ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ശനിയാഴ്ചയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും.

ബിഎസ്ഇയും എന്‍എസ്ഇയും പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ ശനിയും ഞായറും ഓഹരി വിപണിക്ക് അവധിയാണ്. പ്രത്യേക ദിനംപ്രമാണിച്ചാണ് ഓഹരി വിപണി പ്രവര്‍ത്തിക്കുക.

ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റാണിത്. വ്യവസായികളും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നേരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളില്‍ ബജറ്റുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. 

രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയില്‍നിന്ന് കരകയറ്റുകയാണ് ലക്ഷ്യം. വ്യക്തിഗത ആദായ നികുതിയില്‍ ഇളവുനല്‍കുന്നതുള്‍പ്പടെയുള്ളകാര്യങ്ങള്‍ പരിഗണനയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. 

ഓഹരി നിക്ഷേപത്തിനുള്ള ദീര്‍ഘകാല മൂലധനനേട്ടനികുതിയിന്മേല്‍ ഇളവുനല്‍കുന്നകാര്യവും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. 

Stock exchanges to remain open on Budget day