പ്രതീകാത്മ ചിത്രം | Photo: AP
നിര്‍ണായക നിലവാരമായ 80 പിന്നിട്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും ഇടിവുനേരിട്ടിരിക്കുന്നു. സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയായി ഇനിയും മൂല്യത്തില്‍ ഇടിവ് തുടരുമോയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
ഡോളര്‍ കരുത്താര്ജിക്കുന്നതുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്ന് വിലയിരുത്തി തല്ക്കാലം ആശ്വസിക്കാമെങ്കിലും എത്രകാലം ഇടിവ് തുടരുമെന്നകാര്യത്തില്‍ ഇനിയും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പത്തുശതമാനത്തിലധികം മുന്നേറ്റമാണ് ഈവര്‍ഷംമാത്രം ഡോളറിലുണ്ടായത്. അതായത് 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ ഡോളര്‍ എത്തിയിരിക്കുന്നു. ജപ്പാന്, യൂറോസോണ്‍ എന്നിവടങ്ങളിലെ പ്രധാന വ്യാപാര പങ്കാളികള്‍ ഉള്‍പ്പെട്ട കറന്‍സികളുമായി താരതമ്യംചെയ്താണ് ഡോളറിന്റെ കരുത്ത് നിര്‍ണയിക്കുന്നത്.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ രാജ്യത്തെ നിക്ഷേപം പിന്‍വലിക്കല്‍ തുടരുന്നത് കനത്ത ഭീഷണിയാണ് രൂപയ്ക്കുമേല്‍ ഏല്‍പ്പിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ വര്‍ധിക്കുന്ന പണപ്പെരുപ്പം, രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നിരക്കുവര്‍ധന, റഷ്യ-യുക്രൈന് സംഘര്‍ഷം പോലുള്ള ആഗോള കാരണങ്ങള്‍മൂലമാണ് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യംവിടുന്നത്.
ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍നിന്ന് 2.25 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. 2008ല്‍ വിദേശ നിക്ഷേപകര്‍ 52,987 കോടി രൂപ പിന്‍വലിച്ചതാണ് ഇതുവരെയുള്ള റെക്കോഡ് തുക. വിദേശ നിക്ഷേപം തിരിച്ചുവരുമ്പോള്‍ രൂപയ്ക്കുമേലുളള സമ്മര്‍ദം കുറയുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദമാകുമ്പോഴേയ്ക്കും രൂപയുടെ മൂല്യം 82 നിലവാരത്തിലെത്തുമെന്നാണ് നോമുറ പറയുന്നത്.
ആര്‍ബിഐയുടെ നീക്കം
മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഡോളറിനെതിരെയാണ് രൂപയുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടാകുന്നത്. യൂറോ, ബ്രട്ടീഷ് പൗണ്ട്, യെന്‍ എന്നീ കറന്‍സികള്‍ക്കെതിരെ ഇപ്പോഴും മികച്ച നിലവാരത്തിലാണ് രൂപ. അതുകൊണ്ടുതന്നെ ഡോളറിനെതിരെയുള്ള മൂല്യം പിടിച്ചുനിര്‍ത്തുന്നതിന് വിവിധ നടപടികളുമായി റിസര്‍വ് ബാങ്ക് സജീവമാണ്.
വിദേശ വിനിമയ വിപണിയെ നിരീക്ഷിക്കുയും അമിതമായ ചാഞ്ചാട്ടത്തിന്റെ സാഹചര്യമുണ്ടാകുമ്പോള്‍ ഇടപെടുകയുമാണ് ചെയ്യുന്നത്. രൂപയുടെ ഡിമാന്‍ഡ് കൂട്ടുന്നതിന് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കുള്ള പലിശ നിരക്കുകള്‍ ഈയിടെ കൂട്ടി.
കമ്പനികള്‍ക്കുള്ള വിദേശ വായ്പ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കടപ്പത്രങ്ങളിലുള്ള വിദേശ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങള്‍ ഉദാരവത്കരിച്ചു.
അതേസമയം, രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം 15 മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. ജൂലായ് എട്ടിലെ കണക്കുപ്രകാരം 8.06 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 580.3 ബില്യണ്‍ ഡോളറിലെത്തിയതും ആശങ്കയുയര്‍ത്തുന്നുണ്ട്.
വിലക്കയറ്റം രൂക്ഷമാകും
അസംസ്കൃത എണ്ണമുതല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്വരെയുള്ളവയുടെ ഇറക്കുമതി, വിദേശ വിദ്യാഭ്യാസം, വിദേശയാത്ര എന്നിവയ്ക്ക് കൂടുതല്‍ തുക ചെലവഴിക്കേണ്ടതായിവരും. ഇതോടെ പണപ്പെരുപ്പനിരക്കുകളിലും കാര്യമായ വ്യത്യസമുണ്ടാകും.
ഇറക്കുമതി
രൂപയുടെ മൂല്യമിടിവ് ആദ്യം ബാധിക്കുക ഇറക്കുമതിക്കാരെയാണ്. ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ രൂപമുടക്കേണ്ടതായിവരും. അതോടെ ഉത്പന്ന വിലകളില്‍ വര്‍ധനവുണ്ടാകും. അസംസ്കൃത എണ്ണയ്ക്കുപുറമെ, മൊബൈല്‍ ഫോണ്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, കാറ് എന്നിവയുടെ വിലവര്‍ധിക്കാനിടയാക്കും.
വിദേശ വിദ്യാഭ്യാസം
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് വിദേശ വിദ്യാഭ്യാസം ചെലവേറിയതാക്കും. വിദേശ സ്ഥാപനങ്ങള്‍ ഫീസായി ഇടാക്കുന്ന ഓരോ ഡോളറിനും കൂടുതല്‍ രൂപ മുടക്കേണ്ടിവരും. താമസ ചെലവും കൂടും. ആര്‍ബിഐയുടെ നിരക്കുവര്ധനയെതുടര്ന്ന് വിദ്യാഭ്യാസ വായ്പയുടെ പലിശയും വര്‍ധിച്ചുതുടങ്ങി.
വിദേശയാത്ര
കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജോലിക്കും വിനോദത്തിനുമായുള്ള വിദേശയാത്രകള്‍ കൂടിയിട്ടുണ്ട്. ഏറെക്കാലത്തെ നിയന്ത്രണങ്ങളില്നിന്നുള്ള വീണ്ടെുടപ്പ് ആഘോഷമാക്കുന്നവര്‍ നിരവധിപേരാണ്. യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കായി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും.
രൂപയുടെ മൂല്യമിടിയുന്നതിന്റെ നേട്ടം പ്രവാസികള്‍ക്കും കയറ്റുമതിക്കാര്‍ക്കുമാണ്. നാട്ടിലേയ്ക്കയ്ക്കുന്ന തുകയില്‍ കാര്യമായവര്ധനതന്നെയുണ്ടാകും. ഡോളിന് പകരം കൂടുതല്‍ തുക ഉത്പന്നങ്ങള്‍ക്ക് ലഭിക്കുമെന്നതാണ് കയറ്റുമതിക്കാര്‍ക്ക് നേട്ടം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..