ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇന്ന് 22 കാരറ്റ് സ്വർണം ഒരു പവൻ കേരളത്തിലെത്തുമ്പോൾ 3000 മുതൽ 3200 രൂപവരെയാണ് ലാഭം. ഇത് 24 കാരറ്റ് സ്വർണമാണെങ്കിൽ 4000 മുതൽ 4500 വരെയാവും. വൻതോതിലുള്ള മൊത്തവ്യാപാരമാണെങ്കിൽ എട്ടു ഗ്രാമിന്റെ പവന് 4800 മുതൽ 5000 രൂപവരെ വ്യത്യാസമുണ്ടാവും. ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനുകളിലുള്ള ആഭരണങ്ങളും ദുബായ് വിപണിയുടെ പ്രത്യേകതയാണ്.

സ്വർണത്തിനുൾപ്പെടെ അഞ്ചുശതമാനം വാറ്റ് യു.എ.ഇ. സർക്കാർ ഏർപ്പെടുത്തിയതോടെ ഇടക്കാലത്ത് ദുബായിയുടെ ഈ വ്യാപാരത്തിന്റെ കുത്തകയ്ക്ക് അല്പം ഇടിവുണ്ടായി. എന്നാൽ, സന്ദർശക വിസയിലെത്തുന്നവർക്ക് വാറ്റ് തുക തിരിച്ചുനൽകുന്നതായുള്ള പ്രഖ്യാപനം വന്നതോടെയാണ് വീണ്ടും വ്യാപാരം കൊഴുത്തത്. എങ്കിലും പഴയനിലയിലേക്ക് എത്തിയില്ല എന്നാണ് പൊതുവേയുള്ള നിഗമനം.

ഇതിനിടയിൽ നികുതിയില്ല എന്ന ആകർഷണത്തോടെ തുർക്കി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ഈ വിപണിയിൽ മേധാവിത്വം പുലർത്തിത്തുടങ്ങി. ആഫ്രിക്കൻ രാജ്യങ്ങളിലെ പല വ്യാപാരികളും ഇതോടെ അങ്ങോട്ടേക്ക് തിരിഞ്ഞതും ദുബായിക്ക് ക്ഷീണമായി.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി യു.എ.ഇ.യുടെ സ്വർണവ്യാപാരത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഒട്ടേറെ ഷോറൂമുകൾ പല വൻകിടക്കാരും പൂട്ടി. ചിലരാകട്ടെ ജീവനക്കാരുടെ എണ്ണം കുറച്ചും ചെലവു ചുരുക്കിയും പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. സ്വർണം വാങ്ങുന്നവരുടെ എണ്ണവും നന്നായി കുറഞ്ഞു.

സ്വർണം കടത്താൻ പല വഴികൾ

നാട്ടിൽ സ്വർണത്തിന്റെ വിലയിൽ കിട്ടുന്ന വ്യത്യാസം തന്നെയാണ് എക്കാലത്തും സ്വർണക്കള്ളക്കടത്തിന്റെ അടിസ്ഥാനം. പുതിയ പുതിയ കളിക്കാർ കാലങ്ങളായി ഇതിനായി രംഗത്തിറങ്ങുന്നു. പല രീതിയിലാണ് സംഘങ്ങളുടെ സ്വർണക്കടത്ത്. സ്വർണം മൊത്തമായി നൽകാൻ ഗൾഫിൽ വ്യാപാരികളുണ്ട്.

നാട്ടിലെത്തിക്കാൻ സാധാരണക്കാർമുതൽ സെലിബ്രിറ്റികൾവരെ സംഘത്തിന്റെ കണ്ണികളായിവരും. ഒന്നും രണ്ടും കൊല്ലം കൂടുമ്പോൾ നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്ന പാവങ്ങളാണ് പലപ്പോഴും ഇവരുടെ ഇരകൾ. സൗജന്യ ടിക്കറ്റും സ്വർണത്തിന്റെ തൂക്കത്തിനനുസരിച്ച് 50,000 രൂപവരെയുമാണ് ഇവർക്കുള്ള പ്രതിഫലം.

പിടിക്കപ്പെട്ടാൽ സ്വർണത്തിന് നികുതിയടച്ച് സാധനം കൈപ്പറ്റാനും നാട്ടിൽ ഏജന്റുമാരുണ്ടാവും. ആരുടെ സ്വർണമാണെന്നോ ആർക്കാണെന്നോ ഇവർക്ക് അറിയില്ല. വെറും കാരിയർ മാത്രമായിരിക്കും ഈ പാവങ്ങൾ. കുടുംബങ്ങളായി മടങ്ങുന്നവരും ചിലപ്പോൾ ഇവരുടെ വലയിൽ വീഴാറുണ്ട്.

കുടുംബങ്ങളെ വലിയതോതിൽ പരിശോധിക്കില്ലെന്ന തിരിച്ചറിവിൽ സ്വർണബിസ്കറ്റുകളും ആഭരണങ്ങളുമാണ് കുടുംബങ്ങളെ ഏൽപ്പിക്കുന്നത്. നാട്ടിലെ വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിയാൽ ഉടൻ അവ വാങ്ങാൻ ആളുകളുണ്ടാവും. കമ്മിഷനാണ് ഇവിടെയും പ്രതിഫലം.

സ്വർണം ഉൾപ്പെടെ വിലപിടിച്ച പലതും നാട്ടിലെത്തിക്കുന്ന പ്രൊഫഷണലുകളാണ് രണ്ടാമത്തെ വിഭാഗം. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഇവർ ദുബായിലെത്തി സാധനങ്ങളുമായി മടങ്ങും. എത്തുമ്പോൾ നാട്ടിലെ കസ്റ്റംസിനെ വെട്ടിക്കാനോ വലയിലാക്കാനോ ഉള്ള വിദ്യകൾ അവർക്കറിയാം. സമ്മാനങ്ങളായും പണമായുമെല്ലാം ഇത്തരക്കാർ അവരുടെ ജോലി കൃത്യമായി നിർവഹിക്കും. അര കിലോമുതൽ മേലോട്ട് എത്ര സ്വർണം വേണമെങ്കിലും ഇവർ കടത്തിക്കൊടുക്കും.

ഗൾഫ് നാടുകളിൽ സ്റ്റേജ് ഷോ നടത്തുന്ന സിനിമ, സീരിയൽ താരങ്ങളാണ് മറ്റൊരു വിഭാഗം. ഇവരിൽ ഇടത്തരം താരങ്ങളും ഡാൻസർമാരുമൊക്കെയാവും കാരിയർമാരായി മാറുന്നത്. ഗൾഫിലുള്ള സമയത്തെ ഷോപ്പിങ്‌, വിനോദം എന്നിവ സ്വർണക്കടത്തുകാരുടെ ഏജന്റുമാർ ഏറ്റെടുക്കും. പ്രത്യുപകാരമായി സംഘം നൽകുന്ന ചരക്ക് നാട്ടിൽ എത്തിച്ചാൽ മതി. സംഘമായി എത്തുന്ന താരങ്ങളെ കാര്യമായ പരിശോധനയ്ക്ക് വിമാനത്താവളത്തിലും വിധേയമാക്കാറില്ല എന്നതാണ് സെലിബ്രിറ്റികളെ ഇതിനായി ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം.

ഗൾഫ് നാടുകളിൽ സ്റ്റേജ് ഷോ പ്രഖ്യാപിക്കുമ്പോൾതന്നെ സ്വർണക്കടത്തുകാരുടെ കൈകൾ അവരിലേക്ക് നീളും. പല ഷോയുടെയും സംഘാടകർതന്നെ ഇതിനുള്ള ഇടനിലക്കാരായിരിക്കും. ഇത്തരം സ്വർണക്കടത്തിനുവേണ്ടി മാത്രം ഗൾഫിൽ സ്റ്റേജ് ഷോ നടത്തിയവരുണ്ട്.

ഒറ്റുകാർ, സംശയങ്ങൾ

വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത കള്ളക്കടത്തുകൾ ഏറെയും ചില വിശ്വസ്തർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാാണ്. അല്ലെങ്കിൽ ഭദ്രമായി സ്വർണം പുറത്തെത്തിക്കാനുള്ള വിദ്യകൾ കാലാകാലങ്ങളായി കടത്തുകാർക്ക് സ്വായത്തമാണ്. ചില സംഘങ്ങൾ തമ്മിലുള്ള മത്സരം, കമ്മിഷന്റെ പേരിലുണ്ടാകുന്ന ഭിന്നതകൾ എന്നിവയൊക്കെയാണ് പലപ്പോഴും കള്ളക്കടത്തുകൾ പിടിക്കാൻ കാരണമായിട്ടുള്ളത്. അപൂർവമായി ചില ഉദ്യോഗസ്ഥർക്ക് നല്ല സൂചനകൾ നൽകുന്നവരുമുണ്ട്.

സ്വർണം കടത്തുമ്പോൾ എന്തെങ്കിലും അപകടസൂചന ഉണ്ടെങ്കിൽ വിമാനം നിലംതൊടുമ്പോൾതന്നെ അത് സന്ദേശങ്ങളായി കാരിയർക്ക് ഫോണിൽ ലഭിക്കും. അത്തരം ചില സന്ദർഭങ്ങളിലാണ് സ്വർണം വിമാനത്തിലെ സീറ്റിനടിയിലോ വിമാനത്താവളത്തിലെ ടോയ്‌ലറ്റിലോ ഉപേക്ഷിക്കാൻ അവർ നിർബന്ധിതരാവുന്നത്. അത്തരം ചരക്കുകൾ പിന്നീട് ക്ലീനിങ്‌ വിഭാഗത്തിലെ ജീവനക്കാരെത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കും. ഇതിനും വിമാനത്താവളങ്ങളിലെ ചില ലോബികളുടെ സഹായമുണ്ടാകും.

ഈ ക്ലീനിങ്‌ വിഭാഗത്തിലെ സഹായികൾക്കും പിന്നീട് ഇതിന്റെ പ്രതിഫലം ലഭിക്കും. വിമാനത്തിലെ എയർ ഹോസ്റ്റസുമാരുൾപ്പെടെയുള്ള ചില ജീവനക്കാരും ഇത്തരത്തിൽ സംഘത്തിന്റെ കണ്ണികളായി പ്രവർത്തിക്കാറുണ്ട്. കപ്പൽ വഴിയും വിമാനം വഴിയും അയക്കുന്ന കാർഗോകളിലും ഇത്തരം സ്വർണക്കടത്ത് വ്യാപകമാണ്.

(തുടരും)