യൻ വിപണി. ഇവിടെ ഓരോരുത്തരുടെയും ഇൻഷുറൻസ് ആവശ്യകത വ്യത്യസ്തമാണ്. 

ഓരോ കൂട്ടർക്കും ആവശ്യമായ തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിച്ചാൽ മാത്രമേ ഇൻഷുറൻസ് സാന്ദ്രത ഉയർന്ന തലത്തിൽ എത്തിക്കാനാകുകയുള്ളൂ. ആവശ്യമായ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും കുറഞ്ഞ നിരക്കിൽ ആവശ്യത്തിന് സാമ്പത്തിക പരിരക്ഷ ലഭ്യമാക്കുകയുമാണ് എൽ.ഐ.സി.യുടെ ലക്ഷ്യം തന്നെ. അത് നേടിക്കൊടുക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരുമാണ്. 


QUESTIONഒട്ടേറെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ വന്നിട്ടും ഉയർന്ന വിഹിതവുമായി എൽ.ഐ.സി. തന്നെയാണ് മാർക്കറ്റ് ലീഡർ. വിപണിവിഹിതം ഉയർത്താനാണോ വരുമാനം വർധിപ്പിക്കാനാണോ എൽ.ഐ.സി.യുടെ എം.ഡി. എന്ന നിലയിൽ പ്രാധാന്യം നൽകുക?
:കൂടുതൽ വിപണിവിഹിതം ലഭിക്കുന്നതും ലാഭക്ഷമത ഉയർത്തുന്നതും പരസ്പരപൂരകങ്ങളാണ്. നേരത്തെ പറഞ്ഞതുപോലെ, രാജ്യത്ത് ഇൻഷുർ ചെയ്യപ്പെടേണ്ട എല്ലാവർക്കും ലൈഫ് ഇൻഷുറൻസ് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 2048 ശാഖകളിലൂടെയും 11 ലക്ഷത്തിലേറെ ഏജന്റുമാരിലൂടെയും ഏതാനും വാണിജ്യ ബാങ്കുകളുമായുള്ള സഹകരണത്തിലൂടെയും ഈ ലക്ഷ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു.

ഒരു ലക്ഷത്തോളം ജീവനക്കാരുടെ പിന്തുണയാണ് മറ്റൊരു കരുത്ത്. പോളിസി ഉടമകൾക്ക് ഉയർന്ന ലാഭക്ഷമത ഉറപ്പുവരുത്തുന്ന പോളിസി മിക്സ് ഒരുക്കുകയും സുസ്ഥിരമായ ബിസിനസ് വളർച്ച നേടുകയും എൽ.ഐ.സി.യുടെ ലക്ഷ്യത്തിൽ പെടുന്നു. 


QUESTIONകേരള വിപണിയുടെ പ്രകടനം എങ്ങനെയുണ്ട്? ഈ വിപണിക്കായി എന്തെങ്കിലും പുതിയപദ്ധതികളുണ്ടോ?
:ഉയർന്ന സാക്ഷരതയും അവബോധവുമുള്ള കേരളം ലൈഫ് ഇൻഷുറൻസിൽ മികച്ച പ്രകടനം നടത്തുന്ന വിപണിയാണ്. ഒപ്പം, ഇനിയുമേറെ സാധ്യതകളുമുണ്ട്. 
ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണ് കേരളത്തിലെ ജനസംഖ്യയെങ്കിലും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 3.78 ശതമാനമാണ് ഈ ചെറുസംസ്ഥാനത്തിന്റെ വിഹിതം. 

ഇൻഷുറൻസ് സാന്ദ്രത ദേശീയ ശരാശരിയെക്കാൾ മേലെയാണ് കേരളത്തിൽ. നടപ്പുസാമ്പത്തിക 
വർഷം മാർച്ച് 15 വരെയുള്ള കാലയളവിൽ അഞ്ചു ലക്ഷത്തിലേറെ പോളിസികൾ വിറ്റ് 1,413 കോടി രൂപയുടെ ആദ്യ പ്രീമിയം വരുമാനം നേടിയിട്ടുണ്ട്. 
സാമ്പത്തിക വർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി ശേഷിക്കുന്നതിനാൽ, ഇത് ഇനിയും കൂടുമെന്ന് ഉറപ്പാണ്. എൻ.ആർ.ഐ.കൾ ഏറെയുള്ളതിനാൽ പെൻഷൻ പോളിസികൾക്ക് ശക്തമായ ഡിമാൻഡുള്ള വിപണിയാണ് ഇത്. വിതരണ ശൃംഖലയും ഉപഭോക്തൃ സേവന സംവിധാനങ്ങളും ശക്തിപ്പെടുത്തി കേരളത്തിലെ സ്വാധീനം കൂടുതൽ ദൃഢമാക്കും. 

എം.ആർ. കുമാർ
പാലക്കാട് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. എൽ.ഐ.സി.യിൽ 2017 ഏപ്രിൽ മുതൽ ഡൽഹി, ഹരിയാണ, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ചണ്ഡീഗഢ്‌ എന്നിവ അടങ്ങുന്ന വടക്കൻ മേഖലയുടെ തലവനായിരുന്നു. അതിന് മുമ്പ് പെൻഷൻ, ഗ്രൂപ്പ് സ്കീമുകൾ എന്നിവയുടെയും മുംബൈയിൽ കേന്ദ്ര ഓഫീസിൽ പെഴ്‌സണൽ വിഭാഗത്തിന്റെയും ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചു. ചെന്നൈയിൽ ദക്ഷിണ മേഖലയുടെയും കാൺപൂരിൽ വടക്ക്-മധ്യ മേഖലയുടെയും ചുമതല വഹിച്ചിട്ടുണ്ട്. എറണാകുളം, അഹമ്മദാബാദ് ഡിവിഷനുകളുടെ മേധാവിയായും പ്രവർത്തിച്ചു.

ടി.സി. സുശീൽ കുമാർ
പാലക്കാട് വടക്കന്തറ തരവനാട്ട് കുടുംബാംഗം. 2016 ഏപ്രിൽ മുതൽ എൽ.ഐ.സി.യിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ അടങ്ങുന്ന ദക്ഷിണ-മധ്യമേഖലയുടെ തലവനായിരുന്നു. കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റിന്റെയും കേന്ദ്ര ഓഫീസിൽ ബാങ്കഷുറൻസിന്റെയും ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. എൽ.ഐ.സി. മൗറീഷ്യസിന്റെ മേധാവിയായിരുന്നു. 
പരേതനായ ചന്ദ്രശേഖരൻ കുട്ടിയുടെയും ജാനകിയമ്മയുടെയും മകൻ. ഭാര്യ: മായ. മക്കൾ: ഗൗതം, ഗായത്രി.

roshan@mpp.co.in