ഫെബ്രുവരി ഒന്നാം തിയതിയിലെ ബജറ്റ് അവതരണം കഴിഞ്ഞതോടെ, നോർത്ത് ബ്ളോക്കിൽ നിന്ന് മിന്റ് സ്ട്രീറ്റിലേക്ക് ഏവരുടേയും ശ്രദ്ധ തിരിഞ്ഞു. പണനയ കമ്മറ്റിയോഗത്തിലെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതായിരുന്നു. 

പലിശ നിരക്ക് 4 ശതമാനത്തിൽ നിലനിർത്തി ഉദാര നിലപാട് തുടരാനാണ് തീരുമാനിച്ചത്. സാമ്പത്തികസ്ഥിതി വളർച്ചാലക്ഷ്യത്തിലെത്തുംവരെ ഉദാരനയങ്ങൾ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉറപ്പുനൽകുകയും ചെയ്തു.

മാർച്ചുമുതൽ ആരംഭിച്ച് രണ്ടുഘട്ടങ്ങളായി പണം നീക്കിയിരിപ്പ് അനുപാതം (സിആർആർ) പുനഃസ്ഥാപിക്കാനുള്ള തീരുമാനമായിരുന്നു പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കൂടുതൽ പണം ലഭ്യമാക്കുന്നതിനുതകുന്ന നടപടികൾ ഗവർണർ പിന്തുണച്ചെങ്കിലും സിആർആർ വർധനപണ നയം സാധാരണ നിലയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിന്റെ ആദ്യചുവടായിവേണം കാണാൻ. 

എൻബിഎഫ്സികൾക്കുള്ള പിന്തുണയായി  ബാങ്കുകളിൽനിന്ന് എൻ ബിഎഫ്സികൾക്കു പണം ലഭ്യമാക്കുന്നതിന് പണനയ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട, സമ്മർദ്ദം നേരിടുന്ന മേഖലകൾക്ക് എൻബിഎഫ്സികളുടെ സഹായം ലഭ്യമാക്കുന്നതിനാണിത്.  ഇടത്തരം,ചെറുകിട,സൂക്ഷ്മ വ്യവസായങ്ങൾക്കുള്ള വായ്പ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഇടത്തരം,ചെറുകിട, സൂക്ഷ്മ വ്യവസായ സംരംഭകർക്കുനൽകിയ വായ്പകളിൽ ഇളവുനൽകാൻ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സി ആർ ആർ കണക്കാക്കുമ്പോൾ അവരുടെ മൊത്തം ആവശ്യവും സമയബാധ്യതയും കണക്കിലെടുത്തായിരിക്കുംഇത്.

2022 സാമ്പത്തിക വർഷത്തേക്കുള്ള യഥാർത്ഥ വളർച്ചാനിരക്ക് 10.5 ശതമാനമായിരിക്കുമെന്ന് പണനയ കമ്മിറ്റി വിലയിരുത്തുന്നു. ബജറ്റിനെ അനുമോദിച്ച ഗവർണർ ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് സാമ്പത്തിക മേഖലയിൽ വലിയകുതിപ്പുണ്ടാക്കാൻ സാധിക്കുമെന്നകാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമായും നിക്ഷേപങ്ങളിലും അഭ്യന്തരരംഗത്തെ ഡിമാന്റും തൊഴിലും വരുമാനവും  വീണ്ടെടുക്കുന്നതിനും ബജറ്റ് സഹായകമാവുമെന്നു കരുതുന്നു. 

2022 സാമ്പത്തികവർഷം വിപണിയിൽനിന്ന് സർക്കാർ 12 ലക്ഷംകോടി വായ്പയെടുക്കുന്ന പശ്ചാത്തലത്തിൽ ഉണ്ടാകാവുന്ന ക്രമമായ യീൽഡ് കേർവ് പൊതുജനനന്മയ്ക്ക് ഉതകുമെന്നും ഗവർണർ കരുതുന്നു. എന്നാൽ തുറന്ന വിപണി പ്രവർത്തനങ്ങൾക്ക് (ഒഎംഒ ) സമയക്രമം അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായില്ല. 

ഗവർണർ പ്രഖ്യാപിച്ച വായ്പാപദ്ധതിക്ക് സഹായം എന്നനിലയിൽ ചില്ലറ നിക്ഷേപകർക്ക് റിസർവ് ബാങ്കിൽ ഗിൽറ്റ് അക്കൗണ്ട്  തുറക്കാൻ അനുമതിയും നൽകിയിട്ടുണ്ട്. ഇതോടെ സർക്കാർ ഓഹരികളുടെ വിപണിയിൽ ചില്ലറ നിക്ഷേപകർക്ക് ഓൺലൈൻ പ്രവേശം സാധ്യമാകും.

വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കു വന്നത് ആശ്വാസകരമാണെങ്കിലും, വിലക്കയറ്റത്തിന്റെ കാര്യത്തിൽ ശ്രദ്ധാപൂർവമായ സമീപനമാണ് പണനയ കമ്മിറ്റി കൈക്കൊണ്ടിട്ടുള്ളത്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിലെ വിലക്കയറ്റനിരക്ക് 5.2 ശതമാനത്തിൽ നിന്ന് 4.6 ശതമാനത്തിലേക്കും 5.2 ൽനിന്ന് 5 ശതമാനത്തിലേക്കും വർധിപ്പിച്ചിട്ടുണ്ട്.  വിലകളിലെ സമ്മർദ്ദവും വർധിക്കുന്ന പെട്രോളിയം വിലകളും വിലക്കയറ്റ നിരക്ക് വർധിക്കാനിടയാക്കിയേക്കാമെന്ന് പണനയ കമ്മിറ്റി മുന്നറിയിപ്പു നൽകുന്നു. 

വിലകളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ഉറച്ചനടപടി കൈക്കൊള്ളണമെന്ന് ആർബിഐ ഗവർണർ ആവശ്യപ്പെട്ടു. പലിശനിരക്ക് ഇനിയും കുറയ്ക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്തുന്നതിനുമുമ്പ് റിസർവ് ബാങ്ക് വിലക്കയറ്റ സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുമെന്നകാര്യത്തിൽ സംശയമില്ല. 

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)