ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യ-ചൈന സംഘര്‍ഷം പുതിയവിതാനം തേടുകയാണ്. പൊതുജന ഹിതമനുസരിച്ച് ഗവണ്മെന്റ് പ്രവര്‍ത്തിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കും. കടുത്ത നിലപാടു സ്വീകരിക്കുന്നതിനുമുമ്പ്  ഈതന്ത്രത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണ്.

ആഗോളശക്തി എന്നനിലയിലുള്ള ചൈനയുടെ മുന്നേറ്റത്തിന് പ്രധാന പിന്തുണനല്‍കുന്നത് അതിന്റെ കയറ്റുമതി വളര്‍ച്ചയില്‍ അധിഷ്ഠിതമായ തന്ത്രമാണ്. ആഗോളതലത്തിലുള്ള ചൈനയുടെ കയറ്റുമതി 2008ലെ 7 ശതമാനത്തില്‍നിന്ന് 2018ല്‍ 11 ശതമാനമായി വളര്‍ന്നിരിക്കുന്നു. ലോക വ്യാപാരരംഗത്തെ ചൈനയുടെ വര്‍ധിക്കുന്ന സാന്നിധ്യം 'ലോകത്തിന്റെ ഫാക്ടറി ' എന്നപേര് അതിനു ചാര്‍ത്തിക്കൊടുത്തു. 

2020 സാമ്പത്തികവര്‍ഷം 65 ബില്യണ്‍ യുഎസ് ഡേളറിന്റെ ചൈനീസ് ഉല്‍പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതിചെയ്തത്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. നിര്‍മ്മിത ഉല്‍പന്നങ്ങളാണ് ഇതില്‍ 96 ശതമാനവും. ഇതില്‍തന്നെ ഏറ്റവുംകൂടുതല്‍ (33 ശതമാനം) ഇലക്ട്രോണിക് സാമഗ്രികളാണ്. എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങള്‍ രണ്ടാം സ്ഥാനത്തും (32 ശതമാനം) കെമിക്കല്‍ (20 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്.

ഉല്‍പന്നങ്ങളുടെ ഈ ഒഴുക്കുതടയാനുള്ള ഏതുശ്രമവും ഇന്ത്യയെസംബന്ധിച്ചേടത്തോളം കൂടുതല്‍ പണച്ചെലവുണ്ടാക്കും. ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നേടിയമേല്‍ക്കൈ പ്രധാനമായും അവയുടെ വിലക്കുറവുകാരണമാണ്. 

ഉദാഹരണത്തിന് വിലയും ഗുണമേന്മയും തമ്മിലുള്ള അനുപാതം മെച്ചമായതിനാല്‍ ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് രാജ്യത്തെ വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുണ്ട്. 2019 സാമ്പത്തികവര്‍ഷം ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലധികമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം കൂടുതലാണിത്.  സ്മാര്‍ട്ട് ഫോണുകള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചാലും ആത്യന്തികമായി അതിന് കൂടുതല്‍ വിലനല്‍കേണ്ടിവരിക  ഇന്ത്യന്‍ ഉപയോക്താക്കളായിരിക്കും.

ഇതുപോലെ ഉല്‍പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കും മറ്റുഘടകങ്ങള്‍ക്കും അഭ്യന്തര വ്യവസായരംഗം വലിയതോതില്‍ ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനഘടകങ്ങളില്‍ 24 ശതമാനവും ചൈനയില്‍ നിന്നാണ്. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്താകട്ടെ മൊത്തം ഇറക്കുമതി ചെയ്യുന്ന മരുന്നുകളിലും മരുന്നുനിര്‍മ്മാണത്തിനാവശ്യമായ ഉപോല്‍പന്നങ്ങളിലും 68 ശതമാനവും ചൈനയില്‍ നിന്നാണ്. ഇതേവിലയില്‍ പെട്ടെന്ന് പകരം വിതരണക്കാരെ കണ്ടെത്തുക ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ സംബന്ധിച്ചേടത്തോളം പ്രയാസകരമായിരിക്കും.

ചൈനയുമായുള്ള വ്യാപാരബന്ധം ഒഴിവാക്കുക എന്നത് പറയുന്നത്ര എളുപ്പമല്ല. എന്നാല്‍ ഇന്ത്യക്കു ചൈനയോടൊപ്പമെത്താന്‍ കഴിയില്ലെന്നോ ആഗോള വ്യാപാരരംഗത്ത് ചൈനയുടെ സ്ഥാനം പിടിച്ചെടുക്കാനോ കഴിയില്ലെന്നോ ഇതിനര്‍ത്ഥമില്ല. കോവിഡ്-19ന്റെ ഈ കഠിനകാലത്തും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണിന്ത്യയുടേതെന്ന് അന്തര്‍ ദേശീയ നാണ്യനിധി കണ്ടെത്തിയിട്ടുണ്ട്.  

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 1.9 ശതമാനമായി കണക്കാക്കുമ്പോള്‍ മറ്റു പല രാജ്യങ്ങളുടേതും പ്രതികൂല നിലയിലാണ്. എന്നാല്‍ സാമ്പത്തിക രംഗത്ത് ചൈനയുമായി കാര്‍ക്കശ്യത്തോടെ ഇടപെടാന്‍ ഇതൊന്നും മതിയാവില്ല. സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഹൃസ്വകാല പരിഹാരങ്ങള്‍ക്കു പകരം കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ കൊണ്ടുവരികയുംവേണം.

ഏറ്റവും പ്രധാനം പരിഷ്‌കരണ നടപടികള്‍ സാര്‍ത്ഥകവും ഫലംനല്‍കുന്നതുമായിരിക്കണം എന്നതാണ്. മുടന്തുന്ന സാമ്പത്തിക രംഗത്ത് ദീര്‍ഘകാലമായി ആവശ്യമായിരുന്ന പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ആഗോള ആരോഗ്യ പ്രതിസന്ധിതന്നെ വേണ്ടിവന്നു. ഇത്തരം കാലതാമസങ്ങള്‍ വികസ്വര സമ്പദ്ഘടനകളെ സംബന്ധിച്ചേടത്തോളം താങ്ങാനാവാത്തതായിരിക്കും. 

യുഎസ്- ചൈന വ്യാപാരതര്‍ക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാവുമെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യക്കിത് വലിയ ഗുണമൊന്നും ചെയ്തില്ല. വിയറ്റ്നാം, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങള്‍ അവസരം മുതലാക്കുകയും ചെയ്തു. നയപരമായി  ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കണമെന്നാണ് ഇതില്‍നിന്നു മനസിലാക്കേണ്ടത്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ധനകാര്യ വിദഗ്ധയാണ് ലേഖിക)