മാസവരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച് സമ്പത്തുണ്ടാക്കാനുള്ള പ്രയത്നത്തിൽ ഭൂരിഭാഗം മലയാളികളും ആഗ്രഹിക്കുന്നതാണ് അധികവരുമാനത്തിനുള്ള മാർഗങ്ങൾ. ചിലർ പാർട്ട് ടൈം ജോലിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോൾ ഭൂരിഭാഗവും കുറുക്കുവഴികളുടെ പിറകേ പോകുന്നു. കമ്മിഷൻ കച്ചവടവും ഇടനില ബിസിനസ്സുമായി കുരുക്കിലകപ്പെടുന്നവരും നിരവധി. എന്നാൽ അധികവരുമാനത്തിന് ഏവർക്കും ആശ്രയിക്കാവുന്ന ഒരു മാർഗമുണ്ട്. വീട്ടിലിരുന്ന് തുടങ്ങാവുന്ന ലഘു ബിസിനസ് ആണത്. 

സ്വന്തം അടുക്കളയോ സ്വീകരണ മുറിയോ ഫാക്ടറിയാക്കി, നാട്ടുപരിസരത്തെ വിപണിയാക്കി, സുഹൃത്തുക്കളെയും പരിചയക്കാരെയും ഉപഭോക്താക്കളാക്കി ചെറുബിസിനസ്സുകൾ തുടങ്ങി, വളർത്തി വലുതാക്കാൻ മുമ്പെങ്ങുമില്ലാത്ത അവസരങ്ങളാണ് കേരളത്തിലിപ്പോൾ. ഇത്തരം ബിസിനസ്സുകൾ തുടങ്ങാൻ ഏറ്റവും ആദ്യം വേണ്ടത് സമയമാണ്. കൈവശമില്ലെന്ന് മലയാളികളായ നാമൊക്കെ ഏറ്റവും കൂടുതൽ അഭിനയിക്കുന്നതും അതാണ്. ദിവസം ഏതാനും മണിക്കൂറുകൾ മാറ്റിവയ്ക്കാനുണ്ടെങ്കിൽ കുടുംബത്തിന് അധികവരുമാനമുണ്ടാക്കാൻ വഴികൾ ഏറെയാണ്. 

വീട്ടമ്മമാർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ മുൻകൈ എടുക്കാൻ കഴിയുക. കേരളത്തിലെ വീട്ടമ്മമാരിൽ ഏറെയും വിദ്യാസമ്പന്നരാണ്. വിവാഹത്തോടെ ജോലി ഉപേക്ഷിക്കുന്നവരും നിരവധി. കുട്ടികളായാൽ പിന്നെ അവരുടെ കാര്യങ്ങൾ നോക്കാൻ വീട്ടിൽ തന്നെ ഒതുങ്ങിക്കഴിയുന്നവരുമുണ്ട്. കുട്ടികൾ വളർന്ന് വലുതായാൽ പിന്നെ ശൂന്യതയാണ്. ഭർത്താവ് ജോലിക്കും കുട്ടികൾ സ്കൂളിലും പോയാൽ കൈനിറയെ ഒഴിവുസമയം. അലസമായി പാഴാക്കുന്ന ഇത്തരത്തിലുള്ള സമയത്തെ ലഘു ബിസിനസ്സുകൾക്കായി പ്രയോജനപ്പെടുത്തി കൈനിറയെ വരുമാനമുണ്ടാക്കുന്ന നിരവധിപ്പേരുണ്ട്.

കോട്ടയത്തെ ഒരു ഹൗസിങ് കോളനിയിൽ താമസിക്കുന്ന റീനയുടെ മാസ വരുമാനം പതിനായിരങ്ങളാണ്. ചുറ്റുപാടുമുള്ള മുപ്പതിലേറെ വീട്ടുകാർ അതിഥികൾ എത്തിയാൽ ഭക്ഷണത്തിനായി റീനയെ വിളിക്കും. 12 മണിക്കൂർ മുമ്പെങ്കിലും വിളിച്ചുപറയണം. 15 പേർക്കുവരെയുള്ള ഭക്ഷണം റീന റെഡിയാക്കി വൃത്തിയുള്ള പാത്രത്തിലാക്കി ഡൈനിങ് ടേബിളിൽ വിളമ്പാൻ പാകത്തിന് നൽകും. സ്വന്തം അടുക്കള തന്നെ റീനയുടെ ഫാക്ടറി. മുടക്കുമുതൽ സ്വന്തം കൈപ്പുണ്യം മാത്രം. അതിഥികൾ അറിയുകപോലുമില്ല ഭക്ഷണം പുറത്തുനിന്ന് വാങ്ങിയതാണെന്ന്. 

കപ്പ് കേക്കാണ് സ്മിതയെ ലക്ഷാധിപതിയാക്കിയത്. 70 ഓളം ബേക്കറികളിൽ സ്ഥിരമായി സപ്ലൈ ചെയ്യുന്നു. ഹോം മെയ്ഡ് ചോക്ലേറ്റാണ് സുലേഖയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത്. സ്വന്തമായി ഫേസ്ബുക്ക് പേജ് തുടങ്ങി ലോകമെമ്പാടുമുള്ള മലയാളികൾക്ക് വൈവിധ്യമാർന്ന ചോക്ലേറ്റുകൾ സുലേഖ വിൽക്കുന്നു. വീട്ടമ്മമാർക്ക് മാത്രമല്ല അധ്വാനിച്ച് പണമുണ്ടാക്കാൻ താത്പര്യമുള്ള ആർക്കും ഇതുപോലുള്ള അവസരങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്താം.

ഏതു ബിസിനസ് തുടങ്ങണം?

നിങ്ങൾക്ക് തുടങ്ങാവുന്ന ബിസിനസ് ഏതാണ്? അത് നിങ്ങൾതന്നെ കണ്ടുപിടിക്കണം. നിങ്ങൾക്ക് തുടങ്ങാവുന്ന ബിസിനസ് ഏതെന്ന് ആർക്കുവേണമെങ്കിലും പറഞ്ഞുതരാൻ പറ്റും. പക്ഷേ, നിങ്ങൾക്ക് യോജിക്കുന്ന, നിങ്ങൾക്ക് വിജയിപ്പിക്കാൻ കഴിയുന്ന ബിസിനസ് ഏതെന്ന് മറ്റാർക്കും പറഞ്ഞുതരാൻ കഴിയില്ല. മറ്റാരെങ്കിലും പറഞ്ഞുതരുന്ന ആശയംകൊണ്ട് ബിസിനസ് തുടങ്ങിയാൽ അത് വിജയിക്കണമെന്നില്ല. ഏതു ബിസിനസ്സിലേക്ക് ഇറങ്ങിയാലും അത് നിങ്ങൾക്ക് ചിരപരിചിതമായ മേഖലയാണെങ്കിൽ വളരെ നല്ലത്. നിങ്ങൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയുന്നതാണെങ്കിൽ വളരെ നല്ലത്. പണമുണ്ടാക്കാൻ വേണ്ടി മാത്രമാകരുത് നിങ്ങൾ ബിസിനസ് തുടങ്ങേണ്ടത്. പകരം നിങ്ങൾ ലക്ഷ്യമിടേണ്ടത് വിജയത്തെയാണ്. സ്വന്തം സംരംഭം വിജയിപ്പിക്കാനാണ് നിങ്ങൾ അദ്ധ്വാനിക്കേണ്ടത്. വിജയം ഉറപ്പിക്കാനായി പ്രയത്നിച്ചാൽ പണം താനേ വന്നുകൊള്ളും. നിങ്ങൾ ഉണ്ടാക്കുന്ന ഉത്പന്നം, അല്ലെങ്കിൽ സേവനം ഏറ്റവും മികച്ചതായിരിക്കാൻ പ്രവർത്തിക്കുക. അത് വാങ്ങി ഉപയോഗിക്കുന്നവരുടെ സംതൃപ്തി മാത്രം ലക്ഷ്യമിടുക. വിജയത്തിലേക്കുള്ള എളുപ്പവഴി അതുമാത്രമാണ്. 
 
നിങ്ങളുടെ ജീവിത പരിസരത്തെ നന്നായി ഒന്നു നിരീക്ഷിച്ചാൽ വിൽക്കാൻ പറ്റുന്ന ഉത്പന്നം അല്ലെങ്കിൽ നൽകാൻ പറ്റുന്ന സേവനം ഏതെന്ന് നിങ്ങൾക്കുതന്നെ കണ്ടുപിടിക്കാൻ കഴിയും. 

എന്തുതുടങ്ങിയാലും വളരെ ചെറിയ രീതിയിൽ തുടങ്ങുക. വളരെ കുറഞ്ഞ മുതൽമുടക്കിൽ വേണം തുടങ്ങേണ്ടത്. വിജയവും വിപണിയും ഉറപ്പാണ് എന്ന അവസ്ഥയിലെത്തുമ്പോൾ മാത്രം പടിപടിയായി ബിസിനസ് വലുതാക്കുക. തുടക്കം എത്ര ചെറുതാക്കാമോ അത്രയും ചെറുതാക്കുക. തിരിച്ചടി ഉണ്ടായാൽ ആഘാതവും അത്ര തന്നെ ചെറുതായിരിക്കും. ആദ്യം വീട്ടിലെ ഒരുമുറിയിൽ നിന്ന് തുടങ്ങാം. ജോലിക്കാരെ തുടക്കത്തിലേ അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. കുടുംബാംഗങ്ങൾ തന്നെ എല്ലാ ജോലിയും ചെയ്യട്ടെ. വലിയ ലാഭം ആദ്യം പ്രതീക്ഷിക്കേണ്ട. മുടക്കുമുതൽ തിരിച്ചുകിട്ടണം. ചെയ്യുന്ന ജോലിക്ക് ന്യായമായ പ്രതിഫലവും വേണം. പ്രഥമ പരിഗണന ഇതിനുമാത്രം ആകട്ടെ. ആർക്കും പരീക്ഷിക്കാവുന്ന നിരവധി ബിസിനസ് അവസരങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്. പല ഹോബികളും ബിസിനസ് ആക്കി മാറ്റാവുന്നതാണ്. അവയിൽ ഏതാനും ചിലത് പരിചയപ്പെടാം.

1. അലങ്കാര മത്സ്യകൃഷി
ഓർണമെന്റൽ ഫിഷ് വളർത്തുന്നത് ഇന്ന് എല്ലാവർക്കും ഹരമാണ്. ഒരു ചെറിയ അക്വേറിയം എങ്കിലും ഇല്ലാത്ത വീട് ഇന്ന് ചുരുക്കമാണ്. ഇതൊക്കെ കൊണ്ടുതന്നെ അലങ്കാര മത്സ്യകൃഷിയും വ്യാപിക്കുകയാണ്. വൃത്തിയുള്ള കുളമോ ചെറു ജലാശയമോ ഉണ്ടെങ്കിൽ ആർക്കും ഈ ബിസിനസ്സിലേക്ക് വരാം. ഇതൊന്നുമില്ലെങ്കിൽ പടുത ഉപയോഗിച്ച് ചെറുകുളമോ കോൺക്രീറ്റ് കൊണ്ട് ടാങ്കോ നിർമിച്ചും അലങ്കാര മത്സ്യകൃഷി ആരംഭിക്കാം.
 
2. ഫാൻസി ജൂവലറി നിർമാണം
പുതുപുത്തൻ ഫാഷന് അനുസരിച്ച് ഫാൻസി ആഭരണങ്ങൾ മാറി മാറി അണിയാൻ സ്ത്രീകൾക്കെല്ലാം വളരെ ഇഷ്ടമാണ്. ടെലിവിഷൻ സീരിയലുകളിലും മറ്റും നായികമാർ അണിയുന്ന മനം മയക്കുന്ന ഇത്തരം വളകളും മാലകളും കമ്മലുകളും വീട്ടിലിരുന്ന് ആർക്കും അനായാസം ഉണ്ടാക്കാമെന്ന് എത്രപേർക്ക് അറിയാം. ജൂവലറി മേക്കിങ് സാമഗ്രികളെല്ലാം കുറഞ്ഞ വിലയിൽ ഇന്ന് കടകളിൽ വാങ്ങാൻ കിട്ടും. അതിൽ ഭാവന കൂടി കൂട്ടിക്കലർത്തി കോർത്തെടുത്താൽ  ആകർഷകമായ ആഭരണങ്ങളായി. മുടക്കുമുതലിന്റെ അഞ്ചും ആറും ഇരട്ടി ലാഭത്തിൽ ഇത് വിറ്റഴിക്കാം.
 
3. ചോക്ലേറ്റ് മേക്കിങ്
ഹോം മെയ്ഡ് ചോക്ലേറ്റ് അഥവാ കൈകൊണ്ട് ഉണ്ടാക്കുന്ന ചോക്ലേറ്റുകൾക്ക് ഇപ്പോൾ വലിയ ഡിമാൻഡ് ആണ്. ഏതാനും ദിവസത്തെ ഹ്രസ്വ പരിശീലനം നേടിയാൽ ആർക്കും ചോക്ലേറ്റ് നിർമാണത്തിൽ വൈഭവം നേടാം. സ്വന്തം അഭിരുചി അനുസരിച്ച് വ്യത്യസ്തവും ആകർഷകവുമായ ചോക്ലേറ്റുകൾ നിർമിച്ച് പതിനായിരങ്ങൾ മാസവരുമാനമായി നേടാം. 

4. കൊണ്ടാട്ട നിർമാണം
പച്ചക്കറികൾ പുഴുങ്ങി ഉപ്പും തൈരും ചേർത്ത് ഉണക്കിയെടുത്തുണ്ടാക്കുന്ന കൊണ്ടാട്ടങ്ങൾക്ക് ഇപ്പോൾ വലിയ ഡിമാൻഡ് ആണ് കേരളത്തിൽ. ബ്രാൻഡഡ് ഉത്പന്നങ്ങൾ ഇതേവരെ കൈയടക്കിയിട്ടില്ലാത്ത ഈ വിപണിയിൽ വലിയ നേട്ടമുണ്ടാക്കുന്ന നിരവധി വീട്ടമ്മമാർ ഉണ്ട്. സ്വന്തം അടുക്കളയിലെ ഉപകരണങ്ങൾതന്നെ ഇതിനായി ഉപയോഗിക്കാം. പാക്കിങ് ആകർഷകമായിരിക്കണം. ഉത്പന്നങ്ങൾക്ക് മികച്ച ഗുണമേന്മ ഉണ്ടായിരിക്കുകയും വേണം.  

5. ഗ്ലാസ് പെയിന്റിങ്
പെയിന്റിങ് അറിയാമെങ്കിൽ അത് ഗ്ലാസിൽ ചെയ്യൂ. മികച്ച വരുമാനമാർഗമാണത്. ആകർഷകമായ പെയിന്റിങ്ങുകൾ ചെയ്ത് വിശേഷാവസരങ്ങളിൽ പ്രദർശന മേളകൾ നടത്തി വിൽപ്പന നേടാം. അല്ലെങ്കിൽ ഫാൻസി ഷോപ്പുകൾക്ക് വിൽക്കാം. ആർക്കിടെക്ടുമാരുമായി  സഹകരിച്ച് പുതിയ വീടുകളിലും ഓഫീസ് സമുച്ചയങ്ങളിലും സ്ഥാപിക്കുന്നതിനുള്ള ഓർഡർ നേടാം. 

6. പക്ഷി വളർത്തൽ
പ്രാവ്, തത്ത, അലങ്കാര കോഴികൾ തുടങ്ങിയ വളർത്തുപക്ഷികളുടെ കൃഷി മികച്ച ആദായം തരുന്ന ബിസിനസ് ആണ്. പ്രാവുകളാണ് ഇതിൽ ഏറ്റവും കൂടുതൽ ആദായം തരുന്നത്. പല ഇനം പ്രാവുകളുണ്ട്. ഒരു ജോഡി പ്രാവിന് 1,000 രൂപ മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന വിവിധയിനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സ്ഥലസൗകര്യം അനുസരിച്ച് കൂടുകൾ തയ്യാറാക്കി പ്രാവ് വളർത്തൽ ആരംഭിക്കാം. പ്രാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വലുതാക്കി വിൽക്കുകയാണ് വേണ്ടത്.
 
7. കൂൺകൃഷി

വീട്ടിലെ ഒരു മുറി ഫ്രീ ആക്കി എടുക്കാമെങ്കിൽ ആർക്കും തുടങ്ങാം കൂൺകൃഷി. പ്രധാന വെല്ലുവിളി കൂൺ മലയാളികൾ വ്യാപകമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി തുടങ്ങുന്നേയുള്ളൂ എന്നതാണ്. എങ്കിലും സ്ഥിതി മാറുന്നുണ്ട്. ഇറച്ചിയിലും മീനിലും ഉള്ള രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അളവ് കണ്ട് മലയാളികൾക്ക് വല്ലാത്ത പേടിയാണല്ലോ. ഇറച്ചിയുടെയും മീനിന്റെയും അതേ സ്വാദുള്ള കൂൺ നമ്മളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാലം വിദൂരമല്ല. ആദ്യം സ്വന്തം ഉപയോഗത്തിനായി കൂൺകൃഷി തുടങ്ങുക. രുചികരമായ രീതിയിൽ പാചകം ചെയ്ത് പരിചയക്കാർക്ക് ടേസ്റ്റ് ചെയ്യാൻ കൊടുക്കാം. അവർക്ക് ഇഷ്ടപ്പെട്ടാൽ വിപണി വളർത്താം. സൂപ്പർമാർക്കറ്റുകൾക്കും നൽകാം. കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ നിന്ന് കൃൺകൃഷിക്കുള്ള പരിശീലനം ലഭിക്കും. 

8. ഓൺലൈൻ ട്യൂഷൻ
കുട്ടികൾക്ക് ട്യൂഷൻ എടുക്കാനുള്ള യോഗ്യതയും വൈഭവവും നിങ്ങൾക്കുണ്ടോ. എങ്കിൽ കുട്ടികൾക്ക് ഓൺലൈനായി പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് കൈനിറയെ കാശുണ്ടാക്കാം. വിദേശത്തുള്ള പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ കുട്ടികളെ തത്കാലം ഈ ആവശ്യത്തിനായി സമീപിക്കാം. ഡിജിറ്റൽ റൈറ്റിങ് ബോർഡ്, വെബ്ക്യാം തുടങ്ങിയവ ഉപയോഗിച്ചാണ് ക്ലാസുകൾ എടുക്കേണ്ടത്. മണിക്കൂർ കണക്കിനാണ് പ്രതിഫലം. വിജയകരമായാൽ കൂടുതൽ കുട്ടികളെ നേടാം. അധ്യാപനത്തിൽ താത്പര്യമുള്ളവരെ കൂടി ചേർത്ത് ട്യൂഷൻ വിപുലമാക്കാം.  

9. ബ്ലോഗ് റൈറ്റിങ്
നിങ്ങളുടെ പാചകം എല്ലാവർക്കും ഇഷ്ടമാണോ. പല കാര്യങ്ങൾക്കും സുഹൃത്തുക്കളും ബന്ധുക്കളും എപ്പോഴും നിങ്ങളെ വിളിക്കാറുണ്ടോ. അവർക്ക് പല കാര്യങ്ങൾക്കും നിങ്ങൾ ഉപദേശം നൽകാറുണ്ടോ. യാത്രവിവരണങ്ങൾ എഴുതാൻ ഇഷ്ടമാണോ. ഇവയെക്കുറിച്ചൊക്കെ ബ്ലോഗ് എഴുതാം. ആവശ്യത്തിന് വായനക്കാരെ കിട്ടിയാൽ അത് വരുമാനം വീട്ടിൽ കൊണ്ടുവന്നുതരും.  പാചകം, ഫാഷൻ, യാത്രാ വിവരണം, ആത്മീയം, സിനിമ, സംഗീതം തുടങ്ങി  അഭിരുചിയുള്ള വിഷയങ്ങളെക്കുറിച്ച് ആകർഷകമായി എഴുതാനാറിയാവുന്ന ആർക്കും പരീക്ഷിക്കാവുന്ന മേഖലയാണ് ഇത്. നിങ്ങൾ എഴുതുന്നത് വായിക്കാൻ ആളുകൾ കൂടുംതോറും വെബ്‌സേവന ദാതാക്കൾ അതിൽ പരസ്യം ഇടും. ഇതിനുള്ള  പ്രതിഫലം നിങ്ങൾക്ക് വരുമാനമായി ലഭിക്കുകയും ചെയ്യും. 

10. ടെക്‌സ്റ്റൈൽ ഡിസൈനിങ്
100 രൂപ വിലയുള്ള പ്ലെയിൻ സാരി വാങ്ങി അതിൽ 250 രൂപ വിലവരുന്ന സീക്വൻസുകളും മുത്തുകളും തൊങ്ങലുകളും ആകർഷകമായി തുന്നിച്ചേർത്താൽ 1,000-1,500 രൂപയ്ക്കുവരെ വിൽക്കാം. അൽപ്പം ഭാവനയുണ്ടെങ്കിൽ ഏതാനും മാസത്തെ പരിശീലനം കൊണ്ട് ആർക്കും ടെക്‌സ്റ്റൈൽ ഡിസൈനറാകാം. ഇത്തരത്തിൽ പരിശീലനം നൽകുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ബെഡ്ഷീറ്റുകളും പില്ലോ കവറുകളും വാങ്ങി അതിൽ മനോഹരമായ ഡിസൈനുകൾ സൃഷ്ടിച്ചാൽ വിശേഷാവസരങ്ങളിൽ പ്രദർശന മേളകൾ സംഘടിപ്പിച്ച് വിറ്റ് വരുമാനമുണ്ടാക്കാം. 

(പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റായ ലേഖകൻ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനാണ്) 

ഇ-മെയിൽ: 
jayakumarkk8@gmail.com