രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടായതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായി ഇന്ത്യന്‍ രൂപ. നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് 30,250 കോടി രൂപ(400 കോടി ഡോളര്‍)യുടെ നിക്ഷേപം പിന്‍വലിച്ചതോടെ കറന്‍സിയുടെ മൂല്യത്തില്‍ 2.2ശതമാനമാണ് ഇടിവുനേരിട്ടത്.

ഒമിക്രോണ്‍ വകഭേദമുയര്‍ത്തുന്ന ആശങ്കകള്‍ ആഗോള വിപണികളെ ബാധിച്ചതിനാല്‍ ഉയര്‍ന്ന മൂല്യനിര്‍ണയത്തിലുള്ള വിപണികളില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുകയാണ്. ഉയര്‍ന്ന വ്യാപാരകമ്മിയും രൂപയ്ക്ക് തിരിച്ചടിയായി.

കോവിഡ് ആഘാതത്തില്‍നിന്ന് സമ്പദ്ഘടന തിരിച്ചുവരുന്ന സമയത്ത് രൂപയുടെ മൂല്യമിടിയുന്നത് ആര്‍ബിഐയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇറക്കുമതി ചെലവ് ഉയരുന്നതാണ് പ്രധാനവെല്ലുവിളി. അതുകൊണ്ടുതന്നെ പലിശ നിരക്ക് താഴ്ന്നനിലയില്‍ നിലനിര്‍ത്തുകയെന്നത് റിസര്‍വ് ബാങ്കിന് വെല്ലുവിളിയാകും. 

മാര്‍ച്ച് അവസാനമാകുമ്പോഴേയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 78 നിലവാരത്തിലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തല്‍. 76.9088ആണ് നിലവിലെ ഏറ്റവും താഴ്ന്ന നിലവാരം. ഈ കണക്കുപ്രകാരം ഈ വര്‍ഷമുണ്ടായ ഇടിവ് നാലുശതമാനത്തോളമാണ്. 

അതേസമയം, അടുത്ത മാസങ്ങളില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധനവന്നേക്കാമെന്നുമാണ് വിലയിരുത്തല്‍. എല്‍ഐസി ഉള്‍പ്പടെയുള്ള കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയാണ് ശുഭസൂചനയായി കാണുന്നത്. 

രൂപയുടെ മൂല്യമിടിവ് തടയാന്‍ ആര്‍ബിഐയുടെ ഇടപെടലുമുണ്ട്. ചൊവാഴ്ച ഉച്ചയോടെ മൂല്യം നേരിയതോതില്‍ ഉയര്‍ന്ന് 75.58 നിലവാരത്തിലെത്തിയിട്ടുണ്ട്. 

രൂപയുടെ മൂല്യമിടിയുമ്പോള്‍ നിക്ഷേപം ക്രമീകരിച്ച് എപ്രകാരം നേട്ടമുണ്ടാക്കാം? പാഠം 155