ത്പാദനത്തില്‍ മൂലധനത്തിന്റെ ഉപയോഗത്തിനു കൊടുക്കുന്ന പ്രതിഫലമോ വിലയോ ആണ് പലിശ. പലിശയെ എതിര്‍ക്കുന്നുവരുണ്ടെങ്കിലും പലിശയും പലിശ നിരക്കും ഉപയോഗപ്രദമായ ഒരു ആര്‍ത്ഥിക ധര്‍മ്മമാണെന്ന് പറയാതെവയ്യ. 

ഒരുരാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുവാനുള്ള ഒരായുധമാണത്. രാജ്യത്തെ തൊഴില്‍ നിലവാരവും പലിശയും പണവുംതമ്മില്‍ വളരെഅടുത്ത ബന്ധമാണുള്ളത്. രാജ്യത്തെ തൊഴിലിന്റെ വലുപ്പത്തില്‍ പലിശ നിരക്കിലെ വ്യത്യാസത്തിന് സ്വാധീനമുണ്ട്.

ധനശാസ്ത്രത്തില്‍ വിവാദപരമായ ഒന്നാണ് പലിശവിഷയം. പലിശയുമായി ബന്ധപ്പെട്ട് പലസിദ്ധാന്തങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ മറ്റേതൊരു ചരക്കിന്റെയും വിലനിശ്ചയിക്കപ്പെടുന്നതുപോലെ പലിശ നിരക്കും നിശ്ചയിക്കപ്പെടുന്നത് ചോദന പ്രദാന ശക്തികള്‍ വഴിയാണ്. ചോദന വശത്ത് പലിശനിരക്കില്‍ സ്വാധീനം ചെലുത്തുന്നത് മൂലധനത്തിന്റെ സീമാന്തോല്പാദനക്ഷമതയാണെങ്കില്‍ പ്രദാന വശത്ത് സ്വാധീനം ചെലുത്തുന്നത് ദ്രവത്വാഭിലാഷവും (Liquidity preference) സമയമുന്‍ഗണനയുമാണ്.
  
മറ്റേതൊരു രാജ്യത്തുമെന്നപോലെ ഇന്ത്യയിലും പലിശ നിരക്ക് തീരുമാനിക്കപ്പെടുന്നത് കേന്ദ്ര ബാങ്കിന്റെ പണനയത്തിന് അനുസൃതമായാണ്. സാമ്പത്തിക മെല്ലെപോക്കോ മാന്ദ്യമോ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പണനയംവഴി സമ്പദ് ഘടനയിലെ പണലഭ്യതാശേഷിയും വായ്പാതോതുംകൂട്ടി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍കഴിയും. 

പണനയത്തിലെ പ്രധാന കരുക്കളിലൊന്നാണ് പലിശ. സാധാരണ നിലയില്‍ മാന്ദ്യകാലത്ത് പലിശ കുറക്കുന്നത് ചോദനം കൂട്ടുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരുന്നതിനും സഹായിക്കും. എന്നാല്‍ പലിശ നിരക്ക് കുറക്കുന്നത് എല്ലായ്പോഴും സാമ്പത്തിക വളര്‍ച്ചയെ സഹായിക്കണമെന്നില്ല. പലിശ ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണെന്ന കാര്യം വിസ്മരിക്കരുത്.

പലിശ കുറച്ചാലും സാമ്പത്തികവളര്‍ച്ച കൂടണമെന്നില്ല
മെച്ചപ്പെട്ട സാമ്പത്തികവളര്‍ച്ച കൈവരിച്ചിരുന്ന ഇന്ത്യ 2016ല്‍ നോട്ടുനിരോധനവും 2017ല്‍ ചരക്ക് സേവന നികുതിയും നടപ്പിലാക്കിയതോടെ സാമ്പത്തികമായി മെല്ലെപ്പോക്കിലായി.  അതായത് കോവിഡ് 19 ന്റെ രംഗപ്രവേശനത്തിനു മുമ്പുതന്നെ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ വരള്‍ച്ചാ മുരടിപ്പ് പ്രകടമായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷംമുതല്‍ ജി.ഡി.പി. വളര്‍ച്ച തുടര്‍ച്ചയായി  കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 

സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വിദേശ വ്യാപാരം എന്നിവയിലെല്ലാം തുടര്‍ച്ചയായി വളര്‍ച്ച താഴോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഉത്പാദന മേഖലകളെല്ലാം മുരടിപ്പിലാണ്. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 7.1 ശതമാനമുണ്ടായിരുന്ന ജി.ഡി.പി. വളര്‍ച്ചാ നിരക്ക് പിന്നീടുള്ള പാദങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ് 2019-20 വര്‍ഷത്തെ നാലാം പാദത്തിലെത്തിയപ്പോള്‍ 3.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 

2018-19 ല്‍ 6.1 ശതമാനമായിരുന്നു ജി.ഡി.പി. വളര്‍ച്ചാ നിരക്കെങ്കില്‍ 2019-20 ല്‍ അത് 4.2 ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ 11 കൊല്ലത്തെ ഏറ്റവും കുറഞ്ഞ ജി.ഡി.പി. വളര്‍ച്ചാ നിരക്കാണ്. 2019-20 ന്റെ നാലാം പാദത്തില്‍ കൈവരിച്ച 3.1 ശതമാനം വളര്‍ച്ചാ നിരക്കാകട്ടെ 17 കൊല്ലം കണ്ട ഏറ്റവും താഴ്ന്നതുമാണ്.

ഇനി പലിശ നിരക്കിന്റെ കാര്യം പരിശോധിക്കാം. 2019-20 ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെതന്നെ ഏറ്റവുമധികം പലിശ നിരക്ക് കുറച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. 2019 ന്റെ തുടക്കത്തില്‍ രാജ്യത്തെ റിപ്പോ നിരക്ക് 6.5 ശതമാനമായിരുന്നു. 2019 ഫിബ്രവരി-ഒക്ടോബര്‍ കാലത്ത് റിപ്പോ നിരക്ക് ഘട്ടംഘട്ടമായി 1.35 ശതമാനം കുറച്ച് 5.15 ശതമാനമാക്കി. 2019 ഫിബ്രവരിക്കും 2020 മെയ് 27 നുമിടയില്‍ റിപ്പോ നിരക്ക് 2.5 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 2.65 ശതമാനവും കുറച്ചിട്ടും പണലഭ്യത കൂട്ടുന്നതിന് മറ്റുപലനടപടികളും ആര്‍.ബി.ഐ. കൈക്കൊണ്ടിട്ടും സമ്പദ്ഘടനയെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കഴിഞ്ഞിട്ടില്ല. 

പലിശ നിരക്ക് കുറയ്ക്കുന്നതിനു പുറമെ സമീപകാലത്ത് ആര്‍.ബി.ഐ. 9.42 ലക്ഷം കോടി രൂപയുടെ പണലഭ്യതയാണ് സമ്പദ് ഘടനയില്‍ കുത്തിവെച്ചത്. നടപ്പുവര്‍ഷം കാര്‍ഷിക മേഖലയില്‍മാത്രം അനുകൂലവളര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ ദ്വിതീയ തൃദീയ മേഖലകള്‍ യഥാക്രമം 9.5 ശതമാനത്തിന്റെയും 6.5 ശതമാനത്തിന്റെയും സങ്കോചം രേഖപ്പെടുത്തുമെന്നാണ് ചില പ്രവചനങ്ങള്‍ കാണിക്കുന്നത്. പലിശ നിരക്കുകള്‍ കുറച്ചതുകൊണ്ടു മാത്രം ജി.ഡി.പി. വളര്‍ച്ചാ നിരക്ക് കൂടണമെന്നില്ലായെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇതെന്തുകൊണ്ട് : സാധനങ്ങളുടെയും സേവനങ്ങളുടെയും ചോദനത്തില്‍ ഉണ്ടായ വന്‍ഇടിവാണ് ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാനകാരണം. നോട്ടുനിരോധനവും ജി.എസ്.ടി.യും സമ്പദ്  ഘടനയില്‍ വലിയ ആഘാതമാണുണ്ടാക്കിയത്. ഗ്രാമീണ, അസംഘടിത മേഖലകളില്‍ തൊഴിലില്ലായ്മകൂടി. രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ വലിയ ഇടിവുണ്ടായി. 

2001 മുതല്‍ ഇന്ത്യയില്‍ യഥാര്‍ത്ഥ വേതനം ഏറെക്കുറെ അതേപടി നിലനില്‍ക്കുന്നു. ഇത് ചോദനത്തെ പ്രതികൂലമായി ബാധിച്ചു. ചോദന ദാരിദ്ര്യം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചു. പലിശ നിരക്കുകള്‍ കുറച്ചിട്ടും പണലഭ്യത കൂടിയിട്ടും സംരംഭകര്‍ വായ്പയെടുക്കുന്നതില്‍ ഒഴിഞ്ഞുമാറുന്നു. ഇന്ത്യന്‍ വ്യവസായങ്ങളിലെ ശരാശരി ശേഷി വിനിയോഗം കോവിഡിനു മുമ്പുതന്നെ 68 ശതമാനത്തോടടുത്തായിരുന്നു. ഉല്പന്നങ്ങള്‍ വിറ്റഴിക്കാതിരിക്കുമ്പോള്‍ ആരെങ്കിലും വായ്പയെടുക്കാന്‍ തയ്യാറാവുമോ? 

വേണ്ടത്ര നിക്ഷേപമുണ്ടാവുന്നില്ലെങ്കില്‍ വേണ്ടത്ര തൊഴിലും വരുമാനവും ഉണ്ടാവില്ല. അത് സമ്പദ് ഘടനയില്‍ ഉപഭോഗത്തിലും ചോദനത്തിലും ഇടിവുണ്ടാക്കും. ചോദനത്തിലെ കുറവ് സ്വകാര്യ മുതല്‍മുടക്കിനെ നിരുത്സാഹപ്പെടുത്തും. ഈ വിഷമവൃത്തത്തിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ സമ്പദ് ഘടന.

കൊറോണ കാലത്തെ അവസ്ഥ
രാജ്യത്തെ സമ്പദ് ഘടന തിരിച്ചുവരാന്‍ മടിക്കുന്ന സമയത്താണ് കോവിഡ് -19 ഇന്ത്യയിലേയ്‌ക്കെത്തുന്നത്. സാധാരണ മാന്ദ്യത്തെ നേരിടാന്‍ പണനയത്തിന് കഴിഞ്ഞേക്കുമെങ്കിലും ഒരു മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ നേരിടാന്‍ പണനയം കൊണ്ടുമാത്രം കഴിയില്ല. കൊറോണ വൈസ് മൂലം വിതരണ ശൃംഖലയിലെ പ്രതിസന്ധികളെ നേരിടാന്‍ പണനയത്തിന് കഴിഞ്ഞെന്ന് വരില്ല. 

പലിശ നിരക്കുകള്‍ കുറക്കുമ്പോള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിന് ജനങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുമെങ്കിലും ഉത്പന്നങ്ങള്‍ വേണ്ടത്ര ലഭിക്കാതിരിക്കുകയും യാത്രകള്‍ അപകടകരങ്ങളായി മാറുകയും ചെയ്യുന്നു. പൊതുഇടങ്ങളായ സിനിമാ തിയേറ്ററുകള്‍, പാര്‍ക്കുകള്‍, മാളുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രവേശന വിലക്കുള്ള സ്ഥലങ്ങളായി മാറുമ്പോള്‍ പലിശ നിരക്കുകള്‍ കുറക്കുന്നത് ഗുണം ചെയ്യണമെന്നില്ല. 

കൊറോണ വൈറസ് വ്യാപിക്കുന്ന ഈ അവസരത്തില്‍ പലിശ നിരക്ക് കുറക്കുന്നതിന്റെ യുക്തിയില്‍ സംശയമുണ്ടെന്ന സ്വീഡിഷ് കേന്ദ്രബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ അന്ന ബ്രീമാന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ പലിശ നിരക്കുകള്‍ കുറച്ച രാജ്യങ്ങളിലൊന്നും അതുവഴി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്പദ് ഘടന താഴോട്ടുപോകുമ്പോള്‍ ബാങ്ക് - ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തിയുടെ തോതുകൂടിക്കൊണ്ടിരിക്കും. 

കൊറോണയുണ്ടാക്കിയ വിതരണ ശൃംഖലയിലെ പ്രതിസന്ധികള്‍, നിയന്ത്രണങ്ങള്‍, ചോദനത്തിലെ ഇടിവ്, തൊഴില്‍ നഷ്ടം, വരുമാന നഷ്ടം, കുറഞ്ഞ ക്രയശേഷി എന്നിവ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല. പണനയത്തേക്കാള്‍ ധനനയത്തിനാണ് ഇത്തരം പ്രതിസന്ധികളില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുക. പാവപ്പെട്ട ജനങ്ങളിലേക്ക് കൂടുതല്‍ പണമെത്തിച്ച് അവരുടെ ഫലദായക ചോദനം (Effective Demand) ഉയര്‍ത്തുന്നതിനുള്ള അടിയന്തര നടപടികളാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ കൈക്കൊള്ളേണ്ടത്.