പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തില്‍ നിരക്കുകള്‍ കൂട്ടുമോ? വിലക്കയറ്റത്തോടൊപ്പം ഒമിക്രോണ്‍ വകഭേദം ഉണ്ടാക്കിയേക്കാവുന്ന സമ്മര്‍ദവും സമ്പദ് വ്യവസ്ഥക്ക് ആഘാതം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തല്‍ നിലനില്‍ക്കെയാണ് ഇത്തവണത്തെ എംപിസി യോഗം.
റിപ്പോ നിരക്ക് നാലുശതമാനത്തില്‍തന്നെ നിലനിര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. 'ഉള്‍ക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടര്‍ന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിവേഴ്സ് റിപ്പോ നിരക്ക് നിലവിലെ 3.35ശതമാനത്തില്‍തന്നെ തുടര്‍ന്നേക്കാം. റിവേഴ്സ് നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യം കണക്കിലെടുത്ത് അതുംനീട്ടിവെച്ചേക്കുമെന്നാണ് സൂചന.
കോവിഡിനെതുടര്‍ന്ന് തുടര്‍ച്ചയായി അടച്ചിടാനുണ്ടായ സാഹചര്യത്തില്‍ സമ്പദ്ഘടനക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെ പണലഭ്യത വര്‍ധിപ്പിക്കാനാണ് റിവേഴ്സ് റിപ്പോനിരക്കില്‍ കറവുവരുത്തിയത്. റിപ്പോനിരക്കും റിവേഴ്സ് റിപ്പോനിരക്കും തമ്മില്‍ 0.25ശതമാനത്തിന്റെ വ്യത്യാസമാണ് സാധാരണ ഉണ്ടാകാറുള്ളത്. നിലവില്‍ ഈ വ്യത്യാസം 0.65ശതമാനമാണ്.
മുമ്പ് കണക്കാക്കിയിരുന്ന 7.9ശതമാനത്തില്‍നിന്ന് രണ്ടാംപാദത്തില്‍ 8.4ശതമാനം വളര്‍ച്ചനേടിയതും ഉത്തേജനപദ്ധതികളില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറാന് ആര്‍ബിഐയെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോള്‍ റിവേഴ്സ് റിപ്പോ ഉയര്‍ത്തി, ഘട്ടംഘട്ടമായി റിപ്പോ നിരക്കിലും വര്‍ധനവരുത്താനായിരുന്നു ആര്‍ബിഐ ലക്ഷ്യമിട്ടിരുന്നത്. ആഗോളതലത്തിലും ഇന്ത്യയിലും പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് ആര്‍ബിഐയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..