പെരുകുന്ന വിലക്കയറ്റനിരക്കുകാരണം ധനകാര്യ നയരൂപീകരണ കമ്മിറ്റി (എംപിസി ) കഴിഞ്ഞ യോഗത്തില്‍ പലിശനിരക്കു വര്‍ധനയ്ക്കു താല്‍ക്കാലിക വിരാമംനല്‍കി. ഉപഭോക്തൃവില സൂചികയനുസരിച്ച് ജൂലൈ മാസത്തെ വിലക്കയറ്റനിരക്കു 6.9 ശതമാനമായിരുന്നു. 

പരമവധി 6 ശതമാനംഎന്ന പരിധിയാണിതുമറികടന്നത്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തിലും വിലക്കയറ്റ നിരക്ക് ഉയര്‍ന്നതോതില്‍തന്നെ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കു കൂട്ടല്‍.

വര്‍ധിക്കുന്ന വിലക്കയറ്റനിരക്കു ആര്‍ബിഐയെ പലിശ നിരക്കു നിര്‍ണയ സംവിധാനം ഉപയോഗിക്കുന്നതു തടഞ്ഞിരിക്കയാണ്. ഇതോടെ തുറന്ന വിപണി പ്രക്രിയ (ഒഎംഒ )പോലുള്ള ഇതര പരിഹാരങ്ങളിലേക്ക് അവരുടെ ശ്രദ്ധതിരിച്ചു. വിപണിയിലെ പണമൊഴുക്കു നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതാണ് ഒഎംഒ. 

വിപണിയിലേക്കു കൂടുതല്‍ പണം എത്തിക്കണമെങ്കില്‍ ആര്‍ബി ഐ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങും. പണമൊഴുക്കു നിയന്ത്രിക്കേണ്ടി വരുമ്പോള്‍ ഗവണ്മെന്റ് സെക്യൂരിറ്റികള്‍ വില്‍ക്കുകയാണുചെയ്യുക.

കഴിഞ്ഞ ഡിസമ്പര്‍ മുതല്‍ ആര്‍ബിഐ ഹൃസ്വകാല സെക്യൂരിറ്റികള്‍ ഇടവിട്ടു വില്‍പനനടത്തുകയും ദീര്‍ഘകാല സെക്യൂരിറ്റികള്‍ വാങ്ങുകയും ചെയ്യുന്ന പ്രത്യേക ഒഎംഒ സംവിധാനം നടപ്പാക്കി വരികയാണ്. ഇവിടെ ഒഎംഒയുടെ ലക്ഷ്യം പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കുകയല്ല, മറിച്ച്  വരുമാന വക്രത (യീല്‍ഡ് കര്‍വ്)  കൈകാര്യം ചെയ്യുകയാണ്.  

ഓപറേഷന്‍ ട്വിസ്റ്റന്റെ ഇന്ത്യന്‍ പതിപ്പായി ഇത് അറിയപ്പെടുകയും ചെയ്തു. 1961ല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കാണ് ആദ്യമായി ' ഓപറേഷന്‍ ട്വിസ്റ്റ് പ്രയോഗിച്ചത്. പിന്നീട് 2011ല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍നിന്നു കരകയറ്റാനും ഈവിദ്യ പരീക്ഷിച്ചു. ഓപറേഷന്‍ ട്വിസ്റ്റിലൂടെ ദീര്‍ഘകാല ഓഹരി വരുമാനം താഴ്ത്തിക്കൊണ്ടുവരാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

ബോണ്ട് വിലകളും ബോണ്ട് വരുമാനവും തമ്മില്‍ പരസ്പര വിരുദ്ധമായ ബന്ധമാണു നിലനില്‍ക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ദീര്‍ഘകാല ബോണ്ടുകള്‍  വാങ്ങുമ്പോള്‍ അതിന്റെ ഡിമാന്റുവര്‍ധിക്കുകയും ബോണ്ടു വിലകള്‍ കൂടുകയും ചെയ്യും. ദീര്‍ഘകാല ബോണ്ടുകളുടെ വില വര്‍ധിക്കുമ്പോള്‍ അതിന്റെ വരുമാനം കുറയുകയാണ് ചെയ്യുക. ദീര്‍ഘകാല ബോണ്ടു വരുമാനം കുറയുമ്പോള്‍ വായ്പാചിലവു കുറയുമെന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കടമെടുക്കുന്നവര്‍ക്ക് ഇതുഗുണകരമാണ്.

2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ കടമെടുപ്പുതുക 12 ലക്ഷം കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ബോണ്ടുകള്‍,  പ്രത്യേകിച്ച് ദീര്‍ഘകാല ബോണ്ടുകള്‍ വിപണിയില്‍ യഥേഷ്ടം നിറയുന്നത് ബോണ്ടു വരുമാനം മുകളിലേക്കുപോകാന്‍ കാരണമാകുന്നു. താഴ്ന്ന പലിശയും ഇഷ്ടംപോലെ പണലഭ്യതയുമുള്ള സാഹചര്യത്തിലും ദീര്‍ഘകാല ബോണ്ടു വരുമാനത്തില്‍ സാനുപാതികമായ താഴ്ച ഉണ്ടായില്ല. 

സമാനമായി, ആര്‍ബിഐ പലിശനിരക്കു ഉടന്‍ കുറയ്ക്കില്ല എന്ന വാര്‍ത്തയും ദീര്‍ഘകാല ബോണ്ടുകളുടെ വരുമാനം കൂടാന്‍ കാരണമായിട്ടുണ്ട്.  ഈപശ്ചാത്തലത്തിലാണ് ഓപ്പണ്‍മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് വഴി ആര്‍ബിഐ, സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ഇടവിട്ടുള്ള വാങ്ങലും വില്‍പനയും നടത്തുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് 27, സെപ്തംബര്‍ 3 തിയതികളില്‍ 10,000 കോടി വീതം 20,000 കോടി രൂപയ്ക്കുള്ള ഇടപാടാണു രണ്ടുഘട്ടങ്ങളായി നടക്കുക.

ദീര്‍ഘകാല ബോണ്ടുവരുമാനം കുറയുന്നതിനാല്‍ സര്‍ക്കാരിന് വിപണിയില്‍നിന്ന് കുറഞ്ഞ ചിലവില്‍ പണം കടമെടുക്കാന്‍കഴിയും. കോര്‍പറേറ്റ് ബോണ്ടുവരുമാനവും ഈ ക്രമത്തിലായതിനാല്‍ കോര്‍പറേറ്റ് മേഘലയ്ക്കും ഗുണകരമാണ്. ഉദാഹരണത്തിന് സര്‍ക്കാര്‍ ഓഹരികളുടെ വരുമാനം കൂടിയാല്‍ കോര്‍പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപകര്‍ കൂടിയവരുമാനം ആവശ്യപ്പെടും. ഇങ്ങിനെ വരുന്നത് കോര്‍പറേറ്റ് സെക്ടറില്‍ വായ്പാ ചിലവുവര്‍ധിപ്പിക്കും. റിസര്‍വ് ബാങ്കിന്റെ ഒഎംഒയിലൂടെ ദീര്‍ഘകാല സര്‍ക്കാര്‍ ഓഹരികളും കോര്‍പറേറ്റ് ഓഹരികളും തമ്മിലുള്ള അകലം കുറയാനിടയാക്കും.

എങ്കിലും, ധനകമ്മിയുടെ വ്യാപ്തി വര്‍ധിക്കുകയും വിപണിയില്‍ നിന്നുള്ള സര്‍ക്കാര്‍ വായ്പകൂടുകയും ചെയ്യുന്നത് ഓഹരി വിപണിയിലെ ട്രെന്റ് വിരുദ്ധമാക്കിയേക്കാം. അത്തരം സാഹചര്യത്തില്‍ ഒഎംഒ യിലൂടെ റിസര്‍വ് ബാങ്ക് സജീവമായി ബോണ്ടു വിപണിയില്‍ ഇടപെട്ട് സ്ഥിതിഗതികള്‍ തണുപ്പിക്കേണ്ടിവരും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)