രൂപയുടെ മൂല്യം ഇതാദ്യമായി എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഈ നിലയ്ക്കുപോയാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേയ്ക്കുതാഴുമെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍.  

ദിനംപ്രതി രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമാണുള്ളത്. മുന്‍ദിവസത്തെ ക്ലോസിങ് നിലവാരമായ 68.61ല്‍നിന്ന് രാവിലെത്തെ വ്യാപാരത്തില്‍ മൂല്യം 68.69 ആയി താഴ്ന്നു. 

എന്തുകൊണ്ട് രൂപയുടെ മൂല്യം ഇടിയുന്നു?
അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ മൂല്യത്തെ കാര്യമായി പിടിച്ചുലച്ചത്. രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ ക്രൂഡ് വിലവര്‍ധന കാര്യമായിതന്നെ ബാധിച്ചു. 

ഏപ്രില്‍ മുതലുള്ള കണക്കുപരിശോധിക്കുമ്പോള്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി-ഡെറ്റ് വിപണികളില്‍നിന്ന് പിന്‍വാങ്ങുന്നതാണ് കാണുന്നത്. ഏപ്രില്‍ മുതല്‍ ഇതുവരെ 3.85 ബില്യണ്‍ ഡോളറിന്റെ ഓഹരി-ഡെറ്റ് നിക്ഷേപം വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞു. ഇക്കാരണങ്ങളെല്ലാം രൂപയുടെ മൂല്യത്തെ പ്രതിക്ഷമായിതന്നെ ബാധിച്ചുവെന്നുവേണം കരുതാന്‍.

രാജ്യത്തെ എപ്രകാരം ബാധിക്കും?
രൂപയ്ക്കെതിരെ ഡോളറിന്റെ മൂല്യമുയരുന്നത് രാജ്യത്തെ ഇറക്കുമതിയെ കാര്യമായി ബാധിക്കും. രാജ്യത്തിന് അത്യാവശ്യമുള്ള, അസംസ്‌കൃത എണ്ണ പോലുള്ളവയുടെ ഇറക്കുമതി വെട്ടിച്ചുരുക്കാനാവില്ല. ഇതുമൂല്യം രാജ്യത്തെ ധനക്കമ്മി വര്‍ധിക്കാനിടയാക്കും. 

രൂപയുടെ മൂല്യമിടയുന്നതോടെ സ്വാഭാവികമായും എണ്ണവില ഉയരുകയും ഗതാഗത ചെലവ് വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെ വിലയും ഉയരും. രാജ്യത്തെ പണപ്പെരുപ്പതോത് വീണ്ടും ഉയരാന്‍ ഇത് ഇടയാക്കും.

ഇറക്കുമതിചെയ്യുന്ന ഘടകങ്ങളുള്ള കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, കാറ് തുടങ്ങിയവയുടെ വിലയും കൂടാനിടയാക്കും. ഇറക്കുമതിയെ ആശ്രയിച്ചുകഴിയുന്ന വ്യവസായങ്ങളെയും വ്യാപാരങ്ങളെയും രൂപയുടെ മൂല്യമിടിയല്‍ കാര്യമായിതന്നെ ബാധിക്കും.