-
മുംബൈ: തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ രണ്ടാമത്തെ പണനയ യോഗത്തിലും റിസര്‍വ് ബാങ്ക് നിരക്ക് കൂട്ടിയില്ല. റിപ്പോ നിലവിലെ 6.50 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.50 ശതമാനവുമാണ്.
ബാങ്കിങ് സംവിധാനത്തിലുള്ള പണലഭ്യത നിയന്ത്രിക്കുന്നതിനുള്ള സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനത്തില്‍ തന്നെ തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും 6.75ശതമാനം തന്നെയായിരിക്കും.
ഏപ്രിലിലെ നയ യോഗത്തില്‍ അപ്രതീക്ഷിത നീക്കത്തിലാണ് നിരക്ക് വര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ എംപിസി യോഗം ഏകകണ്ഠമായി തീരുമാനിച്ചത്. 2022 മെയ്ക്കു ശേഷം 2.50 ശതമാനം നിരക്ക് വര്‍ധിപ്പിച്ചശേഷമായിരുന്നു ഈ തീരുമാനം.
ഏപ്രിലിനുശേഷവും ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുകയാണ്. മാര്‍ച്ചിലെ 5.7 ശതമാനത്തില്‍നിന്ന് ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിരക്കായ 4.7 ശതമാനത്തിലെത്തിയിരുന്നു. തുടര്‍ച്ചയായി രണ്ടുമാസം ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ 2 ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിലാണ് പണപ്പെരുപ്പം.
2023 മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ ജിഡിപി 6.1ശതമാനമായി കൂടിയിരുന്നു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2ശതമാനമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തവണയും നിരക്ക് വര്‍ധന വേണ്ടെന്നുവെയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
Content Highlights: RBI Maintains Status Quo On Repo Rate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..