.
രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ് തുടരുന്നു. രാവിലത്തെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലവാരമായ 79.62ലെത്തി.
വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മി, വിദേശനാണ്യ ശേഖരത്തിലെ ഇടിവ്, ഇന്ധന വിലവര്‍ധന എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. വൈകാതെ മൂല്യം 80 നിലവാരം പിന്നിടുമെന്നാണ് വിലയിരുത്തല്‍.
വ്യാപാര കമ്മിയാണ് രൂപയ്ക്ക് സമ്മര്‍ദമാകുന്നത്. വാണിജ്യ മന്ത്രാലയം ഈയിടെ പുറത്തുവിട്ട കണക്ക് പ്രകാരം ജൂണിലെ വ്യാപാര കമ്മി 25.63 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചതിനെതുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കമ്മിയാകട്ടെ 70.25 ബില്യണ്‍ ഡോളറിലുമെത്തി.
ഡോളര്‍ സൂചിക 2002നുശേഷമുള്ള ഉയര്‍ന്ന നിലവാരമായ 108.3ലെത്തി. യുഎസ് കറന്‍സിയിലെ സുരക്ഷിതത്വവും അതോടൊപ്പം യൂറോയുടെ ദുര്ബലാവസ്ഥയുമാണ് ഡോളറിന്റെ കുതിപ്പിന് പിന്നില്‍. ഊര്‍ജ പ്രതിസന്ധി യൂറോപ്പിനെ മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കുമെന്ന ആശങ്കയാണ് യൂറോയെ ദുര്‍ബലമാക്കിയത്.
പുറത്തുവരാനിരിക്കുന്ന യുഎസിലെ പണപ്പെരുപ്പം, ഫെഡ് റിസര്‍വ് പ്രഖ്യാപനം എന്നിവയായിരിക്കും ഈയാഴ്ച നിര്‍ണായകമാകുക. പണപ്പെരുപ്പനിരക്കില്‍ വീണ്ടുംവര്ധനവുണ്ടായാല് കര്‍ശന പണനയംതുടരാന് യുഎസ് കേന്ദ്ര ബാങ്ക് നിര്‍ബന്ധിതമാകും.
അതേസമയം, ആഭ്യന്തര കറന്‍സിയില്‍ അന്താരാഷ്ട്ര ഇപാടുകള്നടത്തി മൂല്യമുയര്‍ത്താനുള്ള നീക്കം റിസര്‍വ് ബാങ്ക് തുടങ്ങിയിട്ടുണ്ട്. രൂപയില്‍ ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍നടത്താന്‍ ആര്‍ബിഐ ശ്രമംനടത്തിവരികയാണ്. ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രൂപയെ അന്താരാഷ്ട്ര വ്യാപാര കറന്സിയാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ചുവടുവെപ്പാണിത്. ഡോളറിന്റെ ഉപയോഗം ദുര്ബലമാകാന്നതോടെ രൂപയുടെ സ്വീകാര്യത ഉയരാന്‍ ദീര്‍ഘകാലാടിസ്ഥനത്തിലുള്ള നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
Also Read
എണ്ണവില ബാരലിന് 106 ഡോളറായി കുറഞ്ഞത് ഇടക്കാലയളവില്‍ ആശ്വാസത്തിന് വകനല്‍കുന്നുണ്ട്. വിദേശ നിക്ഷേപകരുടെ തിങ്കളാഴ്ചയിലെ അറ്റവില്പന 170 കോടി രൂപയായി കുറഞ്ഞതും ശുഭസൂചനയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..