ന്ത്യ കോവിഡിന്റെ രണ്ടാംതരംഗവുമായി യുദ്ധം ചെയ്യുമ്പോൾ രാജ്യത്തിന്റെ സമീപകാല സാമ്പത്തികവളർച്ചാ സാധ്യതകളിൽ അനിശ്ചിതത്വം നിഴൽവീഴ്ത്തുന്നു. മഹാമാരി കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് മാന്ദ്യഘട്ടം പിന്നിട്ട് രാജ്യം പതുക്കെ വീണ്ടെടുപ്പു നടത്തുകയായിരുന്നു. 

രണ്ടാംതരംഗത്തിന്റെവരവ് കാര്യങ്ങൾ കൂടുതൽവഷളാക്കി. 2022 സാമ്പത്തികവർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക്  യഥാക്രമം 11 ശതമാനവും 10.5 ശതമാനവും ആയിരിക്കുമെന്ന്  സാമ്പത്തിക സർവേയിലും ആർബിഐ കണക്കുകളിലും വ്യക്തമായിരുന്നു. എന്നാൽ കോവിഡ് 19ന്റെ ആഘാതത്തിൽനിന്ന് രാജ്യം എത്രനന്നായി വീണ്ടെടടുപ്പുനടത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ കണക്കുകൾ. 

ദേശീയ തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പലസംസ്ഥാനങ്ങളും ലോക്ഡൗണിനോ സമാനമായ നിയന്ത്രണങ്ങൾക്കോ ഒരുങ്ങിക്കഴിഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങളേയും ജീവനോപാധികളേയും വീണ്ടുംബാധിക്കുന്ന അവസ്ഥയിൽ കേന്ദ്രബാങ്ക് എങ്ങനെയാണ് പ്രതികരിക്കുക എന്നചോദ്യം അവശേഷിക്കുന്നു. കഴിഞ്ഞവർഷം കോവിഡ് 19ന്റെ സാമ്പത്തിക പ്രത്യാഘാതം മറികടക്കാൻ വിവിധ പദ്ധതികളുമായി റിസർവ് ബാങ്ക് മുന്നോട്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ വൻസാമ്പത്തിക ഉത്തേജകപദ്ധതികൾ പ്രഖ്യാപിക്കാൻ പരിമിതികളുണ്ട്.   

ഈ സാഹചര്യത്തിലും കടമെടുത്തവർക്കും ബിസിനസിനും ആശ്വാസംപകരുന്ന പ്രഖ്യാപനങ്ങൾ ആർബിഐ ഗവർണർ നടത്തിയിരിക്കുന്നു. വായ്പകളെ സഹായിക്കുന്നതിന് ചെറുകിട ബാങ്കുകൾക്കും ചെറുകിട ധനകാര്യസ്ഥാപനങ്ങൾക്കു തരം തിരിച്ചുള്ള വായ്പക്കു മുൻഗണനനൽകിയും പ്രത്യേക ദീർഘകാല പദ്ധതി (S-LTRO) ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.  

രാജ്യത്തെ ആരോഗ്യപരിരക്ഷയ്ക്കും അനുബന്ധ സേവനങ്ങൾക്കുമായി 50,000 കോടി രൂപയുടെ സമയബന്ധിത സാമ്പത്തിക സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ഈ പദ്ധതിയനുസരിച്ച് വായ്പകൾക്ക് ആനുകൂല്യം നൽകുന്നതിനായി ബാങ്കുകൾക്ക് കോവിഡ് ചെലവുകൾക്കു തുല്യമായതുക റിവേഴ്സ് റിപ്പോ നിരക്കിന്റെ 40 ബിപിഎസ് മുകളിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കാവുന്നതാണ്. വായ്പകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് ഇതുപ്രചോദനമാകും. ലോൺ മൊറട്ടോറിയം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വായ്പാ പുനസംഘടനാപദ്ധതി വായ്പയെടുത്തവർക്ക് ഒരുപരിധി വരെആശ്വാസം പകരും.

റിസർവ് ബാങ്കിന് കൈകാര്യം ചെയ്യേണ്ട സാമ്പത്തികാന്തരീക്ഷം കഴിഞ്ഞ വർഷത്തേതിൽനിന്ന് വിഭിന്നമാണ്. അഭ്യന്തര സമ്പദ് വ്യവസ്ഥയിലുണ്ടാകാവുന്ന വിലക്കയറ്റം കൂടുതൽ പലിശയിളവ് പ്രഖ്യാപിക്കുന്നതിൽനിന്ന് തടയുന്നു. ഉപഭോക്തൃവില സൂചികയനുസരിച്ച് കണക്കു കൂട്ടുന്ന വിലക്കയറ്റം 6 ശതമാന പരിധിക്കുള്ളിലാണെങ്കിലും ഉയർന്നുതന്നെയാണു നിലകൊള്ളുന്നത്. പ്രാദേശിയ ലോക്ഡൗണുകൾ വിതരണതടസത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായേക്കും. 

വരുംമാസങ്ങളിലെ വിലക്കയറ്റനിരക്ക് നിർണയിക്കപ്പെടുക കോവിഡ് വ്യാപനവുമായി ബന്ധപ്പടുത്തിയായിരിക്കുമെന്ന്   ഗവർണർ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. വിലക്കയറ്റ നിരക്കു മുകളിലേക്കു കുതിക്കുകയും പരിധിക്കപ്പുറം എത്തുകയും ചെയ്താൽ സാമ്പത്തിക വളർച്ചയോ വിലക്കറ്റ നിയന്ത്രണമോ എന്ന കാര്യത്തിൽ ആർബിഐക്ക് മുൻഗണന നിർണയിക്കേണ്ടി വരും.    

ആഗോള സമ്പദ്ഘടനയിലെ ചലനങ്ങളും റിസർവ് ബാങ്കിന് അനുകൂലമല്ല. കഴിഞ്ഞവർഷം മിക്ക സമ്പദ് വ്യവസ്ഥകളും അവിചാരിതമായ പ്രതിസന്ധിയാണുനേരിട്ടത്. ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകൾ ഇതിനെ നേരിടാൻ ഉദാര സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുവന്നു. യുഎസ് ഉൾപ്പടെ വികസിത രാജ്യങ്ങളിൽ കാര്യങ്ങൾ പതുക്കെ മെച്ചപ്പടുകയായിരുന്നു. യുഎസിൽ തൊഴിലില്ലായ്മാനിരക്ക് മാർച്ചിൽ 6 ശതമാനമായി താഴുകയും വിലക്കയറ്റ നിരക്ക് 2 ശതമാനം എന്ന ലക്ഷ്യം മറികടക്കുകയും ചെയ്തു. 

യുഎസ് സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽനിന്ന് തിരിച്ചുവരവു നടത്തുന്നു എന്നതാണ് ഇവ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ അവരുടെ കേന്ദ്ര ബാങ്കിന്റെ പണനയം ഏതു ദിശയിലായിരിക്കുമെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. 2024 വരെ ഇപ്പോഴത്തെ നിലപാടിൽ തുടരുമെന്ന് യുഎസ് കേന്ദ്ര ബാങ്ക് പറയുന്നുണ്ടെങ്കിലും അതിനുകഴിയുമോ എന്നചോദ്യം നിലനിൽക്കുന്നു. 

ഉദാഹരണത്തിന് വിലക്കയറ്റനിരക്ക് സൗകര്യപ്രദമായ പരിധിക്കുമുകളിൽതന്നെ നിന്നാൽ നടപടികൾ കൈക്കൊള്ളാതിരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ സമ്പദ്ഘടനയിൽ ഇതിന്റെ അനുരണനങ്ങളുണ്ടാവും. പണത്തിന്റെ ഒഴുക്ക് യുഎസിലേക്ക് തിരിച്ചാവും ഉണ്ടാവുക. വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുകയുംചെയ്യും.

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ വിദേശ നിക്ഷേപങ്ങളുടെ വിൽപനാ സമ്മർദ്ദമുണ്ട്. കോവിഡ് വ്യാപനത്തിലുണ്ടായ വർധനയും സാമ്പത്തിക വളർച്ചയിലെ അനിശ്ചിതത്വവുമാണിതിനുകാരണം. ഇന്ത്യൻ രൂപയെപ്പോലും സമ്മർദ്ദത്തിലാക്കി. യുഎസിന്റെ പണനയത്തിൽ മാറ്റമുണ്ടായാൽ സ്ഥിതി കൂടുതൽ വഷളാകും. ഇന്ത്യയുടെ വിദേശ നാണയ നീക്കിയിരിപ്പ് 584 ബില്യൺ യുഎസ് ഡോളർ എന്ന സർവകാല റെക്കോഡിലാണ്. രൂപയുടെമൂല്യം കൂടുതൽ ഇടിഞ്ഞാൽ വിപണിയിൽ ഇടപെടാൻ ആർബിഐക്ക് ഇതുമതിയായ അവസരം നൽകുന്നു. 

കറൻസി വിപണിയിൽ ഇടപെടുന്നതിനു മുമ്പ് ആർബിഐ ശ്രദ്ധാപൂർവമായ കാത്തിരിപ്പുനടത്തും. അവസരം വരുമ്പോൾ ഇടപെടാൻ ആയുധങ്ങളുടെ കുറവുണ്ടാകാൻ പാടില്ലല്ലോ. ഈ വർഷം ആർബിഐയുടെ പക്കൽ ധാരാളം വെടിക്കോപ്പുകളുണ്ട്. സഹായകമായ വിധത്തിലുള്ള  സാമ്പത്തിക വീണ്ടെടുപ്പ്, നിയന്ത്രിതമായ വിലക്കയറ്റനിരക്ക്, സർക്കാർ വായ്പാപദ്ധതിക്കു പിന്തുണ, യുഎസിലെ മാറ്റങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കൽ തുടങ്ങിയവ അതിലുൾപ്പെടുന്നു.  പാരമ്പര്യത്തിനു വിരുദ്ധമായി ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് പ്രവർത്തിക്കുമെന്നും അവസരം ആവശ്യപ്പെടുന്നതിനനുസരിച്ച് പുതിയ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും ആർബിഐ ഗവർണർ ഉറപ്പുനൽകിയിട്ടുമുണ്ട്.  

(ജിയോയജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)