മിക്രോണിനെതുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന തുടങ്ങിയവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി)ത്തില്‍ 1.50ശതമാനംവരെ കുറവുണ്ടാക്കിയേക്കാം. 

നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്ഥിതിയെയായിരിക്കും നിയന്ത്രണങ്ങള്‍ കാര്യമായി ബാധിക്കുക. 

കോവിഡിന്റെ മൂന്നാംതരംഗം, ക്രൂഡ് ഓയില്‍ വില വര്‍ധന, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ചരക്കുനീക്ക ചെലവിലെ വര്‍ധന, അര്‍ധചാലകങ്ങളുടെ ലഭ്യത, വൈദ്യു വിതരണത്തിലെ തടസ്സങ്ങള്‍ തുടങ്ങിയവയാകും രാജ്യത്തെ വളര്‍ച്ചയെ ബാധിക്കുക. 

പുതിയ സാഹചര്യത്തില്‍ വിവിധ ഏജന്‍സികള്‍ നേരത്തെ നല്‍കിയിട്ടുള്ള രാജ്യത്തെ വളര്‍ച്ച അനുമാനത്തില്‍ ഒന്നുമുതല്‍ ഒന്നര ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്. 9-10ശതമാനം നിരക്കിലായിരുന്നു വിവിധ ഏജന്‍സികള്‍ വളര്‍ച്ചാ അനുമാനം രേഖപ്പെടുത്തിയിരുന്നത്. 

വെള്ളിയാഴ്ച പുറത്തിറക്കുന്ന 2022 സാമ്പത്തികവര്‍ഷത്തെ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഇക്കാര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടായെന്ന് വ്യക്തമല്ല. അടുത്തവര്‍ഷത്തെ ബജറ്റ് തയ്യാറാക്കാനാണ് ധനമന്ത്രാലയത്തിന് മുന്‍കൂര്‍ എസ്റ്റിമേറ്റ് നല്‍കുന്നത്.