ച്ഛാശക്തിയും കാഴ്ചപ്പാടും കഠിനപ്രയത്നവും ജീവിതത്തിന് വലിയ വഴിത്തിരിവുണ്ടാക്കുന്ന ഘടകങ്ങളാണ്.  ജീവിതത്തിന് അർഥംകൊടുക്കുന്ന പല ഘടകങ്ങളുടെ കൃത്യമായ മിശ്രിതമാണ് നമ്മെ വിജയിയാക്കുന്നതും നമ്മളാക്കുന്നതും.  കിട്ടിയ അവസരങ്ങളെ പാഴാക്കാതെ  അവസരോചിതമായി ഉപയോഗപ്പെടുത്തുമ്പോൾ ജീവിതത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് ഗണേഷ് നായിക്.

ഇന്ത്യൻ മരുന്നുകച്ചവടത്തിന്റെ, ഉത്പാദനത്തിന്റെ അമരക്കാരനായി 12,000 കോടി വിറ്റുവരവുള്ള Zydus Cadila യുടെ മുഴുവൻസമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഗണേഷ് നായിക് ഇന്ത്യൻ ഫാർമ കമ്പനിയായ Zydus Cadila യുടെ കേന്ദ്രബിന്ദുവാണ്.    കാഡിലയിൽ ജോലിയാരംഭിച്ച് നാൽപ്പതാം വർഷം തികയുന്ന ദിനമായിരുന്ന നവംബർ 19.  അതിന്റെകൂടി സന്തോഷം പങ്കുവെച്ചാണ് ഏക കമ്പനിയിലൂടെയുള്ള വിജയകരമായ യാത്രയുടെ അനുഭവങ്ങൾ വിവരിച്ചത്.

മെഡിസിന് സീറ്റ് ലഭിക്കാതെവന്നപ്പോഴാണ് ബി.എസ്‌സി. ബോട്ടണി പഠിക്കാനായി എം.ജി.എം. ഉഡുപ്പിയിലെത്തിയത്.  മുംബൈയിൽ  ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന നാരായണൻ നായിക്കിന്റെയും ഭാര്യ ലളിതാ നായിക്കിന്റെയും മകനാണ് ഗണേഷ് നായിക്.

ഡിഗ്രി കഴിഞ്ഞ് സിവിൽ സർവീസിനും ബാങ്ക് പ്രോബേഷണറി ഓഫീസറാവാനും  പഠിക്കാനായി സഹോദരിയുടെകൂടെ മൂഡ്ബിദ്രി എന്ന ദക്ഷിണ കർണാടകയിലായിരുന്നു.  കാഡില്ല ലബോറട്ടറിയുടെ പരസ്യംകണ്ട്  അപേക്ഷ അയച്ചു.  ബാങ്ക് പ്രൊബേഷണറി ഓഫീസറുടെ പരീക്ഷയുടെ പിറ്റേദിവസം ബെംഗളൂരുവിൽ കൂടിക്കാഴ്ചയ്ക്ക് വിളിച്ച കാഡില യാത്രാബത്ത കൊടുക്കുമെന്നത് ഒരു പ്രചോദനമായി. ഇന്റർവ്യൂ കഴിഞ്ഞ് മംഗളൂരു ആസ്ഥാനമായി ജോലി ഓഫർ ലഭിച്ചപ്പോഴും ബാങ്ക് പി.ഒ, സിവിൽ സർവീസ് കിട്ടുന്നതുവരെ തുടരാമെന്ന വിചാരത്തോടെ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ആരംഭിച്ചു.

ചെറിയൊരു സമയംകൊണ്ട് പ്രാഗല്ഭ്യം തെളിയിച്ച ഗണേഷിനെ ബിസിനസ് മാനേജരായി ഉദ്യോഗക്കയറ്റം നൽകാനുള്ള തീരുമാനം, ടാർജറ്റിന്റെ പോരായ്മകാരണം  മേലുദ്യോഗസ്ഥൻ ആറു മാസത്തേക്ക് തടഞ്ഞുവെച്ചു. ആറുമാസത്തെ പ്രവർത്തനം കഴിഞ്ഞ് സ്ഥാനക്കയറ്റം തരാമെന്ന് ഗണേഷിനോട് പറഞ്ഞത് ജീവിതത്തിൽ ഒരു വൻ വഴിത്തിരിവായി.  നിശ്ചയദാർഢ്യം, കഠിനപ്രയത്നം, അച്ചടക്കം എന്നിവയിലൂടെയുള്ള പ്രയത്നം വിപണന ടാർജറ്റ് നേടാൻ സഹായിച്ചു. അതിനിടെ നിശ്ചയിച്ച കല്യാണവും കഴിഞ്ഞു. മധുവിധു  നീട്ടിവെച്ച് ചെയ്ത കഠിനപ്രയത്നംതന്നെയാണ് ജീവിതലക്ഷ്യത്തിന് വഴികാട്ടിയായത്.  രണ്ടു ദിവസത്തെ അവധിമാത്രമാണ് ഗണേഷ് കല്യാണത്തിന് എടുത്തതും.  

പിന്നെ കാഡിലയുടെ ചരിത്രത്തിന്റെ ഭാഗവും, സർവസൈന്യാധിപനായി മാറിയപ്പോഴും ചൊട്ടയിലെ ശീലങ്ങളെ പിൻതുടർന്നു.  തന്നെ ജോലിക്കെടുത്ത ബോസ്, കമ്പനിക്കെതിരേ നടത്തുന്ന പ്രവർത്തനങ്ങൾ  മനസ്സിലാക്കിയ ഗണേഷ് കമ്പനിയുടെ താത്പര്യത്തെ മുൻനിർത്തി അദ്ദേഹത്തെ ജോലിയിൽനിന്ന് രാജിവെപ്പിച്ചതും ഗണേഷിന്റെ സത്യസന്ധതയുടെയും അച്ചടക്കത്തിന്റെയും കമ്പനിയുടെ പെരുമാറ്റ ചട്ടക്കൂടുകളുടെയും പ്രതിഫലനമാണ്.

സെയിൽസ് ഉദ്യോസ്ഥർക്ക് നൂതനമായ പരിശീലന പരിപാടികളും ടെക്നോളജിയുടെ മാറ്റത്തെ ഉൾക്കൊള്ളാനായിട്ടുള്ള ആധുനിക പ്രവർത്തനസമ്പ്രദായങ്ങളും ഗണേഷ് ആവിഷ്കരിച്ച് നടപ്പാക്കി.  ജീവിതത്തിന്റെ ആദ്യകാലങ്ങളിലുണ്ടായ ഏറ്റക്കുറച്ചിലുകൾ ബൃഹത്തായ പാഠങ്ങൾ നൽകി സഹവർത്തിത്വവും സാഹോദര്യവും വളർത്തി. കമ്പനിയെ പുതിയ തലങ്ങളിലേക്ക് നയിക്കാനായി നാലുപേരടങ്ങുന്ന ഒരു ടീമിന് നേതൃത്വം നൽകുകയും അവരുടെ വിജയപാതയെ വരച്ച് ദീർഘമായ ഒരു ഏകീകൃത പ്രവർത്തനപഥവുമുണ്ടാക്കി.  
ജീവിതത്തിൽ ഏറ്റവും വലിയ ആഘാതമുണ്ടായത് 1995-ലെ കാഡിലയുടെ മുകൾത്തട്ടിലുണ്ടായ വിടവും അതുകാരണം കമ്പനിയുടെ രണ്ടായുള്ള വിഭജനവുമായിരുന്നു.  കാഡില ഹെൽത്ത് കെയർ എന്ന പുതിയ കമ്പനി രൂപം കൊള്ളുകയും പട്ടേലിന്റെ നേതൃത്വത്തിന്റെ കൂടെ ഗണേഷ് നായിക്കും നാലു പേരടങ്ങുന്ന ടീമും വൻനിര മാനേജർമാരും പുതിയൊരു മാറ്റത്തിന് വിധേയരായി. കാഡില ഹെൽത്ത് കെയർ വീണ്ടും വലിയൊരു പരീക്ഷണത്തിലായി.

വിഭജനത്തെത്തുടർന്ന് 220 കോടി വാർഷികവരുമാനത്തിൽ നിന്ന് 1995-ലുള്ള യാത്ര നായിക്കിനെ ചെന്നെത്തിച്ചത് കമ്പനിയെ 12,000 കോടി വിറ്റുവരവുള്ള ഒരു അന്താരാഷ്ട്ര കമ്പനിയാക്കാനുള്ള നിയോഗമായിരുന്നു.  2000-ത്തിൽ 1000 കോടി ആകണമെന്നുള്ള പ്രതിജ്ഞ ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി.  1000 കോടി എന്ന കടമ്പ വളരെ സുഗമമായി കടക്കുകയും ചെയ്തു. ഗണേഷിന്റെ പ്രവർത്തനമികവ് മനസ്സിലാക്കി 2001 ൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും എക്സിക്യുട്ടീവ് ഡയറക്ടറായും  നിയമിച്ചു.

കാഡില Zydus  എന്നതിൽ നിന്ന് Zydus Cadila എന്ന പേരുമാറ്റത്തിനുപിന്നിലും ഗണേഷിന്റെ കുശാഗ്ര ബുദ്ധിതന്നെയായിരുന്നു.  2006 ൽ 400 മില്യൺ യു.എസ്. ഡോളർ വിറ്റുവരവ് ഉണ്ടാക്കാനുള്ള പ്രവർത്തനം കാഡിലയെ അന്തർദേശീയ തലത്തിൽ വ്യാപിപ്പിച്ച്, പുതിയ മേഖലകൾ കണ്ടെത്തി, അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്പനിയിൽ രണ്ടാം നിര, മൂന്നാം നിര, മാനേജർമാരെ പരിശീലിപ്പിച്ചെടുക്കുകയും ചെയ്തു.  2011-ഓടെ കാഡിലയുടെ കുതിപ്പ് ചെന്നെത്തിയത് ഒരു ബില്യൺ അമേരിക്കൻ ഡോളർ കമ്പനിയായിട്ടായിരുന്നു.

2017-ഓടെ 12,000 കോടി വിറ്റുവരവുള്ള ഇന്ത്യൻ മൾട്ടിനാഷണൽ എന്ന ബഹുമതിയോടെ ലോകത്തിന്റെ പല കോണുകളിലും Zydus Cadila യുടെ വ്യാപ്തി വികസിപ്പിച്ചു.  പ്രസ്ഥാനത്തിന്  പുതിയ പാതകൾ വെട്ടി വിജയകരവും സുഖകരവുമായ യാത്ര ഉണ്ടാക്കിയെടുത്ത ഗണേഷ് നായിക്കിന്റെ തന്ത്രങ്ങൾ ഒന്നും പാളിയില്ല.  തന്റെ െപ്രാഫഷണൽ രംഗത്തുള്ള വളർച്ചയുടെകൂടെ മറ്റുള്ള ടീമംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനത്തിൽ  വിജയം വരുത്തുകയും അവർക്കും വിജയത്തെ വീതിച്ചു കൊടുക്കുകയും ചെയ്ത വീക്ഷണമാണ് കാഡിലയുടെ വിജയരഹസ്യം.

Recon Helath care, German remedies എന്നീ കമ്പനികളെ വാങ്ങുകയും ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിലെ വൻമരുന്നു കമ്പനികളെ വാങ്ങുകയും ചെയ്തപ്പോൾ Zydus ന്റെ കുടക്കീഴിൽ അന്തർദേശീയ പ്രസ്ഥാനങ്ങൾ വളർത്തിയെടുക്കുകയായിരുന്നു.

എട്ട്  പബ്ലിക് ലിമിറ്റഡ്, പ്രൈവറ്റ് കമ്പനികളുടെ ബോർഡംഗവും കാഡിലയുടെ എല്ലാ വിദേശ സബ്സിഡിയറി കമ്പനികളുടെ ബോർഡംഗവും കൂടിയാണ് ഗണേഷ് നായിക്.  ഇങ്ങനെ നിരവധി പ്രസ്ഥാനങ്ങളെ സ്വന്തം കുടക്കീഴിൽ അണിനിരത്തി മുമ്പോട്ടുപോകുമ്പോഴും സമചിത്തതയോടെ, അക്ഷോഭ്യനായി പോകുന്ന നായകനെയാണ് നാം കാണുന്നത്.  ഗണേഷിന്റെ പ്രവർത്തനമികവിന് പാരിതോഷികമായിട്ടാണ് ആദ്യമായി ഒരു പ്രൊഫഷണലിനെ മാതൃസംഘടനയുടെ ബോർഡിൽ ഈയിടെ മുഴുവൻസമയ ഡയറക്ടറാക്കുന്നതും.  

ജോലിയിലെ മാത്രം മികവല്ല നമ്മെ വിജയിയാക്കുന്നത്.  ഭാരിച്ച ജോലിത്തിരക്കിലും സ്വന്തം മക്കളുടെ വിജയത്തി ന് വിത്തുപാകേണ്ട ഉത്തരവാദിത്വം നമ്മുടേതാണെന്ന് ഓർമിപ്പിക്കുന്നു. അവർക്ക് ഒരു വിജയപാത ഉണ്ടാക്കേണ്ട അനിവാര്യതയും ഗണേഷ് ഊന്നിപ്പറഞ്ഞു.  

അഖിലേന്ത്യാതലത്തിൽ സി.എ.യിൽ റാങ്ക് നേടിയ നിഥിൻ നായിക്കും അമേരിക്കയിൽ സ്കോളർഷിപ്പോടെ എം.ബി.എ. കഴിഞ്ഞ് ജോലിനോക്കുന്ന നരൻ നായിക്കിന്റെയും പ്രവർത്തനങ്ങളാണ് ഗണേഷിനെ പൂർണ വിജയിയാക്കുന്നത്‌.  ഈ വിജയങ്ങൾക്കെല്ലാം ഭാര്യ ഉഷാറാണി നായിക്കിന്റെ പ്രവർത്തനവും സഹായവും വളരെ വലുതാണെന്ന് വലിയൊരു കൃതജ്ഞതയോടെ ഗണേഷ് ഓർക്കുന്നു.

ഇന്ന് ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്, നമ്മുടെ വ്യവസായ വളർച്ചയെ. നമ്മുടെ ഉത്പ്പന്നങ്ങൾ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ എന്തുകൊണ്ടും മെച്ചമുള്ളവയാണ്. പുതിയ ഗൃഹപാഠങ്ങൾ നാം ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ സംരംഭകർക്ക് ഇച്ഛാശക്തി, വീക്ഷണം, ഉൾക്കാഴ്ച ഇവയെല്ലാം അപാരമാണ്.