ണനയം കൈകാര്യം ചെയ്യുകയെന്നാൽ വൈരുദ്ധ്യങ്ങൾ കൈകാര്യം ചെയ്യൽകൂടിയാണ്. ജിഡിപി വളർച്ചയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ വിലക്കയറ്റവുമുണ്ടാകുന്നു. വിലസ്ഥിരതയിൽ ശ്രദ്ധയൂന്നുന്നത് വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. 

തുറന്ന മൂലധനവിപണികളുടെ ഈകാലത്ത് പോർട്ഫോളിയോ നിക്ഷേപങ്ങളിൽ വൻതോതിൽ ഒഴുക്കുകൾ -അകത്തേക്കും പുറത്തേക്കും- ഉണ്ടാകുമ്പോൾ വിനിമയ നിരക്കിൽ സ്ഥിരതനിലനിർത്തുന്നത് വലിയ വെല്ലുവിളിയായിത്തീരുന്നു. സാമ്പത്തികമേഖലയെ ഗുരുതരമായി ബാധിച്ചിട്ടുള്ള മഹാമാരിയുടെ സാഹചര്യത്തിൽ   ഈ വൈരുദ്ധ്യങ്ങൾ കൈകാര്യംചെയ്യുന്നത് കൂടുതൽ ദുഷ്‌കരമായിത്തീരുന്നു.

മുഖ്യപരിഗണന ജിഡിപി വളർച്ച
അനിശ്ചിതത്വത്തിന്റെ ഇക്കാലത്ത് ഇത്തരം വൈരുദ്ധ്യങ്ങൾ മികച്ചരീതിയിൽ കൈകാര്യംചെയ്യുന്ന റിസർവ് ബാങ്ക് അഭിനന്ദനം അർഹിക്കുന്നു. റിപ്പോ 4 ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമായി പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരിക്കയാണ് കേന്ദ്രബാങ്ക്. 

ഈ നിലപാട് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. എന്നാൽ ബോണ്ട്, ഓഹരി വിപണികളുടെ അനുകൂല പ്രതികരണത്തിനുകാരണം  കേന്ദ്രബാങ്കിന്റെ പ്രതീക്ഷിച്ചതിനേക്കാൾ ഉദാരമായനിലപാട് അവയെ ആവേശം കൊള്ളിച്ചു എന്നതാണ്. വളർച്ചയാണ് പരമപ്രധാനം-എന്ന സന്ദേശത്തിലൂടെ ആർബിഐയുടെ മുൻഗണന സുവ്യക്തമാക്കിയിരിക്കയാണ് ഗവർണർ. 

ബോണ്ട് യീൽഡുകൾ സാധാരണ നിലയിലാക്കാനുള്ള ആർബിഐയുടെശ്രമാണ് വെളിപ്പെടുന്നത്. 'യീൽഡ് കേർവിന്റെ ക്രമമായ മാറ്റത്തിനായി വേണ്ടതെല്ലാം ആർബിഐ ചെയ്യും' എന്നു ഗവർണർ പറഞ്ഞു.  ഈ പ്രഖ്യാപനത്തിന്റെ തുടർച്ചയായി ഗവണ്മെന്റ് സെക്യൂരിറ്റീസ് അക്വിസിഷൻ പ്രോഗ്രാം (ജിഎസ്എപി) എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. 

നിലനിൽക്കുന്ന  തുറന്ന വിപണി പ്രവർത്തനങ്ങൾ(ഒഎംഒ)ക്കു സമാന്തരമായാണ് ഇതുപ്രവർത്തിക്കുക. ജിഎസ്എപി ഒരുതരത്തിൽപെട്ട അത്യുദാരപദ്ധതിതന്നെയാണ്. ഗവർണർ ജിഎസ്എപി 1.0 എന്നുപേരിട്ട പദ്ധതിയിലൂടെ 2022 സാമ്പത്തികവർഷം ആദ്യപാദത്തിൽ ഒരു ട്രില്യൺ രൂപയ്ക്കുള്ള സർക്കാർ ബോണ്ടുകൾ ആർബിഐ വാങ്ങും. ഇതിന്റെ തുടർച്ച ഇനിയും പ്രതീക്ഷിക്കാം.  ഈനപടികളും പ്രഖ്യാപനങ്ങളുംമതിയായിരുന്നു ബോണ്ട്, ഓഹരി വിപണികളെ ആവേശംകൊള്ളിക്കാൻ. സർക്കാരിന്റെ 10 വർഷ ബോണ്ട്  യീൽഡ് 1.08 ശതമാനത്തിലേക്കു താഴുകയും നിഫ്റ്റി 135 പോയിന്റിന്റെ നേട്ടത്തോടെ ക്ളോസ് ചെയ്യുകയും ചെയ്തു.

രണ്ടാംവ്യാപനത്തിൽ ആശങ്ക: വളർച്ചയെ ബാധിക്കാനിടയില്ല
കോവിഡ് രണ്ടാം വ്യാപനത്തെത്തുടർന്നുള്ള ഉൽക്കണ്ഠ വളരുന്നതിനിടയിലാണ് ഉദാരനയപ്രഖ്യാപനം ഉണ്ടായത്. സാമ്പത്തികരംഗത്ത് മുമ്പന്തിയിൽ നിൽക്കുന്ന മഹാരാഷ്ട്രയിലും മറ്റും രണ്ടാംതരംഗം വളരെ ഗുരുതരമായിരിക്കേ, സാമ്പത്തിക പ്രവർത്തനങ്ങളേയും ജിഡിപി വളർച്ചയേയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതിനാൽ ഇപ്പോൾ സംഭവിക്കുന്ന കുത്തനെയുള്ള വളർച്ചാവീണ്ടെടുപ്പ് നയപരമായ പിന്തുണയോടെ നിലനിർത്തേണ്ടത് പ്രധാനമാണ്. 

ഹൗസിംഗ്, ഓട്ടോ മൊബൈൽ മേഖലകളിലെ വളർച്ചയുടെ പ്രധാന പ്രചോദനം നിലവിലുള്ള കുറഞ്ഞപലിശ നിരക്കാണെന്നത് വസ്തുതയാണ്. വൻതോതിൽ തൊഴിൽ സൃഷ്ടിക്കുന്ന ഈമേഖലകളിൽ വളർച്ച നിലനിൽക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യമാണ്. താഴ്ന്ന പലിശനിരക്കും കുറഞ്ഞ ബോണ്ട് യീൽഡും യഥേഷ്ടം പണവും വിപണിയിൽ നിലനിൽക്കേണ്ടിയിരിക്കുന്നു. ഇതുറപ്പുവരുത്താൻ ആർബിഐക്കു കഴിഞ്ഞു.

അനിശ്ചിതത്വത്തിന്റെ നടുവിലാണെന്ന വസ്തുത ഓർക്കേണ്ടിയിരിക്കുന്നു. ആഗോളതലത്തിൽ പണപ്പെരുപ്പം ഭീഷണിയാണ്. യുഎസ് കേന്ദ്രബാങ്ക് പിന്തുടരുന്ന അത്യുദാര പണനയവും ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ച ഉദാരീകരണ പദ്ധതികളും വിലക്കയറ്റമുണ്ടാക്കാൻ പര്യാപ്തമാണ്. ഇന്ത്യയിലാകട്ടെ, വിലക്കയറ്റം നിയന്ത്രണാധീനമെങ്കിലും അടിസ്ഥാന വിലക്കയറ്റം (കോർ ഇൻഫ്ളേഷൻ) വർധിക്കുകയാണ്. അതിനാൽ വിലനിലവാരം ഉയരാതിരിക്കാൻ ആർബിഐ കഴുകൻ കണ്ണുകളോടെ കാവലിരിക്കേണ്ടി വരും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)