Jerome Powell.Photo: Gettyimages
മാന്ദ്യത്തിനെ യുഎസ് കേന്ദ്ര ബാങ്കിന് ഒട്ടും പേടിയില്ല. രണ്ടാംതവണയും നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തി പണപ്പെരുപ്പത്തോട് ഏറ്റുമുട്ടാന്‍തന്നയൊണ് തീരുമാനം. അതുംപോര, അടുത്തയോഗത്തിലും ഇപ്പോഴത്തേതിന് സമാനമായ നിരക്ക് വര്‍ധനയുണ്ടാകുമെന്ന സൂചന നല്‍കാനും ഫെഡ് റിസര്‍വ് മേധാവി ജെറോം പവല്‍ മടിച്ചില്ല.
40 വര്‍ഷത്തെ ഉയര്‍ന്ന, 2.25-2.5ശതമാനത്തിലെത്തിയിരിക്കുന്നു ഫെഡ് നിരക്ക്. ജൂണ്‍-ജൂലായ് കാലയളവില്‍1.50ശതമാനത്തിന്റെ വര്‍ധന. മന്ദ്യമുണ്ടായേക്കാമെന്ന വിലയിരുത്തലുകള്‍ അദ്ദേഹം തള്ളുകയും ചെയ്തു. ഊഹോപോഹംമാത്രമാണതെന്നും തൊഴില്‍ മേഖലയില്‍ മികച്ചവളര്‍ച്ചയാണ് രാജ്യത്തുള്ളതെന്നും പവല്‍ തുറന്നടിച്ചു.
1980കളുടെ തുടക്കത്തില്‍ പണപ്പെരുപ്പം കുതിച്ചപ്പോള്‍ പോള്‍ വോള്‍ക്കറെടുത്ത അതേതന്ത്രം. അമേരിക്കയെ പിടിമുറുക്കിയ വിലക്കയറ്റത്തിനെതിരെ കടുത്ത നടപടിയായിരുന്നു വോള്‍ക്കര്‍ അന്ന് സ്വീകരിച്ചത്. ഹ്രസ്വകാല നിരക്ക് 20ശതമാനത്തിലേയ്ക്ക് ഉയര്‍ത്തികൊണ്ടായിരുന്നു നേരിടല്‍. കടുത്ത പ്രതിഷേധമായിരുന്നു വോള്‍ക്കര്‍ക്ക് നേരിടേണ്ടിവന്നത്. കാര്‍ ഡീലര്‍മാര്‍ വില്‍ക്കാത്ത വാഹനങ്ങളുടെ താക്കോലുകള്‍ ഫെഡ് റിസര്‍വിന് മെയില്‍ ചെയ്തു. പണിനിലച്ച വീടുകളുടെ സാമഗ്രികള്‍ നിര്‍മാതാക്കളും. വാഷിങ്ടണിലെ ഫെഡ് കെട്ടിടത്തിന് ചുറ്റും ട്രാക്ടറുകള്‍ ഓടിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
വോള്‍ക്കര്‍ കുലുങ്ങിയില്ലെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ നയം ദ്രുതഗതിയില്‍ വിപണിയില്‍ പ്രതീക്ഷയുയര്‍ത്തി. പണപ്പെരുപ്പം അതിവേഗത്തില്‍തന്നെ അടിയറവ് പറഞ്ഞു. വോള്‍ക്കറുടെ നയംതന്നെയാണ് ഒരര്‍ത്ഥത്തില്‍ പവല്‍ പിന്തുടരുന്നതും. സമ്പദ് വ്യവസ്ഥയെ തണുപ്പിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും തന്നെയാകും ഫെഡ് റിസര്‍വ് മുന്‍ഗണന നല്‍കുക.
സെപ്റ്റംബര്‍ 20-21 തിയതികളില്‍ നടക്കുന്ന അടുത്ത യോഗത്തിലും അസാധാരണ വര്‍ധന പ്രതീക്ഷിക്കാമെന്ന് പവല്‍ പറഞ്ഞത് ഈ നയത്തിന്റെ ഭാഗമായാണ്. പണപ്പെരുപ്പം, തൊഴില്‍ ഡാറ്റ എന്നിവ സംബന്ധിച്ച കണക്കുകള്‍ വിലയിരുത്തിയാകും ഇക്കാര്യത്തില്‍ ഫെഡിന്റെ അടുത്ത നീക്കം.
.jpg?$p=8a6554b&&q=0.8)
വേണ്ടിവന്നാല്‍ നിരക്ക് വര്‍ധനയുടെ വേഗംകുറയ്ക്കുമെന്ന സൂചന നല്‍കാനും അദ്ദേഹം മടിച്ചില്ല. ഈ സൂചനയാണ് യുഎസ് സൂചികകളിലെ ഇന്നലത്തെ കുതിപ്പിന് കാരണമായത്. അതോടെ ഡോളര്‍ സൂചികയ്‌ക്കൊപ്പം ട്രഷറി ആദായവും ഇടിഞ്ഞു.
നിലവിലെ നിരക്ക് വര്‍ധന പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ സാമ്പത്തികനില മന്ദഗതിയിലാകുകയോ കുതിപ്പുണ്ടാകുകയോ ചെയ്യാത്ത സാഹചര്യമാണുണ്ടാക്കുക. ജൂണ്‍ മാസത്തിലെ പ്രവചനങ്ങള്‍ പ്രകാരം നടപ്പ് വര്‍ഷം 3.4ശതമാനവും 2023ല്‍ 3.8ശതമാനംവരെയും നിരക്ക് വര്‍ധനവാണ് പ്രതീക്ഷിച്ചിരുന്നത്. ഫെഡറല്‍ റസര്‍വിന്റെ തീരുമാനം എപ്രകാരമായിരിക്കുമെന്നതിന്റെ സൂചനയാണ് ഈ പ്രവചനങ്ങളെന്നും പവല്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക വിദഗ്ധരില്‍ പലരും ഫെഡിന്റെ നീക്കത്തെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഭക്ഷ്യവസ്തുക്കള്‍, ഊര്‍ജം എന്നിവയിലെ ചെലവ് കുതിക്കുന്നതിനാല്‍ കടുത്ത നടപടികളുമായി കേന്ദ്ര ബാങ്കിന് ഇനിയും മുന്നോട്ടുപോകേണ്ടിവരുമെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. സെപ്റ്റംബറിലും മുക്കല്‍ ശതമാനം നിരക്ക് വര്‍ധന ഇവര്‍ പ്രതീക്ഷിക്കുന്നു.
Content Highlights: No fear of recession; Following Paul Volcker's policy by the Fed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..