പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി ആർക്കൈവ്സ്
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40ശതമാനം വര്‍ധന വരുത്തിയ ഉടനെ വായ്പാ പലിശയില്‍ അത് പ്രതിഫലിച്ചു. അതേസമയം, നിക്ഷേപ പലിശയില്‍ അത്രതന്നെ മാറ്റവുമുണ്ടായില്ല.
ബാഹ്യ ബെഞ്ചുമാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാലാണ് നിരക്ക് ഉയര്‍ത്തിയാലുടനെ വായ്പ പലിശ വര്‍ധിക്കുന്നത്. ഡെപ്പോസിറ്റ് നിരക്കാകട്ടെ, കെഡിറ്റ് ഡിമാന്‍ഡിന്റെയും പണലഭ്യതയുടെയും അടിസ്ഥാനത്തിലാണ് കൂടുന്നത്.
അതായത്, വിപണിയിലെ പണലഭ്യത കുറയാതെ നിക്ഷേപ പലിശയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് ചുരുക്കം. അധിക പണലഭ്യത തുടരുന്നിടത്തോളം നിക്ഷേപ സമാഹരണത്തിന് ബാങ്കുകള്‍ക്ക് മത്സരിക്കേണ്ടതില്ല. നിക്ഷേപ പലിശ അതേപടി നിലനിര്‍ത്തുകയോ നാമമാത്ര വര്‍ധനവരുത്തുകയോ ചെയ്യുന്നത് അതുകൊണ്ടാണ്.
ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പ പലിശയില്‍ ശരാശരി 20 ബേസിസ് പോയന്റിന്റെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. 2021 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം മൊത്തം നല്‍കിയ വായ്പയുടെ 40ശതമാനവും ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കി നല്‍കിയതാണ്.
പത്തുവര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്രത്തിന്റെ ആദായം അത്രതന്നെ വ്യതിചലിക്കാതെ 7.30ശതമാനത്തില്‍ തുടരുകയാണ്. വിപണിയിലെ പണലഭ്യതയ്ക്ക് കാര്യമായ കുറവുണ്ടായിട്ടില്ലെന്നതാണ് ഇത് നല്‍കുന്ന സൂചന. ശരാശരി പണലഭ്യത ഇപ്പോള്‍ 4.5 ലക്ഷം കോടി രൂപയാണ്.
അതേസമയം, പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്നതിനാല്‍ നിക്ഷേപകന് ലഭിക്കുന്ന യാഥാര്‍ഥ ആദായം നെഗറ്റീവ് നിരക്കില്‍തന്നെ തുടരാനാണ് സാധ്യത. നിലവില്‍ ഒരു വര്‍ഷത്തെ നിക്ഷേപത്തിന് ശരാശരി ലഭിക്കുന്ന പലിശ 5.5ശതമാനമാണ്. വിലക്കയറ്റമാകട്ടെ 8ശതമാനം നിരക്കിലുമാണ്.
ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക ഏപ്രിലില്‍ എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.8ശതമാനമാണ് രേഖപ്പെടുത്തിയത്. മൊത്തവില സൂചികയാകട്ടെ 15.1ശതമാനമായും ഉയര്‍ന്നു. ആഗോള ഉത്പന്ന വിലയിലെ വര്‍ധന റീട്ടെയില്‍ മേഖലയിലേയ്ക്ക് എത്താന്‍ ഇനിയും സമയമെടുക്കും. ഭാവിയില്‍ വിലക്കയറ്റനിരക്കുകള്‍ മുകളിലേയ്ക്കുപോകുമെന്നുതന്നെയാണ് ഇത് നല്‍കുന്ന സൂചന.
Also Read
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ 2020 ഫെബ്രുവരി മുതല്‍ 17.2 ലക്ഷം കോടി രൂപയാണ് ആര്‍ബിഐ വിപണിയിലിറക്കിയത്. ദീര്‍ഘകാലമെടുത്ത് ഘട്ടംഘട്ടമായി ഈ തുക വിപണിയില്‍നിന്ന് പിന്‍വലിക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുകയെന്നതുതന്നെയാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് വായ്പ പലിശകള്‍ ഉയര്‍ത്തുന്നത്.
Content Highlights: Loan interest rates rise; There is no change in deposit interest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..