മുംബൈ: വായ്പവലോകന യോഗത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തില്‍തന്നെ തുടരും.

സമ്പദ്ഘടനയുടെ തിരിച്ചുവരവ്, മാസങ്ങളായി തുടരുന്ന ഉയര്‍ന്ന വിലക്കയറ്റ നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.   

2021 സാ്മ്പത്തിക വര്‍ഷത്തെ ജിഡിപി ലക്ഷ്യം നേരത്തെ തീരുമാനിച്ച 9.5ശതമാനത്തില്‍നിന്ന് 7.5ശതമാനമാക്കി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്.

റീട്ടെയില്‍ വിലക്കയറ്റം ആറര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.6ശതമാനത്തിലെത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നിരക്കുകുറയ്ക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെതന്നെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. 

ആദ്യപാദത്തില്‍നിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് പ്രകടമാണ്. സെപ്റ്റംബര്‍ പാദത്തിലെ ജിഡിപിയില്‍ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യതയും ആര്‍ബിഐ മുന്നില്‍കാണുന്നുണ്ട്. 

അതേസമയം, വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയും രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും വൈകാതെ സമ്പദ്ഘടനയ്ക്ക് കരുത്താകുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന്:

  • കോണ്ടാക്ട്‌ലൈസ് കാര്‍ഡുവഴിയുള്ള പണമിടപാട് പരിധി ജനുവരിയോടെ 2000 രൂപയില്‍നിന്ന് 5000 രൂപയായി ഉയര്‍ത്തും.
  • ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ടിജിഎസ് സംവിധാനംവഴിയുള്ള പണമിടപാട് 24X7 ആക്കും.
  • മൂന്നാം പാദത്തിലും നാലാം പാദത്തിലും മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു. 
  • നഗരങ്ങളില്‍ വളര്‍ച്ച പ്രകടമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വളര്‍ച്ച സംബന്ധിച്ച ശുഭസൂചനകളാണ് ലഭിക്കുന്നത്. 
  • 2021ലെ ജിഡിപി പ്രതീക്ഷ -7.5ശതമാനമാക്കി പരിഷ്‌കരിച്ചു.

RBI keeps repo rate unchanged