നഷ്ടസാധ്യത കുറയ്ക്കുക എന്നതാണ് ഇൻഷുറൻസിന്റെ ഉദ്ദേശ്യം. അതായത്, നല്ലതുപോലെ റിസ്ക് ഉള്ള ബിസിനസ്സാണ് ഇൻഷുറൻസ്. ഭീമമായ റിസ്ക് ഉള്ള ഇൻഷുറൻസ് കമ്പനികൾക്ക് പരിരക്ഷ നൽകുന്നതാണ് ബിസിനസ്സെങ്കിലോ? ആ റിസ്കിന്റെ തോതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ? റീ ഇൻഷുറൻസ് എന്നാണ് ഇൻഷുറൻസിന് ഇൻഷുറൻസ് ഒരുക്കുന്ന മേഖലയെ പറയുന്നത്. ലോകത്തിലെ പന്ത്രണ്ടാമത്തെ വലിയ റീ ഇൻഷുറൻസ് കമ്പനിയാണ് ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ (ജി.ഐ.സി.).

ആലിസ് ജി. വൈദ്യൻ
പൊതുമേഖലാ റീ ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജി.ഐ.സി.)യുടെ ചെയർമാനും മാനേജിങ് ഡയറക്ടറും. ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത. 

സ്വദേശം: മാവേലിക്കര. ഇടവൂർ കുടുംബത്തിൽ എം. ഈശോയുടെയും തങ്കമ്മ ഈശോയുടെയും മകൾ. 

വിദ്യാഭ്യാസം: ഇരിങ്ങാലക്കുട സെയ്‌ന്റ് ജോസഫ്‌സ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും. അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. 

കരിയർ: 1983-ൽ ന്യൂ ഇന്ത്യ അഷുറൻസിൽ ഡയറക്ട് റിക്രൂട്ട്‌മെന്റ് ഓഫീസറായാണ് തുടക്കം. 

നടക്കാതെ പോയ സ്വപ്നം: ഡോക്ടർ ആകണമെന്നത്.

ഒഴിവുവേളകൾ: ഏതാനും ദിവസം അടുപ്പിച്ച് അവധി കിട്ടുമ്പോഴൊക്കെ നാട്ടിലേക്ക് വരാൻ ശ്രമിക്കാറുണ്ട്.

സംഗീതം: കുട്ടിക്കാലത്ത് സംഗീതം പഠിച്ചിട്ടുണ്ട്. പിന്നീട്, കുട്ടികളോടൊത്ത് പിയാനോയും പഠിച്ചു. 

റിട്ടയർമെന്റിന് ശേഷം: പിയാനോ കച്ചേരി നടത്തണം. പിന്നെ അലമാരയിൽ കൂട്ടിവച്ചിരിക്കുന്ന പുസ്തകങ്ങളെല്ലാം വായിച്ചുതീർക്കണം. 

കുടുംബം: എസ്.ബി.ഐ.യിൽ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി വിരമിച്ച ഡോ. എം. ഗീവർഗീസ് വൈദ്യനാണ് ഭർത്താവ്. അദ്ദേഹം ഇപ്പോൾ ടാറ്റ ട്രസ്റ്റിൽ പ്രവർത്തിക്കുന്നു. മക്കൾ: സാറ (ബോസ്റ്റൺ കൺസൾട്ടിങ്), സൂസൻ (മുംബൈ കത്തീഡ്രൽ സ്കൂളിൽ അധ്യാപിക), മാത്യു (ഡെലോയിറ്റ്).

പത്താം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് ഈ പൊതുമേഖലാ സ്ഥാപനം ഇപ്പോൾ. ആ കുതിപ്പിൽ ജി.ഐ.സി. യെ മുന്നിൽ നിന്ന് നയിക്കുന്നതാകട്ടെ ഒരു മലയാളി വനിതയാണ്. മാവേലിക്കര സ്വദേശി ആലിസ് ജി. വൈദ്യൻ. ഇന്ത്യയിലെ മൂന്നാമത്തെ വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) വിജയകരമായി നയിച്ചതിന്റെ നിറവിലാണ് ജി.ഐ.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആലിസ് വൈദ്യൻ. 11,370 കോടി രൂപയാണ് 2017 ഒക്ടോബറിൽ നടന്ന ഐ.പി.ഒ.യിലൂടെ ജി.ഐ.സി. സമാഹരിച്ചത്. ഇന്ത്യയിൽ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവും ഇതാണ്.  

QUESTIONജി.ഐ.സി. ഒരു ബഹുരാഷ്ട്ര കമ്പനിയായി വളരുകയാണോ?
ഇന്ത്യയിലെ ഏറ്റവും വലിയ റീ ഇൻഷുറൻസ് കമ്പനിയായി നിലകൊള്ളുമ്പോഴും ഞങ്ങളുടെ മൊത്തം ബിസിനസ്സിന്റെ 25-30 ശതമാനവും വിദേശങ്ങളിൽ നിന്നാണ്. ഇത് 40 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. ലണ്ടൻ, ദുബായ്, മലേഷ്യ, മോസ്‌കോ എന്നിവിടങ്ങളിൽ ഓഫീസുണ്ട്. ഏതാനും രാജ്യങ്ങളിൽ അവിടത്തെ റീ ഇൻഷുറൻസ് കമ്പനികളിൽ ഓഹരിപങ്കാളിത്തവുമുണ്ട്. 
ലോകത്തിലെ ഏറ്റവും വലിയ റീ ഇൻഷുറൻസ് വിപണിയായ ലണ്ടനിലെ ലോയ്ഡ്‌സിന്റെ സിൻഡിക്കേറ്റിന്റെ അംഗമാകുകയാണ് ഈ വർഷം ജി.ഐ.സി. ഇത് അന്താരാഷ്ട്ര ബിസിനസ് വളരാൻ സഹായിക്കും. റീ ഇൻഷുറൻസ് രംഗത്തെ അന്താരാഷ്ട്ര ഹബ്ബാക്കി ഇന്ത്യയെ മാറ്റുകയാണ് ജി.ഐ.സി.യുടെ ലക്ഷ്യം. 

QUESTIONറീ ഇൻഷുറൻസിന്റെ ലോകത്ത് എങ്ങനെയാണ് എത്തിയത്?
ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. ബിരുദം വരെ ശാസ്ത്രമായിരുന്നു വിഷയം. ബിരുദാനന്തര ബിരുദമായപ്പോൾ ലിറ്ററേച്ചർ എടുത്തു. 1983-ൽ ന്യൂ ഇന്ത്യ അഷുറൻസിൽ ഡയറക്ട് റിക്രൂട്ട്‌മെന്റ് ഓഫീസറായി. 2008-ലാണ് ജി.ഐ.സി.യിലേക്ക് എത്തുന്നത്. അതോടെയാണ് റീ ഇൻഷുറൻസ് മേഖലയെക്കുറിച്ച് പഠിക്കാൻ തുടങ്ങിയത്. പണ്ടു പഠിച്ച ശാസ്ത്രപാഠങ്ങൾ അത് എളുപ്പമാക്കി.

QUESTIONറിസ്കുകളെക്കുറിച്ചാണോ ഇപ്പോഴത്തെ ചിന്ത മുഴുവൻ?
ഇൻഷുറൻസ് രംഗത്ത് പുതിയ പുതിയ റിസ്കുകൾ വന്നുകൊണ്ടിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ രണ്ടെണ്ണത്തിന്റെ വിമാനങ്ങൾ, അതും അമേരിക്കൻ വിമാനങ്ങൾ ഭീകരർ റാഞ്ചിക്കൊണ്ടുപോയി ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്റിൽ ഇടിച്ചുകയറ്റുന്നത് അന്നുവരെ ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്തതായിരുന്നു. ദുരന്തങ്ങൾ നമ്മുടെ സങ്കൽപ്പങ്ങൾക്കും മീതെയാണ്. ഇത്തരത്തിലുള്ള ദുരന്ത സാധ്യതകൾ സദാ നിരീക്ഷിക്കുക എന്നത് ഇൻഷുറൻസ് രംഗത്ത്, പ്രത്യേകിച്ച് റീ ഇൻഷുറൻസ് രംഗത്ത് ആവശ്യമാണ്. നഷ്ടസാധ്യത കുറയ്ക്കുന്നതിനും അവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിനും ഇവ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കും. ഒരു വിമാനക്കമ്പനിയുടെ, അല്ലെങ്കിൽ വിമാനത്തിന്റെ ഇൻഷുറൻസ് കണക്കാക്കുമ്പോൾ അതുണ്ടാക്കാനിടയുള്ള ഏറ്റവും ഭീമമായ നഷ്ടസാധ്യതയെക്കുറിച്ചും കംപ്യൂട്ടറിന്റെ സഹായത്തോടെ കണക്കാക്കും. ഉദാഹരണത്തിന്, അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള യാത്രികരുമായി രണ്ടു വിമാനങ്ങൾ മാൻഹാട്ടൻ നഗരത്തിനു മീതെ പതിച്ചാൽ അതുയർത്തുന്ന നഷ്ടം എത്രയായിരിക്കുമെന്നു ചിന്തിച്ചുനോക്കൂ.

QUESTIONറീ ഇൻഷുറൻസ് രംഗത്തെ പുതിയ തരം റിസ്കുകൾ എന്തൊക്കെയാണ്?
സൈബർ റിസ്ക് ഉൾപ്പെടെ ഒട്ടേറെ പുതിയ റിസ്കുകൾ വളർന്നുവരികയാണ്. ഭീകരവാദമാണ് മറ്റൊരു വലിയ ദുരന്തം. 

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ ഇടയിലുള്ള ആദ്യ ഐ.പി.ഒ. (പ്രാഥമിക ഓഹരി വിൽപ്പന) ആയിരുന്നല്ലോ ജി.ഐ.സി.യുടേത്?
പൊതുമേഖലയിലെ ഏറ്റവും ശക്തമായ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനി എന്ന നിലയിലാണ് ജി.ഐ.സി.യുടെ ഐ.പി.ഒ. ആദ്യമെത്തുന്നത്. ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നു. ഇൻഷുറൻസ് കമ്പനികൾ ഐ.പി.ഒ.യുമായി വിപണിയിലെത്താൻ തുടങ്ങിയിട്ടേയുള്ളൂ. ഈയൊരു സമയത്താണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നുമായി ഞങ്ങളെത്തിയത്. പല അർത്ഥത്തിലും കമ്പനികളെ സംബന്ധിച്ചടത്തോളം ഐ.പി.ഒ. നല്ലതാണ്. കമ്പനിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും സ്ഥിരതയാർന്ന പ്രകടനം ഉറപ്പാക്കാനുമൊക്കെ ഐ.പി.ഒ. സഹായിക്കും. 

QUESTIONആദ്യ പത്തിൽ എപ്പോഴെത്തും?
ആഗോള റീ ഇൻഷുറൻസ് കമ്പനികളുടെ ഇടയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ജി.ഐ.സി. ഇപ്പോൾ. ഈ വർഷം മാർച്ചോടെ ആദ്യ പത്തിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. 

roshan@mpp.co.in