Photo: Gettyimages
യുഎസില്‍ ബാങ്ക് തകരുന്നു. പിറ്റേദിവസം അതേ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നു. നിക്ഷേപകര്‍ക്ക് ആവശ്യംപോലെ പണം പിന്‍വലിക്കാനും അവസരം. സിലിക്കണ്‍ വാലി ബാങ്കിന്റെ പ്രവര്‍ത്തനം പതിവുപോലെ തുടരുന്നു.
കൊടുങ്കാറ്റുപോലെ വീശിയടിച്ച തകര്‍ച്ചാ റിപ്പോര്‍ട്ടുകള്‍ ആഗോളതലത്തില്‍ ഓഹരി വിപണിയെ കുത്തനെ വീഴ്ത്തിയെന്നല്ലാതെ ഒന്നും സംഭവിച്ചില്ല. ബാങ്കിന്റെ പേരില്‍ ചെറിയൊരു മാറ്റം. പുതിയ സി.ഇ.ഒയും വന്നു. സിലിക്കണ്‍ വാലി ബാങ്ക് എന്‍.എ എന്ന പേരിലാണ് 'ബ്രിഡ്ജ് ബാങ്ക്' പതിവുപോലെ പ്രവര്‍ത്തനം തുടങ്ങിയത്. ടിം മെയാപോലസ് സി.ഇ.ഒയുമായി.
യുഎസിലെ സര്‍ക്കാര്‍ പിന്തുണയുള്ള വായ്പ സ്ഥാപനമായ ഫാനി മേയുടെ തലവനായിരുന്നു ടിം. ബാങ്ക് സാധാരണ പോലെ തുറന്നിട്ടുണ്ടെന്നും പണമിടപാട് നടത്താമെന്നും അദ്ദേഹം ഉപഭോക്താക്കളെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
എസ്.വി.ബിയുടെ തകര്‍ച്ചയെ തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്ത യു.എസ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനാണ് ഫാനി മേയുടെ തലവനെ സി.ഇ.ഒ ആയി നിയമിച്ചത്.
സിലിക്കണ്‍ വാലി ബാങ്കിന്റെ എല്ലാ നിക്ഷേപങ്ങളും പുതിയ സ്ഥാപനത്തിലേയ്ക്ക് കഴിഞ്ഞ ദിവസംതന്നെ മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ നിക്ഷേപകര്‍ക്ക് ഇടപാട് നടത്താമെന്നും നേരത്തെതന്നെ അറിയിച്ചിരുന്നു.
എടിഎം, ഡെബിറ്റ് കാര്‍ഡ്, ചെക്ക് വഴിയുള്ള പണം പിന്‍വലിക്കല്‍ എല്ലാം സാധാരണ നിലയിലായി. ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം എല്ലാ നിക്ഷേപങ്ങളും എഫ്ഡിഐസി പുതിയ 'ബ്രിഡ്ജ് ബാങ്കി'ലേയ്ക്ക് മാറ്റി. ഓഹരി ഉടമകള്‍ക്കും നഷ്ടമുണ്ടാകില്ലെന്ന് ബാങ്കിന്റ പുതിയ നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ട്.
Content Highlights: Silicon Valley Bank conducting business as usual
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..