
-
ന്യൂഡല്‍ഹി: 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന് ബുധനാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കും.
ചൊവാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വ്യക്തമാക്കിയത്.
കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കാനുള്ള പാക്കേജായിരിക്കും പ്രഖ്യാപിക്കുക. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്.
പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, നികുതിദായകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്നതാകും പാക്കേജ്. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്ക് പാക്കേജില്‍ മുന്‍തൂക്കം നല്‍കുമെന്നാണ് കരുതുന്നത്. നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക് ഇന്‍ ഇന്ത്യ-യെ ശക്തിപ്പെടുത്തുന്നാകും സാമ്പത്തിക പരിഷ്കരണംം.
വന്‍വളര്‍ച്ച നേടുന്ന സാമ്പത്തികവ്യവസ്ഥ, ആധുനികതയില്‍ കേന്ദ്രീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികതയില്‍ ഊന്നിയ സംവിധാനം, അതിശക്തമായ ജനസംഖ്യാഘടന, കിടയറ്റ ആവശ്യ-വിതരണ ശൃംഖല എന്നിങ്ങനെ ഇന്ത്യയുടെ സ്വാശ്രയത്വ സമീപനത്തിന് അഞ്ചു തൂണുകളുണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിലുള്ള കാലതാമസത്തിന് പരിഹാരമായി ജിഡിപിയുടെ 10 ശതാനംവരുന്ന 20 ലക്ഷം കോടി രൂപയുടെ വന്‍പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. വികസ്വര രാജ്യങ്ങളില്‍ ഇതുവരെ ഉണ്ടായിട്ടുള്ള അടിയന്തിര സാമ്പത്തിക ഉത്തേജക പദ്ധതികളൊന്നും ജിഡിപിയുടെ 2.5 ശതമാനത്തില്‍ കൂടിയിട്ടില്ല എന്നിരിക്കേ ഇതൊരു അത്യാകര്‍ഷകമായ പദ്ധതി തന്നെയാണ്.
ആശ്വാസ, ഉത്തേജക ലക്ഷ്യങ്ങള്‍ക്കുപരി വളര്ച്ചോന്മുഖമായ മഹത്തായൊരു കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കുന്നു എന്നതാണ് ഈ പാക്കേജിനെ അനുപമമാക്കുന്നത്. ഭൂമി, തൊഴില്‍, ധന ലഭ്യത, നിയമങ്ങള്‍ എന്നീ മേഖലകളിലെ പരിഷ്കരണങ്ങള്‍ക്കാണ് പദ്ധതിയിലെ ഊന്നല്‍ എന്നതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവസരമാക്കിമാറ്റുക എന്നലക്ഷ്യം അതിനുണ്ട്. പാക്കേജും അതവതരിപ്പിച്ച പ്രധാനമന്ത്രിയുടെ പ്രചോദനകരമായ ശരീരഭാഷയും വിപണിക്ക് വലിയ തോതില്‍ ഉത്തേജനംനല്കാന് പര്യാപ്തമാണ്
ഡോ.വി.കെ വിജയകുമാര്‍
(ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് , ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..