പ്രതിസന്ധിയിലായി കേന്ദ്രം: ജി.എസ്.ടിയില്‍ അഴിച്ചുപണി വേണ്ടിവരുമോ?


പി. രവീന്ദ്രനാഥന്‍

കേന്ദ്രം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് വഴിയൊരുങ്ങും. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പറയുന്ന സഹകരണ ഫെഡറലിസം നോക്കുകുത്തിയായിമാറുമന്നകാര്യത്തില്‍ സംശയമില്ല.

'ഒരു രാജ്യം ഒരു നികുതി'യെന്ന മുദ്രാവാക്യവുമായി 2017 ജൂലായ് ഒന്നിന് പിറന്നുവീണ ചരക്കുസേവന നികുതി (ജി.എസ്.ടി.) നാലാംവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. കേന്ദ്ര ധനമന്ത്രി അധ്യക്ഷയും കേന്ദ്രധനവകുപ്പിലെ സഹമന്ത്രിയും സംസ്ഥാന ഗവണ്‍മെന്റുകള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടുന്ന 33 അംഗ കൗണ്‍സിലാണ് ജി.എസ്.ടി.യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയായിട്ടാണ് ഇത് വിശേഷിപ്പിയ്ക്കപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അവരുടെ പരോക്ഷ നികുതികളുടെ ബഹുഭൂരിപക്ഷവും ലയിപ്പിച്ച് ജി.എസ്.ടി.യ്ക്ക് രൂപം നല്‍കിയപ്പോള്‍ കരുതിയത് പരോക്ഷ നികുതി വരുമാനത്തില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ വലിയ പ്രതീക്ഷയോടെ നടപ്പിലാക്കിയ വിപ്ലവകരമായ നികുതി പരിഷ്‌കരണം ഇന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

നഷ്ടപരിഹാര സെസ്സ്
2015-16 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കി ആവര്‍ഷം ഓരോ സംസ്ഥാനത്തിനും ജി.എസ്.ടി.യില്‍ ലയിപ്പിച്ച നികുതികളില്‍നിന്ന് ലഭിച്ച മൊത്തംവരുമാനം എത്രയാണോ അതിനേക്കാള്‍ ഓരോവര്‍ഷവും ഓരോസംസ്ഥാനത്തിനും ഏറ്റവും കുറഞ്ഞത് 14 ശതമാനം വര്‍ധനവ് ജി.എസ്.ടി.യില്‍ ഉണ്ടാവണമെന്നും അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ കുറവ് വന്ന തുക സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി 2022 ജൂണ്‍ 30 വരെയുള്ള അഞ്ചുവര്‍ഷക്കാലം നല്‍കണമെന്ന് 2017 ഏപ്രില്‍ മാസത്തില്‍ പാസാക്കിയ ചരക്കു സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) നിയമത്തില്‍ പറയുന്നുണ്ട്.

അതിനാല്‍ നഷ്ടം നികത്തി കൊടുക്കേണ്ടത് കേന്ദ്രത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഈ വസ്തുത കണക്കിലെടുത്ത് ചില ആര്‍ഭാടവസ്തുക്കളുടെയും മറ്റുമുള്ളവയുടെയും നികുതിക്കുപുറമെ ഒരു സെസ്സുകൂടി ചുമത്തി ആ തുക സെസ് ഫണ്ടിലേക്ക് മാറ്റി അതില്‍നിന്ന് സംസ്ഥാനങ്ങളുടെ നികുതി നഷ്ടം ികത്തികൊടുക്കുന്നതിനാണ് തീരുമാനിച്ചത്.

ജി.എസ്.ടി. ആരംഭിച്ചശേഷമുള്ള ആദ്യരണ്ടുവര്‍ഷങ്ങളില്‍ സെസ് വഴി സമാഹരിച്ചതുക സംസ്ഥാനങ്ങള്‍ക്കുണ്ടായ കമ്മിയേക്കാള്‍ 47,271 കോടി രൂപ അധികമായിരുന്നു. എന്നാല്‍ മൂന്നാംവര്‍ഷം (2019-20) സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരതുകയേക്കാള്‍ 69858 കോടി രൂപ കുറവായിരുന്നു. ആദ്യ രണ്ടുവര്‍ഷങ്ങളിലെ മിച്ചവും അന്തഃസംസ്ഥാന ജി.എസ്.ടി.യിലെ ബാക്കിയും ചേര്‍ത്താണ് 2019-20 ലെ നഷ്ടപരിഹാരം നല്‍കിയത്. അവസാന ഗഡു 13,800 കോടി നല്‍കിയത് 2020 ജൂലായ് 27 നായിരുന്നു.

സാമ്പത്തിക പ്രതിസന്ധി
ഇന്ത്യന്‍ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് -19 ന്റെ ആഗമനത്തിന് വളരെ മുമ്പുതുടങ്ങിയ സാമ്പത്തിക മെല്ലെപോക്ക് കോവിഡ്-19 ഓടെ അതിരൂക്ഷമായിരിക്കുന്നു. കോവിഡിന്റെ ഫലമായുണ്ടായ അടച്ചുപൂട്ടലുകള്‍, അതുണ്ടാക്കിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ നിശ്ചലാവസ്ഥ എന്നിവയെല്ലാംചേര്‍ന്ന് സമ്പദ്ഘടനയെ ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം നിഷേധ വളര്‍ച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.

അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍, റേറ്റിംഗ് ഏജന്‍സികള്‍, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പ്രവചിക്കുന്നത് നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന 10 ശതമാനത്തിലധികം നിഷേധവളര്‍ച്ച കാണിക്കുമെന്നാണ്. സമ്പദ്ഘടനയില്‍ 10 ശതമാനം സങ്കോചമുണ്ടാവുകയാണെങ്കില്‍ രാജ്യത്തെ മൊത്തം നികുതി വരുമാനത്തില്‍ ഏതാണ്ട് 12 ലക്ഷം കോടി രൂപയുടെ കുറവ് നടപ്പുസാമ്പത്തിക വര്‍ഷം ഉണ്ടാവുമെന്നും സംസ്ഥാനങ്ങളുടെ നഷ്ടം 6.4 ലക്ഷം കോടി രൂപയായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.

ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ അറ്റ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 31 ശതമാനത്തിന്റെയും അറ്റ പരോക്ഷ നികുതി വരുമാനത്തില്‍ 11 ശതമാനത്തിന്റെയും ഇടിവുണ്ടായിരിക്കുന്നു. ഇതേകാലത്ത് ജി.എസ്.ടി.യില്‍ 1,55,287 കോടി രൂപയുടെയും ജി.എസ്. ടി. സെസ്സില്‍ 19,429 കോടി രൂപയുടെയും കുറവാണുണ്ടായിരിക്കുന്നത്. നടപ്പുവര്‍ഷം ധനക്കമ്മി 7.5 ശതമാനംവരെ ഉയരാമെന്നാണ് ചിലപഠനങ്ങള്‍ കാണിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജി.എസ്.ടി.യുടെ ആദ്യ ഗഡു പോലും ഇതുവരെനല്‍കിയിട്ടില്ല.

41-ാം ജി.എസ്.ടി. കൗണ്‍സില്‍ യോഗം
ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശംതേടിയത്. ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും അതിനാല്‍ ജി.എസ്.ടി.യിലുളള നഷ്ടംനികത്താന്‍ സംസ്ഥാനങ്ങളെ വായ്പയെടുക്കാന്‍ അനുവദിക്കണമെന്നും എ.ജി. നിയമോപദേശം നല്‍കി.

കഴിഞ്ഞ ഓഗസ്റ്റ് 27നുചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കനുസരിച്ച് സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരത്തിന് നടപ്പുവര്‍ഷം 3 ലക്ഷം കോടി രൂപയാണ് വേണ്ടിവരിക. ഇതില്‍ 65,000 കോടി രൂപ സെസ്സായി പിരിഞ്ഞുകിട്ടുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അപ്പോള്‍ 2.35 ലക്ഷം കോടി രൂപയുടെ കമ്മിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ 97000 കോടി രൂപയാണ് ജി.എസ്.ടി. വരുമാനത്തിലെ ഇടിവിനെ തുടര്‍ന്നുണ്ടായതെന്നും ബാക്കി 1.38 ലക്ഷം കോടി രൂപ കോവിഡ്-19 പ്രതിസന്ധിയുടെ സൃഷ്ടിയാണെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

കേന്ദ്രത്തിന് കടമെടുക്കുന്നതിന് ചില പരിമിതികളുണ്ടെന്നും അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. വരുമാനത്തിലെ കുറവോ (97000 കോടി രൂപ) നഷ്ടപരിഹാരമായി ലഭിക്കേണ്ട തുകയോ (2.35 ലക്ഷം കോടിരൂപ) ഏതെങ്കിലുമൊന്ന് വായ്പയായി ലഭ്യമാക്കാമെന്നാണ് കേന്ദ്രം യോഗത്തില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം. ആദ്യത്തെ നിര്‍ദ്ദേശമാണ് സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്നതെങ്കില്‍ 97000 കോടി രൂപയുടെ നഷ്ടം ആര്‍.ബി.ഐ. ഒരുക്കിതരുന്ന വാതായനംവഴി സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ പലിശക്ക് കടമെടുക്കാമെന്നും സെസ്സ് വഴിപിരിച്ചെടുക്കുന്ന പണം കൊണ്ട് ഇതിന്റെ മുതലും പലിശയും തിരിച്ചടക്കാമെന്നും അതിനായി വേണ്ടിവന്നാല്‍ സെസ്സിന്റെ കാലാവധി 2022 ജൂണിനപ്പുറത്തേക്ക് നീട്ടാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

രണ്ടാമത്തെ നിര്‍ദ്ദേശമാണ് സ്വീകരിക്കുന്നതെങ്കില്‍ 2.35 ലക്ഷം കോടിരൂപയുടെ കുറവ് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ആര്‍.ബി.ഐ.യുടെ സഹായത്തോടെ ഉയര്‍ന്ന പലിശക്ക് കമ്പോളത്തില്‍നിന്ന് കടമെടുക്കാമെന്നും കടമെടുത്ത തുക ജി.എസ്.ടി. സെസ്സുവഴി തിരിച്ചടക്കാമെന്നും എന്നാല്‍ പലിശ സംസ്ഥാനങ്ങള്‍ സ്വയംവഹിക്കേണ്ടിവരുമെന്നുമാണ് കേന്ദ്ര നിലപാട്. മാത്രമല്ല കടമെടുത്തതുക തിരിച്ചടക്കുന്നതിനു മാത്രമേ സെസ്സിന്റെ കാലാവധി നീട്ടുകയുള്ളൂവെന്നും പലിശ 2022 ജൂണോടെ അടച്ചുതീര്‍ക്കണമെന്നുമാണ് രണ്ടാം നിര്‍ദ്ദേശം സ്വീകരിക്കുന്നവരോട് കേന്ദ്രം പറയാന്‍ പോകുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുപത്തിമൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രം മുന്നോട്ടുവെച്ച ആദ്യ ഓഫര്‍ അംഗീകരിച്ച് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നുവെന്നാണറിയുന്നത്. അതിനാല്‍ സെപ്റ്റംബര്‍ അഞ്ചിനുചേരുന്ന 42-ാം ജി.എസ്. ടി. കൗണ്‍സില്‍ യോഗത്തില്‍ വോട്ടെടുപ്പ് വേണ്ടിവന്നാല്‍ കേന്ദ്രനിര്‍ദ്ദേശം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ എളുപ്പത്തില്‍ പാസ്സാക്കിയെടുക്കാന്‍ കഴിയും.

ജാര്‍ഖണ്ഡ്, കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ ഇതുവരെയും ജി.എസ്.ടി. കൗണ്‍സിലിനെ അവരുടെ നിലപാട് അറിയിച്ചിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച രണ്ടു നിര്‍ദ്ദേശങ്ങളും സപ്തംബര്‍ 5ന് ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനു മുമ്പ് സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ പ്രതിസന്ധിയിലായേക്കാം. അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് 2022 ജൂണ്‍ വരെ കാത്തിരിക്കേണ്ടിയും വന്നേക്കാം.

കേന്ദ്രം അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കും. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പറയുന്ന സഹകരണ ഫെഡറലിസം ഒരു നോക്കുകുത്തിയായിമാറും. ഭരണഘടനയിലുള്ള വിശ്വാസത്തിനുതന്നെ അതുപോറലേല്പിക്കും.

സംസ്ഥാനങ്ങള്‍ നിലവിലെ സംവിധാനത്തെ എതിര്‍ക്കുകയാണെങ്കില്‍ ജി.എസ്.ടി.യില്‍ അഴിച്ചുപണിതന്നെ വേണ്ടിവന്നേക്കും. വാഗ്ദാനങ്ങള്‍ നല്‍കി സംസ്ഥാനങ്ങളെ പുതിയ സംവിധാനത്തിലേക്ക് കൊണ്ടുവന്നശേഷം അവരെ കയ്യൊഴിയുന്ന കേന്ദ്രനിലപാട് വിശ്വാസവഞ്ചന തന്നെയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

Most Commented