രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയിലും നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തെ 12.94ശതമാനത്തിൽനിന്ന് ജൂണിൽ 12.07ശതമാനമായാണ് കുറഞ്ഞത്. 

ഭക്ഷ്യവസ്തു, അസംസ്‌കൃത എണ്ണവില എന്നിവയിൽ കുറവുണ്ടായി. എന്നാൽ ഉത്പന്നവിലയിൽ വർധനവ് രേഖപ്പെടുത്തിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായി മൂന്നാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്നത്. 2020 ജൂണിൽ (-)1.81ശതമാനമായിരുന്നു വിലക്കയറ്റം. 

ഇന്ധനം, ഊർജം എന്നീമേഖലകളിലെ പണപ്പെരുപ്പം മെയ് മാസത്തെ 37.61ശതമാനത്തിൽനിന്ന് ജൂണിൽ 32.83ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തുക്കളിലേതാണെങ്കിൽ 4.32ശതമാനത്തിൽനിന്ന് 3.09ശതമാനമായും താഴ്ന്നു. നിർമിത വസ്തുക്കളുടെ പണപ്പെരുപ്പം 10.83ൽനിന്ന് 10.88ശതമാനമായി ഉയരുകയുംചെയ്തു. 

മികച്ച മൺസൂൺ, വിളവ്, വിവിധയിടങ്ങളിലെ അടച്ചിടലിൽനിന്ന് മോചനം തുടങ്ങിയവ ഭാവിയിൽ വിലക്കയറ്റതോതിൽ കുറവുണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.