മുംബൈ: തുടർച്ചയായി ഒമ്പതാംതവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക്, റിവേഴ്‌സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടരാനാണ് തീരുമാനം. 

വളര്‍ച്ചാ പ്രതീക്ഷ 9.5ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തില്‍നിന്ന് 6.6ശതമാനമാക്കി കുറക്കുകയുംചെയ്തിട്ടുണ്ട്.

വിലക്കയറ്റ ഭീഷണി നിലനിൽക്കെ ഇത്തവണമുതൽ നിരക്കുകൾ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച(8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക സൂചകങ്ങൾ അനുകൂലമായതും അതിന് അടിവരയിട്ടു. 

ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്. 

അടുത്ത കലണ്ടർവർഷത്തിൽ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ 2022 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിലും സമാനമായ വർധന പ്രതീക്ഷിക്കാം. അതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ-നിക്ഷേപ പലിശകൾ വർധിക്കും. 

  • പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവകുറച്ചത് ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വര്‍ധനവരുത്തും.
  • ഇന്ധനവിലവര്‍ധന പിടിച്ചുനിര്‍ത്താനായെങ്കിലും ഭക്ഷ്യഉത്പന്നവിലയിലെ വര്‍ധനവ് വിലക്കയറ്റം കൂട്ടി. കാലംതെറ്റി പെയ്ത മഴയാണ് കാര്‍ഷിക വിളകളുടെ വിലവര്‍ധനവിന് കാരണമായത്. അതോടൊപ്പം ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയതും.
  • പണപ്പെരുപ്പം 2-6ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 
  • നടപ്പ് സാമ്പത്തികവര്‍ഷത്തെ ഉപഭോക്തൃ വില സൂചിക അനുമാനം 5.3ശതമാനമായി നിലനിര്‍ത്തി.
  • സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് പണലഭ്യത ഉറപ്പാക്കുന്ന നടപടികള്‍ തുടരും.  
  • ഉപഭോഗത്തിലെ വര്‍ധന ശുഭസൂചകമാണ്. ഗ്രാമീണമേഖലയിലും ഉണര്‍വുണ്ടായതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.