പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി വാഹന (പ്രീമിയം എസ്.യു.വി.) വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ‘ജീപ്പ് കോമ്പസ്’. 
എട്ടുമാസം കൊണ്ട് 20,000 യൂണിറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. കയറ്റുമതി കൂടി കണക്കിലെടുത്താൻ ഇന്ത്യയിലെ ഉത്പാദനം 25,000 കടന്നിട്ടുണ്ട്. ‘ജീപ്പ്’ എന്ന പേരിന് ഇന്ത്യയിലുള്ള സ്വീകാര്യത മികച്ച അവസരമായി കണക്കാക്കുന്നുവെന്ന് ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ് (എഫ്.സി.എ.) ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ലിൻ പറയുന്നു. ‘മാതൃഭൂമി’ക്കും ‘ക്ലബ്ബ് എഫ്.എമ്മി’നും അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 

QUESTIONഇന്ത്യക്കാർ എസ്.യു.വി.കളെ പൊതുവിൽ ‘ജീപ്പ്‌’ എന്നാണ് വിളിക്കുന്നത്. ഇത് ജീപ്പ് കോമ്പസിന് വെല്ലുവിളിയാകുന്നുണ്ടോ?

1941-ൽ പുറത്തിറക്കിയ ‘വില്ലിസ് ജീപ്പി’ന്റെ പേര് പിന്നീട് പ്രത്യേക വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെ പൊതുവായ പേരായി മാറി. നിരവധി വില്ലിസ് ജീപ്പുകൾ രാജസ്ഥാനിലടക്കം ഇപ്പോഴും ഓടുന്നുണ്ടെന്ന് അത്ഭുതകരമാണ്. ഞങ്ങളുടെ ബ്രാൻഡാണിത്. ഞങ്ങളാണ് അത് നിർമിച്ചത്. ജീപ്പെന്ന പേരിന് ഇന്ത്യയുടെ സ്വീകാര്യത ഒരു തടസ്സമായല്ല, മികച്ച അവസരമായാണ് കാണുന്നത്. ജീപ്പ് കോമ്പസിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്.

QUESTIONഎസ്.യു.വി.ക്ക്‌ സ്വീകാര്യത കൂടിവരികയാണല്ലോ?

സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കുള്ള സ്വീകാര്യത ലോകംമുഴുവൻ വർധിച്ചുവരികയാണ്. സാഹസികമായ നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നതാണ് സ്വീകാര്യതയ്ക്ക് പിന്നിൽ. കുടുംബവുമൊത്ത് യാത്രചെയ്യാൻ ഏറ്റവും സുഖകരമാണ് ഈ വാഹനങ്ങൾ.

QUESTIONഎത്രത്തോളം ‘മെയ്ഡ് ഇൻ ഇന്ത്യ’യാണ് ഇവിടെ നിർമിക്കുന്ന ജീപ്പ് കോമ്പസ്?

പുണെയിലെ പ്ലാനിൽ 65 ശതമാനവും തദ്ദേശീയമായാണ് ജീപ്പ് കോമ്പസ് നിർമിക്കുന്നത്. ഇത് 75 ശതമാനത്തിലേക്ക് ഉയർത്തും. ഇന്ത്യയിൽ നിർമിക്കുന്ന ജീപ്പ് കോമ്പസ് അന്താരാഷ്ട്ര ഗുണനിലവാരത്തിലാണ് നിർമിക്കുന്നത്. പുണെയിലെ ഫാക്ടറിയിൽ നിന്നുള്ള വാഹനം ടോക്യോ, ലണ്ടൻ, മെൽബൺ, സിഡ്‌നി, ജോഹന്നസ്‌ബെർഗ് എന്നിവിടങ്ങളിലൊക്കെ കാണാം. 

QUESTIONഎഫ്.സി.എ. ഇന്ത്യ ടീമിന്റെ പ്രവർത്തനം?

പുണെയിലെ രഞ്ജൺഗാവിലാണ് ഫിയൽ ക്രൈസ്ലറിന്റെ പ്ലാന്റ്. ചെന്നൈയിൽ എൻജിനീയറിങ് സെന്ററുമുണ്ട്. 
ജീപ്പ് കോംപസ് വിപണിയിലെത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യൻ ടീം വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എൻജീനിയർമാർ അടക്കമുള്ള ഇന്ത്യൻ ടീം അർപ്പണ മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. 

QUESTIONഏതാണ് അടുത്ത മോഡൽ?

 അതേക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. ഏതായാലും, ജീപ്പ് കോമ്പസിന്റെ വിൽപ്പനയിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ത്യൻ വിപണിയിൽ കഴിവു തെളിയിച്ചുകഴിഞ്ഞു. ഒപ്പം വികസിത വിപണികളിലും ഇന്ത്യയിൽ നിർമിച്ച വാഹനം കയറ്റുമതി ചെയ്യുന്നുണ്ട്. ഭാവിയിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.