മേരിക്കന്‍ കേന്ദ്ര ബാങ്ക് കോവിഡ് ഉത്തേജന നടപടികളില്‍നിന്ന് ദ്രുതഗതിയില്‍ പിന്മാറാനുള്ള ശ്രമത്തിലാണ്. ബോണ്ട് തിരികെവാങ്ങുന്നതിന്റെ വേഗംകൂട്ടാന്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി(എഫ്ഒഎംസി)തീരുമാനിച്ചിരിക്കുന്നു. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികളില്‍നിന്ന് 2022 മാര്‍ച്ചോടെ പൂര്‍ണമായും പിന്‍വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. 

പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജൂണിനുപകരം മാര്‍ച്ചില്‍തന്നെ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയേറി. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചാല്‍ നമുക്ക് എന്തുകാര്യം എന്നുചിന്തിക്കാന്‍വരട്ടെ. അതിസമ്പന്നര്‍ മുതല്‍ സാധാരണക്കാര്‍വരെയുള്ളവരെ ബാധിക്കുന്നതാണ് ഈതീരുമാനം. പണലഭ്യതയില്‍ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും എന്തെല്ലാംമാറ്റങ്ങളാകും ഉണ്ടാകുക?

വായ്പാ പലിശ ഉയരും
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ വഴിയേ ആര്‍ബിഐയും നീങ്ങുകയാണെങ്കില്‍ 2022 കലണ്ടര്‍വര്‍ഷം പകുതിയോടെ റിപ്പോനിരക്കില്‍ വര്‍ധനവുണ്ടാകും. വായ്പാ-നിക്ഷേപ പലിശ ഉയരാന്‍ അത് കാരണമാകും. താരതമ്യേന ഉയര്‍ന്ന പലിശ ഈടാക്കുന്ന വ്യക്തിഗത വായ്പകളിലുംമറ്റും നിരക്ക് വര്‍ധന ഉടനെ പ്രതിഫലിക്കില്ലെങ്കിലും റിപ്പോ നിരക്കുമായി(നിശ്ചിത ബെഞ്ച്മാര്‍ക്ക്)ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ ഉയരും.  

നിലവില്‍ ഏറ്റവും താഴന്ന പലിശ നിരക്കാണ് ഭവനവായ്പക്കുള്ളത്. പലിശ കുറഞ്ഞ സാഹചര്യംകണക്കിലെടുത്ത് കൂടുതല്‍ തുക വായ്പയെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ ഇക്കാര്യം പരിഗണിക്കുക. അടുത്തവര്‍ഷത്തോടെ പലിശ ഉയരുമ്പോള്‍ വരുന്ന ബാധ്യതകൂടി കണക്കിലെടുത്ത് അധികതുക വായ്പയെടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക.

വിദേശ വിദ്യാഭ്യാസചെലവ്
യുഎസിലെ നിരക്ക് വര്‍ധന ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ട്. കുട്ടികളുടെ വിദേശ വിദ്യാഭ്യാസം, വിദേശ വിനോദയാത്ര തുടങ്ങിയവയുടെ ചെലവ് വര്‍ധിക്കാന്‍ അതിടയാക്കും. അതുകൊണ്ടുതന്നെ ഇത്തരം ചെലവിനത്തില്‍ ലക്ഷ്യമിട്ടിട്ടുള്ള തുകയില്‍ വര്‍ധനവരുത്തേണ്ടിവരുമെന്നകാര്യം ഇപ്പോഴേ ആലോചിക്കുക. ഇന്റര്‍നാഷണല്‍ ഇക്വിറ്റികളിലോ, ഫണ്ടുകളിലോ നിക്ഷേപമില്ലെങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുക. 

വിദേശ നിക്ഷപത്തില്‍ ഇടിവുണ്ടാകും
ലോകമെമ്പാടുമുള്ള നിക്ഷേപ ആസ്തികളിലെ മുന്നേറ്റത്തിന്റെ പ്രധാനകാരണം സമ്പദ് വ്യവസ്ഥയിലെ കൂടിയ പണലഭ്യതയാണ്. ആഗോളതലത്തില്‍ നിക്ഷേപകരിലൊരുവിഭാഗം ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ പണം ലഭ്യമാകുന്നതോടെ വന്‍തോതില്‍ കടമെടുത്ത് വിവിധ ആസ്തികളില്‍ നിക്ഷേപിക്കുന്നു. ഈ ചെലവില്‍ വര്‍ധനയുണ്ടാകുന്നതോടെ വിപണികളില്‍നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പാലായനംചെയ്യും. ഓഹരി വിപണിയില്‍ കനത്ത ചാഞ്ചാട്ടത്തിന് അത് വഴിയൊരുക്കും. 

അടുത്തവര്‍ഷം മാര്‍ച്ചോടെ ഓരോ പാദങ്ങളിലും കാല്‍ശതമാനംവീതം നിരക്ക് വര്‍ധനയാണ് യുഎസ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. വിക്വസ്വര വിപണികളിലെ നിക്ഷേപത്തില്‍ വന്‍തോതില്‍ കുറവുവരാന്‍ അതിടയാക്കും. നിലവില്‍ രാജ്യത്തെ വിപണിയില്‍നിന്ന് വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നതില്‍ അതുകൊണ്ടുതന്നെ അത്ഭുതപ്പെടാനില്ല. 

കടപ്പത്രഫണ്ടുകളെയും ബാധിക്കും
യുഎസിലെ പലിശനിരക്ക് വര്‍ധനക്കൊപ്പം രാജ്യത്തെ നിരക്കുകളും ഉയരുന്നതോടെ പോര്‍ട്ട്‌ഫോളിയോയിലെ ദീര്‍ഘകാല ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തെ അത് ബാധിക്കും. അതുകൊണ്ടുതന്നെ ലോങ്-മീഡിയം ഡ്യൂറേഷന്‍ ഡെറ്റ് ഫണ്ടുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതാകും ഉചിതം. 

പലിശ നിരക്ക് ഉയരുമ്പോള്‍ സ്വാഭാവികമായും യുഎസ് ഡോളര്‍ കരുത്താര്‍ജിക്കും. സ്വര്‍ണംപോലുള്ള കമ്മോഡിറ്റികളുടെ വിലയിടിയാനും അതിടയാക്കും. മറിച്ചും സംഭവിച്ചേക്കാം. ഓഹരി വിപണി അസ്ഥിരമാകുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേയ്ക്ക് കൂട്ടത്തോടെ നിക്ഷേപകര്‍ മാറിയാല്‍ വില ഉയരാനും കാരണമാകും. ഡോളര്‍ കുതിക്കുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായാല്‍ രാജ്യത്തെ സ്വര്‍ണവിലയുംകൂടും.