മൂലധനസഞ്ചയത്തിനുള്ള ഒരുപാധിയായിട്ടാണ്‌ പലരും ബിറ്റ്കോയിനെ കാണുന്നത്‌. ഇന്ത്യയിൽ ഇത്‌ വാങ്ങുന്നത്‌ നിക്ഷേപ ഉദ്ദേശ്യത്തോടെയാണ്‌. എന്നാൽ, സാങ്കേതിക സംഘാടകർ പണമുണ്ടാക്കുന്നതിന്‌ സാധാരണവഴികൾ വിട്ട്‌ പുതിയ വിളനിലം ഈ കറൻസികളിൽ കണ്ടെത്തിയിരിക്കയാണ്‌.  

മിനിറ്റുകൾക്കകം കോടിക്കണക്കിന്‌ ഡോളറുകളാണ്‌ ഇവർ സമ്പാദിക്കുന്നത്‌. സ്മിത്ത്‌ ആൻഡ്‌ ക്രൗണിന്റെ കണക്കുകൾ അനുസരിച്ച്‌ ഈ വർഷാരംഭത്തിൽ 65 പ്രോജക്ടുകൾ സമാഹരിച്ചത്‌ 522 ദശലക്ഷം ഡോളറായിരുന്നു. ഇങ്ങനെ പണം സമ്പാദിക്കുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.  

ഇത്‌ പരമ്പരാഗത ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും നിലനില്പിന്‌ ഭീഷണിയാണ്‌. ഒരു  നിയന്ത്രണവുമില്ലാത്തതിനാൽ അത്‌ മയക്കുമരുന്നുവ്യാപാരത്തിനും ആയുധകള്ളക്കടത്തിനും ഭീകരപ്രവർത്തനങ്ങൾക്കും മനുഷ്യക്കടത്തിനുമായി ഉപയോഗപ്പെടുത്തുന്നു.

കുതിപ്പും ആശങ്കയും
മൂല്യസഞ്ചയത്തിനുള്ള ഒരു  മാധ്യമമായിട്ടാണ്‌ ബിറ്റ്‌ കോയിനെ കാണുന്നതെങ്കിലും അതിന്റെ മൂല്യത്തിൽ വലിയ ചാഞ്ചാട്ടം ദൃശ്യമാവുന്നുണ്ട്‌.  സമീപകാലത്തെ സംഭവങ്ങൾ ഈ വാദത്തെ ശക്തിപ്പെടുത്തുന്നു. 2017 ജനുവരി മധ്യത്തിൽ 752 ഡോളർ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിൻ ഡിസംബർ ആദ്യവാരാവസാനം 19,500 ഡോളറിലെത്തിയെന്നത്‌ വിസ്മയിപ്പിക്കുന്നതാണ്‌.  പിന്നീടത്‌ 13,000-ത്തിലേക്ക്‌ താഴ്‌ന്നു. ബിറ്റ്‌കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളർ കടക്കുമെന്ന പ്രവചനമുണ്ട്‌.  ഇത്തരത്തിലുള്ള ബിറ്റ്‌ കോയിന്റെ ഉയർച്ചയും താഴ്‌ചയും ധനസുസ്ഥിരതയ്ക്ക്‌ ഭീഷണിയായി മാറുകയാണ്‌. നിയന്ത്രണം നഷ്ടപ്പെട്ട വാഹനംപോലെയാണ്‌ ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ അവസ്ഥ.  ബിറ്റ്‌കോയിൻ കുമിളകൾ പൊട്ടുമെന്നും ജനം കരുതിയിരിക്കണമെന്നും ആർ.ബി.ഐ. മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

ഇന്ത്യയിൽ ബിറ്റ്‌കോയിൻ അത്രയൊന്നും വ്യാപകമായിട്ടില്ലെങ്കിലും 500-ലധികം ഡീലർമാർ ഇത്‌ കൈകാര്യംചെയ്യുന്നുണ്ട്‌. എന്നാൽ, നിഗൂഢനാണയത്തിന്റെ പരിക്രമണം ഇന്ത്യയിൽ വർധിച്ചുവരുന്നത്‌ ആശങ്കയുണ്ടാക്കുന്നതാണ്‌. കഴിഞ്ഞവർഷത്തെ നോട്ടുനിരോധനം ഇന്ത്യയിൽ ഡിജിറ്റൽ കറൻസികളുടെ വിനിമയത്തിന്‌ ശക്തിപകർന്നിട്ടുണ്ടെന്നാണ്‌ ആ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നതും. മൊബൈൽ ഫോണിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച്‌ ബിറ്റ്‌കോയിന്റെ ഉപയോഗവും വർധിക്കുമെന്നാണ്‌ ഒരു ബിറ്റ്‌കോയിൻ സ്റ്റാർട്ട്‌അപ്പായ യൂനിക്കോയിൻ പറയുന്നത്‌.

ഈ സമാന്തര കറൻസി ഇന്ത്യൻ സമ്പദ്ഘടനയിൽ വിപരീതഫലം ഉണ്ടാക്കുമെന്നുവേണം കരുതാൻ. പണപ്പെരുപ്പം കൂട്ടുന്നതിനും ധനകാര്യ അച്ചടക്കത്തിന്മേലുള്ള സർക്കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും പണം നിയമവിരുദ്ധമായി വകമാറ്റുന്നതിനും ഇത്‌ കാരണമാകും. ആത്യന്തികമായി അത്‌ രാജ്യത്തിന്റെ ഐക്യത്തെയും പരമാധികാരത്തെയുംകൂടി ബാധിക്കും. അതിനാലാണ്‌ ഇതിനെപ്പറ്റി അന്വേഷിക്കുന്നതിന്‌ സുപ്രീംകോടതി ആർ.ബി.ഐ.യോട്‌ ആവശ്യപ്പെട്ടത്‌.

ഇന്ത്യയിൽ സാങ്കല്പിക കറൻസികളുടെ വ്യാപാരം നിയന്ത്രണവിധേയമാക്കുന്നതിനെപ്പറ്റി ആലോചനകൾ ആരംഭിച്ചിരിക്കുന്നു.  ഇപ്പോൾ ഇതിന്റെ ഉടമസ്ഥതയെ സംബന്ധിച്ചോ നിയന്ത്രണത്തെ സംബന്ധിച്ചോ ഒന്നും ആർക്കും അറിയില്ല.  ഇതിന്മേൽ കേന്ദ്രസർക്കാറിനോ ആർ.ബി.ഐ.ക്കോ ഒരു നിയന്ത്രണവുമില്ല.

കഴിഞ്ഞ ജൂൺമാസത്തിൽ അരുൺ ജെയ്‌റ്റ്‌ലി  അധ്യക്ഷതവഹിച്ച ഒരു യോഗത്തിൽ ഇതിനെക്കുറിച്ച്‌ ചർച്ചകൾ നടന്നിരുന്നു. ഇത്‌ നിരോധിക്കുന്നതിനെപ്പറ്റി ഒരു നിർദേശം ഉണ്ടായെങ്കിലും ധന-ആഭ്യന്തര-ഐ.ടി. വകുപ്പുകളിലെയും ആർ.ബി.ഐ., നീതി ആയോഗ്‌, സെബി എന്നിവയിലെയും ഉയർന്ന ഉദ്യോഗസ്ഥർ ഇതിനോട്‌ പൂർണമായി യോജിച്ചിരുന്നില്ല.

ഇന്ത്യയിൽ നിഗൂഢ കറൻസികളുടെ വില്പനയ്ക്ക്‌ ജി.എസ്‌.ടി. ചുമത്താൻ കഴിയുമെന്നാണ്‌ ഒരു കണക്കുകൂട്ടൽ. ഇതിന്റെ നിയന്ത്രണചുമതല സെബിയെ ഏല്പിക്കുന്നതിനും ആലോചിക്കുന്നുണ്ട്‌. എന്നാൽ, ആഗോളതലത്തിൽ നോക്കുമ്പോൾ ഓസ്‌ട്രേലിയയും അമേരിക്കയും ഇതിനെ ‘പ്രോപ്പർട്ടി ഗണ’ത്തിൽ ഉൾപ്പെടുത്തി മൂലധനനേട്ടത്തിന്‌ നികുതി ചുമത്തുന്നുണ്ട്‌. ജപ്പാനിലും ബ്രിട്ടനിലും നേരിയ വ്യത്യാസത്തിലാണെങ്കിലും മൂലധനനേട്ടനികുതി ചുമത്തുന്നുണ്ട്‌. ഇന്ത്യക്ക്‌ ആ വഴി പിന്തുടരാവുന്നതാണ്‌.

ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ടവർ പറയുന്നത്‌ സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുപകരം ഒരു സ്വയംനിയന്ത്രണ സംവിധാനത്തിന്‌ രൂപംനൽകണമെന്നാണ്‌. എന്നാൽ, ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ ഡിജിറ്റൽ കറൻസിയെ കയറൂരിവിടാൻ അനുവദിക്കുന്നത്‌ അപകടകരമാണ്‌. അതിനെ നിയന്ത്രിക്കുകതന്നെ വേണം.

അതോടൊപ്പം അതിൽനിന്ന്‌ വൻകൊയ്‌ത്തു നടത്തുന്നവർ നികുതിക്ക്‌ വിധേയരാക്കപ്പെടുകയും വേണം. നിയന്ത്രണങ്ങളോടൊപ്പം പ്രവർത്തിക്കാൻ അനുവദിക്കുകയാണെങ്കിൽ സർക്കാറിന്റെ നികുതി വരുമാനം ഉയർത്താനും കഴിയും.

മായക്കറൻസിയുടെ ലോകം
ഏതൊരു രാജ്യത്തെയും നാണയവ്യവസ്ഥ ഭരണകൂടത്താൽ നിയന്ത്രിക്കപ്പെടുന്നതാണ്‌. എന്നാൽ, ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഒന്നുമില്ലാതെ ലോകം മുഴുവൻ വൻതോതിലല്ലെങ്കിലും ക്രയവിക്രയം ചെയ്യപ്പെടുന്ന സാങ്കല്പിക കറൻസികളുണ്ട്‌ ലോകത്തിൽ. ഇതിനെ ഇലക്‌ട്രോണിക്‌ കറൻസി അല്ലെങ്കിൽ ഡിജിറ്റൽ കറൻസി എന്നാണ്‌ വിളിക്കുന്നത്‌. ‘ബിറ്റ്‌കോയിൻ’ അത്തരത്തിൽപ്പെട്ട ഒരു കറൻസിയാണ്‌.

ഇത്‌ ഗൂഢാക്ഷര ലേഖനവിദ്യാ (cryptography) സംവിധാനത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇതിനെ നിയന്ത്രിക്കുന്നതിനോ നേർവഴിക്ക്‌ കൊണ്ടുവരുന്നതിനോ ഒരധികാരിയും ഇല്ലാത്തപ്പോൾത്തന്നെ ഇതുമായി ബന്ധപ്പെട്ട കണക്കുകളും കാര്യങ്ങളും കൃത്യമായി നോക്കുന്നതിനും ക്രയവിക്രയം പരിശോധിക്കുന്നതിനുമെല്ലാമുള്ള നെറ്റ്‌വർക്ക്‌ സംവിധാനമുണ്ട്‌. ഇതെല്ലാം ഒരു വലിയ കണക്കുപുസ്തകത്തിന്റെ ഭാഗമാണ്‌.  ഈ കണക്കുപുസ്തകത്തിനെ ‘ബ്ലോക്ക്‌ ചെയിൻ’ എന്നാണ്‌ വിളിക്കുന്നത്‌. 

ഒരു കൂട്ടം കംപ്യൂട്ടറുകളാൽ സൃഷ്ടിക്കപ്പെടുന്ന സുരക്ഷാശൃംഖലയാണ്‌ ബിറ്റ്‌കോയിൻ നിയമാവലി.  മറ്റേതൊരു നാണയത്തെയുംപോലെ  ബിറ്റ്‌കോയിനും ഉപഭോക്താവിന്റെ അചഞ്ചലമായ വിശ്വാസം ആവശ്യമാണ്‌. സ്റ്റോഷിനാകോ മോട്ടോയെന്ന്‌ സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ്‌ 2008-ൽ  ബിറ്റ്‌കോയിൻ എന്ന സാങ്കല്പിക കറൻസി വികസിപ്പിച്ചത്‌.

ഏതുസമയത്തും വളരെ വേഗത്തിൽ കുറഞ്ഞ ചെലവിൽ പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഇതുവഴി കഴിയുന്നു. ഇത്‌ ഉപയോഗിക്കുന്നത്‌ പട്ടാളശ്രേണിയിൽപ്പെട്ട ബീജാക്ഷരലേഖന വിദ്യയാണ്‌. മൂന്നാമന്‌ മനസ്സിലാക്കുക വിഷമം. ഇതുമായി ബന്ധപ്പെട്ടവരും കൈകാര്യം ചെയ്യുന്നവരും ഒരിടത്തും തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തേണ്ടിവരുന്നില്ല. കൈകാര്യം ചെയ്യുമ്പോൾ അജ്ഞാതനാമത്തിലുള്ള മേൽവിലാസമാണ്‌ ഉപയോഗിക്കുന്നത്‌. ഓരോ ഇടപാടുസമയത്തും അത്‌ മാറിക്കൊണ്ടിരിക്കുന്നു.