ധീരജ് റെല്ലിരാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് ഈയിടെ കേരളത്തില്‍ 150-ാമത്തെ ശാഖ തുറന്നു. കൊച്ചിക്ക് സമീപം കാക്കനാട്ട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലാണ് 150-ാമത് ശാഖ തുറന്നത്. 1997-ല്‍ രവിപുരത്ത് സംസ്ഥാനത്തെ ആദ്യ ശാഖ തുറന്ന എച്ച്.ഡി.എഫ്.സി. ബാങ്ക് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടാണ് വന്‍തോതില്‍ വളര്‍ന്നത്. 


കേരളം ഇന്ന് സുപ്രധാന വിപണികളിലൊന്നാണെന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിങ് മേധാവിയും സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ധീരജ് റെല്ലി 'മാതൃഭൂമി ധനകാര്യ' ത്തോട് പറഞ്ഞു. 

കേരളത്തില്‍ ശാഖകളുടെ എണ്ണം ഇനിയും ഉയര്‍ത്താന്‍ പദ്ധതിയുണ്ടോ?
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും ബാങ്കിങ് സേവനങ്ങള്‍ എത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനാലാണ് ശാഖകളുടെ എണ്ണം 150-ലെത്തിച്ചിരിക്കുന്നത്. ഒന്നര-രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 200-ലെത്തിക്കുകയാണ് ലക്ഷ്യം. 

എച്ച്.ഡി.എഫ്.സി. ബാങ്കിന് കേരളം എത്രത്തോളം പ്രധാനപ്പെട്ട വിപണിയാണ്?
ഏതാണ്ട് 17,000 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള ബിസിനസ്. ദേശീയ ശരാശരിയെക്കാള്‍ വളരെ ഉയരെയാണ് കേരളത്തിലെ വായ്പാ-നിക്ഷേപ അനുപാതം. 110 ശതമാനത്തിന് മേലെയാണ് ഇത്. അതായത്, കേരളത്തിലെ ഇടപാടുകാരില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തെക്കാള്‍ കൂടുതല്‍ തുക ഇവിടെ വായ്പയായി നല്‍കുന്നു. ഏതാണ്ട് 8,000 കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കുമ്പോള്‍ 9,000 കോടി രൂപ വായ്പയായി നല്‍കുന്നു. 

ആര്‍ക്കൊക്കെയാണ് ഏറ്റവുമധികം വായ്പ നല്‍കുന്നത്?
കേരളത്തില്‍ റീട്ടെയില്‍ വായ്പയാണ് കൂടുതല്‍. വാഹന വായ്പ, ഗോള്‍ഡ് ലോണ്‍, വ്യക്തിഗത വായ്പ എന്നിവയൊക്കെ ഇതില്‍ പെടുന്നു. കാര്‍ഷിക വായ്പ നല്‍കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. 

വിദേശ ഇന്ത്യക്കാരില്‍ നിന്നുള്ള നിക്ഷേപം എത്രത്തോളമാണ്?
പ്രവാസികള്‍ ഏറെയുള്ള നാട് എന്ന നിലയില്‍ എന്‍.ആര്‍.ഐ. ബിസിനസ് കേരളത്തില്‍ വളരെ കൂടുതലാണ്. കേരളത്തിലെ മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്നും എന്‍.ആര്‍.ഐ. നിക്ഷേപമാണ്. ഏതാണ്ട് 2,200 കോടി രൂപ വരും ഇത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയില്‍ എത്രമാത്രം മുന്നേറിയിട്ടുണ്ട് മൊത്തം ഇടപാടുകളില്‍ 55-60 ശതമാനവും ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ ആണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഈ വളര്‍ച്ച കൈവരിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ മൊബൈല്‍ ആപ് വഴിയുള്ള ബാങ്കിങ്ങിലേക്ക് തിരിയുമെന്നാണ് കരുതുന്നത്. മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് ഏതു സമയവും പണം അയയ്ക്കാന്‍ സഹായിക്കുന്ന 'ചില്ലര്‍' മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബാങ്ക് ഇപ്പോള്‍. സാധാരണ പണ കൈമാറ്റ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ചില്ലര്‍ വഴി പണമയയ്ക്കാന്‍ ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ അറിയേണ്ടതില്ല. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ മാത്രമാണ് അറിയേണ്ടത്.