രാജ്യാന്തരതലത്തിൽ കമ്മോഡിറ്റികളുടെ വിലവർധനവിനെതുടർന്നുള്ള പണപ്പെരുപ്പം കുതിക്കുകയാണ്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിലപാടിൽ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ്, ഇതുവരെ സ്വീകരിച്ച മൃദുനയം മാറ്റൊനോരുങ്ങുകയാണ്. വൈകാതെ പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടിവരുമെന്ന് ചെയർമാൻ ജെറോം പവൽ സൂചന നൽകിക്കഴിഞ്ഞു. സമ്പദ്ഘടന പ്രതീക്ഷിച്ചതിലും ശക്തമാണെന്നും മൃദുനയം തുടരേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നയം വ്യക്തമയാതോടെ ഡോളർ സൂചിക കുതിച്ചുകയറി. 

യുഎസിലെ റീട്ടെയിൽ പണപ്പെരുപ്പം 13 വർഷത്തെ ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണ് ഫെഡ് റിസർവിന്റെ നയപ്രഖ്യാപനം. മെയ് മാസത്തിൽ പണപ്പെരുപ്പം അഞ്ചുശതമാനമായാണ് ഉയർന്നത്. 

ആർബിഐയുടെ നീക്കം?
ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ ആർബിഐക്കുമത്രം മൂകസാക്ഷിയാകാനാവില്ല. മെയിൽ രാജ്യത്തെ ഉപഭോക്തൃ വില സൂചിക 6.3ശതമാനമായാണ് ഉയർന്നത്. നടപ്പുസാമ്പത്തിക വർഷത്തെ നാലാംപാദത്തിനുമുമ്പേ നിരക്കുകളിൽ മാറ്റംവരുത്താൻ ആർബിഐ തയ്യാറായേക്കുമെന്നാണ് വിലയിരുത്തൽ. 

വിലക്കയറ്റം ഈ രീതിയിൽ തുടർന്നാൽ നാലം പാദത്തിൽ റിപ്പോ നിരക്കിൽ 0.75ശതമാനമെങ്കിലും വർധനവ് പ്രതീക്ഷിക്കാം. റിവേഴ്‌സ് റിപ്പോയിലും വർധനവുണ്ടാകും. സാമ്പത്തികവർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന 5.1ശതമാനത്തിലും കൂടുതലാകുമെന്നാണ് വിദഗ്ധർ കരുതുന്നത്.  ഈ സാഹചര്യത്തിൽ നിരക്ക് വർധനയ്ക്ക് റിസർവ് ബാങ്കിനുമേൽ സമ്മർദമേറുമെന്നകാര്യത്തിൽ സംശയമില്ല.

അതേസമയം, ഇതിന് വിരുദ്ധമാണ് ആർബിഐ നൽകുന്ന സൂചനകൾ. വിപണി അധിഷ്ഠിത പണപ്പെരുപ്പ നിരക്കുകൾ താഴുകയാണെന്നാണ് ആർബിഐയുടെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിൻ പറയുന്നത്. വളർച്ചാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന കേന്ദ്ര ബാങ്കിന്റെ നയത്തിൽ ഇതുവരെ മാറ്റമില്ലെന്ന് വ്യക്തം.