foodസംരംഭക രംഗത്ത് ഏറെ സാധ്യത നിറഞ്ഞുനിൽക്കുന്ന മേഖലയാണ് ഭക്ഷ്യസംസ്കരണം. ഇതിനായി ഒരു പ്രത്യേക മന്ത്രാലയംതന്നെ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി പദ്ധതികളാണ് ഈ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കുന്നത്.

രജിസ്റ്റർ ചെയ്യാതെയും അനൗപചാരിക തലത്തിലും പ്രവർത്തിക്കുന്ന 25 ലക്ഷം ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ രാജ്യത്തുണ്ട്. ഇതിന്റെ 66 ശതമാനവും ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. 80 ശതമാനവും കുടുംബ സംരംഭങ്ങളുമാണ്. ഇതിൽ പണിയെടുക്കുന്ന 75 ശതമാനം പേരും സ്ത്രീകളാണെന്നും കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇത്തരം സംരംഭങ്ങളേയും സ്വയംസഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവരേയും സഹായിക്കുന്നതിന് ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ആത്മനിർഭർ ഭാരതി’ന്റെ ഭാഗമായുള്ള ‘സ്കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (എഫ്.എം.ഇ.)’ ആണ് ഇത്.

ലക്ഷ്യങ്ങൾ

1. ക്രെഡിറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.

2. ബ്രാൻഡിങ്, മാർക്കറ്റിങ് ഫലപ്രദമാക്കുക.

3. രണ്ടുലക്ഷം സംരംഭങ്ങളെ ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുന്നതിന് സഹായിക്കുക.

4. സംസ്കരണം, ലാബ്, പാക്കേജിങ്, വിപണനം, ഇൻക്യുബേഷൻ തുടങ്ങിയവയിൽ പൊതു സേവന കേന്ദ്രങ്ങളുടെ സൗകര്യം വർധിപ്പിക്കുക.

5. ഭക്ഷ്യസംസ്കരണ രംഗത്തെ ഗവേഷണം, പരിശീലനം എന്നിവ മെച്ചപ്പെടുത്തുക.

6. പ്രൊഫഷണലിസം,സാങ്കേതികക്ഷമത എന്നിവ കൂട്ടുക.

2020-21 മുതൽ 2024-25 വരെയുള്ള അഞ്ച് വർഷത്തേക്ക്‌ 10,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 6:4 അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നും എം.എഫ്.പി.ഐ. മാർഗരേഖയിൽ പറയുന്നു.

ഒരു ജില്ല, ഒരു ഉത്‌പന്നം

ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നത്തെ തിരഞ്ഞെടുത്ത് അതിനെ വളർത്തിക്കൊണ്ടു വരാനാണ് ശ്രമം. അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കൽ, ഉത്പാദനത്തിന് പൊതു സൗകര്യങ്ങൾ ഉപയോഗിക്കൽ, വിപണനം കാര്യക്ഷമമാക്കൽ എന്നിവ ഇതുവഴി എളുപ്പമാകും. ആയത് ആ ഉത്പന്നത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, നിലവിലെ ക്ലസ്റ്റർ സൗകര്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ഉത്പന്നം നിശ്ചയിക്കുന്നത്. ഇത് സംസ്ഥാന സർക്കാർ ആണ് നിശ്ചയിക്കുക. അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നീ നിലയിൽ എം.ഒ.എഫ്.പി.ഐ. ആനുകൂല്യങ്ങൾ നൽകും.

പ്രധാന ആനുകൂല്യങ്ങൾ

i. വ്യക്തിഗത ഭക്ഷ്യസംരംഭങ്ങൾക്ക് 10 ലക്ഷം രൂപ സബ്‌സിഡി

മൈക്രോ സംരംഭങ്ങൾക്കാണ് ആനുകൂല്യം. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ നിക്ഷേപം നടത്തുമ്പോൾ പദ്ധതിച്ചെലവിന്റെ 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. 10 ശതമാനം സംരംഭകന്റെ വിഹിതവും ബാക്കി ബാങ്ക് വായ്പയും ആയിരിക്കണം. പ്രൊപ്രൈറ്ററി / പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്ക് അർഹത.

ii. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ / ഫാർമർ സഹകരണ സ്ഥാപനങ്ങൾ

പദ്ധതിച്ചെലവിന്റെ 35 ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്‌സിഡിയായി അനുവദിക്കും. എന്നാൽ, പദ്ധതിച്ചെലവ് നിലവിലുള്ള വിറ്റുവരവിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധനയും ഉണ്ട്. ഒരു കോടി രൂപയെങ്കിലും വിറ്റുവരവ് ഉണ്ടായിരിക്കുകയും വേണം. 10 ശതമാനം സ്വന്തം നിലയിൽ കണ്ടെത്തണം. പരിശീലനം ആവശ്യമെങ്കിൽ ആയതും ഏർപ്പാടാക്കും.

iii. സ്വയംസഹായ സംഘങ്ങൾക്ക് വലിയ ആനുകൂല്യങ്ങൾ

കുടുംബശ്രീ ഉൾപ്പെടെയുള്ള എസ്.എച്ച്.ജി.കൾക്ക് ഉപയോഗപ്പെടുത്താം.

* എസ്.എച്ച്.ജി.യിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം സീഡ് ക്യാപിറ്റൽ ആയി അനുവദിക്കും. ചെറിയ ഉപകരണങ്ങൾ വാങ്ങാനും പ്രവർത്തന മൂലധനമായും ഉപയോഗിക്കാം.

* എസ്.എച്ച്.ജി.യിലെ അംഗങ്ങൾ സ്വന്തംനിലയിൽ ഒരു ഭക്ഷ്യസംസ്കരണ സംരംഭം നടത്തുന്നുവെങ്കിലും പ്രത്യേക ആനുകൂല്യം ലഭിക്കും. പദ്ധതിച്ചെലവിന്റെ 10 ശതമാനം, പരമാവധി 10 രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്‌സിഡിയായി നൽകും.

* എസ്.എച്ച്.ജി. പൊതുവെ നടത്തുന്ന ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് 35 ശതമാനം വരെ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്‌സിഡി നൽകാനും വ്യവസ്ഥയുണ്ട്. പദ്ധതിച്ചെലവിന്റെ 10 ശതമാനവും പ്രവർത്തന മൂലധന വായ്പയുടെ 20 ശതമാനവും സംഘം കണ്ടെത്തണം.

* പരിശീലനം, സാങ്കേതിക വിവരങ്ങൾ, പദ്ധതി രൂപരേഖ, കൈത്താങ്ങ് സഹായം എന്നീ സഹായങ്ങളും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും.

iv. പൊതു അടിസ്ഥാന സൗകര്യങ്ങൾ

എഫ്.പി.ഒ., എസ്.എച്ച്.ജി., സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സ്വകാര്യ സംരംഭങ്ങൾ എന്നിവർ ഉണ്ടാക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് സബ്‌സിഡി അനുവദിക്കും. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്ഥലങ്ങളോ, സൗകര്യങ്ങളോ നൽകാനാണ് ആനുകൂല്യം.

കർഷകർക്ക് ഉണ്ടാകുന്ന നേട്ടങ്ങളും വ്യവസായത്തിന്റെ പൊതുമേന്മകളും പരിഗണിച്ചാണ് സബ്‌സിഡി നിശ്ചയിക്കുക. പരമാവധി 35 ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാൻറ്‌ ലഭിക്കും. ഇൻക്യുബേഷൻ കേന്ദ്രങ്ങൾക്കും ആനുകൂല്യം ലഭിക്കും.

v. ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ്

എഫ്.പി.ഒ., എസ്.എച്ച്.ജി., സഹകരണ സ്ഥാപനങ്ങൾ, എസ്.പി.വി. (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ്) എന്നിവർക്ക് അർഹത. പൊതു വികസനം ലക്ഷ്യം. പൊതു ബ്രാൻഡ്, മാർക്കറ്റിങ്, പാക്കേജിങ്, നിലവാര സൂചികാ സമ്പാദനം എന്നിവയ്ക്ക് ആനുകൂല്യം. ആകെ വരുന്ന പദ്ധതിച്ചെലവിന്റെ 50 ശതമാനം വരെ ഗ്രാൻറ്‌ ലഭിക്കും.

സാങ്കേതിക പരിശീലനം നൽകുന്നതിനു ശേഷിയുള്ള സ്ഥാപനങ്ങൾക്ക് അത്തരം പരിശീലനം ഏർപ്പാടാക്കുന്നതിനും തുക അനുവദിക്കും.

എല്ലാ ആനുകൂല്യങ്ങൾക്കും ‘ഒരു ജില്ല, ഒരു ഉത്പന്നം’ എന്നതിനു കീഴിൽ വരുന്ന സംരംഭങ്ങൾക്ക് മുൻഗണന ലഭിക്കും.

വിശദ വിവരങ്ങൾ ലഭിക്കാൻ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കയറി (mofpi.nic.in) പരിശോധിക്കുക.

(സംരംഭകത്വ പരിശീലകനും വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമാണ് ലേഖകൻ)
chandrants666@gmail.com​