തികച്ചും സന്തുലിതമായ, യാഥാര്‍ഥ്യ ബോധത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. കോവിഡിനെതുടര്‍ന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ഘട്ടത്തില്‍ അധിക നികുതികള്‍ അടിച്ചേല്പിക്കാതെയും, എന്നാല്‍ സാധാരണക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തും പശ്ചാത്തല വികസന പദ്ധതികള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും ഉറച്ചപിന്തുണനല്‍കിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.

സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍
ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി  നടപ്പിലാക്കിയതുമുതല്‍ പൊതുജനാരോഗ്യ മേഖലയില്‍ ഗവണ്മെന്റിന്റെ പങ്ക് എന്താണ് എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇന്‍ഷുറന്‍സ് ഒരിക്കലും സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന് പകരമാവില്ല എന്ന വാദത്തിനു കോവിഡ് കൂടുതല്‍ ബലമേകി. അതിനാല്‍തന്നെ,  കോവിഡിനെ ചെറുക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പൊതുജനാരോഗ്യമേഖലക്ക് ബജറ്റ് നല്‍കിയ അംഗീകാരം ആയിരിക്കും ഒരുപക്ഷേ 'പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ത് ഭാരത് യോജന'. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് 64180 കോടി രൂപയാണ് അടുത്ത 6 വര്‍ഷത്തേക്ക് ബജറ്റ് നീക്കിവച്ചത്.  

ദേശീയ കുടുംബരോഗ്യ സര്‍വേയുടെ 2020 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ പ്രായത്തിന് ആനുപാതികമായി  ഉയരം ഇല്ലാത്തവരുടെ അനുപാതം കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കൂടുകയുണ്ടായി. അതിനാല്‍ തന്നെ 3 വര്‍ഷം പൂര്‍ത്തിയാക്കിയ 'പോഷണ്‍  അഭിയാന്‍' പദ്ധതി തുടരും എന്ന സൂചനകള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും കോവിഡിന്റെ പശ്ചാത്തലത്തില്‍. 'മിഷന്‍ പോഷണ്‍ 2.0' എന്ന പേരില്‍ പദ്ധതി തെരഞ്ഞെടുത്ത 112  ജില്ലകളില്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 

അതുപോലെതന്നെ, നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ ഓണ്‌ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന, എന്നാല്‍ യാതൊരു വിധ തൊഴില്‍ സുരക്ഷയും ഇല്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കായി കുറഞ്ഞകൂലിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ബജറ്റ് ഉറപ്പ് വരുത്തുന്നുണ്ട്. കൊറോണ കാലത്ത് പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായിനിന്ന തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തിലും വന്‍വര്‍ധന (19%) വരുത്തിയിട്ടുണ്ട്. കൂടാതെ, സൗജന്യ പാചകവാതക സിലിണ്ടര്‍ നല്‍കുന്ന പദ്ധതി(ഉജ്ജ്വല) അധികമായി 1 കോടി കുടുംബങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനിച്ചു

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍
അടുത്ത ഒരുദശകത്തിനുള്ളില്‍ പുതുതായി 10 കോടി തൊഴിലവസരങ്ങള്‍ കാര്‍ഷികേതരമേഖലയില്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇവിടെയാണ് സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പ്രസക്തി. ഈമേഖലയില്‍ കൂടുതല്‍  ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങള്‍ കൂട്ടുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പ്രോത്സാഹന പദ്ധതിക്ക് അടുത്ത 5 വര്‍ഷത്തേക്ക് ഏകദേശം 1.97 ലക്ഷം കോടിരൂപ വകയിരുത്തി. ഈ മേഖലയുടെ ആവശ്യത്തിനുള്ള ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കത്തിലും കുറവ് വരുത്തിയിട്ടുണ്ട്. അതുവഴി ഉല്‍പ്പാദന ചെലവ് കുറച് കയറ്റുമതി വര്‍ധിപ്പിക്കാനാണ് ബജറ്റ് ശ്രമിക്കുന്നത്. കൂടാതെ, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന  റോഡ്/ഹൈവേ, റെയില്‍വേ, മെട്രോ, സാധാരണക്കാര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണം തുടങ്ങിയ മേഖലകളിലും വന്‍ മുതല്‍ മുടക്ക് ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

എങ്ങനെ പണം കണ്ടെത്തും
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മേല്‍പ്പറഞ്ഞ പശ്ചാത്തല വികസനപദ്ധതികളുടെ ചെലവിന്റെ ഭാരം ജനങ്ങളുടെ ചുമലില്‍ അടിച്ചേല്പിക്കാതിരിക്കാന്‍ ബജറ്റ് ശ്രദ്ധിക്കുന്നുണ്ട്. ഇതിനുള്ള വരുമാനം തന്ത്രപ്രധാനമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും അവയുടെ കൈവശമുള്ള അധിക ഭൂമിയുള്‍പ്പെടെയുള്ള ആസ്തികള്‍ പണമാക്കുന്നതിലൂടെയും കണ്ടെത്താനാണ് ബജറ്റ് ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്പനക്കായി ഒരു മാര്‍ഗ്ഗരേഖ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ബജറ്റും ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും
ബാങ്കിങ് മേഖലയിലെ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി മാത്രമല്ല, കിട്ടാക്കടത്തിന് ഇടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കാനുള്ള നടപടികള്‍ക്കും ബജറ്റ് തുടക്കം കുറിക്കുന്നുണ്ട്. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായി ആസ്തി പുനര്‍നിര്‍മാണ കമ്പനി അഥവാ Bad Bank, പ്രതിസന്ധി മൂലം ഏറ്റവും കൂടുതല്‍ കിട്ടാക്കടം വരുത്തിയ വൈദ്യുതി വിതരണ മേഖലക്കുള്ള 3 ലക്ഷം കോടി രൂപയുടെ സഹായം, പൊതുമേഖല ബാങ്കുകളില്‍ 20000 കോടി രൂപയുടെ അധിക മൂലധന നിക്ഷേപം, 2 പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം തുടങ്ങിയ വഴികളിലൂടെ ബാങ്കിങ് രംഗത്തെ പ്രതിസന്ധി മറികടക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 

മാത്രമല്ല, ദീര്‍ഘകാല പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നതിനാല്‍, പഴയ കാലത്തെ ICICI, IDBI തുടങ്ങിയവയുടെ മാതൃകയില്‍ ഒരു വികസന ബാങ്ക് രൂപീകരിക്കാനും തീരുമാനിച്ചു. കൂടാതെ,
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നല്ലാതെ, മാര്‍ക്കറ്റില്‍ നിന്ന് ബോണ്ട് വില്‍പ്പന വഴി പണം കണ്ടെത്താന്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനായി ഒരു സ്ഥാപനത്തിനും ബജറ്റ് രൂപം നല്‍കുന്നുണ്ട്.

സാമ്പത്തിക പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച
2021 ലെ എന്നല്ല, ഒരു പക്ഷെ സമീപകാലത്തെ ബജറ്റുകള്‍ കണ്ട ഏറ്റവും ധീരമായ തീരുമാനങ്ങളാണ് പൊതുമേഖല  ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും ഇന്‍ഷുറന്‍സ് മേഖലയില്‍ 74%വിദേശ നിക്ഷേപം അനുവദിച്ചതും. ഇന്‍ഷുറന്‍സ് രംഗം ഇപ്പോഴും ഇന്ത്യയില്‍ അതിന്റെ ശൈശവ ദശയില്‍ തന്നെയാണ്. വെറും 3% ത്തില്‍ താഴെ ഇന്ത്യക്കാര്‍ മാത്രമാണ് ലൈഫ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. വിദേശ മൂലധനത്തിന്റെ വരവ് ഈ മേഖലയുടെ വളര്‍ച്ചക്കും അത് വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. 

ധനകമ്മിയും ബജറ്റിലെ സുതാര്യതയും
ബജറ്റിലെ വരുമാനത്തെയും ധനകമ്മിയെയും കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ ധാരാളം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്. എന്നാല്‍ വരുമാനം പെരുപ്പിച്ചു കാണിക്കുന്നതിനോ അല്ലെങ്കില്‍ കമ്മി മറച്ചു വയ്ക്കുന്നതിനോ ബജറ്റ് ശ്രമിക്കുന്നില്ല. കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ച 3.5%  ധനക്കമ്മി ഈ വര്‍ഷാവസാനത്തോടെ 9.5% ആയി ഉയരും.  അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 6.8% കമ്മി ആണ്. മൊത്തം റവന്യൂ വരുമാനം 17.88 ലക്ഷം കോടി രൂപയും ഓഹരി വില്പനയിലൂടെ മറ്റൊരു 1.75 ലക്ഷം കോടി രൂപയും നേടാനാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ തിരിച്ചുവരവ് സുസ്ഥിരമാണെങ്കില്‍ ഇത് നിഷ്പ്രയാസം നേടിയെടുക്കാവുന്നതെയുള്ളൂ.

(ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് ഉദ്യോഗസ്ഥനായ ലേഖകന്‍ ഇപ്പോള്‍ കാര്‍ഷിക മന്ത്രാലയത്തില്‍ ഡയറക്ടറാണ്. അഭിപ്രായം വ്യക്തിപരം)