Representational image | Photo: AFP
ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് റിസര്‍വ് ബാങ്ക്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്‌റ്റോ കറന്‍സികളാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി. ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്ന കാഴ്ചപ്പാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അടിസ്ഥാനപരമായ മൂല്യമില്ലെന്നും സാമ്പത്തിക സ്ഥിരതയ്ക്ക് അത് അപകടമുണ്ടാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ തുടക്കം മുതലേ നിലപാട് എടുത്ത ആര്‍ബിഐ ഇപ്പോഴും അതില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. ഒരു ദേശീയ മാധ്യമം നടത്തിയ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കനത്ത ചാഞ്ചാട്ടത്തില്‍ നിക്ഷേപകരുടെ സമ്പത്ത് വന്‍തോതില്‍ നഷ്ടമായി. എഫ്ടിഎക്‌സ് പോലുള്ള പ്രധാന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ പാപ്പരാകുകയുംചെയ്തു. ഇടപാടുകളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതോടെ ക്രിപ്‌റ്റോ പണമാക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു.
153 ക്രിപ്‌റ്റോ കറന്‍സികളില്‍ മാത്രമാണ് പല എക്‌സ്‌ചേഞ്ചുകളിലും ട്രേഡിങ് നടക്കുന്നത്. ബിറ്റ്‌സ്റ്റാക്കര്‍ സമാഹരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 5,886 ക്രിപ്‌റ്റോ കറന്‍സികളില്‍ മാത്രമാണ് നേരിയതോതിലെങ്കിലും വ്യാപാരം നടക്കുന്നത്. നവംബറിലെ കണക്കുപ്രകാരം ലോകത്താകെ 21,000ലധികം ക്രിപ്‌റ്റോകളാണുള്ളത്.
ക്രിപ്‌റ്റോ കറന്‍സിയുടെ ഇടപാടും അതിന്റെ വികേന്ദ്രീകൃത സ്വഭാവവും പരിഗണിച്ച് വ്യക്തമായ ധാരണയിലെത്തുകയാണ് ആദ്യംവേണ്ടതെന്ന് അന്തര്‍ദേശീയ നാണയ നിധി വിലയിരുത്തുന്നു. അതിനുശേഷം നിയന്ത്രണത്തിന് നിയമങ്ങള്‍ കൊണ്ടുവരണമെന്നുമാണ് ഐഎംഎഫിന്റെ നിലപാട്.
Also Read
ക്രിപ്‌റ്റോ കറന്‍സിയുടെ സ്വഭാവ സവിശേഷതകളില്ലെങ്കിലും അതിന് ബദലായാണ് റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ അവതരിപ്പിച്ചത്. നവംബര്‍ ഒന്നു മുതല്‍ മൊത്തവ്യാപാര ഇടപാടനും ഡിസംബര്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുകിട ഇടപാടിനും ഉപയോഗിക്കുന്നുണ്ട്.
Content Highlights: Next financial crisis will come from private cryptocurrencies, says RBI Governor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..